
വിവരണം
സുദര്ശനം (sudharshanam) എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 മെയ് 2 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റിന് 600 ലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. അമേഠിയിൽ നിന്നും രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തി ലോക്സഭയിലെത്തിയ സ്‌മൃതി ഇറാനിയുടെ ഒരു പ്രസ്താവനയാണ് പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ” പ്രീയങ്ക വദ്ര പ്രധാനമന്തിയെ ചീത്ത വിളിക്കാൻ കുട്ടികളോട് ആവശ്യപ്പെട്ടു. കുട്ടികളെ രാഷ്ട്രീയ പ്രചാരണങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ല. എന്താണ് കുട്ടികൾ ഇതിൽ നിന്നും പഠിക്കുന്നത്..? പ്രിയങ്ക ഗാന്ധിയുടെ അടുത്തേയ്ക്ക് കുട്ടികളെ അയയ്ക്കരുതെന്നാണ് ഞാൻ സംസ്‌കാരമുള്ള കുടുംബങ്ങളോട് ആവശ്യപ്പെടുന്നത്. അവർ കുട്ടികളെ ചീത്തയാക്കും. സംസ്കാരമുണ്ടെന്നു പറയുന്നവരുടെ മുഖംമൂടികൾ അഴിഞ്ഞു വീണു കഴിഞ്ഞു.” സ്‌മൃതി ഇറാനിയുടെ ചിത്രത്തിനൊപ്പം ഈ വാചകങ്ങൾ പോസ്റ്റിൽ ചേർത്തിരിക്കുന്നു. വാർത്തയുടെ സ്രോതസ്സായി ദീപിക എന്ന മാധ്യമം പ്രസിദ്ധീകരിച്ച ഒരു വാർത്തയും പോസ്റ്റിനൊപ്പം നൽകിയിട്ടുണ്ട്.
പോസ്റ്റിൽ ആരോപിക്കുന്നത് പോലെ സ്‌മൃതി ഇറാനി പ്രിയങ്ക ഗാന്ധിയെക്കുറിച്ച് ഇത്തരത്തിൽ പരാമർശം നടത്തിയോ..? നമുക്ക് അന്വേഷിച്ചു നോക്കാം
വസ്തുതാ വിശകലനം
ഞങ്ങൾ പ്രിയങ്ക ഗാന്ധിയെപ്പറ്റി സ്‌മൃതി ഇറാനിയുടെ പരാമർശങ്ങൾ എന്ന കീ വേർഡ്‌സ് ഉപയോഗിച്ച് ഗൂഗിളിൽ തിരഞ്ഞു നോക്കി. അവിടെ നിന്നും ഞങ്ങൾക്ക് ANI പ്രസിദ്ധീകരിച്ച ഒരു വീഡിയോ ലഭിച്ചു. വീഡിയോ താഴെ കൊടുക്കുന്നു :
വീഡിയോയുടെ പരിഭാഷ ഇപ്രകാരമാണ് :
“പ്രധാനമന്ത്രിയെ അധിക്ഷേപിക്കാൻ കുട്ടികളെ ഉപയോഗിക്കുന്നു. രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് കുട്ടികളെ ഉപയോഗിക്കരുത്. ശ്രീമതി വാദ്രയ്ക്ക് ഇത്രപോലും അതറിയില്ലേ..? കുട്ടികൾക്ക് എന്ത് സംസ്‌കാരമാണ് നിങ്ങൾ നൽകുക..? അന്തസ്സുള്ള കുടുംബങ്ങൾ അങ്ങനെയുള്ള വ്യക്തികളിൽ നിന്നും കുട്ടികളെ അകറ്റി നിർത്തുക. അതി നിന്ദ്യമായ വാക്കുകളുപയോഗിച്ച് കുട്ടികളെക്കൊണ്ട് പ്രധാനമന്ത്രിയെ അധിക്ഷേപിക്കുക എന്നതാണ് അവരുടെ സംസ്കാരം.”
പ്രിയങ്ക ഗാന്ധി കുട്ടികളെ ഉപയോഗിച്ച് പ്രധാനമന്തിയെ അധിക്ഷേപിച്ചു എന്ന വിമർശനം 2019 ലോക്‌സഭാ തെരെഞ്ഞെടുപ്പ് കാലത്ത് ഏറെ വിവാദമായിരുന്നു. ഞങ്ങൾ ഇത് സംബന്ധിച്ച ഒരു വാർത്തയുടെ വസ്തുത പരിശോധന ഹിന്ദിയിൽ നടത്തിയിരുന്നു. അതിന്റെ ലിങ്ക് താഴെ കൊടുക്കുന്നു.
പ്രിയങ്ക ഗാന്ധി മോശം വാക്കുകളുപയോഗിച്ച് പ്രധാനമന്ത്രിയെ അധിക്ഷേപിക്കാൻ കുട്ടികളെ പരിശീലിപ്പിച്ചോ..?
പ്രധാനമന്ത്രിയെ അധിക്ഷേപിക്കാൻ കുട്ടികളെ ഉപയോഗിച്ചു എന്ന ആക്ഷേപം കോൺഗ്രസ്സ് നേതൃത്വം നിഷേധിച്ചിരുന്നു. എന്നാൽ മാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോയുടെ കാര്യം സ്‌മൃതി ഇറാനി പരാമർശം ANI യുടെ വീഡിയോയിൽ എടുത്തു പറയുന്നുണ്ട്.
ഞങ്ങളുടെ പരിശോധനയിൽ പോസ്റ്റിൽ പറയുന്ന വാർത്ത സത്യമാണെന്ന് തെളിഞ്ഞിട്ടുണ്ട്.
നിഗമനം
ഈ വാർത്ത സത്യമാണ്. സ്‌മൃതി ഇറാനി പ്രിയങ്ക ഗാന്ധിയെപ്പറ്റി ഇപ്രകാരം പരാമർശം നടത്തിയിരുന്നു

Title:സ്‌മൃതി ഇറാനി പ്രിയങ്ക ഗാന്ധിയെപ്പറ്റി ഇങ്ങനെ പരാമർശം നടത്തിയോ..?
Fact Check By: Deepa MResult: False
