ക്ഷേത്രത്തില്‍ കയറിയതിന് ദളിത് സ്ത്രീയെ അതിക്രൂരമായി മര്‍ദ്ദിക്കുന്നു എന്ന് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളുടെ സത്യമിതാണ്…

കുറ്റകൃത്യം ദേശീയം

നിയമ സംവിധാനങ്ങള്‍ അത്രമേൽ ജാഗരൂകമാക്കി നടപ്പിലാക്കിയിട്ടും സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ തുടർന്നുകൊണ്ടേയിരിക്കുന്നു. ഒരു സ്ത്രീയെ റോഡിലിട്ട് അതിക്രൂരമായി മർദ്ദിക്കുന്നതിന്‍റെ വീഡിയോ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയിട്ടുണ്ട്. മഹാരാഷ്ട്രയിൽ നിന്നുമുള്ളതാണ് വീഡിയോ എന്നവകാശപ്പെടുന്നു. 

പ്രചരണം 

ഒരു സ്ത്രീയെ നടുറോഡിൽ പരസ്യമായി നിലത്തിട്ട്  മർദ്ദിക്കുകയും ചവിട്ടുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ക്ഷേത്രത്തിൽ കയറാൻ ശ്രമിച്ച ദളിത് സ്ത്രീയെ സവര്‍ണര്‍ ക്രൂരമായി മര്‍ദ്ദിക്കുകയാണ് എന്ന് അടിക്കുറിപ്പ് പറയുന്നു: “മഹാരാഷ്‌ടയിൽ ദളിത് സ്ത്രീ ഹിന്ദു ക്ഷേത്രത്തിൽ കയറിയത് തല്ലി കൊല്ലുന്നു. ഇതാണ് സനാതന ധർമം .”

archived linkFB post

എന്നാൽ തെറ്റായ പ്രചരണ പ്രചരണമാണിതെന്നും ഈ സ്ത്രീ ക്ഷേത്ര പ്രവേശനത്തിന് ശ്രമിച്ചു എന്ന വാദം തെറ്റാണെന്നും  ഈ സംഭവത്തിന് ക്ഷേത്രവുമായി യാതൊരു ബന്ധവുമില്ലെന്നും അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി 

വസ്തുത ഇതാണ്

ഞങ്ങൾ വാർത്തയുടെ  കീ വേര്‍ഡ്സ്  ഉപയോഗിച്ച് തിരഞ്ഞപ്പോള്‍  ഞങ്ങള്‍ക്ക് മിഷന്‍ അംബേദ്കര്‍ എന്ന X (ട്വിറ്റര്‍) പേജില്‍ ഓഗസ്റ്റ് 29 ന് പ്രസിദ്ധീകരിച്ച ഒരു ട്വീറ്റ് ലഭിച്ചു. മഹാരാഷ്ട്രയിലെ സതരയിൽ കാലിത്തീറ്റയ്ക്ക് നൽകിയ പണം തിരികെ ചോദിച്ച പട്ടികജാതിയിലെ  പാവപ്പെട്ട സ്ത്രീയെ ദേവദാസ് നാർലെയും മറ്റ് മൂന്ന് ഗുണ്ടകളും ചേർന്ന് ക്രൂരമായി മർദ്ദിച്ചു. എന്നാണ് ഒപ്പമുള്ള വിവരണം.

ഈ സൂചന ഉപയോഗിച്ച് തിരഞ്ഞപ്പോള്‍ സംഭവം മഹാരാഷ്ട്രയിലെ സതരയിൽ 2023 ഓഗസ്റ്റ് 26ന് ഉണ്ടായതാണ് എന്ന് വ്യക്തമാക്കുന്ന മാധ്യമ റിപ്പോർട്ടുകൾ ലഭിച്ചു. ‘മഹാരാഷ്ട്രയിൽ യുവാവിനോട് 2000 രൂപ തിരികെ ചോദിച്ചതിന് പിന്നോക്ക സമുദായത്തിൽ നിന്നുള്ള സ്ത്രീയെ മർദിച്ചു’ എന്ന തലക്കെട്ടിൽ ഡെക്കാൻ ഹെറാൾഡ് നൽകിയിട്ടുള്ള റിപ്പോർട്ടിന്‍റെ ഉള്ളടക്കം ഇങ്ങനെ: 

“കാലിത്തീറ്റയ്ക്കായി നൽകിയ 2,000 രൂപ തിരികെ ചോദിച്ചതിന് മഹാരാഷ്ട്രയിലെ സതറ ജില്ലയിൽ പിന്നോക്ക സമുദായത്തിൽപ്പെട്ട ഒരു സ്ത്രീയെ, നാല് പേർ ചേർന്ന് മർദിച്ചതായി പോലീസ് ചൊവ്വാഴ്ച പറഞ്ഞു.

ആഗസ്റ്റ് 26 ന് സതാരയിലെ മൻ താലൂക്കിന് കീഴിലുള്ള പൻവൻ ഗ്രാമത്തിലാണ് സംഭവം. നാല് പ്രതികളെ അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥൻ പറഞ്ഞു. ആഗസ്ത് 25 ന് കന്നുകാലികൾക്ക് തീറ്റ നൽകാനുള്ള പണം വാങ്ങിയ മുഖ്യപ്രതി ദേവദാസ് നരാലെയോട് യുവതി 2000 രൂപ തിരികെ ആവശ്യപ്പെട്ടു. പലതവണ ആവശ്യപ്പെട്ടിട്ടും ഉയർന്ന ജാതിയിൽപ്പെട്ട നരാലെ പണം തിരികെ നൽകിയില്ലെന്നും യുവതിയെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ശനിയാഴ്ച രാവിലെ നരലെ മറ്റ് മൂന്ന് പേർക്കൊപ്പം ഇരയുടെ അടുത്തേക്ക് പോയി ഗ്രാമവാസികൾക്ക് മുന്നിൽ അവളെ മർദിക്കാൻ തുടങ്ങി.  സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായി. അവളെ മർദിക്കുന്നതിനിടയിൽ, പ്രതികൾ മാനഭംഗശ്രമം  നടത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഇരയുടെ മകൻ പരാതി നൽകിയതിനെ തുടർന്ന് ഇന്ത്യൻ ശിക്ഷാനിയമം 354, 323, 324, 504, 506, 34 എന്നി വകുപ്പുകള്‍ പ്രകാരം മസ്വാദ് പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. നരാലെ, ശാന്താറാം നരാലെ എന്ന പിന്‍റു എന്നിവരെ ഞായറാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. മറ്റ് രണ്ട് പ്രതികളായ സന്തോഷ് ഷിൻഡെയെയും ജനപ്പ ഷിൻഡെയെയും തിങ്കളാഴ്ച വൈകുന്നേരം പിടികൂടി. കേസിൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു.”

സംഭവത്തെക്കുറിച്ച് റിപ്പോർട്ട് പ്രസിദ്ധീകരിച്ച മാധ്യമങ്ങൾ എല്ലാം തന്നെ മർദ്ദനത്തിന് കാരണമായി മേല്‍ പറഞ്ഞ കാര്യമാണ് പരാമർശിച്ചിരിക്കുന്നത്. 

യുവതി ക്ഷേത്രത്തിൽ കയറിയതിനാണ് മർദ്ദനമേറ്റതെന്ന് ഒരിടത്തും പരാമർശമില്ല. സംഭവത്തെക്കുറിച്ച് ജയ് മഹാരാഷ്ട്ര ന്യൂസ് പ്രസിദ്ധീകരിച്ച വീഡിയോ വാർത്തയിൽ സതര എസ് പി സമീർ ഷേക്ക് സംഭവത്തെക്കുറിച്ച് മാധ്യമങ്ങളോട് വിശദീകരിക്കുന്നുണ്ട്. 

ഇരയായ സ്ത്രീയുടെ വാക്കുകൾ പ്രകാരം അക്രമിച്ച നരേഷിന് അവർ കാലിത്തീറ്റയ്ക്ക് വേണ്ടി പണം നൽകിയിരുന്നു എന്നും പണം തിരികെ ചോദിച്ചപ്പോൾ മർദ്ദിക്കുകയും മാനഭംഗപ്പെടുത്തുകയും ഉണ്ടായി എന്നും പറയുന്നു. അക്രമികളെ ബന്ധപ്പെട്ട വകുപ്പുകള്‍ ചുമത്തി പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ദളിത് പീഡനവും ഉൾപ്പെടുത്തിയാണ് കേസ് ചാർജ് ചെയ്തിട്ടുള്ളത്.”

പോസ്റ്റിൽ പ്രചരിപ്പിക്കുന്നത് പോലെ ദളിത് യുവതി ക്ഷേത്രത്തിൽ  കയറിയതിനാണ് ഇങ്ങനെ മർദ്ദിക്കുന്നത് എന്ന പ്രചരണം പൂർണമായും തെറ്റാണ്. 

നിഗമനം 

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ദളിത് സ്ത്രീ ക്ഷേത്രത്തിൽ കയറിയതിന് സവർണ്ണരായ ഹിന്ദുക്കള്‍ അവരെ ക്രൂരമായി മർദ്ദിക്കുന്നു എന്ന പ്രചരണം പൂർണ്ണമായും തെറ്റാണ് കാലിത്തീറ്റയ്ക്ക് നൽകിയ പണം തിരികെ ചോദിച്ചതിനാണ് സ്ത്രീയെ നടുറോഡിൽ ക്രൂരമായി ഉപദ്രവിക്കുന്നത്. ഇരയായ സ്ത്രീ ദളിത് വിഭാഗത്തിൽ നിന്നുള്ളതാണ്. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ക്ഷേത്രത്തില്‍ കയറിയതിന് ദളിത് സ്ത്രീയെ അതിക്രൂരമായി മര്‍ദ്ദിക്കുന്നു എന്ന് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളുടെ സത്യമിതാണ്…

Written By: Vasuki S 

Result: False