
മണിപ്പൂര്‍ കലാപത്തിന് ശേഷം സാമൂഹ്യ മാധ്യമങ്ങളില്‍ ഇരകളെ പ്രത്യേകിച്ചു സ്ത്രീകളെ നഗ്നരാക്കി കൂട്ടം ചേര്‍ന്ന് ഉപദ്രവിക്കുന്ന ദൃശ്യങ്ങളുടെ കുത്തിയൊഴുക്ക് ആണ് കാണുന്നത്. ഒരു യുവതിയെയും യുവാവിനെയും നഗ്നരാക്കി പൊതു സ്ഥലത്ത് ജനക്കൂട്ട വിചാരണ നടത്തുന്ന ഒരു ചിത്രം ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു
പ്രചരണം
പ്രചരിക്കുന്ന ചിത്രം വീഡിയോയില്‍ നിന്നുള്ള സ്ക്രീന്‍ഷോട്ട് ആണ്. അതിനാല്‍ അവ്യക്തവുമാണ്. നഗ്നനായ യുവാവിന്‍റെ തോളില്‍ നഗ്നയായ യുവതി ഇരിക്കുന്നതും ചുറ്റും നില്‍ക്കുന്നവര്‍ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്നതും കാണാം.
അടിക്കുറിപ്പ് അറിയിക്കുന്നത് ചിത്രം ഉത്തര്‍പ്രദേശില്‍ നിന്നുള്ളതാണ് എന്നാണ്. “ഇതും ഹിന്ദു തന്നെയാണ് പക്ഷേ അവർണ്ണ ഹിന്ദുവായിപ്പോയി UP യിൽ ഇപ്പോൾ സവർണ്ണൻ മാത്രമാണ് ഹിന്ദു.”ചിത്രത്തിനോട് ചേർന്ന് മറ്റൊരു അടിക്കുറിപ്പ് കാണാനാകുന്നുണ്ട്: “പ്രിയ സഹോദരന്മാരെ ഫാസിസം എന്നത് ഒരു മുസ്ലിം പ്രശ്നമാണ് എന്ന് വിചാരിക്കരുത് ദളിതനായി പോയി എന്ന ഒറ്റക്കാരണം കൊണ്ട് സംഘികൾ പൂച്ച എലിയെ കളിപ്പിക്കുന്ന പോലെ പച്ച മനുഷ്യനെ കളിപ്പിക്കുന്ന കാലം നാളെ വേറെ ഒരു രൂപത്തിൽ ഈ ചെറ്റകൾ നിങ്ങടെ പടിവാതുക്കലും എത്തും”
അതായത് ദൃശ്യങ്ങള്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ളതാണെന്നും ഇരകള്‍ ദളിതരാണെന്നും അക്രമികള്‍ സംഘപരിവാര്‍ ആണെന്നും ജാതിയുടെ പേരിലാണ് അക്രമമെന്നും പോസ്റ്റില്‍ ആരോപിക്കുന്നു.

എന്നാല്‍ ഈ ദൃശ്യങ്ങള്‍ ആറു വര്‍ഷത്തിലധികം പഴയതാണെന്നും ഉത്തര്‍പ്രദേശുമായി ചിത്രത്തിന് യാതൊരു ബന്ധവുമില്ലെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇങ്ങനെ
ഞങ്ങള്‍ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ ദി ട്രിബ്യൂണ്‍ എന്ന മാധ്യമം 2017 ഏപ്രിലില്‍ സമാന ചിത്രം ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ലഭിച്ചു. രാജസ്ഥാനിലെ ബൻസ്വര ജില്ലയിലെ ശംഭുപുര ഗ്രാമത്തിലാണ് സംഭവം. ഏപ്രിൽ 16 ന് ബൻസ്വാര ജില്ലയിലെ ശംഭുപുര ഗ്രാമത്തിൽ ദമ്പതികളെ നഗ്നരാക്കി മർദിക്കുകയും നഗ്നരാക്കി നടത്തിക്കുകയും ചെയ്തതിന് 18 പേരെ വ്യാഴാഴ്ച അറസ്റ്റ് ചെയ്തു. അക്രമത്തിന്റെ വീഡിയോ അടുത്തിടെ വൈറലായിരുന്നു. 20-കളുടെ തുടക്കത്തിലുള്ള ഒരു യുവാവ് ഒരു ഗ്രാമത്തിലെ ഒരു പെൺകുട്ടിയുമായി ബന്ധത്തിലാണെന്ന് പുറത്തറിഞ്ഞപ്പോള്‍ മാതാപിതാക്കൾ രക്തബന്ധമുള്ള ഭീൽ സമുദായത്തിൽ പെട്ടവർ തമ്മിലുള്ള വിവാഹം വേണ്ടെന്ന് പറഞ്ഞതിനെ തുടർന്ന് മാർച്ച് 22 ന് ഇരുവരും ഗുജറാത്തിലേക്ക് കടന്നുകളഞ്ഞതായി ബൻസ്വാര എസ്പി ആനന്ദ് ശർമ പറഞ്ഞു. പെണ്‍കുട്ടിയും യുവാവും ബന്ധുക്കളാണ്. ഇവർ എവിടെയാണെന്ന് അറിഞ്ഞതിനെ തുടർന്ന് ഏപ്രിൽ 16 ന് ദമ്പതികളുടെ മാതാപിതാക്കൾ അവരെ ഗ്രാമത്തിലേക്ക് തിരികെ കൊണ്ടുവന്നു. തുടർന്ന് ഗ്രാമത്തിൽ പരേഡ് നടത്തുന്നതിന് മുമ്പ് ബന്ധുക്കള്‍ അവരെ വസ്ത്രം നീക്കം ചെയ്തശേഷം മർദിച്ചു. ആൺകുട്ടിയുടെ പിതാവ് ശങ്കർ, പെൺകുട്ടിയുടെ പിതാവ് മാവസി എന്നിവരുൾപ്പെടെ 18 പേരെ ഐപിസിയുടെ വിവിധ വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്തു.”
പല മാധ്യമങ്ങളും ഈ വാര്‍ത്ത ഇതേ ഉള്ളടക്കത്തോടെ പ്രസിദ്ധീകരിച്ചിരുന്നു. സംഭവം ഗുജറാത്തില്‍ നടന്നതാണ് എന്നു പ്രചരണം നടന്നിരുന്നുവെന്നും എന്നാല്‍ യഥാര്‍ഥത്തില്‍ രാജസ്ഥാനിലാണ് ഇത് സംഭവിച്ചതെന്നും വ്യക്തമാക്കി ജന്‍സത്ത എന്ന മാധ്യമം റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത് പൂര്‍ണ്ണമായും കുടുംബ പ്രശ്നമാണെന്നും യാതൊരു തരത്തിലുള്ള ജാതീയമായ കോണുകള്‍ സംഭവത്തിനില്ലെന്നും പോലീസ് അധികാരികള്‍ പറഞ്ഞതായും റിപ്പോര്‍ട്ടുകളില്‍ കൂട്ടിചേര്‍ത്തിട്ടുണ്ട്. രാജസ്ഥാനില്‍ നടന്ന പഴയ ഒരു സംഭവമാണിത്.
നിഗമനം
പോസ്റ്റിലെ പ്രചരണം പൂര്‍ണമായും തെറ്റാണ്. ചിത്രവുമായി ബന്ധപ്പെട്ട സംഭവം നടന്നത് 2017 ല്‍ രാജസ്ഥാനിലാണ്, ഉത്തര്‍പ്രദേശിലല്ല. ബന്ധുക്കളായ യുവതീ യുവാക്കള്‍ മാതാപിതാക്കളുടെ എതിര്‍പ്പിനെ മറികടന്ന് ഒന്നിക്കാന്‍ ശ്രമിക്കുകയും അതിനായി നാടുവിട്ട കമിതാക്കളെ വീട്ടുകാര്‍ കണ്ടെത്തി തിരികെ കൊണ്ടുവന്ന ശേഷം അവര്‍ക്കെതിരെ സ്വീകരിച്ച ശിക്ഷാ നടപടികളുടെ ദൃശ്യങ്ങളാണ് ചിത്രത്തില്‍ കാണുന്നത്. ഉത്തര്‍പ്രദേശുമായോ സംഘപരിവാറുമായോ ചിത്രത്തിന് യാതൊരു ബന്ധവുമില്ല. സംഭവത്തിന് ജാതീയമായ തലങ്ങളില്ലെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Facebook | Twitter | Instagram | WhatsApp (9049053770)

Title:രാജസ്ഥാനില്‍ നിന്നുള്ള പഴയ സംഭവത്തിന്‍റെ ചിത്രം ഉത്തര്‍പ്രദേശില്‍ ദളിത് പീഡനത്തിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നു…
Written By: Vasuki SResult: False
