
വിവരണം
നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ സാമൂഹ്യ മാധ്യമങ്ങളില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളുടെ പരാമര്‍ശങ്ങള്‍ എന്ന പേരില്‍ ചില പ്രചാരണങ്ങള്‍ വ്യാപകമാകുന്നുണ്ട്. ഇത്തരത്തില്‍ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നീ നേതാക്കള്‍ക്കെതിരെ നടന്ന ചില പ്രചരണങ്ങള്‍ക്ക് മുകളില്‍ ഞങ്ങള്‍ വസ്തുതാ അന്വേഷണം നടത്തുകയും തെറ്റാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.
ഇപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ പേരില്‍ വീണ്ടും ഒരു പ്രചരണം നടക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു. രാഹുല്‍ ഗാന്ധിയുടെയും പിണറായി വിജയന്‍റെയും ചിത്രങ്ങളും ഒപ്പം കേരള ജനതക്ക് പ്രിയങ്കരന്‍ പിണറായി വിജയന്‍ തന്നെയെന്ന് രാഹുല്‍ ഗാന്ധി എന്ന വാചകവുമാണ് പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്നത്.

അതായത് കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയനെ മുന്‍ കോണ്‍ഗ്രസ്സ് അധ്യക്ഷനും ലോക് സഭാ എംപിയുമായ രാഹുല്‍ ഗാന്ധി പുകഴ്ത്തി സംസാരിച്ചു എന്നാണ് പോസ്റ്റില്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഇത് വെറും വ്യാജ പ്രചരണം മാത്രമാണെന്ന് ഫാക്റ്റ് ക്രെസണ്ടോ കണ്ടെത്തി.
വസ്തുതാ വിശകലനം
ഫേസ്ബുക്കില്‍ പലരും ഇതേ പോസ്റ്റ് പ്രചരിപ്പിക്കുന്നുണ്ട്. രാഹുല്‍ ഗാന്ധി കേരളത്തിലെ വയനാട് മണ്ഡലത്തില്‍ നിന്നുമാണ് ലോക്സഭാ എം പി ആയത്. ആയതിനാല്‍ കേരളവുമായി അദ്ദേഹത്തിന് ബന്ധമുണ്ട്. അതിനാല്‍ മുഖ്യമന്ത്രിയെ പ്രശംസിച്ച് അദ്ദേഹം എന്തെങ്കിലും പരാമര്‍ശം നടത്തിയോ എന്നറിയാന്‍ ഞങ്ങള്‍ മാധ്യമങ്ങളില്‍ തിരഞ്ഞു നോക്കി. പ്രവാസി കേരളീയരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ലോക കേരളസഭക്ക് കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിയുടെ അഭിനന്ദനം എന്നൊരു വാര്‍ത്ത 2020 ജനുവരിയില്‍ വന്നിരുന്നു. ലോക കേരള സഭയെ ആണ് രാഹുല്‍ ഗാന്ധി പ്രശംസിച്ചത്. ഇക്കാര്യം അറിയിച്ചു കൊണ്ട് അദ്ദേഹം സര്‍ക്കാരിന് അയച്ച കത്ത് മുഖ്യമന്ത്രി തന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ പങ്കുവച്ചിരുന്നു.
Thank you Shri. Rahul Gandhi for your warm greetings to the Loka Kerala Sabha (@LokaKeralaSabha).
— CMO Kerala (@CMOKerala) January 2, 2020
In his message, @RahulGandhi opined that “the Loka Kerala Sabha is a great platform to connect with the diaspora, and recognize their contribution.” pic.twitter.com/3G4KYMSllc
ഇതില്‍ മുഖ്യമന്ത്രിയെ അല്ല, ലോക കേരള സഭയെ ആണ് രാഹുല്‍ ഗാന്ധി പ്രശംസിച്ചത്. ഇതല്ലാതെ മുഖ്യമന്ത്രിയെ പ്രശംസിച്ച് രാഹുല്‍ ഗാന്ധി എന്തെങ്കിലും പറഞ്ഞതായി യാതൊരു വാര്‍ത്തയും കണ്ടെത്താന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല. മുഖ്യമന്ത്രിയുടെയോ രാഹുല്‍ ഗാന്ധിയുടെയോ ഔദ്യോഗിക ട്വിറ്റര്‍ പേജുകളില്‍ പോസ്റ്റിലെ വാര്‍ത്തയെ സാധൂകരിക്കുന്ന യാതൊരു വിവരങ്ങളും നല്‍കിയിട്ടില്ല.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് സംസാരിക്കുകയാണെങ്കില്‍ അത് തീര്‍ച്ചയായും ദേശീയ തലത്തില്‍ വാര്‍ത്താ പ്രാധാന്യം നേടുമായിരുന്നു.
കൂടുതല്‍ വ്യക്തതയ്ക്കായി ഞങ്ങള്‍ എ ഐ സി സി സംഘടന ജനറല്‍ സെക്രട്ടറിയും രാജ്യസഭാ എം പി യുമായ കെ സി വേണുഗോപാലിന്‍റെ ഓഫീസുമായി ബന്ധപ്പെട്ടു. അവിടെ നിന്നും അദ്ദേഹത്തിന്‍റെ പെഴ്സണല്‍ സെക്രട്ടറി ശരത് അറിയിച്ചത് ഇങ്ങനെയാണ്: ഇതെല്ലാം വെറും വ്യാജ പ്രചാരണങ്ങള്‍ മാത്രമാണ്. കോണ്‍ഗ്രസ് നേതാക്കളുടെ പേരില്‍ മറ്റുള്ളവര്‍ നടത്തുന്ന ദുഷ് പ്രചാരണങ്ങള്‍ മാത്രമാണ് ഇതെല്ലാം.
പോസ്റ്റിലെ പ്രചരണം അടിസ്ഥാന രഹിതമാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
നിഗമനം
പോസ്റ്റില്‍ നല്‍കിയിരിക്കുന്ന പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്. മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് കോണ്‍ഗ്രസ്സ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പരാമര്‍ശം ഒന്നും നടത്തിയിട്ടില്ല. മറിച്ചുള്ളതെല്ലാം വ്യാജ പ്രചാരണമാണ്.

Title:‘മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള ജനതയ്ക്ക് പ്രിയങ്കരന്‍’ എന്ന് രാഹുല്‍ ഗാന്ധി പ്രശംസിച്ചു എന്നത് വ്യാജ പ്രചാരണമാണ്…
Fact Check By: Vasuki SResult: False
