ടിക്ക് ടോക്ക് വീഡിയോയില്‍ കഞ്ചാവ് ചെടി; ആ വൈറല്‍ വീഡിയോയുടെ പിന്നിലെ സത്യം ഇതാണ്..

സാമൂഹികം

വിവരണം

ഒരു ടിക്ക് ടോക്ക് വീഡിയോ വരുത്തിവെച്ച അമിളിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ഈ ടിക്‌ടോക് വീഡിയോ പബ്ലിഷ് ചെയ്തതോടെ  ലവൻ അറസ്റ്റിലായി. 😃😃😃😃

എന്താണ് കാര്യം എന്ന് കണ്ടുപിടിക്കു….. !!! എന്ന തലക്കെട്ട് നല്‍കി ഫെയ്‌സ്ബുക്കിലും വാട്‌സാപ്പിലും ഒരു വീഡിയോ കഴിഞ്ഞ ദിവസങ്ങളിലായി വൈറലായി മാറിയിട്ടുണ്ട്. ഇതാണ് വൈറലായ ആ വീഡിയോ-

WhatsApp Video 2020-06-17 at 52329 PM from Dewin Carlos on Vimeo.

ഫെയ്‌സ്ബുക്കിലും വീഡിയോ ഇതെ തലക്കെട്ട് നല്‍കി വ്യാപകമായി പ്രചരിക്കുന്നുണ്ട്-

ഒറ്റനോട്ടത്തില്‍ ആര്‍ക്കും പെട്ടെന്ന് എന്താ സംഭവം എന്ന് ഒരുപക്ഷെ പിടികിട്ടിയിട്ടുണ്ടാവില്ല. വീഡിയോ സൂക്ഷിച്ച് നോക്കിയാല്‍ വീഡിയോയില്‍ കാണുന്ന ചെടിയാണ് വീഡിയോ വൈറലാകാനുള്ള കാരണം. ഇത് കഞ്ചാവ് ചെടിയാണെന്നും വീട്ടില്‍ കഞ്ചാവ് വളര്‍ത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തെന്നുമാണ് സമൂഹമാധ്യമങ്ങളിലെ പ്രചരണം.

എന്നാല്‍ ഈ വൈറല്‍ വീഡിയോയില്‍ ക്യാമറയില്‍ പതിഞ്ഞ ചെടി കഞ്ചാവ് തന്നെയാണോ? ഇതിന്‍റെ പേരില്‍ യുവാവിനെ പോലീസോ എക്‌സൈസോ പിടികൂടിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

പ്രചരിക്കുന്ന വീഡിയോയില്‍ നിന്നും യഥാര്‍ത്ഥ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്ന ടികി ടോക്ക് എടുത്ത ശേഷം ആ പ്രൊഫൈല്‍ ഞങ്ങള്‍ പരിശോധിച്ചു. അപ്പോഴാണ് യുവാവ് തനിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന പ്രചരണങ്ങള്‍ വ്യാജമാണെന്ന് ചൂണ്ടിക്കാണിച്ച് രണ്ട് വീഡിയോകള്‍ പങ്കുവെച്ചിരിക്കുന്നത് കണ്ടെത്താന്‍ കഴിഞ്ഞത്. ടിക് ടോക്ക് വീഡിയോയുടെ പേരില്‍ തന്നെ അറസ്റ്റ് ചെയ്തെന്നും വീഡിയോയിലുള്ളത് കഞ്ചാവ് ചെടിയാണെന്നത് വ്യാജ പ്രചരണമാണെന്നും ഇത് പരുത്തി(പഞ്ഞി) പോലെയുള്ള ഒരു കുറ്റിച്ചെടി മാത്രമാണെന്നും യുവാവ് മറ്റൊരു വീഡിയോയില്‍ വിശദീകരിക്കുന്നുണ്ട്. വ്യാജ പ്രചരണത്തിന്‍റെ പേരില്‍ തന്‍റെ വീട്ടില്‍ എക്‌സൈസ് സംഘം എത്തി പരിശോധന നടത്തിയെങ്കിലും അവര്‍ക്കും ചെടി കഞ്ചാവല്ലെന്ന ബോധ്യം വന്നതോടെ നടപടികള്‍ ഒന്നും സ്വീകരിക്കാതെ തിരികെ പോയെന്നും യുവാവ് പറയുന്നു. ടിക്ക് ടോക്ക് പ്രൊഫൈലില്‍ ഇടുക്കിക്കാരനാണ് താന്‍ എന്ന് യുവാവ് വിവരണത്തില്‍ നല്‍കിയിട്ടുണ്ട്. ഇതുപ്രകാരം എക്‌സൈസിന്‍റെ വിശദീകരണം തേടാന്‍ ഞങ്ങളുടെ പ്രതിനിധി ഇടുക്കി എക്‌സൈസ് വിജിലന്‍സ് എസ്‌പി മുഹമ്മദ് ഷാഫിയുമായി ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹത്തിന്‍റെ മറുപടി ഇങ്ങനെയാണ്-

സമൂഹമാധ്യമങ്ങളിലെ പ്രചരണം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് എക്‌സൈസ് സംഘം യുവാവിന്‍റെ വീട്ടില്‍ പരിശോധന നടത്തി. എന്നാല്‍ ചെടി കഞ്ചാവല്ലെന്ന് എക്‌സൈസിന് ബോധ്യമായി. പരുത്തി പോലെയുള്ള ഒരു കുറ്റിച്ചെടി മാത്രമാണിത്. സമൂഹമാധ്യമങ്ങളിലെ പ്രചരണം വ്യജമാണെന്നും അദ്ദേഹം വ്യക്തമാക്കി.

തനിക്കെതിരെയുള്ള വ്യാജ പ്രചരണത്തിനെതിരെ യുവാവ് ടിക്ക് ടോക്കില്‍ പങ്കുവെച്ച വീഡിയോ-

WhatsApp Video 2020-06-18 at 54611 PM from Dewin Carlos on Vimeo.

എക്‌സൈസ് പരിശോധനയെ കുറിച്ച് യുവാവ് വിവാദമായ ആ ചെടിയുടെ അടുത്ത് നിന്നും വിശദീകരിക്കുന്നു-

WhatsApp Video 2020-06-17 at 52428 PM from Dewin Carlos on Vimeo.

ഇന്ത്യയില്‍ വ്യതസ്ഥമായ തരത്തിലുള്ള പഞ്ഞിച്ചെടികള്‍ (പരുത്തി) കാണപ്പെടുന്നുണ്ട്. അതില്‍ ഗോസിപ്പിയം അര്‍ബോറിയം എന്ന ശാസ്ത്രീയ നാമത്തിലുള്ള പഞ്ഞിച്ചെടിയാണ് വൈറല്‍ വീഡിയോയിലുള്ളതെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയിലും ശ്രീലങ്കയിലുമാണ് ഗോസിപ്പിയം അര്‍ബോറിയം വിഭാഗത്തിലുള്ള പഞ്ഞിച്ചെടികള്‍ സാധാരണയായി കണ്ടുവരുന്നത്.

കഞ്ചാവ് ചെടിയുടെ ചിത്രവും പഞ്ഞിച്ചെടിയുടെ ചിത്രവും താരതമ്യം ചെയ്താല്‍ രണ്ടും ഏകദേശം കാഴ്ച്ചയില്‍ ഒരെ പോലെ തന്നെ തോന്നും.

താരതമ്യം കാണാം-

നിഗമനം

യാതൊരു അടിസ്ഥാനവുമില്ലാതെ അതിരുകടന്ന താമശയുടെ പേരില്‍ സമൂഹമാധ്യമങ്ങളിലൂടെ കുറ്റം ആരോപിക്കപ്പെടുകയും പഴി കേള്‍ക്കേണ്ടിയും വന്ന നിരപരാധിയാണ് വീഡിയോയിലുള്ള യുവാവ് എന്നത് ഞങ്ങള്‍ക്ക് ലഭിച്ച വിവരങ്ങളില്‍ നിന്നും വ്യക്തമാണ്. ഇദ്ദേഹത്തിന്‍റെ വീഡിയോയിലുള്ളത് കഞ്ചാവ് ചെടിയല്ലെന്നും ഇതിന്‍റെ പേരില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും എക്‌സൈസ് വകുപ്പ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പോസ്റ്റ് പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:ടിക്ക് ടോക്ക് വീഡിയോയില്‍ കഞ്ചാവ് ചെടി; ആ വൈറല്‍ വീഡിയോയുടെ പിന്നിലെ സത്യം ഇതാണ്..

Fact Check By: Dewin Carlos 

Result: False