FACT CHECK: ഈ ചിത്രത്തില്‍ കോണ്‍ഗ്രസ്‌ നേതാക്കള്‍ പ്രകാശനം ചെയ്യുന്ന പുസ്തകം മുന്‍ ISI മേധാവിയുടെ ആത്മകഥയല്ല…

രാഷ്ട്രീയം | Politics

Image Courtesy: Harper Collins Twitter

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഉള്‍പടെയുള്ള കോണ്‍ഗ്രസ്‌ നേതാക്കള്‍ പാകിസ്ഥാനിലെ രഹസ്യാന്വേഷണ ഏജന്‍സിയായ ISIയുടെ മുന്‍ മേധാവി അസദ് ദുര്രാനിയുടെ ആത്മകഥയുടെ പ്രകാശനം ചെയ്യുന്നു എന്ന് വാദിച്ച് ഒരു ചിത്രം സാമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

പക്ഷെ ഞങ്ങള്‍ ഈ സംഭവത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ചിത്രത്തിനോടൊപ്പം പ്രചരിപ്പിക്കുന്ന വിവരണം തെറ്റാണെന്ന്‍ കണ്ടെത്തി. എന്താണ് സാമുഹ മാധ്യമങ്ങളിലെ പ്രചരണവും പ്രചരണത്തിന്‍റെ യഥാര്‍ത്ഥ്യവും നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു പുസ്തകത്തിന്‍റെ പ്രകാശനം ചെയ്യുന്ന പല രാഷ്ട്രീയ നേതാക്കളുടെ ചിത്രങ്ങള്‍ കാണാം. ഈ ചിത്രത്തില്‍ നമുക്ക് മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവുമായ ഡോ. മന്മോഹന്‍ സിങ്, മുന്‍ കേന്ദ്ര മന്ത്രിയായ യശവന്ത് സിന്‍ഹയും, മുന്‍ ജമ്മു കാശ്മീര്‍ മുഖ്യമന്ത്രിയും മുന്‍ കേന്ദ്ര മന്ത്രിയുമായിരുന്ന ഡോ. ഫാറൂക്ക് അബ്ദുള്ളയും മുന്‍ ഉപരാഷ്ട്രപതി ഡോ. ഹാമീദ് അന്‍സാരിയെയും നമുക്ക് കാണാം. ഇവര്‍ പ്രകാശനം ചെയ്യുന്ന പുസ്തകം മുന്‍ ISI മേധാവി അസദ് ദുര്രാനിയുടെ ആത്മകഥയാണ് എന്ന് വാദിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്:
ഇത് ഡൽഹിയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ നടന്ന ഒരു പരിപാടിയാണിത്

ഏറ്റവും ചുരുക്കി പറയാം

ജനിച്ച് വീണ മണ്ണിൽ ,അന്നം തരുന്ന മണ്ണിൽ, ജീവിച്ച് കൊണ്ടിരിക്കുന്ന മണ്ണിൽ അതിൽ നിന്ന് കൊണ്ട് തന്നെ ആ മണ്ണിനെ നശിപ്പിക്കുന്നതിനെക്കാൾ വലിയ ദ്രോഹം ഈ ഭൂമിയിൽ ഇല്ല

ഭാരതത്തിന്റെ പാർലിമെന്റ് ആക്രമിക്കുകയും മുംബൈ സ്ഫോടനവും അതിർത്തിയിലെ തീവ്രവാദി കടന്ന് കയറ്റവും ഇതിന്റെയെല്ലാം ബുദ്ധികേന്ദ്രമായി പ്രവർത്തിക്കുന്ന പാക്കിസ്ഥാന്റെ ISI എന്ന തീവ്രവാദ സംഘത്തിന്റെ മുൻ മേധാവി Azad Durrani യുടെ ആത്മകഥയുടെ പുസ്തക പ്രകാശനം ഭാരതത്തിൽ നടത്താൻ ഭാരതത്തിലേക്ക് വരാൻ Azad Durrani കേന്ദ്രസർക്കാരിനോട് അനുമതി ചോദിക്കുന്നു

കേന്ദ്രസർക്കാർ അനുമതി നിഷേധിക്കുന്നു

അതിനെ തുടർന്ന് ഭാരതത്തിന്റെ മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരി മുൻ പ്രധാനമന്ത്രി മൻമോഹൻസിങ്ങ് തുടങ്ങിയ ‘രാജ്യസ്നേഹികൾ ” വീഡിയോ കോൺഫറൻസിലൂടെ ആ തീവ്രവാദിയുടെ പുസ്തകം പ്രകാശനം ചെയ്തു

ഇത്ര ധൈര്യത്തോടെ പരസ്യമായി ഭാരതത്തിൽ തീവ്രവാദ പ്രവർത്തനം നടത്തുന്ന ISI മേധാവിയുടെ പുസ്തകം ഇവർ പ്രകാശനം ചെയ്തതിൽ നിന്ന് മനസ്സിലാക്കേണ്ടത് ISI നും കോൺഗ്രസിനും ഉള്ള ആത്മബന്ധത്തെയാണ്

ഒരു തീവ്രവാദിക്ക് ഇത്ര വലിയ സ്ഥാനം നൽകി ബഹുമാനിക്കുന്ന ഇവർക്ക് ഭാരതത്തിനോട് എന്തെങ്കിലും സ്നേഹം കാണുമോ

കോൺഗ്രസ് എന്നാൽ ഇത്രയെയുളളു

ഈ ചിത്രം വെച്ച് ഇത്തരം പ്രചരണം നടത്തുന്നത് ഈ ഒരു പോസ്റ്റില്‍ മാത്രമല്ല. ഇത്തരത്തില്‍ ചില പോസ്റ്റുകള്‍ നമുക്ക് താഴെ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ കാണാം.

ഇന്നി നമുക്ക് അന്വേഷിക്കാം ഈ കുറിപ്പില്‍ എഴുതിയിരിക്കുന്ന കാര്യങ്ങള്‍ എത്രത്തോളം സത്യമാണ് എന്ന്.

വസ്തുത അന്വേഷണം

ഈ പോസ്റ്റില്‍ തന്നെ സീ ന്യൂസിന്‍റെ ഒരു ഹിന്ദി വാര്‍ത്ത‍യുടെ ലിങ്ക് നല്‍കിയിട്ടുണ്ട്. ഈ വാര്‍ത്ത‍യില്‍ നല്‍കിയ വിവരം പ്രകാരം പാകിസ്ഥാന്‍ രഹസ്യാന്വേഷണ സ്ഥാപനത്തിന്‍റെ മുന്‍ മേധാവി അസദ് ദുര്രാനിയും, ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗം റോവിന്‍റെ മുന്‍ മേധാവി അമര്‍ജീത് സിംഗ് ദൌലത്തും പത്രപ്രവര്‍ത്തകനായ ആദിത്യ സിന്‍ഹയും ചേര്‍ന്ന്‍ എഴുതിയ ദി സ്പൈ ക്രോണികള്‍സ് എന്ന പുസ്തകത്തിന്‍റെ പ്രകാശനമാണ് നാം ചിത്രത്തില്‍ കാണുന്നത്.

ലേഖനം വായിക്കാന്‍- Zee News | Archived Link

ഈ വാര്‍ത്ത‍യുടെ തലക്കെട്ടില്‍ തന്നെ പറയുന്നത് ഈ പുസ്തകത്തിന്‍റെ കാരണം പാകിസ്ഥാന്‍ സര്‍ക്കാര്‍ അസദ് ദുര്രാനിയെ സമന്‍സ് ആയിച്ചിരുന്നു. കുടാതെ വിസ കിട്ടാത്തതിനാല്‍ അദ്ദേഹം ഈ പ്രകാശനത്തില്‍ ഉണ്ടായിരുന്നില്ല.

അങ്ങനെ ഈ പുസ്തകം മുന്‍ ഐ.എസ്.ഐ. മേധാവിയുടെ ആത്മകഥയല്ല എന്ന് വ്യക്തമാകുന്നു. ഈ പുസ്തകം യഥാര്‍ത്ഥത്തില്‍ ഇന്ത്യയും പാകിസ്ഥാനിന്‍റെയും രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ മുന്‍ മേധാവികള്‍ തമ്മിലുള്ള ഒരു സംവാദമാണ്. ഈ സംവാദം അവതരിപ്പിക്കുന്നത് പത്രപ്രവര്‍ത്തകന്‍ ആദിത്യ സിന്‍ഹയാണ്.

ലേഖനം വായിക്കാന്‍- HT Review: The Spy Chronicles

പോസ്റ്റില്‍ വാദിക്കുന്ന പോലെ 2008ലെ മുംബൈ ആക്രമങ്ങളും, 2001ലെ പാര്‍ലമെന്‍റ ആക്രമണം നടന്നപ്പോഴും അസദ് ദുര്രാനി ISIയുടെ മേധാവി ആയിരുന്നില്ല അദ്ദേഹം 1993ലാണ് സേവനത്തില്‍ നിന്ന് വിരമിച്ചത്.

Archived Link

നിഗമനം

പോസ്റ്റില്‍ പ്രചരിപ്പിക്കുന്നത് തെറ്റാണ്. ചിത്രത്തില്‍ മുന്‍ പ്രധാനമന്ത്രി മന്മോഹന്‍ സിങ്ങും മറ്റേ രാഷ്ട്രിയ നേതാക്കള്‍ പ്രകാശനം ചെയുന്ന പുസ്തകം മുന്‍ ISI മേധാവി അസദ് ദുര്രാനിയുടെ ആത്മകഥയല്ല പകരം അദ്ദേഹം മുന്‍ റോ മേധാവി എ.എസ്. ദൌലത്തും പത്രപ്രവര്‍ത്തകനായ ആദിത്യ സിന്‍ഹക്കൊപ്പം ചേര്‍ന്ന്‍ എഴുതിയ ഒരു പുസ്തകമാണ്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:ഈ ചിത്രത്തില്‍ കോണ്‍ഗ്രസ്‌ നേതാക്കള്‍ പ്രകാശനം ചെയ്യുന്ന പുസ്തകം മുന്‍ ISI മേധാവിയുടെ ആത്മകഥയല്ല…

Fact Check By: Mukundan K 

Result: Misleading