
വിവരണം
നോ ഹലാല്‍ ബോര്‍ഡുകള്‍ ഉയര്‍ത്തി ചില ഹിന്ദു സംഘടനകള്‍ ഹലാല്‍ ഭക്ഷണത്തിനെതിരെയുള്ള ക്യാംപെയ്നുമായി രംഗത്ത് വന്നിട്ടുള്ളതായി വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ നോ ഹലാല്‍ ക്യാംപെയ്ന്‍ സംഘടിപ്പിച്ചവര്‍ ഹോട്ടലില്‍ ബോര്‍ഡ് സ്ഥാപിക്കുന്ന ചിത്രവും ഇതിനോട് ചേര്‍ന്ന് പെപ്‌സികോയുടെ സെവന്‍ അപ്പ് എന്ന ശീതള പാനീയത്തിന്‍റെ ചിത്രവും ഇതിലെ ഹലാല്‍ ചിഹ്നവും ചേര്‍ത്താണ് പ്രചരണം. നോ ഹലാല്‍ ക്യാംപെയ്ന്‍ നടത്തുന്നവര്‍ വില്‍ക്കുന്ന സെവനപ്പില്‍ തന്നെ ഹലാല്‍ ചിഹ്നമുണ്ടെന്നാണ് പ്രചരണം. മുഫീദ ബീമാപ്പള്ളി എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് 517ല്‍ അധികം റിയാക്ഷനുകളും 356ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.
എന്നാല്‍ ഇന്ത്യയില്‍ ലഭ്യമാകുന്ന സെവന്‍ അപ്പ് ബോട്ടിലുകളില്‍ ഹലാല്‍ ചിഹ്നമുണ്ടോ? പ്രചരണത്തിന് പിന്നിലുള്ള വസ്‌തുത പരിശോധിക്കാം.
വസ്‌തുത വിശകലനം
ഇന്ത്യയില്‍ ലഭിക്കുന്ന സെവന്‍ അപ്പ് ബോട്ടിലുകളില്‍ ഇത്തരത്തില്‍ ഹലാല്‍ സെര്‍ട്ടിഫിക്കേഷന്‍ ലോഗോ പതിപ്പിച്ചിട്ടുണ്ടോയെന്ന് അറിയാന്‍ സെവന്‍ അപ് വിപണയില്‍ എത്തിക്കുന്ന പെപ്‌സികോയുമായി ഞങ്ങളുടെ പ്രതിനിധി ഇമെയില്‍ വഴി ബന്ധപ്പെട്ടു. പെപ്‌സികോ ഞങ്ങള്‍ക്ക് നല്‍കിയ മറുപടി ഇങ്ങനെയാണ്. പ്രചരിക്കുന്ന ചിത്രത്തിലുള്ളത് എഡിറ്റ് ചെയ്ത് ചേര്‍ക്കപ്പെട്ട ലോഗോയാണ്. ഇതിന് പെപ്‌സികോയും സെവന്‍ അപ്പുമായി യാതൊരു ബന്ധവുമില്ല. അതുകൊണ്ട് തന്നെ ഇതൊരു വ്യാജ ചിത്രവും വ്യാജ പ്രചരണവുമാണ്.
സെവന്‍ അപ്പ് ക്യാനും കുപ്പിയും പരിശോധിച്ചതില്‍ നിന്നും ഇത്തരത്തിലൊരു ഹലാല്‍ ലോഗോ ഇതിലില്ലെന്ന് ഞങ്ങള്‍ സ്ഥിരീകരിക്കുകയും ചെയ്തു.
പെപ്സിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ ഫ്രിക്വന്‍റ്ലി ആസ്ക്ട് ക്വസ്റ്റ്യന്‍സ് വിഭാഗത്തില്‍ ഹലാലിനെ കുറിച്ച് അവര്‍ വിശദീകരിച്ചിട്ടുണ്ട്. ഡയറ്റ്, ഹലാല്‍ തുടങ്ങിയ പരസ്യ വാചകങ്ങളോ ചേരുവകളോ ഇല്ലാതെയാണ് പെപ്‌സിയുടെ പ്രൊഡെക്ടുകള്‍ നിര്‍മ്മിക്കുന്നതെന്ന് ഇതില്‍ വ്യക്താമാക്കിയിട്ടുണ്ട്-
നിഗമനം
പെപ്‌സികോ ഇന്ത്യ തന്നെ പ്രചരണം വ്യാജമാണെന്നും ചിത്രം എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നതാണെന്നും വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് സമൂഹമാധ്യമങ്ങളിലെ പ്രചരണം വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Title:സെവന്‍ അപ്പ് കുപ്പിയില്‍ ഹലാല്‍ ചിഹ്നമുണ്ടോ? സമൂഹമാധ്യമങ്ങളിലെ പ്രചരണത്തിന് പിന്നിലെ വസ്‌തുത ഇതാണ്..
Fact Check By: Dewin CarlosResult: False
