ബസ് കാത്തിരിപ്പ് കേന്ദ്രം മാത്രം നിര്‍മ്മിക്കാനാണോ ഈ നാല് ലക്ഷം രൂപ എംഎല്‍എ ഫണ്ടില്‍ നിന്നും വകയിരുത്തിയത്?

രാഷ്ട്രീയം

വിവരണം

വനം വകുപ്പ് മന്ത്രി കെ.രാജു തന്‍റെ നിയോജകമണ്ഡലമായ കൊല്ലം ജില്ലയിലെ പുനലൂരില്‍ നിര്‍മ്മിച്ച ഒരു കാത്തിരിപ്പ് കേന്ദ്രത്തിന്‍റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ഒരു വെയ്റ്റിങ് ഷെഡ് നിര്‍മ്മാണത്തിന് 4 ലക്ഷം രൂപ ചെലവാക്കിയതിനെ പരിഹസിച്ച് അഴിമതി ആരോപണം ഉന്നയിച്ചാണ് ഇത്തരം പോസ്റ്റുകള്‍ 2019 മുതല്‍ പ്രചരിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ വീണ്ടും അതെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്‍റെ ചിത്രം വീണ്ടും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ആക്ഷേപഹാസ്യ രൂപേണയാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നതെങ്കിലും നാല് ലക്ഷം രൂപ ചെലവാക്കി നിര്‍മ്മിച്ച വെയ്റ്റിങ് ഷെഡ് എന്ന പേരിലാണ് വ്യാപകമായുള്ള പ്രചരണം. സന്ദീപ് ചില്ലക്കാട്ടില്‍ പ്രാക്കുളം എന്ന പേരിലുള്ള വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 243ല്‍ അധികം റിയാക്ഷനുകളും 1,400ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.

Facebook PostArchived Link

എന്നാല്‍ കേവലം ഒരു ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിക്കാന്‍ എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിച്ച തുകയാണോ നാല് ലക്ഷം രൂപ? ഈ തുക ഉപയോഗിച്ച് നിര്‍മ്മിച്ചത് കാത്തിരിപ്പ് കേന്ദ്രം മാത്രമാണോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

വിഷയത്തെ കുറിച്ചുള്ള വിശദവിവരങ്ങള്‍ അറിയാന്‍ മന്ത്രി കെ.രാജുവിന്‍റെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറിയായ ബി.എസ്.വിനോദ്‌കുമാറുമായി ഞങ്ങളുടെ പ്രതിനിധി ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹം പറഞ്ഞതിങ്ങനെയാണ്-

ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിക്കുന്നതിന് വേണ്ടി മാത്രമായിരുന്നില്ല എംഎല്‍എയുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് തുക അനുവദിച്ചത്. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ടെന്‍ഡര്‍ നല്‍കിയത് പ്രകാരം വെയ്റ്റിങ് ഷെഡ് കം ഡ്രെയ്നേജ് വര്‍ക്ക് എന്നാണ് പദ്ധതിക്ക് പേര് നല്‍കിയത്. അതുകൊണ്ട് തന്നെ ഡ്രെയ്നേജ് നിര്‍‍മ്മിക്കാനും വെയ്റ്റിങ് ഷെഡിന് ഭൂമി നിരത്തിയെടുക്കാനും ഉള്‍പ്പടെയുള്ള തുകയാണ് പുനലൂര്‍ എംഎല്‍എ എന്ന നിലയില്‍ കെ.രാജു ഫണ്ട് അനുവദിച്ചത്. എന്നാല്‍ ഈ പദ്ധതിയെ കുറിച്ച് അറിവുണ്ടായിട്ടും ചിലര്‍ മനപ്പൂര്‍വ്വം തെറ്റ്ദ്ധരിപ്പിക്കുന്ന തരത്തില്‍ കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിക്കാന്‍ നാല് ലക്ഷം രൂപ മുടക്കി എന്ന തരത്തില്‍ ആരോപണം ഉന്നയിക്കുകയായിരുന്നു. 2019ല്‍ ഉയര്‍ന്ന ഈ ആരോപണങ്ങള്‍ക്ക് മന്ത്രി തന്നെ സമൂഹമാധ്യമത്തിലൂടെയും വാര്‍ത്ത കുറിപ്പിലൂടെയും മറുപടി നല്‍കിയതായും അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി വിശദമാക്കി. ഇപ്രകാരം വിഷയത്തെ കുറിച്ച് മന്ത്രി നല്‍കിയ വിശദീകരണം മന്ത്രിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും ഞങ്ങള്‍ക്ക് കണ്ടെത്താനും കഴിഞ്ഞു.

മന്ത്രി കെ.രാജുവിന്‍റെ ഫെയ്‌‌സ്ബുക്ക് പോസ്റ്റ്-

Facebook PostArchived Link

നിഗമനം

എംഎല്‍എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് 2019ല്‍ പുനലൂരില്‍ നടപ്പിലാക്കിയ വെയ്റ്റിങ് ഷെഡ് കം ഡ്രെയ്നേജ് എന്ന പദ്ധതിയുടെ അടങ്കല്‍ തുകയാണ് നാല് ലക്ഷം രൂപ. കാത്തിരിപ്പ് കേന്ദ്രത്തിന്‍റെ നിര്‍മ്മാണത്തിനൊപ്പം തന്നെ അതിന് വേണ്ട സ്ഥലം ഒരുക്കുന്നതിനും ഡ്രെയ്നേജ് നിര്‍മ്മാണത്തിനും കൂടി ആവശ്യമായ തുകയാണ് ഫണ്ടില്‍ നിന്നും വകയിരുത്തിയതെന്നും അന്വേഷണത്തില്‍ നിന്നും വ്യക്തമായിട്ടുണ്ട്. അതുകൊണ്ട് തന്നെ പോസ്റ്റ് വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:ബസ് കാത്തിരിപ്പ് കേന്ദ്രം മാത്രം നിര്‍മ്മിക്കാനാണോ ഈ നാല് ലക്ഷം രൂപ എംഎല്‍എ ഫണ്ടില്‍ നിന്നും വകയിരുത്തിയത്?

Fact Check By: Dewin Carlos 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •