
വിവരണം
Lady Media എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ജൂലായ് 2 മുതൽ ഒരു പോസ്റ്റ് പ്രചരിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. അഖിലേന്ത്യ നീറ്റ് പ്രവേശന പരീക്ഷയിൽ ഒന്നാം റാങ്ക് ലഭിച്ച ഒരു പെൺകുട്ടിയെ കുറിച്ചാണ് പോസ്റ്റ്. “നീറ്റ് പരീക്ഷയിലെ കേരളത്തിൽ ഒന്നാം റാങ്ക് ദിവ്യ ക്ക് ലഭിച്ചു , മെഡിക്കൽ പ്രവേശനത്തിന് സംസ്ഥാനത്ത് ഒന്നാം റാങ്കാണ് നിലമ്പൂർ ചുങ്കത്തറ കുറുമ്പലങ്ങോട് കണയൻകൈ പട്ടികവർഗ കോളനിയിലെ ദിവ്യ നേടിയത്.” എന്ന വിവരണത്തോടെ റാങ്ക് ലഭിച്ച ദിവ്യ എന്ന പെൺകുട്ടിയുടെയും അമ്മയുടെയും ചിത്രം പോസ്റ്റിൽ നൽകിയിട്ടുണ്ട്.

archived link | FB post |
അഖിലേന്ത്യ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് 2019 മെയ് 5 നായിരുന്നു നടത്തപ്പെട്ടത്. ജൂൺ 5 ന് ഫലം പ്രസിദ്ധീകരിക്കുകയും ചെയ്തു. പരീക്ഷയിൽ ഉയർന്ന റാങ്കിലെത്തപ്പെടുന്നവരിൽ കേരളത്തിലെ കുട്ടികൾ എല്ലായ്പ്പോഴും കുറവാണ്. എന്നാൽ സംസ്ഥാനത്ത് ഒന്നാം റാങ്ക് ലഭിച്ചു എന്ന് പോസ്റ്റിൽ പറയുന്ന ദിവ്യ എന്ന കുട്ടിയ്ക്ക് അഖിലേന്ത്യ തലത്തിൽ എത്രാമത്തെ റാങ്കാണ് ലഭിച്ചത്..? നമുക്ക് ഒന്ന് അന്വേഷിച്ചു നോക്കാം
വസ്തുതാ വിശകലനം
ഞങ്ങൾ വാർത്തയുടെ ചില കീ വേർഡ്സ് ഉപയോഗിച്ച് വാർത്തയുടെ വിശദാംശങ്ങൾ തിരഞ്ഞു. ഇതേ വാർത്ത പ്രമുഖ പ്രാദേശിക മാധ്യമങ്ങൾ നൽകിയിട്ടുണ്ട്. എന്നാൽ വാർത്തയ്ക്ക് ഒരു ഭേദഗതിയുണ്ട് എന്നുമാത്രം. സംസ്ഥാനത്തെ കാറ്റഗറി( പട്ടികജാതി) വിഭാഗത്തിൽ ഒന്നാം റാങ്കുകാരിയാണ് ദിവ്യ. രാജ്യത്തെ 29 ാം റാങ്കും കേരളത്തിലെ ഒന്നാം റാങ്കും നേടിയത് കൊച്ചി കടവന്ത്ര സ്വദേശി അതുൽ മനോജാണ് (688 / 720 ). കേരളത്തിൽ രണ്ടാമതെത്തിയ ഹൃദ്യ ലക്ഷ്മി (ദേശീയതലത്തിൽ 31 മത്തെ റാങ്ക് ) കാസർകോട് മധുർ–മന്നിപ്പാടി സ്വദേശിനിയാണ് 687/ 720). കേരളത്തിൽ മൂന്നാമതെത്തിയ വി.പി. അശ്വിൻ (686 മാർക്ക്, ദേശീയ തലത്തിൽ 33ാം റാങ്ക്) മലപ്പുറം താനൂർ കൂട്ടിലങ്ങാടിയിലാണ് താമസം.
വാർത്ത മനോരമഓൺലൈൻ 2019 ജൂൺ 7 ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

archived link | manoramaonline |
കാറ്റഗറി വിഭാഗത്തിൽ ഒന്നാം റാങ്ക് നേടിയ ദിവ്യയെപ്പറ്റിയുള്ള വാർത്ത മാതൃഭൂമി 2019 ജൂൺ 30 ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അഖിലേന്ത്യ തലത്തിൽ കാറ്റഗറി വിഭാഗത്തിൽ 778 മാറ്റത്തെ റാങ്കാണ് ദിവ്യയ്ക്ക് ലഭിച്ചത്. കേരളത്തിൽ ഇതേ വിഭാഗത്തിൽ ഒന്നാം റാങ്കും. വാർത്തയുടെ സ്ക്രീൻഷോട്ട് താഴെ കൊടുക്കുന്നു.

archived link | mathrubhumi |
കൂടാതെ സംസ്ഥാനതലത്തിൽ ഒന്ന് മുതൽ 10 വരെയുള്ള റാങ്കുകൾ ലഭിച്ച കുട്ടികളെ കുറിച്ചുള്ള വിവരങ്ങൾ സംസ്ഥാന പ്രവേശന പരീക്ഷ കമ്മീഷണറുടെ വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്.
താഴെയുള്ള ലിങ്ക് തുറന്ന് കാണാവുന്നതാണ്.
archived link | cee kerala |
ഞങ്ങളുടെ പരിശോധനയിൽ വ്യക്തമാകുന്നത് പോസ്റ്റിൽ നൽകിയിട്ടുള്ള വാർത്ത പൂർണ്ണമായും ശരിയല്ല എന്നാണ്. അതായത് നിലമ്പൂർ ചുങ്കത്തറ കുറുമ്പലങ്ങോട് കണയൻകൈ പട്ടികവർഗ കോളനിയിലെ ദിവ്യ എന്ന കുട്ടിയ്ക്ക് നീറ്റ് പരീക്ഷയിൽ സംസ്ഥാനത്ത് കാറ്റഗറി വിഭാഗത്തിലാണ് ഒന്നാം റാങ്ക് ലഭിച്ചത്. അല്ലാതെ പൊതു വിഭാഗത്തിലല്ല. പൊതു വിഭാഗത്തിൽ ഒന്നാം റാങ്ക് ലഭിച്ചത് കൊച്ചി കടവന്ത്രയിലെ അതുൽ മനോജ് എന്ന ആൺകുട്ടിയ്ക്കാണ്.
നിഗമനം
പോസ്റ്റിൽ നൽകിയിരിക്കുന്ന വിവരം പൂർണ്ണമായും ശരിയല്ല.അഖിലേന്ത്യ നീറ്റ് പരീക്ഷയിൽ സംസ്ഥാനത്ത് കാറ്റഗറി വിഭാഗത്തിലാണ് ദിവ്യയ്ക്ക് ഒന്നാം റാങ്ക് ലഭിച്ചത്. പൊതു വിഭാഗത്തിൽ ഒന്നാം റാങ്ക് ലഭിച്ചത് കൊച്ചിയിൽ നിന്നുമുള്ള അതുൽ മനോജ് എന്ന ആണ്കുട്ടിയ്ക്കാണ്. അതിനാൽ ലേഖനത്തിൽ നൽകിയിട്ടുള്ള വസ്തുതകൾ പൂർണ്ണമായും മനസ്സിലാക്കിയ ശേഷം മാത്രം പോസ്റ്റിനോട് പ്രതികരിക്കാൻ മാന്യ വായനക്കാരോട് ഞങ്ങൾ അപേക്ഷിക്കുന്നു.

Title:നീറ്റ് പരീക്ഷ 2019 ൽ സംസ്ഥാനത്ത് ഒന്നാം റാങ്ക് ആർക്കാണ് …?
Fact Check By: Vasuki SResult: Mixture

ചിത്രം കടപ്പാട് : മാതൃഭൂമി