FACT CHECK: മൊബൈല്‍ ഫോണില്‍ ഗെയിം കളിച്ചതിന് രക്ഷിതാക്കള്‍ ശകാരിച്ചതിന്‍റെ പേരില്‍ രണ്ടു കുട്ടികള്‍ ആത്മഹത്യ ചെയ്ത സംഭവം നിലവിലെ ബംഗാള്‍ കലാപവുമായി ബന്ധപ്പെടുത്തി തെറ്റായി പ്രചരിപ്പിക്കുന്നു…

കലാപം ദേശീയം

പ്രചരണം 

ബംഗാളില്‍ തെരഞ്ഞെടുപ്പിന് ശേഷം നടന്ന കലാപത്തിന്‍റെ വിവിധ ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളിലൂടെ പലരും പങ്കുവച്ചിരുന്നു. എന്നാല്‍ അവയില്‍ ചിലതിന് നിലവിലെ കലാപവുമായി യാതൊരു ബന്ധവുമില്ല എന്നാണ് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും മനസ്സിലാക്കാനായത്. 

കലാപവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഒരു ചിത്രത്തെ കുറിച്ചാണ് നമ്മള്‍ ഇവിടെ അന്വേഷിക്കാന്‍ പോകുന്നത്. കലാപത്തില്‍ രണ്ട് ബിജെപി പ്രവർത്തകരെ തൃണമൂൽ പ്രവര്‍ത്തകര്‍ കൊന്നു കെട്ടിത്തൂക്കി എന്ന് വാദിച്ച് ഒരു പോസ്റ്റ് ഈയിടെ പ്രചരിച്ചു പോരുന്നുണ്ട്. രണ്ട് യുവാക്കളുടെ കഴുത്തിൽ കയർ കുരുക്കി മരക്കൊമ്പില്‍ തൂക്കിയിട്ടിരിക്കുന്നതായി ചിത്രത്തില്‍ കാണാം.  ചുറ്റും നിരവധി ആളുകൾ കാഴ്ചക്കാരായി നിൽക്കുന്നതും കാണാം. 

ഇത്തരത്തില്‍ പ്രചരിക്കുന്ന ഒരു പോസ്റ്റില്‍ നല്‍കിയിരിക്കുന്ന വാചകങ്ങള്‍ ഇങ്ങനെ: “ബി ജെ പി പ്രവർത്തകരായ ജ്യേഷ്ഠനെയും അനുജനേയും കൊലപ്പെടുത്തി കെട്ടിതൂക്കിയിരിക്കുന്നു.

മനോജ് മണ്ഡൽ 21 വയസ്സ്, ചൈതന്യ മണ്ഡൽ 19 വയസ്സ് 

മമതയുടെ ബംഗാളിൽ ജനാധിപത്യം പൂത്തുലയുകയാണ്.

ബംഗാൾ ഭീകരത”

archived linkFB post

പശ്ചിമ ബംഗാളിലെ ബിജെപിയുടെ ഫേസ്ബുക്ക് ഔദ്യോഗിക ഫെയ്‌സ്ബുക്ക് ഐഡിയിൽ നിന്നും ഇതേ പോസ്റ്റ്  പങ്കുവച്ചിട്ടുണ്ട്. ഫാക്റ്റ് ക്രെസണ്ടോ  പ്രചാരണത്തെ കുറിച്ച് അന്വേഷിച്ചു. ലഭിച്ച വിവരങ്ങള്‍ അനുസരിച്ച് പോസ്റ്റിലെ അവകാശവാദം അടിസ്ഥാനരഹിതവും  തെറ്റായതുമാണെന്ന് ഞങ്ങള്‍ കണ്ടെത്തി. 

വസ്തുത ഇങ്ങനെ 

മെയ് രണ്ടിന് നടന്ന ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം മുതൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് രാഷ്ട്രീയ സംഘട്ടനങ്ങള്‍ ഉണ്ടാകുന്നുണ്ട് എങ്കിലും പ്രസ്തുത ചിത്രത്തിന് നിലവിലെ രാഷ്ട്രീയ സംഘര്‍ഷവുമായി യാതൊരു ബന്ധവുമില്ല. ചിത്രത്തെ കുറിച്ച് കൂടുതലറിയാന്‍ ഞങ്ങള്‍ റിവേഴ്സ് ഇമേജ് അന്വേഷണവും കീ വേര്‍ഡ്സ് ഉപയോഗിച്ച് അന്വേഷണവും നടത്തി നോക്കിയെങ്കിലും ഫലങ്ങളിൽ നിന്നും കൃത്യമായ വിവരങ്ങളൊന്നും ലഭ്യമായില്ല. 

തുടർന്ന് ഞങ്ങളുടെ പ്രതിനിധി മാൽഡ സൈബർ ക്രൈം വിഭാഗവുമായി ബന്ധപ്പെട്ടു. പോസ്റ്റിലെ അവകാശവാദം പൂര്‍ണ്ണമായും തെറ്റാണെന്ന് അവര്‍ അറിയിച്ചു. “ഇത്  രാഷ്ട്രീയ കൊലപാതകമല്ല.  മൊബൈല്‍ ഗെയിമിന് അടിമകളായിരുന്നു മരിച്ച കുട്ടികള്‍. മാൾഡ ജില്ലാ മോത്തബാരിയിലാണ് സംഭവം. സോഷ്യൽ മീഡിയയിലെ അവകാശവാദങ്ങൾ വ്യാജമാണ്. ഇതിന് രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ല, സാമുദായികവുമല്ല. സദാ സമയവും ഗെയിം കളിക്കുന്നതിന് കുട്ടികളെ വീട്ടുകാര്‍ ശകാരിച്ചു. ഒരു ദിവസം മുമ്പ് ഒരു പ്രദേശത്തെ  കടയിൽ നിന്ന് കുട്ടികൾ കയറു വാങ്ങിയതായി ഞങ്ങൾക്ക് വിവരം ലഭിച്ചു. കടയുടമയുമായി ഞങ്ങൾ സംസാരിച്ചു. ഞങ്ങൾക്ക് പോസ്റ്റ്‌മോർട്ടം പേപ്പറുകൾ ഇതുവരെ ലഭിച്ചിട്ടില്ലെങ്കിലും ഡോക്ടർ എന്നെ വിളിച്ച് ആത്മഹത്യയാണെന്ന് പറഞ്ഞു. സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചരണം ശ്രദ്ധയില്‍ പെട്ടതിനാല്‍ ഞങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വിശദീകരണം നല്‍കിയിരുന്നു.”

സൈബർ ക്രൈം വിഭാഗത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഞങ്ങൾ കണ്ടെത്തി. 

പോസ്റ്റിന്റെ അടിക്കുറിപ്പിന്‍റെ പരിഭാഷ ഇങ്ങനെയാണ്: “കുടുംബ വഴക്കുകള്‍ മൂലം രണ്ടുകുട്ടികള്‍ ആത്മഹത്യ ചെയ്ത സംഭവം വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ തിരഞ്ഞെടുപ്പ് അനന്തര  അക്രമമായി പങ്കുവയ്ക്കുന്നുണ്ട്.  മരണപ്പെട്ട ആൺകുട്ടികളുടെ രക്ഷകര്‍ത്താക്കളുടെ പ്രസ്താവന പ്രകാരം, അവർ കുറച്ച് മാസങ്ങളായി  ഓൺലൈൻ ഗെയിമിന് അടിമകളായിരുന്നു. രക്ഷിതാക്കള്‍ ഇതിനു കുട്ടികളെ ശകാരിച്ചു. രാഷ്‌ട്രീയമോ സാമുദായികമോ ആയ കാരണങ്ങളൊന്നും ആത്മഹത്യക്ക് പിന്നിലില്ല.

ഏതെങ്കിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ ആരെങ്കിലും ഈ വ്യാജ വാർത്ത പ്രചരിപ്പിച്ചതായി കണ്ടെത്തിയാൽ, അവർക്കെതിരെ കർശന നടപടിയെടുക്കും.”

തുടർന്ന് ഞങ്ങൾ മോത്തബാരി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. പോലീസ് ഉദ്യോഗസ്ഥര്‍ ഞങ്ങളോട് പറഞ്ഞത് ഇങ്ങനെയാണ്: “സോഷ്യൽ മീഡിയയിലെ അവകാശവാദം പൂർണ്ണമായും തെറ്റാണ്. മരിച്ചുപോയ മനോജ്‌ മണ്ഡല്‍, ചൈതന്യ മണ്ഡല്‍ എന്നീ രണ്ട് ആൺകുട്ടികളുടെ അടുത്ത സുഹൃത്തിന്‍റെ മൊഴി പ്രകാരം, രണ്ട് കുട്ടികളും  കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് ഒരു കടയിൽ നിന്ന് കയറുകൾ വാങ്ങി കൊണ്ടുവന്നിരുന്നു. കടയുടമയുമായി പോലീസ് സംസാരിച്ചു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഇരുവരും കയറുകൾ വാങ്ങിയതായി അദ്ദേഹം സ്ഥിരീകരിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്. റിപ്പോർട്ട് കൈയിൽ വരാൻ ഏതാനും ദിവസമെടുക്കുമെങ്കിലും ഇത്  ആത്മഹത്യയാണെന്ന് ഡോക്ടർ അറിയിച്ചു. ഇത് കൊലപാതകമല്ല, ഒരു രാഷ്ട്രീയ പാർട്ടിക്കും  സംഭവവുമായി യാതൊരു ബന്ധവുമില്ല. ആത്മഹത്യ ചെയ്ത സംഭവത്തിന് രാഷ്ട്രീയ നിറം ചേര്‍ത്താണ് എല്ലാ തെറ്റായ അവകാശവാദങ്ങളും ഉന്നയിക്കുന്നത്.”

നിഗമനം 

പോസ്റ്റില്‍ നല്‍കിയ വാര്‍ത്ത പൂര്‍ണ്ണമായും തെറ്റാണ്. ചിത്രത്തില്‍ കാണുന്നത് മൊബൈല്‍ ഫോണില്‍ ഗെയിം കളിച്ചതിന് രക്ഷിതാക്കള്‍ ശകാരിച്ചതിന്റെ പേരില്‍  കെട്ടിതൂങ്ങി മരിച്ച രണ്ടു ആണ്‍കുട്ടികളെയാണ്. സംഭവത്തിന് രാഷ്ട്രീയമോ സാമൂദായികമോ ആയി യാതൊരു ബന്ധവുമില്ല. ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:മൊബൈല്‍ ഫോണില്‍ ഗെയിം കളിച്ചതിന് രക്ഷിതാക്കള്‍ ശകാരിച്ചതിന്‍റെ പേരില്‍ രണ്ടു കുട്ടികള്‍ ആത്മഹത്യ ചെയ്ത സംഭവം നിലവിലെ ബംഗാള്‍ കലാപവുമായി ബന്ധപ്പെടുത്തി തെറ്റായി പ്രചരിപ്പിക്കുന്നു…

Fact Check By: Vasuki S 

Result: Misleading

  •  
  •  
  •  
  •  
  •  
  •  
  •  
  •