‘മേഘാലയയിൽ ഡ്രൈവറുടെ അശ്രദ്ധയിൽ സംഭവിച്ച ബസ് അപകടം’- വീഡിയോ ഇന്തോനേഷ്യയില്‍ നിന്നുള്ളതാണ്

അന്തര്‍ദേശീയം

ഒരു ബസ് അപകടത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍  വ്യാപകമായി പ്രചരിക്കുന്നുണ്ട്. മേഘാലയയിൽ ഡ്രൈവറുടെ അശ്രദ്ധമൂലം അപകടമുണ്ടായതിന്‍റെ വീഡിയോയാണിതെന്നാണ് അവകാശവാദം. 

പ്രചരണം 

വൈറലായ വീഡിയോയിൽ ബസ് മുന്‍വശത്തെ താഴ്ചയുള്ള  ഭാഗത്തേയ്ക്ക് നീങ്ങി തോട്ടിലേക്ക് വീഴുന്നത് കാണാം. സംഭവം നടന്നത് മേഘാലയയില്‍ ആണെന്നും ബസില്‍ ഡ്രൈവര്‍ ഉണ്ടായിരുന്നില്ല എന്നും സൂചിപ്പിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “*😳മേഘാലയിലാണ് സംഭവം ഡ്രൈവർ ചായ കുടിക്കാൻ വേണ്ടി പോയതാണ് ബസ് സ്റ്റാർട്ടിങ് ആയിരുന്നു ബാക്കി ഡീറ്റെയിൽസ് ഒന്നുമറിയില്ല😔*

വാട്സ്ആപ്പ് ഫോർവേഡ് വിഡീയോ”

FB postarchived link

മേഘാലയയിൽ നിന്നുള്ള സംഭവമെന്ന നിലയിൽ നിരവധിപ്പേര്‍ ഈ വീഡിയോ പങ്കിടുന്നുണ്ട്. എന്നാല്‍ ഈ ബസ് അപകടത്തിന് മേഘാലയയുമായി യാതൊരു ബന്ധവുമില്ലെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി. 

വസ്തുത ഇങ്ങനെ 

ഞങ്ങള്‍ വാർത്തയുടെ കീ വേര്‍ഡ്സ് ഉപയോഗിച്ച്  തിരഞ്ഞപ്പോള്‍ , മേഘാലയയിൽ ഈയിടെ ഇങ്ങനെ ഒരു  ബസ് അപകടത്തെക്കുറിച്ച് പരാമർശിക്കുന്ന ഒരു റിപ്പോർട്ടും ഞങ്ങൾക്ക് ലഭിച്ചില്ല. 

തുടര്‍ന്ന് വീഡിയോയുടെ പ്രധാന ഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ മെയ് 7 ന് ഒരു ഇന്തോനേഷ്യന്‍ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് ലഭിച്ചു. അതിൽ വൈറലായ വീഡിയോയുടെ ദൃശ്യങ്ങളുമായി പൊരുത്തപ്പെടുന്ന ചിത്രമുണ്ട്. റിപ്പോര്‍ട്ട് പ്രകാരം ഇന്തോനേഷ്യയിൽ നടന്ന ഒരു അപകടത്തിന്‍റെ വീഡിയോ ആണിത്.

അപകടത്തില്‍ ഒരാള്‍ മരിക്കുകയും 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അല്ലാതെ  മേഘാലയയില്‍ നടന്ന സംഭവമല്ല. ഇന്തോനേഷ്യയിലെ ഈ ബസ് അപകടത്തെക്കുറിച്ചുള്ള നിരവധി വാർത്താ റിപ്പോർട്ടുകള്‍ വേറെയും ലഭ്യമാണ്. ഇന്തോനേഷ്യയിലെ സെൻട്രൽ ജാവ പ്രവിശ്യയിലെ ടെഗൽ നഗരത്തിൽ മെയ് 7 നാണ് ഈ സംഭവം നടന്നതെന്ന് ഇവയിൽ പറഞ്ഞിട്ടുണ്ട്. സി‌എന്‍‌എന്‍ ഇന്തോനേഷ്യ  സംഭവത്തെ കുറിച്ച് റിപ്പോര്‍ട്ട് നല്കിയിട്ടുണ്ട്. 

ഇന്തോനേഷ്യൻ ഭാഷയിലെ റിപ്പോർട്ട് വിവർത്തനം ചെയ്തപ്പോള്‍  ലഭിച്ച വിവരങ്ങൾ അനുസരിച്ച്, “മെയ് 7 ന് ഇന്തോനേഷ്യയിലെ ബോജോംഗ് ജില്ലയിൽ സെൻട്രൽ ജാവ പ്രവിശ്യയില്‍ ഒരു ടൂറിസ്റ്റ് ബസ് തോട്ടിലേക്ക് വീണതാണ് സംഭവം. അപകട സമയം ബസിന് വെളിയിലായിരുന്ന ഡ്രൈവര്‍ ഹാന്‍ഡ് ബ്രേക്ക് ഇട്ടിരുന്നില്ലെന്നും അതല്ല, ബസിനുള്ളില്‍ ഇതേ സമയം കളിക്കുകയായിരുന്ന ഒരു കുട്ടി ഹാന്‍ഡ് ബ്രേക്ക് മാറ്റിയെന്നും പല റിപ്പോര്‍ട്ടുകളിലും പരാമര്‍ശിക്കുന്നു. ഡ്രൈവറും സഹായിയും പോലീസ് കസ്റ്റഡിയില്‍ ആയിട്ടുണ്ട്. 

ഇന്തോനേഷ്യയിലെ ബസ് അപകടമെന്ന നിലയിൽ മറ്റൊരു ഇന്തോനേഷ്യന്‍  മാധ്യമവും ഇതേ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.  ബസ് അപകടത്തിന്‍റെ ഈ വീഡിയോ ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനമായ മേഘാലയയുമായി ബന്ധപ്പെട്ടതല്ലെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ നിന്ന് വ്യക്തമായിട്ടുണ്ട്. 

നിഗമനം 

പോസ്റ്റിലെ പ്രചരണം തെറ്റാണ്.  ഇന്തോനേഷ്യയിലുണ്ടായ ബസ് അപകടത്തിന്‍റെ ദൃശ്യങ്ങളാണിത്. ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനമായ മേഘാലയയിൽ നിന്നുള്ളതാണെന്ന മട്ടില്‍  തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദവുമായി പങ്കിടുകയാണ്. മേഘാലയയുമായി വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:‘മേഘാലയയിൽ ഡ്രൈവറുടെ അശ്രദ്ധയിൽ സംഭവിച്ച ബസ് അപകടം’- വീഡിയോ ഇന്തോനേഷ്യയില്‍ നിന്നുള്ളതാണ്

Written By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •