FACT CHECK: ബജറ്റിന്‍റെ പേരില്‍ സംസ്ഥാന സര്‍ക്കാരിന് അഭിനന്ദനങ്ങള്‍ അര്‍പ്പിച്ച് രമേശ്‌ ചെന്നിത്തല പരാമര്‍ശം നടത്തി എന്നത് വ്യാജ പ്രചരണമാണ്…

രാഷ്ട്രീയം

വിവരണം 

സംസ്ഥാന ധനകാര്യ മന്ത്രി തോമസ്‌ ഐസക് ഇന്നലെ നിയമസഭയില്‍ ബജറ്റ് അവതരിപ്പിച്ചു. ഏറ്റവും കൂടുതല്‍ സമയമെടുത്ത് അവതരിപ്പിച്ച ബജറ്റ് പ്രസംഗം എന്ന റെക്കോര്‍ഡ് നേടിയ ബജറ്റിനെ കുറിച്ച് സോഷ്യല്‍ മീഡിയ അടക്കമുള്ള മാധ്യമങ്ങളില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.  

പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല ബജറ്റിനെ പ്രശംസിച്ച് പരാമര്‍ശം നടത്തി എന്ന മട്ടില്‍ ഒരു പ്രചരണം സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. അത് ഇപ്രകാരമാണ്: രമേശ്‌ ചെന്നിത്തലയുടെ ചിത്രത്തോടൊപ്പം നല്‍കിയിട്ടുള്ള വാചകങ്ങള്‍, ജനക്ഷേമ പദ്ധതികളും വികസന നേട്ടങ്ങളോട് കൂടിയിട്ടുള്ള ബജറ്റ് അവതരിപ്പിച്ച സർക്കാരിന് അഭിനന്ദനങ്ങൾ – രമേശ് ചെന്നിത്തല എന്നാണ്. 

archived linkFB post

എന്നാല്‍ ഈ അഭിപ്രായം രമേശ്‌ ചെന്നിത്തല പറഞ്ഞിട്ടില്ല എന്ന് ഫാക്റ്റ് ക്രെസണ്ടോ കണ്ടെത്തി. വിശദാംശങ്ങള്‍ അറിയിക്കാം

വസ്തുതാ വിശകലനം

ഫേസ്ബുക്കില്‍ ഇതേ വാര്‍ത്ത പ്രചരിപ്പിക്കുന്ന പോസ്റ്റുകള്‍ ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്.

ഞങ്ങള്‍ ബജറ്റ് അവതരണത്തെ കുറിച്ച് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയുടെ പ്രതികരണങ്ങള്‍ മാധ്യമങ്ങളില്‍ പരിശോധിച്ചു.  എന്നാല്‍ ബജറ്റിന്‍റെ പോരായ്മകളും കുറ്റങ്ങളും ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ നേതാവ് പ്രതികരണം നടത്തിയത് എന്നാണ് മാധ്യമ വാര്‍ത്തകള്‍. മാതൃഭുമി പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ സ്ക്രീന്‍ ഷോട്ട് താഴെ:

കൂടാതെ ഞങ്ങള്‍ രമേശ്‌ ചെന്നിത്തലയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ തിരഞ്ഞപ്പോള്‍ അദ്ദേഹം ബജറ്റിനെ കുറിച്ച് പ്രസിദ്ധീകരിച്ച പോസ്റ്റ് ലഭിച്ചു. “കഴിഞ്ഞ ബഡ്ജറ്റുകളില്‍ നൂറുക്കണക്കിന് പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിച്ച തോമസ് ഐസക് തെരഞ്ഞെടുപ്പ് വര്‍ഷം വാഗ്ദാനങ്ങള്‍ വാരി വിതറി വീണ്ടും ജനങ്ങളെ വഞ്ചിക്കുകയാണ്..” എന്ന തുടക്കത്തോടെയാണ് അദ്ദേഹം ബജറ്റിനെ കുറിച്ചുള്ള പ്രതികരണം നടത്തിയിരിക്കുന്നത്. 

rameshchennithala

കൂടുതല്‍ വ്യക്തതയ്ക്കായി ഞങ്ങള്‍ രമേശ്‌ ചെന്നിത്തലയുടെ ഓഫീസുമായി ബന്ധപ്പെട്ടു. “ഇത് വെറും വ്യാജ പ്രചരണം മാത്രമാണ്. രമേശ്‌ ചെന്നിത്തല ബജറ്റിനെ കുറിച്ചുള്ള അദ്ദേഹത്തിന്‍റെ അഭിപ്രായം വാര്‍ത്താ സമ്മേളനം നടത്തിയപ്പോള്‍ പറഞ്ഞിരുന്നു. മാധ്യമങ്ങള്‍ അത് പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ഇത് വെറുതേ ദുഷ് പ്രചരണം നടത്തുകയാണ്.”  അവിടെ നിന്നും അദ്ദേഹത്തിന്‍റെ മീഡിയ സെക്രട്ടറി സുമോദ് പ്രതികരിച്ചത് ഇങ്ങനെയാണ്.

പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല സംസ്ഥാന ബജറ്റിനെ പുകഴ്ത്തി സംസാരിച്ചു എന്ന പ്രചരണം തെറ്റാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. 

നിഗമനം 

പോസ്റ്റിലെ വാര്‍ത്ത പൂര്‍ണ്ണമായും തെറ്റാണ്. രമേശ്‌ ചെന്നിത്തല സംസ്ഥാന ബജറ്റിനെ പ്രശംസിച്ച് ഒരിടത്തും പരാമര്‍ശം നടത്തിയിട്ടില്ല. ബജറ്റിനെ കുറിച്ചുള്ള അദ്ദേഹത്തിന്‍റെ പ്രതികരണം മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. കൂടാതെ അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പേജിലും പ്രതികരണം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Avatar

Title:ബജറ്റിന്‍റെ പേരില്‍ സംസ്ഥാന സര്‍ക്കാരിന് അഭിനന്ദനങ്ങള്‍ അര്‍പ്പിച്ച് രമേശ്‌ ചെന്നിത്തല പരാമര്‍ശം നടത്തി എന്നത് വ്യാജ പ്രചരണമാണ്…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •