
കോൺഗ്രസിന്റെ മുതിർന്ന നേതാവ് വി.എം.സുധീരൻ പാര്‍ട്ടിയുടെ രാഷ്ട്രീയ കാര്യസമിതിയിൽ നിന്ന് സെപ്റ്റംബർ മാസം രാജിവെച്ചിരുന്നു. രാജിക്കത്ത് ലഭിച്ചെങ്കിലും അത് സ്വീകരിക്കാൻ സംസ്ഥാന അധ്യക്ഷന്‍ കെ സുധാകരൻ തയ്യാറായിരുന്നില്ല എന്നാണ് വാർത്തകൾ വന്നത്. ഇതിനുശേഷം ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വന്ന ഒരു വാർത്തയാണ് ഇവിടെ നൽകിയിട്ടുള്ളത്.
പ്രചരണം
വി.എം. സുധീരനെ പറ്റി സംസ്ഥാന പ്രസിഡന്റ് കെ സുധാകരൻ നൽകിയ ഒരു പ്രസ്താവനയാണ് പോസ്റ്റര്‍ രൂപത്തില്‍ പ്രചരിക്കുന്നത് “സുധീരന് വലിയ ആൾ ആയിരിക്കും… എന്ന് കരുതി തോളിൽ വെച്ച് നടക്കാനൊന്നും തന്നെ കിട്ടില്ലെന്ന് കെ സുധാകരൻ. കോൺഗ്രസ്സിന്റെ ഐശ്വര്യം തന്നെ ഗ്രൂപ്പാണെന്നും ഗ്രൂപ്പില്ലെങ്കിൽ കോൺഗ്രസ് ഇല്ലെന്നും സുധാകരൻ…” എന്ന വാചകങ്ങളാണ് ഇരുവരുടെയും ചിത്രങ്ങള്‍ക്കൊപ്പം നല്‍കിയിട്ടുള്ളത്.

അതായത് കെ സുധാകരൻ വിഎം സുധീരനെ പറ്റി ഇത്തരത്തിലൊരു പ്രസ്താവന നടത്തി എന്നാണ് പോസ്റ്റ് വാദിക്കുന്നത്. എന്നാൽ എന്നാൽ തെറ്റായ പ്രചരണമാണ് നടത്തുന്നതെന്ന് ഞങ്ങൾ അന്വേഷണത്തിൽ കണ്ടെത്തി.
വസ്തുത ഇതാണ്
പ്രസ്തുത പോസ്റ്റര്‍ പലരും ഫേസ്ബുക്കില്‍ പങ്കുവയ്ക്കുന്നുണ്ട്.

വാർത്തയുടെ വസ്തുത അറിയാൻ ഞങ്ങൾ പതിവുപോലെ വാർത്താ മാധ്യമങ്ങളുടെ വെബ്സൈറ്റുകൾ തിരിഞ്ഞുനോക്കി. എന്നാൽ വിഎം സുധീരനെ കുറിച്ച് കെ സുധാകരൻ എന്തെങ്കിലുമൊരു പരാമർശം നടത്തിയതായി സൂചന നൽകുന്ന യാതൊരു വാർത്തകളും മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചതായി കാണാൻ സാധിച്ചില്ല. തുടർന്ന് കെ സുധാകരന്റെ ഫേസ്ബുക്ക് പേജ് ഞങ്ങൾ സന്ദർശിച്ചു. ഇത്തരത്തിൽ എന്തെങ്കിലും പരാമര്‍ശം അദ്ദേഹം നടത്തിയതായി യാതൊരു സൂചനകളും നൽകിയിട്ടില്ല. യുട്യൂബില്‍ വാര്‍ത്തയുമായി ബന്ധപ്പെട്ട കീ വേര്‍ഡ്സ് ഉപയോഗിച്ച് തിരഞ്ഞെങ്കിലും പോസ്റ്റിലെ വാര്‍ത്തയെ സാധൂകരിക്കുന്ന സൂചനകള്‍ ഒന്നുംതന്നെ ലഭിച്ചില്ല.
അതിനാൽ കൂടുതൽ വിവരങ്ങൾ അറിയാൻ ഞങ്ങള്‍ കെ. സുധാകരന്റെ ഓഫീസുമായി ബന്ധപ്പെട്ടു. അദ്ദേഹത്തിന്റെ പെഴ്സണല്‍ സ്റ്റാഫ് അംഗം ജയന്ത് മറുപടി നല്‍കിയത് ഇങ്ങനെയാണ്: “പൂർണ്ണമായും തെറ്റായ വാർത്തയാണ്. അദ്ദേഹം ഇങ്ങനെ പറഞ്ഞിട്ടില്ല, മാത്രമല്ല, വി എം സുധീരനെ കുറിച്ച് കുറിച്ച് ഒരിക്കലും ഇത്തരത്തിലൊരു പരാമർശം അദ്ദേഹം നടത്തുകയുമില്ല. അദ്ദേഹത്തിനെതിരെ വെറുതെ നുണ പ്രചരണം നടത്തുകയാണ്.”
ഇത്തരത്തില്‍ തനിക്കെതിരെ വന്ന പരാമര്‍ശത്തോട് വി.എം.സുധീരൻ എന്തെങ്കിലും ഒരു പ്രതികരണം നടത്തിയോ എന്നും ഞങ്ങൾ അന്വേഷിച്ചു. അദ്ദേഹം എന്തെങ്കിലും തരത്തില്‍ പ്രതികരണം നടത്തിയതായി വാർത്തകൾ ഒന്നുമില്ല. വ്യാജ പ്രചരണമാണ് പോസ്റ്റിലൂടെ നടത്തുന്നത് എന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്
നിഗമനം
പോസ്റ്റിലെ പ്രചരണം പൂർണ്ണമായും തെറ്റാണ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരനെ കുറിച്ച് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കെ സുധാകരൻ പരാമർശം നടത്തിയതായി പോസ്റ്റിലൂടെ പ്രചരിപ്പിക്കുന്നത് തെറ്റായ വാർത്തയാണ്. അദ്ദേഹം ഇത്തരത്തില്‍ യാതൊന്നും പറഞ്ഞിട്ടില്ല.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:വി.എം.സുധീരനെ പറ്റി കെ.സുധാകരന് നടത്തിയ പരാമര്‍ശം എന്ന പേരില്‍ വ്യാജ പ്രചരണം…
Fact Check By: Vasuki SResult: False
