FACT CHECK – പോലീസ് ജീപ്പ് തടഞ്ഞ് സീറ്റ് ബെല്‍റ്റ് ഇടാന്‍ ഉപദേശിക്കുന്ന യുവാവിന്‍റെ വൈറല്‍ വീഡിയോ വ്യാജം.. വസ്‌തുത അറിയാം..

സാമൂഹികം

വിവരണം

ഒരു യുവാവ് പോലീസ് ജീപ്പിന് ബൈക്ക് കുറുകെ നിര്‍ത്തി പോലീസുകാര്‍ സീറ്റ് ബെല്‍റ്റ് ഇടാതെ സഞ്ചരിക്കുന്നതിനെ ചോദ്യം ചെയ്യുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുന്നത്. വലിയ സ്വീകാര്യതയാണ് ഇതിനോടകം വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. സിടിഎസ് മീഡിയ എന്ന ഫെയ്‌സ്ബുക്ക് പേജില്‍ വേലി തന്നെ വിളവ് തിന്നുക എന്ന് കേട്ടിട്ടുണ്ടോ എന്ന തലക്കെട്ട് നല്‍കി പങ്കുവെച്ചിരിക്കുന്ന 56 സെക്കന്‍ഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള ഈ വീഡിയോ ഇതുവരെ 1.2 മില്യണ്‍ ജനങ്ങളാണ് കണ്ടിട്ടുള്ളത്. 44,000ല്‍ അധികം റിയാക്ഷനുകളും 12,000ല്‍ അധികം ഷെയറുകളും ഇതിന് ലഭിച്ചിട്ടുണ്ട്. നിയമം എല്ലാവര്‍ക്കും ഒരെ പോലെ ബാധകമാണെന്നും പോലീസിനെ ചോദ്യം ചെയ്ത ചുണക്കുട്ടിക്ക് അഭിനന്ദനങ്ങള്‍ തുടങ്ങിയ കമന്‍റുകളാണ് കാണാന്‍ സാധിക്കുന്നത്. യാഥാര്‍ത്ഥ്യം വീ‍ഡിയോയാണ് ഇതെന്ന് കരുതി ചുരുങ്ങിയ കാലം കൊണ്ട് വീഡിയോ വൈറലായി മാറിയത്.

ഇതാണ് പ്രചരിക്കുന്ന വീഡിയോ-

Facebook PostArchived Link

എന്നാല്‍ യഥാര്‍ത്ഥത്തില്‍ നടന്ന സംഭവമാണോ ഇത്. യുവാവ് പോലീസ് ജീപ്പ് തടഞ്ഞു നിര്‍ത്തി പോലീസിനോട് സീറ്റ് ബെല്‍റ്റ് ഇടാന്‍ പറയുന്നതിന്‍റെയും പിന്നീട് വാക്കേറ്റമുണ്ടാകുന്നതിന്‍റെയും വീ‍ഡിയോയാണോ ഇത്? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

സമൂഹമാധ്യമങ്ങളിലെ വൈറല്‍ വീഡിയോയിലെ കമന്‍റുകള്‍ പരിശോധിച്ചതില്‍ നിന്നും ഇത് ഉപ്പ് എന്ന ഒരു ഷോര്‍ട്ട് ഫിലിമിലെ രംഗമാണെന്നും യഥാര്‍ത്ഥ പോലീസല്ലെന്നും ഒരാള്‍ കമന്‍റ് ചെയ്തതായി ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. ഇതുപ്രകാരം യൂട്യൂബില്‍ ഉപ്പ് എന്ന കീവേര്‍ഡ് ഉപയോഗിച്ച് സെര്‍ച്ച് ചെയ്തതില്‍ നിന്നും ഹാസ്യ വെബ്‌സീരീസും ഷോര്‍ട്ട് വീഡിയോകളും ചെയ്യുന്ന ഉപ്പ് എന്ന പേരില്‍ ഒരു വേരിഫൈഡ് ചാനല്‍ ‍ഞങ്ങള്‍ക്ക് കണ്ടെത്താന്‍ സാധിച്ചു. വീഡിയോകള്‍ പരിശോധിച്ചതില്‍ നിന്നും 2019 ഒക്ടോബര്‍ ഏഴിന് പോലീസ് ചെക്കിങ് പ്രമേയമായി പങ്കുവെച്ച ഒരു വീഡിയോയും കാണാന്‍ കഴിഞ്ഞു. വൈറൽ വീഡിയോ ഉണ്ടാക്കാൻ ശ്രമിച്ച യുവാവിന് സംഭവിച്ചത് | Viral Video | Uppu | Comedy എന്ന ടൈറ്റില്‍ നല്‍കിയുള്ള 7.35 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു ഷോര്‍ട്ട് വീഡിയോയാണിത്. ഈ വീഡിയോയുടെ 1.12 മിനിറ്റിലെ സീനാണ് കട്ട് ചെയ്ത് ഫെയ്‌സ്ബുക്കിലൂടെ പ്രചരിപ്പിച്ചിരിക്കുന്നതെന്ന് വീഡിയോ കണ്ടതില്‍ നിന്നും വ്യക്തമായി.

ഇതാണ് യൂട്യൂബ് സെര്‍ച്ച് റിസള്‍ട്ട്-

ഉപ്പ് എന്ന ഷോര്‍ട്ട് വീഡിയോ-

YouTube Video 

നിഗമനം

ഒരു ഷോട്ട് ഫിലിമിലെ കട്ട് ചെയ്ത ഭാഗമാണ് പോലീസിന്‍റെ യഥാര്‍ത്ഥ വീഡിയോ എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നതെന്ന് കണ്ടെത്താന്‍ കഴിഞ്ഞു. അതുകൊണ്ട് തന്നെ പ്രചരണം വസ്‌തുത വിരുദ്ധമാണെന്ന് അനുമാനിക്കാം.

Avatar

Title:പോലീസ് ജീപ്പ് തടഞ്ഞ് സീറ്റ് ബെല്‍റ്റ് ഇടാന്‍ ഉപദേശിക്കുന്ന യുവാവിന്‍റെ വൈറല്‍ വീഡിയോ വ്യാജം.. വസ്‌തുത അറിയാം..

Fact Check By: Dewin Carlos 

Result: False