പീഡിപ്പിക്കാന്‍ ശ്രമിച്ചവരില്‍ നിന്നും 12 വയസുകാരിയെ രക്ഷിച്ച് സിംഹക്കൂട്ടം 12 മണിക്കൂര്‍ കുട്ടിക്ക് കാവല്‍ നിന്നോ?

കൗതുകം

വിവരണം

12 വയസുകാരിയെ പീഡകരില്‍ നിന്നും രക്ഷിച്ചത് മനുഷ്യരായിരുന്നില്ല ഒരു കൂട്ടം സിംഹങ്ങളായിരുന്നു എന്ന തലക്കെട്ട് നല്‍കിയൊരു പോസ്റ്റ് കഴിഞ്ഞ കുറെ നാളുകളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഒരു കുട്ടിയുടെ ചിത്രം സഹിതമാണ് ഈ പോസ്റ്റ് പ്രചരിക്കുന്നത്. പീഡകരില്‍ നിന്നും കുട്ടിയെ രക്ഷിച്ചു എന്ന മാത്രമല്ല സിംഹങ്ങള്‍ കുട്ടിക്കരികില്‍ 12 മണിക്കൂറോളം കാവല്‍ നിന്നു എന്നും പോസ്റ്റില്‍ പറയുന്നു. സിനിമ മിക്‌സര്‍ എന്ന പേജില്‍ പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന്  ഇതുവരെ 1,100ല്‍ അധികം ഷെയറുകളും 11,000ല്‍ അധികം റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട്.

ഫെയ്‌സ്ബുക്ക് പോസ്റ്റ്-

Archived Link

എന്നാല്‍ ഇങ്ങനെയൊരു സംഭവം അടുത്തകാലത്ത് നടന്നിട്ടുണ്ടോ? 12 വയസുകാരി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചവരെ സിംഹക്കൂട്ടം തുരത്തിയോടിച്ചു കുട്ടിക്ക് 12 മണിക്കൂര്‍ കാവല്‍ നിന്നോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

12-year-old kidnapped girl was rescued by lions എന്ന കീവേര്‍ഡ് ഉപയോഗിച്ച് ഗൂഗിളില്‍ സെര്‍ച്ച് ചെയ്തപ്പോള്‍ ഇത്തരത്തിലൊരു സംഭവത്തെ കുറിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതായി കണ്ടെത്താന്‍ കഴിഞ്ഞു. 2005 ജൂണ്‍ മാസത്തില്‍ തെക്ക്-പടിഞ്ഞാറന്‍ എത്തിയോപ്പിയയിലെ വന മേഖലയ്ക്കടുത്തുള്ള സ്ഥലത്താണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ർട്ട്. എന്നാല്‍ ഇതെ റിപ്പോര്‍ട്ട് എത്രത്തോളം വിശ്വാസയോഗ്യമാണെന്ന സംശയം പ്രകടിപ്പിച്ചാണ് ബിബിസിയും റിപ്പോ‍ര്‍ട്ട് നല്‍കിയിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ തെക്ക്-പടിഞ്ഞാറന്‍ എത്തിയോപ്പിയയിലെ ഉള്‍പ്രദേശത്തില്‍ നിന്നും ഒരു സംഘം ഒരു 12 വയസുകാരി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു എന്നതാണ് വാര്‍ത്തയുടെ പൊരുള്‍. പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നെന്നും റിപ്പോര്‍ട്ടില്ലില്ല. വന മേഖലയായതു കൊണ്ട് സിംഹങ്ങളുടെ സാന്നിധ്യം ധാരാളമായിട്ടുള്ള സ്ഥലവുമാണിത്. കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുമ്പോള്‍ സിംഹങ്ങള്‍ സംഘത്തെ ആക്രമിക്കാന്‍ ശ്രമിച്ചുയെന്ന റിപ്പോര്‍ട്ടില്‍ ഇതോടൊപ്പം സിംഹങ്ങളെ കുറിച്ച് പഠനം നടത്തുന്ന വിദഗ്ധരുടെ അഭിപ്രായവും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. അവര്‍ ഈ കഥ വിശ്വസനീയമല്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നവരാണ്. സിംഹം പെണ്‍കുട്ടിയെ ഭക്ഷിക്കാന്‍ പോകുകയായിരുന്നു എന്നും പോലീസ് കൃത്യസമയത്ത് എത്തിയതുകൊണ്ടാണ് സിംഹങ്ങള്‍ ഓടിയതെന്നും പെണ്‍കുട്ടി ജീവനോടെ രക്ഷപെട്ടതെന്നും വിദഗ്ദരില്‍ ഒരാള്‍ പറയുന്നു. അതെ സമയം പെണ്‍കുട്ടിയുടെ കരച്ചില്‍ സിംഹ കുഞ്ഞിന്‍റെ കരച്ചിലായി കരുതിയാണ് സിംഹക്കൂട്ടം പെണ്‍കുട്ടിയെ സംരക്ഷിച്ചതെന്നും സിംഹത്തെ കുറിച്ച് പഠനം നടത്തുന്ന വിദഗ്ധര്‍ വ്യക്തമാക്കുന്നു. എന്നിരുന്നാലും ഇത്തരമൊരു സംഭവം എത്രത്തോളം വിശ്വസനീയമാണെന്ന് ഇതുവരെ ആര്‍ക്കും ഉറപ്പിച്ച് പറയാന്‍ കഴിഞ്ഞിട്ടില്ല. ഇന്ത്യാ-ടുഡേയും ട്രൂത്ത് ഓര്‍ ഫിക്ഷന്‍ എന്ന വെബ്‌സൈറ്റും സമീപകാലങ്ങളില്‍ ഈ സോഷ്യല്‍ മീഡിയ പ്രചരണത്തെ കുറിച്ച് വസ്‌തുത വിശകലനം നടത്തിയിരുന്നു. സിംഹത്തെ കുറിച്ച് ആധികാരികമായി പഠനം നടത്തുന്നവര്‍ വിശ്വാസയോഗ്യമല്ലാത്ത കഥയാണിതെന്ന സംശയമുയര്‍ത്തുന്നത് കൊണ്ട് തന്നെ സംഭവം ഇന്നും നിഗൂഢമായി തുടരുകയാണ്. അതെ സമയം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന പെണ്‍കുട്ടിയുടെ ചിത്രം 2005ലെ ബിബിസി റിപ്പോര്‍ട്ടില്ല. പോസ്റ്റിലെ പെണ്‍കുട്ടിയുടെ ചിത്രം ആരുടേതാണെന്നും വ്യക്തതയില്ല. കൂടാതെ സിംഹങ്ങള്‍ 12 മണിക്കൂര്‍ നേരം കുട്ടിക്ക് കാവലിരുന്നു എന്നതും ഒരു റിപ്പോര്‍ട്ടുകളിലും വിവരിച്ചിട്ടില്ല.

ഗൂഗിള്‍ സെര്‍ച്ച് റിസള്‍ട്ട്-

ബിബിസി റിപ്പോര്‍ട്ട്-

ഇന്ത്യാ ടുഡേ വസ്‌തുത വിശകലന റിപ്പോര്‍ട്ട്-

ട്രൂത്ത് ഓര്‍ ഫിക്‌ഷന്‍ വെബ്‌സൈറ്റിലെ റിപ്പോര്‍ട്ട്-

Archived LinkArchived LinkArchived Link

നിഗമനം

ഫെയ്‌സ്ബുക്ക് പ്രചരണത്തിലേത് പോലെ എത്തിയോപ്പിയയില്‍ സമാനമായ ഒരു സംഭവം 14 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്നതായി സ്ഥിരീകരിക്കാത്ത ഒരു റിപ്പോര്‍ട്ട് ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ സംഭവം വിശ്വാസയോഗ്യമാണോ എന്ന് ഇന്നും ചോദ്യം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രചരണം ഭാഗികമായി തെറ്റാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:പീഡിപ്പിക്കാന്‍ ശ്രമിച്ചവരില്‍ നിന്നും 12 വയസുകാരിയെ രക്ഷിച്ച് സിംഹക്കൂട്ടം 12 മണിക്കൂര്‍ കുട്ടിക്ക് കാവല്‍ നിന്നോ?

Fact Check By: Dewin Carlos 

Result: Partly False