FACT CHECK – പോലീസ് വാഹന പരിശോധനയ്ക്കിടയില്‍ നടന്ന കയ്യേറ്റത്തിന്‍റെ വൈറല്‍ ദൃശ്യങ്ങളാണോ ഇത്? വസ്‌തുത അറിയാം..

സാമൂഹികം

വിവരണം

പോലീസ് വാഹന പരിശോധനയ്ക്ക് ഇടിയില്‍ നടന്ന പല സംഭവങ്ങളും നാട്ടില്‍ ചര്‍ച്ചാ വിഷയമായിട്ടുണ്ട്. ഹെല്‍മെറ്റ് വെച്ചില്ല എന്ന കാരണത്താല്‍ പോലീസ് അസഭ്യ പറഞ്ഞുവെന്നും മര്‍ദ്ദിച്ചുവെന്നും ചിലര്‍ പോലീസിനെ ആക്രമിക്കാന്‍ ശ്രമിച്ചു എന്നും തുടങ്ങിയ പല വീഡിയോകളും ആരോപണങ്ങളും വാര്‍ത്തകളായും സമൂഹമാധ്യമങ്ങളിലൂടെയും എല്ലാവരും കണ്ടിട്ടുള്ളതാണ്. അതുപോലെയൊരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. മല്ലു ഫ്രഷ് വ്ളോഗ്‌സ് എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും ഇത്തരത്തിലൊരു പോലീസ് വാഹന പരിശോധനയുടെ വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്. ഹെല്‍മിറ്റില്ലാതെ ബൈക്കില്‍ എത്തിയ രണ്ടു യുവാക്കളെ പോലീസ് കൈ കാണിച്ചു നിര്‍ത്തുകയും പിന്നീട് ഇവരോട് വാഹനത്തിന്‍റെ മറ്റു രേഖകളും ചോദിക്കുന്നു. എന്നാല്‍ രേഖകള്‍ ഇല്ലെന്നും പണിസ്ഥലത്തെ വണ്ടിയാണെന്നും പറയുന്നു. ഇതിനിടയില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ഇവരില്‍ ഒരാളിന്‍റെ ദേഹപരിശോധന നടത്തുമ്പോള്‍ നിരോധിച്ച പുകയില ഉല്‍പ്പന്നത്തിന്‍റെ പാക്കറ്റും ഒരു മദ്യക്കുപ്പിയും ലഭിക്കും. ഇതിന്‍റെ പേരില്‍ പോലീസും യുവാവുമായി വാക്കേറ്റമുണ്ടാകുകയും എസ്ഐ ഇയാളുടെ മുഖത്തടിക്കുകയും ചെയ്യുന്നതാണ് വീഡിയോ. മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ രീതിയിലാണ് വീഡിയോ പ്രചരിക്കുന്നത്. പോലീസ്‌ ചെക്കിങ്ങിനിടെ കയ്യേറ്റം, പ്രതികളെ അറസ്റ്റ്‌ ചെയ്തു.. എന്ന തലക്കെട്ട് നല്‍കി മല്ലു ഫ്രഷ് വ്ളോഗ്‌സ് പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 11,000ല്‍ അധികം റിയാക്ഷനുകളും 1,300ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook PostArchived Link

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇത് പോലീസ് വാഹന പരിശോധനയുടെ വീഡിയോ തന്നെയാണോ? പരിശോധനയക്ക് ഇടയില്‍ പോലീസ് യുവാവിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണോ ഇത്? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

പ്രചരിക്കുന്ന വീഡിയോയ്ക്ക് സമാനമായ രീതിയില്‍ ഒരു പോലീസ് വാഹനം തടഞ്ഞ് നിര്‍ത്തുന്ന യുവാവിന്‍റെ വീഡിയോ ഞങ്ങള്‍ മുന്‍പ് ഫാക്ട് ചെക്ക്  ചെയ്തിരുന്നു. എന്നാല്‍ അതൊരു ഷോര്‍ട്ടിഫിലിമിലെ രംഗമായിരുന്നു. അതില്‍ നിന്നും എഡിറ്റ് ചെയ്ത ഭാഗം സമൂഹമാധ്യമങ്ങളില്‍ തെറ്റായ തലക്കെട്ട് നല്‍കി ചിലര്‍ പ്രചരിപ്പിക്കുകയായിരുന്നു. അതെ പോലെ തന്നെ ഇതും ഒരു ഷോര്‍ട്ട്ഫിലിമോ പ്രാങ്ക് വീഡിയോയോ മറ്റോ ആണോ എന്ന് പരിശോധിക്കുകയാണ് ആദ്യം തന്നെ ഞങ്ങള്‍ ചെയ്തത്.

യൂട്യൂബില്‍ ‘പോലീസ് പ്രാങ്ക് മലയാളം’ എന്ന കീ വേര്‍ഡ് ഉപയോഗിച്ച് സെര്‍ച്ച് ചെയ്ത് റിസള്‍ട്ടുകള്‍ വിശദമായി പരിശോധിച്ചതില്‍ നിന്നും ഇതെ വീഡിയോയുടെ പൂര്‍ണ്ണരൂപം ഞങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞു. ബിഗ് ഡ‍്രീം ഫിലിം ഹൗസ് എന്ന യൂട്യൂബ് ചാനലില്‍ 2019 നവംബര്‍ മാസത്തിലാണ് 4.43 മിനിറ്റുകള്‍ ദൈര്‍ഘ്യമുള്ള പൂര്‍ണ്ണമായ വീഡിയോ  അപ്‌ലോഡ് ചെയ്തിരിക്കുന്നത്. തമ്പ്‌നെയിലില്‍ ചെക്കിങ്ങിനിടയില്‍ പോലീസ് ഉദ്യോഗസ്ഥനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു എന്നാണ് നല്‍കിയിരിക്കുന്നത്. വീഡിയോ ടൈറ്റിലാവട്ടെ ലൈവ് 2019 വൈറല്‍ – പോലീസ് ചെക്കിങ്ങിനിടയില്‍ കയ്യേറ്റം.. പ്രതികളെ അറസ്റ്റ് ചെയ്തു.. ബെസ്റ്റ് മലയാളം ഷോര്‍ട്ട് ഫിലിം.. എന്നാണ്. അതയാത് ഇതൊരു ഷോര്‍ട്ട് ഫിലമാണെന്ന് വ്യക്തമായി കഴിഞ്ഞു. തുടക്കം മുതല്‍ മൊബൈല്‍ ഫോണ്‍ അല്ലെങ്കില്‍ ആക്ഷന്‍ ക്യാമറയില്‍ ഷൂട്ട് ചെയ്ത രംഗങ്ങളാണ് കാണിക്കുന്നത്. രണ്ട് യുവാക്കള്‍ വയനാട്ടിലേക്ക് ബൈക്കില്‍ യാത്ര ചെയ്യുന്ന വഴി പോലീസ് പരിശോധനയ്ക്ക് തടയുന്നു. എന്നാല്‍ മതിയായ രേഖകള്‍ ഇല്ലാത്തതിനാല്‍ ഇവരെ പോലീസുകാര്‍ തടഞ്ഞുവയ്ക്കുന്നു. ഇതിനിടയില്‍ വന്ന രണ്ടു യുവാക്കളുമായി വക്കേറ്റമുണ്ടാകുകയും പിന്നീട് അടിപിടിയില്‍ കലാശിക്കുകയും ചെയ്യുന്നതുമാണ് ഇതിന്‍റെ തീം. അവസാനം എന്‍ഡ് ക്രെഡിറ്റ് എഴുതി കാണിക്കുമ്പോഴാണ് പലര്‍ക്കും ഇത് ഷോര്‍ട്ട് ഫിലിമാണെന്ന് മനസിലാകുന്നത് തന്നെ. 40 ലക്ഷത്തില്‍ അധികം പേര്‍ കണ്ട ഷോര്‍ട്ട് ഫിലിമാണിത്.

യൂട്യൂബ് കീവേര്‍ഡ് സെര്‍ച്ച് റിസള്‍ട്ട്-

ഷോര്‍ട്ട്ഫിലിം-

ഷോര്‍ട്ട് ഫിലിമില്‍ പോലീസും യാത്രക്കാരുമായി അഭിനയിച്ചവരുടെ പേരുകള്‍ (യൂട്യൂബ് സ്ക്രീന്‍ഷോട്ട്)-

നിഗമനം

ഒരു വര്‍ഷം മുന്‍പ് യൂട്യൂബില്‍ റിലീസ് ചെയ്ത ഒരു ഷോര്‍ട്ട് ഫിലിമാണ് യഥാര്‍ത്ഥ വീഡിയോ എന്ന പേരില്‍ പ്രചരിക്കുന്നതെന്ന് കണ്ടെത്താന്‍ കഴിഞ്ഞു. 4.43 മിനിറ്റുകളുള്ള ഷോര്‍ട്ട് ഫിലിമിന്‍റെ ഏതാനം ഭാഗം മാത്രം കട്ട് ചെയ്ത് തെറ്റായ തലക്കെട്ട് നല്‍കിയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതെന്നും വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ പോസ്റ്റ് പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:പോലീസ് വാഹന പരിശോധനയ്ക്കിടയില്‍ നടന്ന കയ്യേറ്റത്തിന്‍റെ വൈറല്‍ ദൃശ്യങ്ങളാണോ ഇത്? വസ്‌തുത അറിയാം..

Fact Check By: Dewin Carlos 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *