
വിവരണം
സന്ദീപ് വാര്യര്‍ പരുക്കുകളോടെ ആശുപത്രി കിടക്കയില്‍ കഴിയുന്ന ഒരു ചിത്രമാണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. തൃശൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പാലക്കാടുകാരനായ ബിജെപി നേതാവിനെ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചെന്ന വാര്‍ത്ത വൈറലായതിനെ തുടര്‍ന്ന് അത് സന്ദീപ് വാര്യര്‍ എന്ന ബിജെപി നേതാവിനാണ് മര്‍ദ്ദനമേറ്റതെന്നും തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നുമുള്ള തരത്തില്‍ ചിത്രവും വ്യാപകമായി പ്രചരിച്ചു തുടങ്ങി. അത്തരത്തില്‍ അമ്പാടിമുക്ക് സഖാക്കള്‍ കണ്ണൂര്‍ എന്ന പേരിലുള്ള പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 3,000 റിയാക്ഷനുകളും 702ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.

എന്നാല്‍ പ്രചരിക്കുന്ന ചിത്രം സന്ദീപ് വാര്യരെ ബിജെപി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച ശേഷമുള്ളതാണോ? ഇത് പുതിയ ചിത്രമാണോ? എന്താണ് വസ്തുത എന്ന് പരിശോധിക്കാം.
വസ്തുത വിശകലനം
പ്രചരിക്കുന്ന ചിത്രത്തെ കുറിച്ചുള്ള സത്യാവസ്ഥ അറിയാന്‍ ഞങ്ങളുടെ പ്രതിനിധി ബിജെപി നേതാവ് സന്ദീപ് വാര്യരുമായി ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയാണ്-
തനിക്കെതിരെ നീചമായ ദുരാരോപണങ്ങളാണ് പ്രചരിപ്പിക്കുന്നത്. 2019 ജനുവരിയില്‍ ശബരിമല യുവതിപ്രവേശന സമരവുമായി ബന്ധപ്പെട്ട് ബിന്ദു-അമ്മിണ്ണിയും കനക ദുര്‍ഗയും മലചവിട്ടാന്‍ എത്തിയതിനെ തുടര്‍ന്ന് യുവമോര്‍ച്ച-ബിജെപി പ്രവര്‍ത്തകര്‍ ഗുരുവായൂരില്‍ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ കരിങ്കൊടി കാണിച്ചു. തുടര്‍ന്ന് പോലീസും സിപിഎം പ്രവര്‍ത്തകരും ചേര്‍ന്ന് തന്നെ മര്‍ദ്ദിച്ചെന്നും കാലിന് പരുക്കേറ്റതിനെ തുടര്‍ന്ന് പെരുന്തല്‍മണ്ണ അല്‍ഷിഫ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ഭാര്യയും മകനും ഉള്‍പ്പടെയുള്ളവര്‍ ആശുപത്രയില്‍ സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴുള്ള ചിത്രമാണിതെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.
ഫെയ്സ്ബുക്കില്‍ കീവേര്‍ഡുകള്‍ ഉപയോഗിച്ച് സെര്‍ച്ച് ചെയ്തതില്‍ നിന്നും ഒപിവി ഉണ്ണി എന്ന വ്യക്തി 2019 ജനുവരി മൂന്നിന് പങ്കുവെച്ച പോസ്റ്റ് കണ്ടെത്താന്‍ കഴിഞ്ഞു. സന്ദീപ് വാര്യരിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന ഇതെ ചിത്രമാണ് പോസ്റ്റിലുള്ളത്-

നിഗമനം
2019ല്‍ ശബരിമല യുവതിപ്രവേശന സമരവുമായി ബന്ധപ്പെട്ട് പോലീസ് മര്‍ദ്ദനമേറ്റ് ആശുപത്രിയില്‍ കഴിയുന്ന സന്ദീപ് വാര്യരുടെ ചിത്രമാണ് ഇപ്പോള്‍ തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുന്നതെന്ന് വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ പ്രചരണം ദുര്‍വ്യാഖ്യാനിച്ചതാണെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞു.

Title:മര്‍ദ്ദേനമേറ്റ് സന്ദീപ് വാര്യര്‍ ആശുപത്രിയില്‍ കഴിയുകയാണോ. വസ്തുത അറിയാം..
Fact Check By: Dewin CarlosResult: Misleading
