FACT CHECK: ഇന്ത്യ ബീഫ് കയറ്റുമതിയില്‍ ലോകത്തില്‍ ഒന്നാംസ്ഥാനത്താണ് എന്ന് പ്രധാനമന്ത്രി മോദി പറഞ്ഞോ? സത്യാവസ്ഥ അറിയൂ…

രാഷ്ട്രീയം | Politics

പ്രധാനമന്ത്രി നരേന്ദ്രമോദിയും തമിഴ് നാട്ടിലെ നാം തമിഴര്‍ പാര്‍ട്ടിയുടെ തലവന്‍ സീമാന്‍റെ ഒരു എഡിറ്റഡ് വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഈ വീഡിയോയില്‍ പ്രധാനമന്ത്രി മോദി ബീഫ് കയറ്റുമതിയില്‍ ഇന്ത്യ ലോകത്ത് ഒന്നാംസ്ഥാനത്താണ് എന്ന് പറയുന്നതായി കേള്‍ക്കാം. ഇതേ പ്രസംഗത്തിനെ കളിയാക്കി സീമാന്‍റെയും പ്രസംഗം നമുക്ക് വീഡിയോയില്‍ കാണാം. വീഡിയോയില്‍ പ്രധാനമന്ത്രി മോദി തന്നെ ഇന്ത്യ ലോകത്തില്‍ ബീഫ് കയറ്റുമതിയില്‍ ഒന്നാംസ്ഥാനത്താണ് എന്ന് വാദിക്കുന്നു പക്ഷെ സ്വന്തം രാജ്യത്തില്‍ ജനങ്ങള്‍ക്ക്‌ ബീഫ് കഴിച്ച ബി.ജെ.പി. തല്ലി കൊല്ലുന്നു എന്ന് സീമാന്‍ തന്‍റെ പ്രസംഗത്തില്‍ വാദിക്കുന്നു.

പക്ഷെ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ പ്രധാനമന്ത്രി സീമാന്‍ പറയുന്നപോലെ ബീഫ് കയറ്റുമതിയില്‍ ഇന്ത്യ ഒന്നാംസ്ഥാനതാണ് എന്ന് പറഞ്ഞിട്ടില്ല എന്ന് കണ്ടെത്തി. വീഡിയോയില്‍ കാണുന്ന പ്രധാനമന്ത്രിയുടെ പ്രസംഗം എഡിറ്റ്‌ ചെയ്തതാണ് എന്നും മനസിലായി. എന്താണ് സാമുഹ്യ മാധ്യമങ്ങളിലെ പ്രചാരണവും പ്രചാരണത്തിന്‍റെ യഥാര്‍ത്ഥ്യവും എന്ന് നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ വീഡിയോയില്‍ ആദ്യം നമുക്ക് പ്രധാനമന്ത്രി “ഇന്ത്യ ബീഫ് കയറ്റുമതിയില്‍ ലോകത്തില്‍ ഒന്നാംസ്ഥാനത്താണ്!” എന്ന് പറയുന്നത് കേള്‍ക്കാം. പിന്നിട് ഇതേ പ്രസംഗത്തിനെ തമിഴ്നാട്ടിലെ നാം തമിഴര്‍ പാര്‍ട്ടിയുടെ തലവന്‍ സീമാന്‍ കളിയാക്കുന്നതായി കാണാം. അദ്ദേഹം പ്രധാനമന്ത്രിയുടെ വാക്കുകള്‍ പുനരുച്ചരിച്ച് വീഡിയോയില്‍ പ്രധാനമന്ത്രിയും ബി.ജെ.പിക്കും എതിരെ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “🤫👁👀#കണ്ടത് തെറ്റാണെങ്കിൽ ക്ഷമിക്കുക…😀😅😂

ഈ വീഡിയോ ജൂണ്‍ മാസം മുതല്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ഈ അടുത്ത കാലത്തും പലരും ഈ വീഡിയോ പങ്ക് വെച്ചിട്ടുണ്ട്. ഈ വീഡിയോ ഫെസ്ബൂക്കില്‍ പ്രചരിപ്പിക്കുന്ന ചില പോസ്റ്റുകള്‍ നമുക്ക് താഴെ സ്ക്രീന്‍ഷോട്ടില്‍ കാണാം.

Screenshot: Facebook search shows similar post shared recently.

വസ്തുത അന്വേഷണം

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യ ബീഫ് കയറ്റുമതിയില്‍ ലോകത്ത് ഒന്നാംസ്ഥാനതാണ് എന്ന് പറഞ്ഞുവോ എന്ന് അന്വേഷിക്കാന്‍ ഞങ്ങള്‍ക്ക് ഗൂഗിളില്‍ പ്രത്യേക കീ വേര്‍ഡുകള്‍ ഉപയോഗിച്ച് അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ഈ പ്രസംഗത്തിന്‍റെ വീഡിയോ യുട്യൂബില്‍ ലഭിച്ചു. ജെയിന്‍ വ്യാപാരിമാരുടെ ഒരു സംഘടനയാണ് ജെ.ഐ.ടി.ഒ. ഇവര്‍ 2012ല്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ പ്രസംഗിക്കുന്ന അന്നത്തെ ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിന്‍റെ ഒരു ഭാഗം ക്രോപ്പ് ചെയ്താണ് പ്രസ്തുത വീഡിയോയില്‍ ഉപയോഗിച്ചിരിക്കുന്നത്. 

ഒക്ടോബര്‍ 31, 2012ന് യുട്യൂബില്‍ പ്രസിദ്ധികരിച്ച വീഡിയോ നമുക്ക് മുകളില്‍ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ കാണാം. ഈ വീഡിയോയില്‍ മോദി ഗോവധം നിരോധനമടക്കം പല വിഷയങ്ങളില്‍ സംസാരിക്കുന്നതായി നമുക്ക് കാണാം. താഴെ നമുക്ക് നരേന്ദ്ര മോദിയുടെ ഔദ്യോഗിക യുട്യൂബ് ചാനലില്‍ പ്രസിദ്ധികരിച്ച പ്രസംഗത്തിന്‍റെ മുഴുവന്‍ വീഡിയോ കാണാം.

13:30 മുതല്‍ പ്രധാനമന്ത്രി മോദി ഗോവധ നിരോധനത്തിനെ കുറിച്ച് ഇങ്ങനെ പ്രസംഗിക്കുന്നതായി നമുക്ക് കേള്‍ക്കാം: 

“ഇന്ന് ഈ കാര്യം കേട്ടാല്‍ നിങ്ങള്‍ക്ക് ആശ്ചര്യം തോന്നും. ഞാന്‍ ഇത് വെറുതേയല്ല പറയുന്നത് എന്‍റെ ഉള്ളില്‍ വലിയൊരു വേദനയുണ്ട്. ഈ രാജ്യത്തിലെ കര്‍ഷകര്‍ ഹരിതവിപ്ലവം കൊണ്ട് വന്നു, ഗുജറാത്തിലെ കര്‍ഷകര്‍ ധവളവിപ്ലവം കൊണ്ട് വന്നു…ലോകത്ത് മുഴുവന്‍ ധവളവിപ്ലവം കാരണം നമ്മുടെ രാജ്യത്തിന്‌ പേരുണ്ടായി. ലാല്‍ ബഹാദൂര്‍ ശാസ്ത്രി ജയ്‌ ജവാന്‍ ജയ്‌ കിസാന്‍ എന്ന മുദ്രാവാക്യം നല്‍കിയപ്പോള്‍ രാജ്യമെമ്പാടും കര്‍ഷകര്‍ അത് ഏറ്റെടുത്ത് ഗ്രീന്‍ റെവല്യുഷന്‍ ചെയ്തു കാണിച്ച് രാജ്യത്തിലെ പട്ടിണി മാറ്റാനുള്ള ദൌത്യം നിര്‍വഹിച്ചു. പക്ഷെ ഡല്‍ഹിയില്‍ ഇരിക്കുന്ന നിലവിലെ  സര്‍ക്കാറിന് ഗ്രീന്‍ റെവല്യുഷനോ വയിറ്റ് റെവല്യുഷനോ ഒന്നും വേണ്ട അവര്‍ക്ക് പിങ്ക് റെവല്യുഷനാണ് വേണ്ടത്. പിങ്ക് റെവല്യുഷന്‍ എന്താണെന്ന് അറിയാമോ? പശുവിനെ വെട്ടുമ്പോള്‍ പശുവിന്‍റെ മാംസത്തിന്‍റെ നിറമാണ് പിങ്ക്. അതിനാണ് ഡല്‍ഹിയിലെ സര്‍ക്കാരിന്‍റെ സ്വപ്നമാണ് പിങ്ക് റെവല്യുഷന്‍ ചെയ്ത് ലോകത്ത് മുഴുവാന്‍ മാംസത്തിന്‍റെ വ്യാപാരം ചെയ്യല്‍. ഈ കൊല്ലം ഭാരത്‌ സര്‍ക്കാര്‍ പ്രഖ്യാപിചിരിക്കുന്നു…ലോകത്തില്‍ ബീഫ് കയറ്റുമതിയില്‍ ഇന്ത്യ ഒന്നാംസ്ഥാനത്താണ്. എങ്ങനെയുള്ള കാര്യങ്ങള്‍ കാണിച്ചിട്ടാണ് ഇവര്‍ അഭിമാനിക്കുന്നത്? എന്‍റെ സുഹൃത്തുകളെ നിങ്ങള്‍ക്ക് മനസില്‍ വേദനയുണ്ടോ ഇല്ലയോ എനിക്ക് അറിയില്ല…പക്ഷെ എന്‍റെ മനസ്സില്‍ വളരെയധികം വേദനയുണ്ട്.

അദ്ദേഹം ബീഫ് കയറ്റുമതിയില്‍ ലോകത്തില്‍ ഇന്ത്യയെ ഒന്നാംസ്ഥാനത്ത് എത്തിച്ച മന്‍മോഹന്‍ സിംഗ് സര്‍ക്കാരിനെ വിമര്‍ശിക്കുകയാണ് ചെയ്യുന്നത്. അദ്ദേഹത്തിന്‍റെ ഈ പ്രസംഗത്തിന്‍റെ ചെറിയ ഒരു ഭാഗം ഉപയോഗിച്ചിട്ടാണ് പ്രധാനമന്ത്രി മോദി ബീഫ് കയറ്റുമതിയില്‍ ഇന്ത്യ ഒന്നാംസ്ഥാനതാണ് എന്ന് പ്രഖ്യപിച്ചു എന്ന വ്യാജപ്രചരണം നടത്തുന്നത്.

സീമാനും ഇതേ ക്ലിപ്പ് കണ്ട് തെറ്റിദ്ധരിച്ച് പ്രസംഗിച്ചതാകാം. 24 ഓഗസ്റ്റ്‌ 2019നാണ് സീമാന്‍ ഈ പ്രസംഗം നടത്തിയത്. പ്രസംഗത്തിന്‍റെ വീഡിയോ താഴെ കാണാം.

ഈ അന്വേഷണം തമിഴില്‍ വായിക്കാനായി താഴെ നല്‍കിയ ലിങ്ക് ക്ലിക്ക് ചെയുക:

மாட்டுக்கறி ஏற்றுமதியில் இந்தியா முதலிடம் என்று பிரதமர் மோடி சொன்னாரா?- ஃபேஸ்புக் வீடியோவால் பரபரப்பு

നിഗമനം

2012ല്‍ ഗുജറാത്ത്‌ മുഖ്യമന്ത്രിയായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ബീഫ് കയറ്റുമതിയില്‍ ഇന്ത്യ ലോകത്തില്‍ ഒന്നാമതാണ് എന്ന് പ്രഖ്യാപിച്ച മന്‍മോഹന്‍സിംഗ്‌ സര്‍ക്കാരിനെതിരെ രൂക്ഷമായി പരാമര്‍ശിച്ച് നടത്തിയ പ്രസംഗത്തിന്‍റെ ഒരു ഭാഗം മാത്രം പ്രചരിപ്പിച്ച് പ്രധാനമന്ത്രി മോദി തന്‍റെ ഭരണത്തില്‍ ഇന്ത്യ ലോകത്തില്‍ ബീഫ് കയറ്റുമതിയില്‍ ഒന്നാംസ്ഥാനത്തെത്തി എന്ന് പ്രഖ്യപ്പിച്ചു എന്ന നാം തമിഴര്‍ പാര്‍ട്ടിയുടെ തലവന്‍ സീമാന്‍ പ്രസംഗിക്കുന്നത്തിന്‍റെ വീഡിയോ ക്ലിപാണ് സാമുഹ്യ മാധ്യമങ്ങളില്‍ തെറ്റായി പ്രചരിപ്പിക്കുന്നത്. പ്രധാനമന്ത്രി മോദി തന്‍റെ ഭരണത്തില്‍ ഇന്ത്യ ലോകത്തില്‍ ബീഫ് കയറ്റുമതിയില്‍ ഒന്നാംസ്ഥാനത്തെത്തി എന്ന് പ്രഖ്യപിച്ചിട്ടില്ല.

Avatar

Title:ഇന്ത്യ ബീഫ് കയറ്റുമതിയില്‍ ലോകത്തില്‍ ഒന്നാംസ്ഥാനത്താണ് എന്ന് പ്രധാനമന്ത്രി മോദി പറഞ്ഞോ? സത്യാവസ്ഥ അറിയൂ…

Fact Check By: Mukundan K 

Result: Misleading