ബലാത്സംഗ കേസ് പ്രതികളെ ആറ് മാസത്തിനുള്ളില്‍ വധിക്കാനുള്ള ശിക്ഷ നടപ്പിലാക്കിയാല്‍ ആവശ്യമായ കോടതികള്‍ നിര്‍മ്മിക്കാന്‍ ദില്ലി സര്‍ക്കാര്‍ തയ്യാറാണെന്ന് കേജരിവാള്‍ പറഞ്ഞോ?

രാഷ്ട്രീയം

വിവരണം

ബലാൽസംഗക്കേസുകളിൽ പ്രത്യേക കോടതികൾ സ്ഥാപിക്കാൻ കേന്ദ്രസർക്കാരിന് ഫണ്ട് ഇല്ലെങ്കിൽ അത് നൽകാൻ തയ്യാറായി ആം ആദ്മി സർക്കാർ.

ഒരു കാരണവശാലും അത് വൈകാതിരിക്കാൻ അതുല്യനിർദ്ദേശവുമായി ഡൽഹി സർക്കാർ.

പ്രത്യേകിച്ച്‌ രണ്ടാം ഉന്നാവ് കേസിന്റെ ഏറ്റവും അവസാനത്തെ സംഭവത്തിൽ.

#BCF2514 എന്ന തലക്കെട്ട് നല്‍കി BCF Express എന്ന പേരിലുള്ള പേജില്‍ ഒരു പോസ്റ്റ് ഡിസംബര്‍ 5 മുതല്‍ ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. ബലാത്സംഗ ക്രിമിനലുകളെ ആറു മാസത്തിനുള്ളില്‍ തൂക്കിലേറ്റുമ്പോള്‍ മാത്രമെ ബലാത്സംഗ പ്രവണതയെ ഇല്ലാതാക്കാനാവു.. ഇതിനായി പുതിയ കോടതി സ്ഥാപിക്കാനുള്ള പണം നല്‍കാന്‍ ദില്ലി സര്‍ക്കാര്‍ തയ്യാറാണ് എന്നതാണ് പോസ്റ്റിന്‍റെ ഉള്ളടക്കം. പോസ്റ്റിന് ഇതുവരെ 1,500ല്‍ അധികം ഷെയറുകളും 1,200ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്.

FacebookArchived Link

എന്നാല്‍ ഈ പ്രസ്താവന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ നടത്തിയിട്ടുള്ളത് തന്നെയാണോ? ആറു മാസത്തിനുള്ളില്‍ ബലാത്സംഗ കേസ് പ്രതികള്‍ക്ക് വധശിക്ഷ നല്‍കാന്‍ പ്രത്യേക കോടതികള്‍ നിര്‍മ്മിക്കുന്നതിന് വേണ്ടി പണം നല്‍കാമെന്ന് ദില്ലി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടോ? വസ്‌തുത പരിശോധിക്കാം.

വസ്‌തുത വിശകലനം

ബിസിഎഫ് എക്‌സ്പ്രെസിന്‍റെ പോസ്റ്റിലെ കമന്‍റുകളില്‍ ചിലര്‍ പ്രസ്താവന സത്യം തന്നെയാണോ എന്ന സംശയം ഉന്നയിച്ചിട്ടുണ്ട്. അതിന് മറുപടിയായി ഇന്ത്യാ ടുഡേയില്‍  കേജ‌രിവാളിന്‍റെ പ്രസ്താവന റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും അതിന്‍റെ ലിങ്ക് ബിസിഎഫ് എക്‌സ്പ്രസ് തന്നെ പേസ്റ്റ് ചെയ്യുന്നുണ്ട്.

എന്നാല്‍ ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് പരിശോധിച്ചപ്പോള്‍ കേന്ദ്ര അഭ്യാന്തര വകുപ്പ് മന്ത്രിയോട് അരവിന്ദ് കേജ്‌രിവാള്‍ കുറ്റകൃത്യങ്ങള്‍ക്ക് കര്‍ശന ശിക്ഷ നല്‍കണമെന്ന് അഭ്യര്‍ത്ഥന നടത്തുന്നതാണ് കണ്ടെത്താന്‍ കഴിഞ്ഞത്. ബലാത്സംഗ കേസുകളിലെ പ്രതികള്‍ ഇപ്പോഴും ശിക്ഷ വിധിക്കാതെ ജയിലുകളില്‍ കഴിയുന്നുണ്ടെന്നും ഈ സാഹചര്യം മാറി കുറ്റക്കാര്‍ എന്ന് കണ്ടെത്തിയാല്‍ ആറ് മാസത്തിനുള്ളില്‍ വധശിക്ഷ നടപ്പിലാക്കും വിധം നിയമം കര്‍ശനമാക്കണമെന്നും കേജ്‌രിവാള്‍ പറയുന്നു. ദില്ലി സര്‍ക്കാര്‍ നിരത്തുകളില്‍ സ്ത്രീസുരക്ഷ ഉറപ്പുവരുത്താന്‍ സിസിടി ക്യാമറകള്‍ സ്ഥാപിച്ചതും വഴിവിളക്കുകളും സ്ഥാപിച്ചതുമെല്ലാം വിശദീകരിക്കുന്നുണ്ട്. എന്നാല്‍ ആറ് മാസം കൊണ്ട് ‌ശിക്ഷ നടപ്പിലാക്കാന്‍ കൂടുതല്‍ കോടതി നിര്‍മ്മിക്കാന്‍ വേണ്ട തുക നല്‍കാന്‍ ദില്ലി സര്‍ക്കാര്‍ തയ്യാറാണെന്ന പ്രസ്താവന ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടിലില്ല എന്നതാണ് വാസ്തവം. മാത്രമല്ല കഴിഞ്ഞ ദിവസം കേജ്‌രിവാള്‍ അദ്ദേഹത്തിന്‍റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ നിയമസഭയില്‍ നിന്ന് നടത്തിയ പ്രസംഗത്തിന്‍റെ 10 മനിറ്റ് ദൈര്‍ഘ്യമുള്ള ലൈവ് വീഡിയോയിലും ബലാത്സംഗ കേസുകളെ കുറിച്ച് വിശദീകരിക്കുന്നുണ്ട്. ആ വീഡിയോയിലും കോടതി നിര്‍മ്മിക്കാനുള്ള തുക നല്‍കാമെന്ന് പറ‍ഞ്ഞിട്ടില്ല.

മാത്രമല്ല ഗൂഗിളില്‍ കീ വേര്‍ഡ് ഉപയോഗിച്ച് സെര്‍ച്ച് ചെയ്തെങ്കിലും കോടതി നിര്‍മ്മിക്കാന്‍ ആവശ്യമായ പണം നല്‍കാന്‍ തയ്യാറാണെമന്ന പ്രസ്താവന എവിടെയും ലഭ്യാമായില്ല.

ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട്-

India TodayArchived Link

അരവിന്ദ് കേജ്‌രിവാൾ ഇത്തരത്തിൽ ഒരു പ്രസ്താവന നടത്തിയിട്ടുണ്ടോ എന്ന് അറിയാൻ അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക്, ട്വിറ്റർ പ്രൊഫൈലുകൾ പരിശോധിച്ചിരുന്നു. ഡിസംബർ 2ന് അദ്ദേഹം നിയമസഭയിൽ നടത്തിയ ഒരു പ്രസംഗത്തിന്റെ വീഡിയോ കണ്ടെത്താൻ കഴിഞ്ഞു. 10 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ 06.00 മിനിറ്റ് മുതൽ അദ്ദേഹം പറയുന്നത് ഇങ്ങനെ-

“വർഷങ്ങളായി പല ബലാത്സംഗ കേസുകൾ കോടതിയിൽ കെട്ടിക്കിടക്കുകയാണ്. കാലങ്ങൾ കഴിഞ്ഞിട്ടും കേസുകളിൽ വിധി പ്രഖ്യാപിക്കാത്തത് ജനങ്ങളിൽ തെറ്റായ സന്ദേശമായി മാറാറുണ്ട്. ഇങ്ങനെയുള്ള കേസുകളിൽ നീതി നിഷേധിക്കപ്പെടുന്നു. അതുകൊണ്ട് തന്നെ ഒന്നും സംഭവിക്കില്ലെന്ന ധൈര്യം വീണ്ടും കുറ്റകൃത്യം ചെയ്യാൻ പ്രചോദനമാകുന്നു. അതുകൊണ്ട് തന്നെ പീഢന കേസുകൾ പ്രത്യേക കേസുകളായി പരിഗണിച്ച്. എത്രയും വേഗം ശിക്ഷ നൽകാൻ കഴിയുമോ അത്രയും വേഗം നടപ്പിലാക്കണം. കുറഞ്ഞത് ആറ് മാസത്തിനുള്ളിൽ തന്നെ.”

ഫെയ്‌സ്ബുക്ക് ലൈവ് വീഡിയോ-

നിഗമനം

ബലാത്സംഗ കേസുകളില്‍ കുറ്റാരോപിതരെ വേഗത്തില്‍ വിചാരണ ചെയ്ത് വധശിക്ഷ ആറ് മാസത്തിനുള്ളില്‍ നടപ്പിലാക്കണമെന്ന ആവശ്യം ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ അതിന് വേണ്ട കോടതി നിര്‍മ്മിക്കാന്‍ ആവശ്യമായ പണം നല്‍കാന്‍ ദില്ലി സര്‍ക്കാര്‍ തയ്യാറാണെന്ന തരത്തില്‍ ഒരു പ്രസ്താവനയും നടത്തിയതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ പോസ്റ്റിലെ അവകാശവാദം ഭാഗികമായി തെറ്റാണെന്ന് അനുമാനിക്കാം.

Avatar

Title:ബലാത്സംഗ കേസുകളിലെ പ്രതികളെ ആറ് മാസത്തിനുള്ളില്‍ വധിക്കാനുള്ള ശിക്ഷ നടപ്പിലാക്കിയാല്‍ ആവശ്യമായ കോടതികള്‍ നിര്‍മ്മിക്കാന്‍ ദില്ലി സര്‍ക്കാര്‍ തയ്യാറാണെന്ന് കേജരിവാള്‍ പറഞ്ഞോ?

Fact Check By: Dewin Carlos 

Result:Partly False

  •  
  •  
  •  
  •  
  •  
  •  
  •  
  •