FACT CHECK: കൊല്ലത്തും പുതുപ്പള്ളിയിലും ബിന്ദു കൃഷ്ണയ്ക്കും ഉമ്മൻചാണ്ടിക്കും വേണ്ടി വികാരഭരിരായി പ്രതിഷേധിച്ചത് ഒരാളല്ല,വ്യത്യസ്തരായ രണ്ടു വനിതാ പ്രവര്‍ത്തകരാണ്…

പ്രാദേശികം രാഷ്ട്രീയം

പ്രചരണം 

നിയമസഭാ തെരഞ്ഞെടുപ്പിലേയ്ക്കായി വിവിധ പാര്‍ട്ടിക്കാര്‍ സ്ഥാനാർഥികളെ നിർണയിച്ച ശേഷം ഇത്തവണ പലയിടത്തും പ്രവർത്തകർ പ്രതിഷേധവും പരാതിയും ഉന്നയിച്ചതായി പലയിടത്തുനിന്നും വാർത്തകൾ വന്നിരുന്നു. 

മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടി സാധാരണ പുതുപ്പള്ളി മണ്ഡലത്തിൽ നിന്നുമാണ് സാധാരണ മത്സരിക്കാറുള്ളത്.  അദ്ദേഹത്തെ നേമം മണ്ടലത്തിലെയ്ക്ക് പാര്‍ട്ടി നേതൃത്വം പരിഗണിക്കുന്നു എന്ന് ഇടയ്ക്ക് വാര്‍ത്തകള്‍ പ്രചരിച്ചു. ഇതേതുടർന്ന് പാർട്ടി പ്രവർത്തകർ വളരെ ശക്തമായ പ്രതിഷേധം പുതുപ്പള്ളിയില്‍ സൃഷ്ടിച്ചു. ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയിൽ തന്നെ മത്സരിക്കണമെന്ന ആവശ്യം ഉയർത്തി ഒരു പാർട്ടി പ്രവർത്തകൻ അദ്ദേഹത്തിൻറെ വീടിനു മുകളിൽ കയറിനിന്ന് ഭീഷണി മുഴക്കുക വരെയുണ്ടായി.  ഇക്കാര്യങ്ങള്‍ മാധ്യമ വാര്‍ത്തയായിരുന്നു. 

ഒരു മുതിർന്ന വനിത പ്രവർത്തക അദ്ദേഹത്തിനുവേണ്ടി ആവേശത്തോടെ സംസാരിച്ചത് വാർത്താമാധ്യമങ്ങളിൽ മാത്രമല്ല സാമൂഹ്യ മാധ്യമങ്ങളിലും വൈറലായി മാറി. 

ഇതുകൂടാതെ കൊല്ലത്ത് ഡിസിസി പ്രസിഡണ്ട് ആയ ബിന്ദു കൃഷ്ണയ്ക്ക് കൊല്ലം സീറ്റ് നിഷേധിച്ചു മറ്റൊരു സ്ഥലത്ത് സീറ്റ് നൽകാൻ തീരുമാനിക്കുന്നു എന്ന വാര്‍ത്ത പ്രച്ചരിച്ചതിനു പിന്നാലെ കൊല്ലത്തും  പാർട്ടി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. വളരെ വൈകാരികമായി ഡി സി സി ഓഫീസില്‍ അവര്‍ നടത്തിയ പ്രതിഷേധവും വാര്‍ത്താ-സാമൂഹ്യ മാധ്യമങ്ങളില്‍ ഇടംനേടി. 

രണ്ടിടത്തും വനിതകളാണ് കൂടുതൽ വൈകാരികതയോടെ ഇടപെട്ടത്.  ഈ സംഭവങ്ങൾക്ക് ശേഷം സാമൂഹ്യമാധ്യമങ്ങളും വൈറലായ ഒരു പ്രചരണമാണ് ഇവിടെ നൽകിയിട്ടുള്ളത്. പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിക്ക് വേണ്ടി സംസാരിച്ച് പ്രവർത്തകയും കൊല്ലത്ത് ബിന്ദുകൃഷ്ണ ക്ക് വേണ്ടി സംസാരിച്ച് പ്രവർത്തകയും ഒരാൾ തന്നെയാണ് നാടകം നടത്തുകയാണ് എന്നമട്ടിൽ സാമൂഹ്യമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട ചില പോസ്റ്റുകളിൽ ഒന്നാണ് ഇവിടെ നൽകിയിട്ടുള്ളത്.  

archived linkFB post

ഈ പോസ്റ്റിനൊപ്പം നൽകിയിരിക്കുന്ന വിവരണം ശ്രദ്ധിക്കൂ:  

“കോൺഗ്രസ്സ് നാടകത്തിലെ മികച്ച അഭിനേത്രി.

രാവിലെ പുതുപള്ളിലെങ്കിൽ വൈകീട്ട് കൊല്ലത്ത് .സാരിയും ബ്ലൗസും മാറ്റി വന്നാൽ തിരിച്ചറിയില്ലെന്ന് കരുതിയോ 😄

ഈ കടന്നലുകൾക്കു ഇവിടെന്തു കാര്യം എന്ന് ചോദിക്കേണ്ട 😜😜😜

കൂടാതെ ചിത്രത്തിൽ രണ്ട് ചിത്രങ്ങളിലും പ്രവർത്തകയെ അടയാളപ്പെടുത്തിയിട്ടുണ്ട് ഇത് രണ്ടും ഒരാൾ തന്നെയാണ് എന്നാണ് പോസ്റ്റിലൂടെ ഉന്നയിക്കുന്ന അവകാശവാദം.  ഫാക്റ്റ് ക്രെസണ്ടോ ഈ പ്രചരണത്തെ പറ്റി അന്വേഷിച്ചു. ഇത് തെറ്റായ പ്രചരണം മാത്രമാണെന്ന് കണ്ടെത്തുകയും ചെയ്തു 

വസ്തുത ഇതാണ് 

ഞങ്ങൾ ഇതുമായി ബന്ധപ്പെട്ട വാർത്തകൾ എടുത്തുനോക്കി. വാര്‍ത്തകളും വീഡിയോയും ലഭ്യമാണ്. ഇരു സന്ദർഭങ്ങളിലും നേതാക്കന്മാർക്ക് വേണ്ടി സംസാരിക്കുന്ന പ്രവർത്തകരായ രണ്ടു സ്ത്രീകളും ഒരാളല്ല, രണ്ടുപേർ തന്നെയാണെന്ന് വാർത്ത നൽകിയ ചാനലുകളിലെ ദൃശ്യങ്ങൾ പരിശോധിച്ചാൽ തന്നെ അനായാസം മനസ്സിലാകും. 

ഉമ്മൻചാണ്ടിക്ക് വേണ്ടി പുതുപ്പള്ളിയിൽ സംസാരിച്ചത് സൂസൻ ചാണ്ടി എന്ന പ്രവർത്തകയാണ്.  അവർ  പുതുപ്പള്ളി പഞ്ചായത്ത് പത്താം വാര്‍ഡിലെ  മെമ്പറാണ്. ഇങ്ങനെ ഒരു പ്രചരണം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി എന്നതിന് അവർ ഫാക്റ്റ് ക്രെസണ്ടോയ്ക്ക്  അയച്ചുതന്ന വീഡിയോയാണ് ഇവിടെ നൽകിയിട്ടുള്ളത്.  

വർഷങ്ങളായി കോൺഗ്രസ് പ്രവർത്തകയായ സൂസന്‍ ചാണ്ടി താനല്ല കൊല്ലത്ത് ബിന്ദു കൃഷ്ണയ്ക്ക് വേണ്ടി സംസാരിച്ചത് എന്നും പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടി തന്നെ സ്ഥാനാര്‍ഥിയായി വരണമെന്ന കാര്യം മാത്രമാണ് പറഞ്ഞതെന്നും വീഡിയോയില്‍ വ്യക്തമായി പറയുന്നു. ഞങ്ങളുടെ പ്രതിനിധിയോടും ഇക്കാര്യം അവര്‍ വ്യക്തമാക്കി. സാമൂഹ്യ മാധ്യമങ്ങളില്‍ വെറും ദുഷ് പ്രചാരണമാണ് നടത്തുന്നതെന്നും അവര്‍ അറിയിച്ചു. 

ഉമ്മന്‍ ചാണ്ടിയുടെ പെഴ്സണല്‍ സ്റാഫ് അംഗം പി ടി ചാക്കോയുമായി പ്രചരണത്തെ കുറിച്ച് ചര്‍ച്ച ചെയ്തപ്പോള്‍ അദ്ദേഹം നല്‍കിയ വിശദീകരണം ഇതാണ്: “ഈ പോസ്റ്റിലെ പ്രചാരണത്തില്‍ പറയുന്ന പ്രവര്‍ത്തക ഇവിടുത്തെ ഒരു പഞ്ചായത്ത് മെമ്പറാണ്. കൊല്ലത്ത് പ്രതിഷേധിച്ചത് അവരാണ് എന്നതൊക്കെ വെവ്രും വ്യാജ പ്രചരണമാണ്.”

തുടർന്ന് ഞങ്ങൾ കൊല്ലത്ത് ബിന്ദു കൃഷ്ണയ്ക്ക് വേണ്ടി സംസാരിച്ച പ്രവർത്തകയുമായി സംസാരിച്ചു.  ഇവരുടെ പേര് ബ്രിജിത് എന്നാണ്.  പള്ളിത്തോട്ടം ബ്രിജിത്എന്ന പേരിൽ അറിയപ്പെടുന്ന ഇവർ മത്സ്യത്തൊഴിലാളി ആണ്. കൊല്ലം മുണ്ടയ്ക്കല്‍ പള്ളിതോട്ടം നേതാജി നഗര്‍  ആണ് ബ്രിജിത് താമസിക്കുന്നത്. മത്സ്യ കച്ചവടമാണ്  അവരുടെ ഉപജീവനമാർഗ്ഗം. മത്സ്യത്തൊഴിലാളി കോൺഗ്രസിന്‍റെ സെക്രട്ടറിയാണ്. കൂടാതെ മഹിളാ കോൺഗ്രസിന് ജില്ലാ സെക്രട്ടറിയുമാണ് ബ്രിജിത്. 

ചെറുപ്പകാലം മുതൽ പാർട്ടി പ്രവർത്തകയായി പ്രവർത്തിക്കുന്ന ബ്രിജിത്ത് പറഞ്ഞത് ഇങ്ങനെയാണ്:  ഞാൻ ഒരു മത്സ്യത്തൊഴിലാളിയാണ്. ബിന്ദു കൃഷ്ണ തന്നെ ഇവിടെ സ്ഥാനാർത്ഥിയായി വേണമെന്ന് ഡി സി സി  ഓഫീസില്‍ പ്രതിഷേധം ഉയര്‍ത്തിയത് ഞങ്ങളാണ്. അതിനു കാരണം ബിന്ദു കൃഷ്ണ  ഞങ്ങൾക്ക് നാളുകളായി ചെയ്തു തരുന്ന പിന്തുണയും സ്നേഹവും കൊണ്ടാണ്.  ഞങ്ങൾക്ക് എന്താവശ്യമുണ്ടെങ്കിലും അവിടെ ഓടിയെത്താൻ ബിന്ദുകൃഷ്ണ മടി കാണിച്ചിട്ടില്ല.  ഏത് ആവശ്യം എപ്പോൾ വേണമെങ്കിലും അവരോട്  ഞങ്ങൾക്ക് പറയാം.  അങ്ങനെയുള്ള ആളെ തന്നെയാണ് ഞങ്ങൾക്ക് സ്ഥാനാർത്ഥിയായി കണ്ടത്.  അതുകൊണ്ടാണ് പരസ്യമായി പ്രതിഷേധിച്ചത്.  പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിക്ക് വേണ്ടി സംസാരിച്ചത് ഞാനാണ് എന്ന് പ്രചരണം ഉണ്ടെന്നു ചിലര്‍ എന്നോട് പറഞ്ഞിരുന്നു. ചിത്രവും അവര്‍ കാണിച്ചു തന്നു. ശരിക്കും ഞാന്‍ പുതുപ്പള്ളി എന്ന് കേട്ടിട്ടേയുള്ളൂ. എവിടെയാണ് എന്നുപോലും എനിക്ക് അറിയില്ല. 

ബിന്ദു കൃഷ്ണ  വേണ്ടപ്പെട്ട ആളായത് കൊണ്ടാണ് അവര്‍ക്ക് വേണ്ടി സംസാരിച്ചത്. അല്ലാതെ മറ്റാര്‍ക്ക് വേണ്ടിയും ഒരിടത്തും ഒന്നും പറഞ്ഞിട്ടില്ല. അതൊക്കെ വെറും വ്യാജ പ്രചാരണങ്ങള്‍ മാത്രമാണ്. വാഹനാപകടത്തിൽ പരിക്കേറ്റ് കിടപ്പിലായ മകനെയും അവന്‍റെ കുടുംബത്തെയും സംരക്ഷിക്കാനാണ് ഞാനിപ്പോഴും മീന്‍ കച്ചവടം തൊഴിൽ ആക്കി കൊണ്ടുനടക്കുന്നത്. ഇപ്പോഴും ഞാന്‍ എന്‍റെ തൊഴില്‍ ചെയ്യുന്നതിനിടയില്‍ ആണ് സംസാരിക്കുന്നത്. തൊഴിലിന്‍റെ  പ്രത്യേകത മൂലം മറ്റൊരിടത്തും എനിക്ക് പോകാന്‍ തന്നെ സാധിക്കാറില്ല. എന്നെ പറ്റി സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചരണം തെറ്റാണെന്ന് പറയാന്‍ ഞാന്‍ ഈ അവസരം വിനിയോഗിക്കുകയാണ്‌.” 

ബിന്ദു കൃഷ്ണയോട് ഞങ്ങളുടെ പ്രതിനിധി സംസാരിച്ചപ്പോള്‍ അവര്‍ അറിയിച്ചത് ഇങ്ങനെയാണ്: ഈ പാര്‍ട്ടി പ്രവര്‍ത്തകര്‍ അവര്‍ക്ക് എന്നോടുള്ള സ്നേഹം കൊണ്ട് പ്രതിഷേധം നടത്തിയതാണ്. അവരെല്ലാം ഞാന്രിയുന്നവരാന്. ഇവിടുത്തെ മത്സ്യ തൊഴിലാളികളാണ് പ്രതിഷേധിച്ചവരില്‍ ഏറെയും. പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടി സാറിന്‍റെ വീട്ടില്‍ പ്രതിഷേധിച്ച പ്രവര്‍ത്തകയാണ് ഇവിടെയും പ്രതിഷേധിച്ചത് എന്നതൊക്കെ വെറും അടിസ്ഥാന രഹിതമായ ആരോപണമാണ്. ഈ പ്രചരണത്തിലുള്ള ബ്രിജിത് ഇവിടുത്തെ മുതിര്‍ന്ന കോണ്‍ഗ്രസ്സ് പ്രവര്‍ത്തകയാണ്.”

താഴെയുള്ള ചിത്രങ്ങളില്‍ ആദ്യത്തെത് പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ സ്ഥാനാര്‍ഥിത്വത്തിനു വേണ്ടി പ്രതിഷേധത്തില്‍ പങ്കെടുത്ത സൂസന്‍ ചാണ്ടിയുടെ ചിത്രവും രണ്ടാമത്തെത് കൊല്ലത്ത് ബിന്ദു കൃഷ്ണയുടെ സ്ഥാനാര്‍ഥിത്വത്തിനു വേണ്ടി പ്രതിഷേധത്തില്‍ പങ്കെടുത്ത ബ്രിജിതുമാണ്.

താഴെകൊടുത്തിരിക്കുന്ന വീഡിയോകൾ ശ്രദ്ധിക്കുക. 

ഈ രണ്ടു സ്ത്രീകളും തമ്മിൽ യാതൊരു സാമ്യവും ഇല്ല എന്ന് മാത്രമല്ല, വളരെയേറെ വ്യത്യാസമുണ്ട് എന്നും ഇവർ രണ്ടുപേരും വ്യത്യസ്തരായ രണ്ട് വ്യക്തികൾ ആണ് എന്നും മനസ്സിലാക്കാം 

പോസ്റ്റിലെ പ്രചരണം പൂർണ്ണമായും തെറ്റാണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട് 

നിഗമനം 

പോസ്റ്റർ പ്രചരണം പൂർണമായും തെറ്റാണ്. പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയെ തന്നെ സ്ഥാനാർത്ഥിയായി വേണമെന്ന് പ്രതിഷേധിച്ച  പ്രവർത്തകയും കൊല്ലത്ത് ബിന്ദുകൃഷ്ണ തന്നെ സ്ഥാനാർത്ഥിയായി വേണമെന്ന് പ്രതിഷേധിച്ച പ്രവർത്തകയും രണ്ട് വ്യക്തികളാണ് രണ്ടും ഒരാൾ തന്നെയാണ് എന്ന പ്രചരണം അസത്യമാണ്. 

Avatar

Title:കൊല്ലത്തും പുതുപ്പള്ളിയിലും ബിന്ദു കൃഷ്ണയ്ക്കും ഉമ്മൻചാണ്ടിക്കും വേണ്ടി വികാരഭരിരായി പ്രതിഷേധിച്ചത് ഒരാളല്ല,വ്യത്യസ്തരായ രണ്ടു വനിതാ പ്രവര്‍ത്തകരാണ്…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •