കേരളത്തിൽ പ്രളയ ദുരിതം അനുഭവിക്കുന്ന എല്ലാവര്‍ക്കും ഓരോ കിലോ അരി വീതം നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചോ..?

രാഷ്ട്രീയം

വിവരണം 

ശ്രീജിത്ത് പന്തളം എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ഓഗസ്റ്റ് 14  മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത് . പോസ്റ്റിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും ചിത്രങ്ങൾക്കൊപ്പം കേരളത്തിൽ പ്രളയത്തിൽ ദുരിതം അനുഭവിക്കുന്ന എല്ലാവര്ക്കും ഓരോ കിലോ  അരി വീതം നൽകാൻ സർക്കാർ തീരുമാനം. കഴിഞ്ഞ പ്രളയത്തിൽ തന്ന അരിയുടെ കാശ് തിരിച്ചു വാങ്ങിച്ച മോദിജിയെ കുറ്റപ്പെടുത്തിയവർ ഉണ്ടോ ഇവിടെ..? ഈ ദാരിദ്ര്യത്തിലും ഒരു കിലോ അരി നൽകാൻ മനസ്സ് കാണിച്ച മോദിജിക്ക് ശതകോടി പ്രണാമം.” എന്ന വാചകങ്ങളും നൽകിയിട്ടുണ്ട്. കൂടാതെ അടിക്കുറിപ്പായി പ്രളയത്തിൽ ദുരിതം അനുഭവിക്കുന്ന ജനങ്ങൾക് ആശ്വാസമായി മിന്നൽ മോഡിജി…

കേരളത്തിൽ ഉള്ള പ്രളയാബാധിതർക്കു… ഒരു കിലോ അരി നൽകും….?

താൻ കാട്ടിൽ നിന്നും വേട്ട കഴിഞ്ഞു എത്തിയാൽ ഉടൻ തന്നെ അരി നൽകുമെന്ന് ഭാരത പുത്രൻ… നമോ…??

അന്തംവിട്ട് കേരള ജനത ഇതുപോലെ ഉള്ള പ്രധാനമന്ത്രിയെ കിട്ടാൻ പുണ്യം ചെയ്യണമെന്ന് കേരളത്തിൽ ഉള്ള ജനങ്ങൾ BBC News ചാനലിന് കൊടുത്ത പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു…

ജയ് ബിജെപി…” എന്ന വാചകങ്ങളും പോസ്റ്റിലുണ്ട്.

archived linkFB post

മൂന്നു വാദഗതികളാണ് പോസ്റ്റിലുള്ളത്.ഇത്തവണത്തെ പ്രളയം ബാധിച്ചവരെ കേന്ദ്രസർക്കാർ ഒരു കിലോ അരി നൽകി സഹായിക്കുമെന്നാണ് പോസ്റ്റിൽ പറയുന്നത്. മാത്രമല്ല കഴിഞ്ഞ  വർഷം നൽകിയ അരിയുടെ പണം കേന്ദ്ര സർക്കാർ തിരിച്ചു പിടിച്ചതായും പറയുന്നു. ഇതുപോലുള്ള ഒരു പ്രധാനമന്ത്രിയെ കിട്ടാൻ പുണ്യം ചെയ്യണമെന്ന് ബിബിസി ചാനലിന് കേരള ജനത നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

ഇവ എത്രത്തോളം യാഥാർഥ്യമാണെന്ന് നമുക്ക് അന്വേഷിച്ചു നോക്കാം 

വസ്തുതാ വിശകലനം 

ഇത്തരത്തിൽ നിരവധി പോസ്റ്റുകൾ പ്രളയത്തെ സംബന്ധിച്ച വ്യാജ വാർത്തകളുമായി പ്രചരിച്ചിരുന്നു. അവയിൽ കുറച്ചു പോസ്റ്റുകളുടെ വസ്തുതാ അന്വേഷണം  ഞങ്ങൾ നടത്തിയിരുന്നു. അവ ഇവിടെ വായിക്കാം.

പ്രളയവുമായി ബന്ധപ്പെട്ട തെറ്റിധാരണ പരത്തുന്ന പോസ്റ്റുകൾക്കെതിരെ പോലീസ് കേസ് എടുക്കുമെന്ന് സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇത്തരത്തിൽ കേസുകൾ രജിസ്റ്റർ ചെയ്‌ത്‌ അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് അധികാരികൾ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു. 

സ്റ്റേറ്റ് പോലീസ് മീഡിയ സെന്റർ
പത്രക്കുറിപ്പ്
13.08.2019 7.40
PM

*സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിന് ഒരാള്‍ അറസ്റ്റില്‍; 27 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു*

ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 27 ആയി. ഒരാളെ അറസ്റ്റു ചെയ്തിട്ടുമുണ്ട്. 
തിരുവല്ല പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇരവിപേരൂര്‍ പൊയ്കപ്പാടി കാരിമലയ്ക്കല്‍ വീട്ടില്‍ തമ്പിയുടെ മകന്‍ രഘു(48) ആണ് അറസ്റ്റിലായത്. തിരുവനന്തപുരം സിറ്റി, തിരുവനന്തപുരം റൂറല്‍, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, തൃശൂര്‍ സിറ്റി, മലപ്പുറം, വയനാട് എന്നിവിടങ്ങളില്‍ രണ്ടു വീതവും കൊല്ലം സിറ്റി, കൊല്ലം റൂറല്‍, ഇടുക്കി, എറണാകുളം സിറ്റി, എറണാകുളം റൂറല്‍, തൃശൂര്‍ റൂറല്‍, പാലക്കാട്, കോഴിക്കോട് സിറ്റി, കോഴിക്കോട് റൂറല്‍, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ ഒന്നു വീതവും കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയുള്ള അന്വേഷണവും മറ്റു നിയമനടപടികളും ഊര്‍ജ്ജിതപ്പെടുത്തിയതായി സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ അറിയിച്ചു. 

വി പി പ്രമോദ് കുമാര്‍
ഡെപ്യൂട്ടി ഡയറക്ടർ
സ്റ്റേറ്റ് പോലീസ് മീഡിയ സെന്റർ

 • 4:10 PM

ഈ പോസ്റ്റും അതെ ഗണത്തിൽ പെടുന്നതാണെന്ന് ഞങ്ങൾ സംശയിക്കുന്നു. കാരണം പോസ്റ്റിൽ നൽകിയിട്ടുള്ള വാർത്ത വിവിധ കീ വേർഡ്‌സ്  ഉപയോഗിച്ച് ഓൺലൈനിൽ തിരഞ്ഞു നോക്കി. ഇത്തരത്തിൽ യാതൊരു വാർത്തയും മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിട്ടില്ല. കേരളത്തിലെ പ്രളയവും കേന്ദ്ര സർക്കാരുമായി കൂട്ടിച്ചേർത്ത് പുറത്തു വന്നിട്ടുള്ള വാർത്ത പ്രളയ ദുരിതാശ്വാസം നൽകുന്ന കാര്യത്തിൽ കേന്ദ്രം കേരളത്തോട് വിവേചനം കാണിക്കുന്നു എന്ന മട്ടിലുള്ളതാണ്. 

archived linknews18

പിന്നെയുള്ളത് വയനാട് എംപി രാഹുൽ ഗാന്ധി വയനാട്ടിലേക്ക് കൂടുതൽ സഹായം ലഭ്യമാക്കണമെന്ന് കേന്ദ്രത്തോട് അഭ്യർത്ഥിച്ചു എന്നതാണ്. കഴിഞ്ഞ പ്രളയ കാലത്ത് ലഭിച്ച കേന്ദ്ര സഹായങ്ങളുടെ വാർത്തകളല്ലാതെ ഇക്കൊല്ലത്തെ പ്രളയ സമയത്ത് കേന്ദ്രം എന്ത് സഹായമാണ് നൽകുന്നത് എന്ന് വ്യക്തമായ വാർത്തകളില്ല.

 സംസ്ഥാന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് പോലെത്തന്നെ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടും നിലവിലുണ്ട്. എന്നാൽ ഈ സംവിധാനം വഴി  ഇത്തരത്തിൽ കേന്ദ്ര സർക്കാർ കേരളത്തിലെ പ്രളയ ബാധിതർക്ക് അരി വിതരണം ചെയ്തു എന്ന അറിയിപ്പ് കാണാൻ സാധിച്ചില്ല. കേന്ദ്ര സർക്കാരിന്റെ വെബ്‌സൈറ്റിലും അരിയോ അല്ലെങ്കിൽ അതുപോലെയുള്ള മറ്റു സഹായങ്ങൾ എന്തെങ്കിലുമോ നൽകുന്നതായി വാർത്തകളില്ല. മാത്രമല്ല കഴിഞ്ഞ വര്ഷം സഹായം നൽകിയത് തിരിച്ചു പിടിച്ചതായും റിപ്പോർട്ടുകളില്ല. കേരളം ജനത ഇതിന്‍റെ പേരിൽ ബിബിസിക്ക് അഭിമുഖം നൽകിയിട്ടില്ല. 

കൂടുതൽ വ്യക്തതയ്ക്കായി ഞങ്ങൾ ബിജെപിയുടെ സംസ്ഥാന ഓഫീസുമായി ബന്ധപ്പെട്ട് സ്റ്റേറ്റ് ഓഫീസ് സെക്രട്ടറിയുമായി സംസാരിച്ചു. അദ്ദേഹം ഞങ്ങളോട് വ്യക്തമാക്കിയത് ഇത് വ്യാജമായ പ്രചാരണമാണ് എന്നാണ്. “ഇത്തരത്തിൽ നിരവധി വാർത്തകൾ കേന്ദ്ര സർക്കാറിനും പ്രധാനമന്ത്രിക്കുമെതിരായി വരുന്നുണ്ട്. അപകീർത്തിപ്പെടുത്തുകയും തെറ്റിധാരണ സൃഷ്ടിക്കുകയും  ചെയ്യുക എന്നത് മാത്രമാണ് ഇവരുടെ ലക്‌ഷ്യം. അതുപോലെതന്നെ ദുരന്ത മുഖത്തു പ്രവർത്തിക്കുന്ന സേവാഭാരതി ആർഎസ്എസ് പ്രവർത്തകർക്കെതിരെയും ചിലർ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുണ്ട്. പ്രധാനമന്ത്രി ദുരിതാശ്വാസ സഹായം പ്രഖ്യാപിച്ചാൽ അതിന് കൃത്യമായ കണക്കുകളും റിപ്പോർട്ടുകളും ഉണ്ടാകും.”

ഞങ്ങളുടെ അന്വേഷണത്തിൽ നിന്നും വ്യക്തമാകുന്നത് ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത വ്യാജമാണ് എന്നാണ് 

നിഗമനം 

 ഈപോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും വ്യാജമാണ്. പ്രധാനമന്ത്രി ഒരു കിലോ അരി കേരളത്തിൽ പ്രളയ ദുരിതം അനുഭവിക്കുന്നവർക്ക് സഹായം നൽകുന്നതായി വാർത്തകളില്ല. പോസ്റ്റിൽ നൽകിയിട്ടുള്ള വാദഗതികളെല്ലാം തന്നെ തെറ്റിധാരണ സൃഷ്ടിക്കുന്നവയാണ്. വാസ്തവ വിരുദ്ധവുമാണ്. അതിനാൽ പ്രീയ വായനക്കാർ പോസ്റ്റ് ഷെയർ ചെയ്യാതെയിരിക്കുക.

Avatar

Title:കേരളത്തിൽ പ്രളയ ദുരിതം അനുഭവിക്കുന്ന എല്ലാവര്‍ക്കും ഓരോ കിലോ അരി വീതം നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചോ..?

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •