മുസ്ലീങ്ങളെ നാട് കടത്തുമെന്ന് അമിത് ഷാ പറഞ്ഞോ..?

ദേശീയം രാഷ്ട്രീയം | Politics

വിവരണം

Abdul Vahid Shahul Hameed എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ഏപ്രിൽ 14  മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റിന് 5100 ലധികം ഷെയറുകളായിട്ടുണ്ട്. ബിജെപി അധ്യക്ഷൻ അമിത് ഷായുടെ ചിത്രത്തോടൊപ്പം ” മുസ്ലീങ്ങളെ നാട് കടത്തും —അമിത് ഷായുടെ പ്രസംഗത്തിനെതിരെ പ്രതിഷേധം ..” എന്ന വാചകവും ചേർത്താണ് പോസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ‘നാടുകടത്താൻ നിൻ്റെ ഉപ്പുപ്പാടെ ഭൂമിയല്ല ഭാരതം…നിന്നേയും നിൻ്റെ കൂട്ടാളി മോദിയേയും ഞങ്ങൾ പൂട്ടും സൂക്ഷിക്കുക…..” എന്ന വിവരണവും പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

archived FB post

ലോക്‌സഭാ തെരെഞ്ഞെടുപ്പ് വേളയിൽ അമിത് ഷാ ഇത്തരത്തിൽ വിവാദകരമായ പ്രസ്താവന നടത്തിയോ…? നമുക്ക് അന്വേഷിച്ചു നോക്കാം

വസ്തുതാ വിശകലനം  

ഈ വാർത്തയുടെ ഉറവിടത്തെപ്പറ്റി പോസ്റ്റിൽ ഒന്നുംതന്നെ പറയുന്നില്ല. ഈ പ്രസ്താവന അമിത് ഷാ ഏതു സന്ദർഭത്തിൽ നടത്തിയതാണെന്നോ  അല്ലെങ്കിൽ ഈ വാർത്ത ഏതു മാധ്യമത്തിൽ പ്രസിദ്ധീകരിച്ചതാണെന്നോ ഉള്ള വിവരങ്ങളൊന്നും പോസ്റ്റിനൊപ്പം ചേർത്തിട്ടില്ല. ഈ സാഹചര്യത്തിൽ ഞങ്ങൾ വാർത്താ മാധ്യമങ്ങുടെ വെബ്‌സൈറ്റുകളിൽ വാർത്ത തിരഞ്ഞു. എന്നാൽ ഈ വാർത്തയെപ്പറ്റി യാതൊരു പരാമർശവും ലഭ്യമായില്ല. ഇന്ത്യയിൽ നിന്നുമുള്ള മുസ്ലീങ്ങൾക്കെതിരെയാണ് അമിത് ഷാ പറഞ്ഞത് എന്ന മട്ടിലാണ് പ്രസ്താവനയ്‌ക്കെതിരെ കമന്റ് ബോക്സിൽ വന്നിട്ടുള്ള പ്രതികരണങ്ങളിൽ നിന്നും നമുക്ക് മനസ്സിലാക്കാനാകുന്നത്.

വാർത്തകൾ തിരഞ്ഞപ്പോൾ നാഷണൽ രജിസ്റ്റർ ഓഫ് സിറ്റിസൺസ് ബിൽ നടപ്പിലാക്കുമെന്നും ഇന്ത്യ എമ്പാടുമുള്ള നുഴഞ്ഞു കയറ്റക്കാരെ നീക്കം ചെയ്യുമെന്നും അമിത് ഷാ കല്കട്ടയിൽ പറഞ്ഞതായി economictimes 2019 ഏപ്രിൽ 11 ന് വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്.

archived link
economictimes

ബംഗ്ളാദേശിൽ നിന്നും തീവ്രവാദികൾ അടക്കമുള്ളവർ രാജ്യത്തു കടന്ന് ക്രമസമാധാനം നശിപ്പിക്കുന്നതിനെതിരെയാണ് സർക്കാർ ഈ നടപടി സ്വീകരിക്കുന്നത് എന്നാണ് അദ്ദേഹം പറയാനുദ്ദേശിച്ചത്. 2015  ൽ ഏതാണ്ട് അര ലക്ഷത്തോളം റോഹിൻഗ്യൻ മുസ്ലീങ്ങൾ അസം, പശ്ചിമ ബംഗാൾ, ജമ്മു കാശ്മീർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് അനധികൃതമായി എത്തിച്ചേർന്നതും ഈ തീരുമാനത്തിലെത്താൻ സർക്കാരിനെ പ്രേരിപ്പിച്ചു. സമാനമായ  മറ്റൊരു വാർത്ത താഴെ കൊടുക്കുന്നു. അനധികൃത കുടിയേറ്റക്കാർക്ക് പൗരത്വം നല്കുന്നതിനെപ്പറ്റി അമിത് ഷാ പറഞ്ഞതാണിത്.

archived link
economictimes

നാഷണൽ രജിസ്റ്റർ ഓഫ് സിറ്റിസൺസ് ബിൽ ആസ്സാമിൽ താമസിക്കുന്ന യഥാർത്ഥ ഇന്ത്യൻ പൗരന്മാരുടെ കണക്കെടുക്കാനായി സർക്കാർ മുന്നോട്ടുവച്ച മാർഗമാണ്. 1951 ലെ സെൻസസിന് ശേഷമാണു ആദ്യ പട്ടികയുടെ കരട് രൂപം തയ്യാറാക്കിയത്. ആസാമിൽ നിന്നോ ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ നിന്നോ ഉള്ളവരാണെന്ന് സർക്കാർ നിഷ്‌കർഷിച്ചിട്ടുള്ള രേഖകൾ 1971 മാർച്ച് 24 നു മുമ്പ് ഹാജരാക്കണമെന്നതായിരുന്നു ആദ്യ സർക്കാർ ഉത്തരവ്.പിന്നീട് സുപ്രീം കോടതിയുടെ കർശന നിർദേശ പ്രകാരം  2013 മുതൽ അപ്ഡേറ്റ് പ്രക്രീയ പുനരാരംഭിച്ചു. 2017 ഡിസംബർ 31 അർധരാത്രി സർക്കാർ പാതിപട്ടിക പുറത്തിറക്കി. 2018 ജൂലൈ 30 ന് മുഴുവൻ പട്ടികയും പറത്തിറക്കി. ഏതാണ്ട് ൪൦ ലക്ഷത്തോളം പേർക്ക് പൗരത്വം നഷപ്പെടുമെന്ന് മാധ്യമ വാർത്തകളുണ്ടായിരുന്നു. എന്നാൽ ആസാം നിവാസികളിൽ ഇപ്പോഴുള്ള താമസക്കാർക്ക് മുഴുവൻ പൗരത്വം നല്കണമെന്നാണ് സുപ്രീം കോടതി ശുപാർശ.

archived link
wikipedia
archived link
mathrubhumi

ഈ പശ്ചാത്തലത്തിലാണ് സർക്കാർ എൻ ആർ സി യുടെ വ്യാപ്തി രാജ്യം മുഴുവനും ആക്കാൻ ശുപാർശ ചെയ്യുന്നത്.

ഇതല്ലാതെ ഈ പോസ്റ്റിൽ ആരോപിക്കുന്നതുപോലെ അമിത് ഷാ മുസ്ലീങ്ങളെ നാട് കടത്തുമെന്ന് ഒരിടത്തും പ്രസ്താവന നടത്തിയിട്ടില്ല.

നിഗമനം

ഈ പോസ്റ്റിൽ ആരോപിക്കുന്നത് തീർത്തും തെറ്റായ വാർത്തയാണ്. മുസ്ലീങ്ങളെ നാടുകടത്തും എന്ന് അമിത് ഷാ ഒരിടത്തും പറഞ്ഞിട്ടില്ല. ഇന്ത്യയിൽ അനധികൃതമായി കുടിയേറിയിരിക്കുന്നവരെ ഒഴിപ്പിക്കുമെന്ന് അദ്ദേഹം കൽക്കട്ടയിൽ പ്രസംഗത്തിനിടെ പറഞ്ഞിരുന്നു. ഇതിനു ഇൻഡ്യാക്കാരായ മുസ്ലീങ്ങളെ നാട് കടത്തുമെന്ന് അർത്ഥമില്ല. തെറ്റായ ഈ വാർത്ത പ്രചരിപ്പിച്ച് കൂടുതൽപേരെ തെറ്റിദ്ധരിപ്പിക്കാതിരിക്കാൻ പ്രീയ വായനക്കാർ ശ്രദ്ധിക്കുക

Avatar

Title:മുസ്ലീങ്ങളെ നാട് കടത്തുമെന്ന് അമിത് ഷാ പറഞ്ഞോ..?

Fact Check By: Deepa M 

Result: False