FACT CHECK : ഈ ഷോര്‍ട്ട് ഫിലിം അന്തരിച്ച വിഖ്യാത കൊറിയന്‍ ചലച്ചിത്രകാരന്‍ കിം കി ഡുക്കിന്‍റെതല്ല…

അന്തര്‍ദേശിയ൦ സാമൂഹികം

വിവരണം

ഹൃദയ സ്പര്‍ശിയായ കഥാ സന്ദര്‍ഭമുള്ള ഒരു ഷോര്‍ട്ട് ഫിലിം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സിനിമയുടെ കഥാസാരം ഇങ്ങനെ: കുട്ടി സ്കൂളില്‍ വൈകി എത്തുന്നു. അദ്ധ്യാപകന്‍ എന്താണ് നീ വൈകിയത് എന്ന്‍ ചോദിക്കുന്നു. അവന്‍ ഉത്തരം പറയുന്നില്ല.  സ്കൂളില്‍ വൈകിയെത്തുന്നതിന് അധ്യാപകന്‍റെ കൈയ്യില്‍ നിന്നും അവന്‍ പതിവായി ശിക്ഷ വാങ്ങുന്നുണ്ട്. കരച്ചില്‍ അടക്കി കുട്ടി പ്രായത്തെക്കാള്‍ കവിഞ്ഞ പക്വത കാട്ടുന്നു. എന്നാല്‍ ഒരു ദിനം അദ്ധ്യാപകന്‍ സൈക്കിളില്‍ യാത്രചെയ്യുമ്പോള്‍ കുട്ടി സ്കൂള്‍ വേഷത്തില്‍ തന്നെ  രോഗബാധിതയായ ബന്ധുവിനെ വീല്‍ ചെയറില്‍ ആശുപത്രി കെട്ടിടത്തില്‍ ആക്കിയ ശേഷം തിടുക്കപ്പെട്ട് സ്കൂളിലേയ്ക്ക് ഓടുന്ന കാഴ്ച കാണുന്നു.. അപ്പോഴാണ്‌ അധ്യാപകന് കുട്ടി ക്ലാസില്‍ എന്നും വൈകി എത്തുന്നതിനുള്ള കാരണം വ്യക്തമായത്.  അന്നും പതിവുപോലെ ശിക്ഷക്കായി കൈ നീട്ടിയ കുട്ടിയുടെ കൈയ്യില്‍ അദ്ധ്യാപകന്‍ തല്ലാന്‍ ഉപയോഗിക്കുന്ന സ്കെയില്‍ നല്‍കുകയും സ്വന്തം കൈവെള്ള അവന്‍റെ നേര്‍ക്ക് നീട്ടുകയും ചെയ്യുന്നു. അമ്പരന്നു നില്‍ക്കുന്ന കുട്ടിയുടെ കൈയ്യില്‍ അദ്ധ്യാപകന്‍ ചുംബിക്കുകയും ആശ്ലേഷിക്കുകയും ചെയ്യുന്നു.. ആരെയും അനാവശ്യമായി കുറ്റപ്പെടുത്തരുത്, എല്ലാ മനുഷ്യര്‍ക്കും അവരവരുടേതായ പ്രശ്നങ്ങള്‍ ഉണ്ടാകാം എന്ന്‍ എഴുതി കാണിക്കുന്നതോടെ സിനിമ പൂര്‍ത്തിയാകുന്നു.. 

archived linkFB post

വീഡിയോയുടെ കൂടെ പോസ്റ്റില്‍ നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്  ഇങ്ങനെയാണ്; ‘അന്തരിച്ച വിഖ്യാത സംവിധായകൻ കിം കി ഡുക്കിന്റെ 3 മിനിറ്റ് ദൈർഘ്യമുള്ള സിനിമ👆” ഇക്കഴിഞ്ഞ ദിവസം കോവിഡ് മൂര്‍ച്ചിച്ച് ലോകത്തോട് വിടപറഞ്ഞ വിഖ്യാത കൊറിയന്‍ സംവിധായകന്‍ കി കി ഡുക്കിന്‍റെ സിനിമയാണിത് എന്നാണ് പോസ്റ്റില്‍ അവകാശപ്പെടുന്നത്.

എന്നാല്‍ വാദം തെറ്റാണെന്നും യാഥാര്‍ത്ഥ്യം മറ്റൊന്നാണെന്നും ഫാക്റ്റ് ക്രെസന്റോ അന്വേഷത്തില്‍ കണ്ടെത്തി. വിശദാംശങ്ങള്‍ പങ്കുവയ്ക്കാം.

വസ്തുതാ വിശകലനം

ഞങ്ങള്‍ ഈ ഷോര്‍ട്ട് ഫിലിമിനെ കുറിച്ച് കൂടുതലറിയാന്‍ വീഡിയോ ഇന്‍വിഡ് വി വെരിഫൈ ഉപയോഗിച്ച്  വിവിധ കീ ഫ്രെയിമുകളായി വിഭജിച്ച ശേഷം പ്രസക്തമായ ഒരെണ്ണം എടുത്ത് റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കി. അപ്പോള്‍ ഈ വീഡിയോ പ്രസിദ്ധീകരിച്ചിരിക്കുന്ന ഒരു യുട്യുബ് ചാനല്‍ ലഭ്യമായി. വീഡിയോയില്‍ എല്‍വിസ് നാസി എന്ന് എഴുതിയിട്ടുണ്ട്. 

അതിനാല്‍ ഞങ്ങള്‍ ഈ കീ വേര്‍ഡ്സ് ഉപയോഗിച്ച് അന്വേഷണം നടത്തി. അപ്പോള്‍ അല്‍ബേനിയന്‍ സംവിധായകനായ എല്‍വിസ് നാസിയെ  കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചു. ഇതേ സിനിമ അദ്ദേഹം തന്‍റെ സ്വന്തം പേരിലുള്ള  യുട്യുബ് ചാനലില്‍  2020 മാര്‍ച്ച് 18 ന് അപ്ലോഡ് ചെയ്തിട്ടുണ്ട്. 

കൂടാതെ തന്‍റെ വെരിഫൈഡ്  ഫേസ്ബുക്ക് പേജിലും  ഈ ഷോര്‍ട്ട് ഫിലി അദ്ദേഹം അപ്ലോഡ് ചെയ്തിട്ടുണ്ട്. “The child who made the world cry – ലോകത്തെ കരയിച്ച കുട്ടി എന്ന പേരിലാണ് ഷോര്‍ട്ട് ഫിലിം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

അൽബേനിയയിലെ ഒരു ദൈവശാസ്ത്രജ്ഞനും ഇമാമും ആണ് എൽവിസ് നാസി”. ടിറാനയിലെ ടാന്നേഴ്സ് പള്ളിയിൽ (തബക് മോസ്ക്) പ്രവർത്തിക്കുന്ന ഇസ്ലാമിക് കമ്മ്യൂണിറ്റി ഓഫ് അൽബേനിയയിൽ ഇസ്ലാമിക പ്രസംഗത്തിന്റെ ഡയറക്ടറാണ് അദ്ദേഹം. ഫിർദിയസ് സാംസ്കാരിക ഫൌണ്ടേഷന്റെ സ്ഥാപകനും പ്രസിഡന്റുമാണ്. ഇങ്ങനെയുള്ള വിവരങ്ങള്‍ വിക്കിപീഡിയയില്‍ ലഭ്യമാണ്. 

കഴിഞ്ഞ ദിവസം അന്തരിച്ച ചലച്ചിത്രകാരന്‍ കിം കി ഡുക്കിന്റെ  സിനിമകളെ പറ്റിയുള്ള വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍  ലഭ്യമാണ്. അദ്ദേഹം ഷോര്‍ട്ട് സിനിമകള്‍ എടുത്തതായി അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. 

ഏതായാലും പോസ്റ്റില്‍ നല്‍കിയിരിക്കുന്ന ഷോര്‍ട്ട് ഫിലിം കിം കി ഡുക്കിന്‍റെതല്ല.  ആല്‍ബനിയയിലെ സംവിധായകനായ എൽവിസ് നാസിയുടെതാണ്. 

നിഗമനം

പോസ്റ്റില്‍ നല്‍കിയിരിക്കുന്ന വാര്‍ത്ത തെറ്റാണ്. ഈ ഷോര്‍ട്ട് ഫിലിമിന്‍റെ സംവിധായകന്‍ അന്തരിച്ച കൊറിയന്‍ ചലച്ചിത്രകാരനായ കിം കി ഡുക്ക്‌ അല്ല, ആല്‍ബെനിയന്‍ സംവിധായകനായ എൽവിസ് നാസിയാണ്.

Avatar

Title:ഈ ഷോര്‍ട്ട് ഫിലിം അന്തരിച്ച വിഖ്യാത കൊറിയന്‍ ചലച്ചിത്രകാരന്‍ കിം കി ഡുക്കിന്‍റെതല്ല…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •