
വിവരണം
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം.ശിവശങ്കരന് സസ്പെന്ഷന് കാലയളവില്‍ എല്ലാ ആനുകൂല്യങ്ങളും ഉള്‍പ്പടെയുള്ള ഒരു വര്‍ഷത്തെ അവധി അനുവദിച്ച് പിണറായി സര്‍ക്കാരിന്റെ അസാധാരണ നടപടിയെന്ന പേരില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിക്കുന്നുണ്ട്. ഇത്തരത്തില്‍ മലയാളി വാര്‍ത്ത ലൈവ് എന്ന പേരിലുള്ള ഫെയ്സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന വാര്‍ത്ത വീഡിയോയും വൈറലായി പ്രചരിക്കുന്നുണ്ട്. സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് വഴിവിട്ട് സഹായങ്ങള്‍ ചെയ്തു നല്‍കിയെന്ന പേരില്‍ പല തവണ എന്‍ഐഎ ചോദ്യം ചെയ്തതിനെ തുടര്‍ന്നായിരുന്നു സര്‍ക്കാര്‍ എം.ശിവശങ്കരനെ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്നും സസ്പെന്‍ഡ് ചെയ്തത്. എന്നാല്‍ സസ്പെന്ഷന് നല്കിയ ശേഷം ഇപ്പോള്‍ ആനുകൂല്യങ്ങള്‍ ഉള്‍പ്പടെയുള്ള തരത്തില്‍ ഒരു വര്‍ഷ കാലത്തേക്ക് സര്‍ക്കാര്‍ അവധി നല്കി ഉത്തരവിറക്കിയിരിക്കുകയാണെന്നാണ് മലയാളി വാര്‍ത്തയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മലയാളി വാര്‍ത്തയുടെ വാര്‍ത്ത വീഡിയോ ഇതാണ്-
എന്നാല്‍ യഥാര്‍ത്ഥത്തില്‍ സസ്പെന്ഷന് നല്കിയ ശേഷം സര്‍ക്കാര്‍ എം.ശിവശങ്കരന് ഒരു വര്‍ഷത്തേക്ക് അവധി അനുവദിച്ചിട്ടുണ്ടോ? പ്രചരണത്തിന് പിന്നിലെ വസ്തുത എന്ന് പരിശോധിക്കാം.
വസ്തുത വിശകലനം
സസ്പെന്ഷന് നടപടിയില്‍ ഇരിക്കെ എം.ശിവശങ്കരന് അവധി അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ടോ എന്നതിനെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ അറിയാന്‍ ഞങ്ങളുടെ പ്രതിനിധി മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ ടീം തലവന്‍ രതീഷ് കണ്ടക്കൈയുമായി ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹത്തിന്റെ വിശദീകരണം ഇങ്ങനെയാണ്-
ജൂലൈ ഏഴ് മുതല്‍ ജൂലൈ 17 വരെയുള്ള പത്ത് ദിവസമായിരുന്നു എം.ശിവശങ്കരന് ആദ്യമായി ലീവ് അപേക്ഷ നല്‍കിയത്. ഇത് അനുവദിക്കുകയും ചെയ്തിരുന്നു. ഈ സമയത്തായിരുന്നു സ്വര്‍ണ്ണക്കടത്ത് കേസ് പ്രതിയുമായി പ്രിന്‍സിപ്പള്‍ സെക്രട്ടറിയുടെ ബന്ധമെന്ന ആരോപണം പുറത്ത് വരുകയും ചെയ്തത്. 10 ദിവസത്തെ അവധിക്ക് ശേഷം വീണ്ടും ഒരു വര്‍ഷത്തേക്കുള്ള അവധിക്ക് ശിവശങ്കരന് അപേക്ഷിക്കുകയായിരുന്നു. ഇതിന്റെ നടപടികള്‍ പരിഗണിക്കവെയാണ് സര്‍ക്കാര്‍ സസ്പെന്ഷന് നല്കാന് തീരുമാനിക്കുകയും സസ്പെന്ഷന് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തതത്. ജൂലൈ 22 മുതല്‍ അവധി നല്കാന് പരിഗണിക്കാന്‍ ഇരിക്കവെയാണ് സസ്പെന്ഷന് ഉത്തരവ് വന്നത്. അവധി പിന്‍വലിച്ചുകൊണ്ട് ഇറക്കിയ ഉത്തരവില്‍ വ്യക്തമായി 22 മുതലുള്ള അവധി റദ്ദ് ചെയ്യുന്ന കാര്യവും രേഖപ്പെടുത്തിയിട്ടുണ്ട്. സസ്പെന്ഷന് നല്കിയ ശേഷം ഏതൊരു സര്‍ക്കാര്‍ ഉദ്യോഗസ്ഥുനും അവധി നല്‍കാനോ അതിന്റെ ആനകൂല്യങ്ങള്‍ നല്‍കാനോ നിയമരമായി സാധിക്കുന്നതല്ല. അത്തരത്തിലൊരു നടപടി സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നും പ്രചരണം പൂര്‍ണ്ണമായി വ്യാജമാണെന്നും രതീഷ് വ്യക്തമാക്കി.
ശിവശങ്കരന്റെ അവധി റദ്ദ് ചെയ്തുകൊണ്ട് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിന്റെ പകര്‍പ്പ് ചുവടെ ചേര്‍ക്കുന്നു. 22ന് ശേഷമുള്ള അവധി അപേക്ഷ റദ്ദ് ചെയ്തിട്ടുള്ളതായി ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. ഓഗസ്റ്റ് 10നാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. 2) G O (Rt) No.2330/2020/GAD) 22/07/2020 എന്ന നമ്പറിലുള്ള ഉത്തരവും റദ്ദേ ചെയ്യുന്നതായി ഉത്തരവില്‍ വ്യക്തമാകുന്നുണ്ട്.
ഉത്തരവിന്റെ പകര്‍പ്പ്-
നിഗമനം
സംസ്ഥാന സര്‍ക്കാര്‍ എം.ശിവശങ്കരന് ഒരു വര്‍ഷത്തെ അവധി അനുവദിച്ചു എന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്ന് രേഖമൂലം ലഭിച്ച വിവരങ്ങളില്‍ നിന്നും തന്നെ വ്യക്തമാണ്. കൂടാതെ മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ ടീം തലവനും പ്രചരണം തള്ളിക്കളയുകയും വസ്തുത വിവരിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ പോസ്റ്റ് പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Title:FACT CHECK – സസ്പെന്‍ഷനില്‍ ഇരിക്കെ ശിവശങ്കരന് ആനുകൂല്യങ്ങളോട് കൂടിയുള്ള ഒരു വര്‍ഷത്തെ അവധി സര്‍ക്കാര്‍ നല്‍കിയെന്ന പ്രചരണം വ്യാജം. വസ്തുത ഇതാണ്..
Fact Check By: Dewin CarlosResult: False
