സർക്കാർ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കാൻ പ്രതിപക്ഷ നേതാവിന് ക്ഷണം ലഭിച്ചിരുന്നോ ..?

രാഷ്ട്രീയം

വിവരണം

Che Guevara army എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ജൂൺ 5 മുതൽ പ്രചരിപ്പിച്ചു വരുന്ന ഒരു പോസ്റ്റിന് ഇതുവരെ 360 ത്തോളം ഷെയറുകളായിട്ടുണ്ട്. പോസ്റ്റിൽ നൽകിയിട്ടുള്ള വാചകങ്ങൾ ഇപ്രകാരമാണ്. ” സർക്കാർ ഒന്നും ചെയ്യുന്നില്ല എന്ന് 24 മണിക്കൂറും നിലവിളിക്കുന്ന  ചെന്നിത്തലയ്ക്ക് എട്ടിന്‍റെ പണികൊടുത്ത് മുഖ്യമന്ത്രി. കുറ്റം പറഞ്ഞ പ്രതിപക്ഷ നേതാവിനെക്കൊണ്ട് തന്നെ പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് നിർമിച്ച വീടിന്‍റെ താക്കോൽദാനം നിർവഹിച്ചു സർക്കാർ.”

“സംഘിത്തലക്ക് 8 ന്റെ പണി കൊടുത്ത മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങൾ” എന്നൊരു പ്രശംസ പോസ്റ്റിൽ മുഖ്യമന്ത്രിക്ക് നൽകിയിട്ടുണ്ട്.

archived FB post

2018 ലെ പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും വീട് നിർമിച്ചു നൽകുന്നതിനെ കുറിച്ചുള്ള വാർത്തകൾ ഈയടുത്ത കാലത്ത് മാധ്യമങ്ങളിൽ വന്നുകൊണ്ടിരിക്കുന്നു. എന്നാൽ സർക്കാർ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കാൻ പ്രതിപക്ഷ നേതാവിന് ക്ഷണം ലഭിച്ചിരുന്നോ ..? ഇക്കാര്യം മാധ്യമങ്ങൾ വാർത്തയാക്കിയിരുന്നോ..? നമുക്ക് അറിയാൻ ശ്രമിക്കാം.

വസ്തുതാ വിശകലനം

ഞങ്ങൾ വാർത്തയുടെ അന്വേഷണത്തിനായി ആദ്യം മലയാള മാധ്യമങ്ങളുടെ വെബ്‌സൈറ്റുകൾ തിരഞ്ഞു. പോസ്റ്റിൽ നൽകിയിട്ടുള്ള വാദത്തെ അനുകൂലിക്കുന്ന വാർത്തളൊന്നും  തന്നെ മലയാള മാധ്യമങ്ങളിൽ കാണാൻ കഴിഞ്ഞില്ല. പ്രളയാനന്തര സഹായങ്ങൾ പൊതുജങ്ങളിലേയ്ക്ക് നേരാംവണ്ണം എത്തിയില്ല എന്ന വിമർശനം പലവേദികളിലും പ്രതിപക്ഷ നേതാവ്  തുറന്നു പറഞ്ഞതായി വാർത്തകൾ വന്നിരുന്നു.

archived linkmanorama news
archived linkmanorama news
archived linkasianet news
archived linkmathrubhumi

പ്രളയവുമായി ബന്ധപ്പെട്ട് രമേശ്  ചെന്നിത്തലളെപ്പറ്റി ഒടുവുൽ പുറത്തു വന്ന വാർത്ത 2019 ഏപ്രിൽ മൂന്നിനാണ്. “പ്രളയത്തില്‍ നഷ്ടമായ 450 പേരുടെ ജീവന് മുഖ്യമന്ത്രി മറുപടി പറയണം- രമേശ് ചെന്നിത്തല…..” എന്ന തലക്കെട്ടിൽ മാതൃഭൂമി പ്രസിദ്ധീകരിച്ച വാർത്തയാണിത്. ഇതല്ലാതെ പോസ്റ്റിലെ വാദം ശരിവയ്ക്കുന്ന വാർത്തകൾ ഞങ്ങൾക്ക് ലഭിച്ചില്ല.

പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്തയുടെ യാഥാർഥ്യം കൃത്യമായി അറിയാൻ ഞങ്ങൾ രമേശ് ചെന്നിത്തലയുമായി ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. എന്നാൽ അദ്ദേഹം ഒരു പരിപാടിയിൽ പങ്കെടുക്കുന്ന വേളയിലായിരുന്നതിനാൽ നേരിട്ട് സംസാരിക്കാൻ കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫും പിആർഒ യുമായ ഹബീബ് ഖാനുമായി ഞങ്ങളുടെ പ്രതിനിധി സംസാരിച്ചു. പോസ്റ്റിൽ നൽകിയിട്ടുള്ളത് പൂർണമായും വ്യാജമാണെന്നാണ് അദ്ദേഹം അറിയിച്ചത്. “സർക്കാരിൽ നിന്നും ഇത്തരത്തിലൊരു ക്ഷണം രമേശ് ചെന്നിത്തലയ്ക്ക് ലഭിച്ചിട്ടില്ല. ഈ വാർത്ത പൂർണ്ണമായും വ്യാജമാണ്. ഭരണപക്ഷത്തിന്റെ പദ്ധതിയുടെ താക്കോൽദാനം നിർവഹിക്കാൻ പ്രതിപക്ഷ നേതാവിനെ ഒരിക്കലും വിളിക്കില്ല. ഈ പോസ്റ്റിനെ പറ്റി  കേട്ടിരുന്നു. ഇത് വ്യാജമായി പറഞ്ഞുണ്ടാക്കുന്നതാണ്. സമാന രീതിയിൽ വേറെയും പോസ്റ്റുകൾ പ്രചരിക്കുന്നുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്.”

ഞങ്ങളുടെ അന്വേഷണപ്രകാരം മനസ്സിലാക്കാൻ കഴിയുന്നത് ഈ പോസ്റ്റിൽ ഉന്നയിക്കുന്ന വാദം തീർത്തും വ്യാജമാണ് എന്നാണ്.

നിഗമനം

ഈ പോസ്റ്റിൽ ആരോപിക്കുന്ന വാദം തീർത്തും വ്യാജമാണ്. പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വീട് നിർമിച്ചു നൽകുന്ന സർക്കാർ പദ്ധതിയുടെ താക്കോൽദാനം നിർവഹിക്കാൻ സർക്കാർ രമേശ് ചെന്നിത്തലയെ ക്ഷണിച്ചിട്ടില്ല. ഇക്കാര്യം അദ്ദേഹത്തിൻ്റെ പിആർഒ ഞങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ വ്യാജമായ വാർത്ത വഹിക്കുന്ന ഈ പോസ്റ്റ് ഷെയർ ചെയ്യരുതെന്ന് ഞങ്ങൾ പ്രീയ വായനക്കാരോട് അഭ്യർത്ഥിക്കുന്നു

ചിത്രങ്ങൾ കടപ്പാട് ഗൂഗിൾ

Avatar

Title:സർക്കാർ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കാൻ പ്രതിപക്ഷ നേതാവിന് ക്ഷണം ലഭിച്ചിരുന്നോ ..?

Fact Check By: Deepa M 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •