
വിവരണം
നിയമസഭയിൽ സ്വതന്ത്ര ബ്ലോക്കായി ഇരിക്കുമെന്ന് രമ
അപ്പോ വോട്ട് കൊടുത്ത യൂഡീഎഫുകാർ ആരായി… എന്ന തലക്കെട്ട് നല്‍കി 24 ന്യൂസ് മലയാളം ചാനലിന്‍റെ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് സഹിതം ഒരു പോസ്റ്റ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. ഞാന്‍ ജയിച്ചത് എന്‍റെ കഴിവുകൊണ്ട്. സ്വതന്ത്ര ബ്ലോക്കായി നിയമസഭയില്‍ ഇരിക്കുമെന്ന് കെ.കെ.രമ പറഞ്ഞു.. എന്നതാണ് വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടിലും നല്‍കിയിരിക്കുന്നത്. ബുഹാരി ഷംസുദ്ദീന്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്.

എന്നാല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ തന്‍റെ സ്വന്തം കഴിവുകൊണ്ടാണ് ജയിച്ചതെന്ന് രമ പറഞ്ഞിട്ടുണ്ടോ? രമ ഇത്തരം ഒരു പ്രസ്താവന നടത്തിയതായി 24 ന്യൂസ് നല്‍കിയ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് തന്നെയാണോ പ്രചരിക്കുന്നത്? സ്വതന്ത്ര ബ്ലോക്കായി ഇരിക്കുമെന്ന് പറഞ്ഞതിന് പ്രതിപക്ഷവുമായി സഹകരിക്കില്ലെന്ന് അര്‍ത്ഥമുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
നിയമസഭ തെരഞ്ഞെടുപ്പില്‍ വടകര നിയോജക മണ്ഡലത്തില്‍ നിന്നും വിജയിച്ച് എംഎല്‍യായ വ്യക്തിയാണ് കെ.കെ.രമ. യുഡിഎഫ് പിന്തുണയോടെ മത്സരിച്ചു എന്നല്ലാതെ യുഡിഎഫ് സ്വതന്ത്രയായിരുന്നില്ല രമ. മറ്റ് സ്ഥാനാര്‍ത്ഥികളെ വടകരയില്‍ മത്സരിപ്പിക്കാതെയാണ് വടകരയില്‍ രമയെ യുഡിഎഫ് പിന്തുണച്ചത്. എന്നാല്‍ ഇപ്പോള്‍ രമ പ്രതിപക്ഷവുമായി സഹകരിക്കില്ലെന്ന തരത്തിലുള്ള പ്രചരണങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത്. ഇതിന്‍റെ സത്യാവസ്ഥയറിന്‍ പ്രചരിക്കുന്ന 24 ന്യൂസിന്‍റെ സ്ക്രീന്‍ഷോട്ടിലെ വാചകങ്ങള്‍ തന്നെ ഉപയോഗിച്ച് ഫെയ്‌സ്ബുക്കില്‍ ഞങ്ങള്‍ സെര്‍ച്ച് ചെയ്ത് നോക്കി. 24 ന്യൂസ് മെയ് 24ന് അവരുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ച വാര്‍ത്തയുടെ ലിങ്കും കൂടാതെ ഇതെ വാര്‍ത്തയുടെ വീഡിയോയും ഞങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞു. ഇവയില്‍ രണ്ടിലും 24 ന്യൂസിന്‍റെ സ്ക്രീന്‍ഷോട്ട് എന്ന പേരില്‍ പ്രചരിപ്പിക്കുന്ന പോസ്റ്റിലെ തലക്കെട്ടല്ല യഥാര്‍ത്ഥത്തിലുള്ളതെന്നതാണ് വസ്‌തുത. പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്ന സ്ക്രീന്‍ഷോട്ടിന്‍റെ യഥാര്‍ത്ഥ വാര്‍ത്തയില്‍ 24 ന്യൂസ് നല്‍കിയിരിക്കുന്ന തലക്കെട്ട് ഇപ്രകാരമാണ് തെരുവില്‍ വീണ ചോരയുടെയും കേരളത്തിലെ ജനാധിപത്യ വിശ്വാസികളുടെയും അഭിമാന നിമിഷമാണിത്.. പിന്നീട് നിയമസഭയില്‍ സ്വതന്ത്ര ബ്ലോക്കായി ഇരുക്കുമെന്ന് കെ.കെ.രമ പറഞ്ഞ വാക്കുകളാണ് വാര്‍ത്തയുടെ പ്രധാന തലക്കെട്ടായി നല്‍കിയിരിക്കുന്നത്.
വാര്‍ത്തയുടെ വീഡിയോ പരിശോധിച്ചാല്‍ 24 ന്യൂസ് ചാനല്‍ റിപ്പോര്‍ട്ടറിനോട് രമ എംഎല്‍എ ആയതിന് ശേഷമുള്ള പ്രതികരണം നല്‍കുന്നതാണ് വാര്‍ത്ത. നിയമസഭയില്‍ എന്ത് നിലപാട് ആയിരിക്കും സ്വീകരിക്കുന്നതെന്ന റിപ്പോര്‍ട്ടറിന്‍റെ ചോദ്യത്തിനുള്ള മറുപടിയായി രമ പറഞ്ഞതിങ്ങനെയാണ്-
“നിയമസഭയില്‍ പ്രത്യേകം ബ്ലോക്കായി തന്നെയാണ് ഇരിക്കുന്നത്. ആര്‍എംപി പ്രതിനിധിയായി തന്നെയാണ് ഇരിക്കുന്നത്. അതോടൊപ്പം പ്രതിപക്ഷത്തിന്‍റെ കൂടെ ചില വിഷയങ്ങളുടെ അടിസ്ഥാനത്തില്‍ എടുക്കേണ്ട നിലപാടില്‍ അവരുടെ കൂടെ തന്നെ നില്‍ക്കും. ഏറ്റവും ശക്തമായ ക്രിയാത്മകമായ പ്രതിപക്ഷമായി തന്നെ പ്രവര്‍ത്തിക്കും. യുഡിഎഫ് എന്ന വലിയ കക്ഷിയുടെ ശക്തമായ പിന്തുണയിലാണ് മത്സരിച്ച് ജയിച്ചതെന്നും“ കെ.കെ.രമ പറഞ്ഞു.
രമയുടെ വാചകങ്ങളില്‍ എവിടെയും പ്രതിപക്ഷവുമായി സഹകരിക്കില്ലെന്നോ താന്‍ സ്വന്തം കഴിവുകൊണ്ടാണ് തെരഞ്ഞെടുപ്പില്‍ ജയിച്ചതെന്നോ പറഞ്ഞിട്ടില്ലെന്ന് വ്യക്തമായി കഴിഞ്ഞു. പ്രചരിക്കുന്നത സ്ക്രീന്‍ഷോട്ടും എഡിറ്റടാണെന്നും വ്യക്തം.
ഫെയ്‌സ്ബുക്ക് കീ വേര്‍ഡ് സെര്‍ച്ച് റിസള്‍ട്ട്-

വാര്‍ത്തയുടെ വീഡിയോ-
നിഗമനം
തന്‍റെ കഴിവ് കൊണ്ടാണ് നിയമസഭ തെരഞ്ഞെടുപ്പില്‍ ജയിച്ചതെന്ന് കെ.കെ.രമ പറഞ്ഞു എന്ന തലക്കെട്ട് നല്‍കി 24 ന്യൂസ് ഒരു വാര്‍ത്ത അവരുടെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടില്ല. തെരുവില്‍ വീണ ചോരയുടെയും കേരളത്തിലെ ജനാധിപത്യ വിശ്വാസികളുടെയും അഭിമാന നിമിഷമാണിത് എന്ന തലക്കെട്ട് ഫോട്ടോ എഡിറ്റിങിലൂടെ മാറ്റിയാണ് പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ട് നിര്‍മ്മിച്ചിരിക്കുന്നതെന്ന് കണ്ടെത്താന്‍ കഴിഞ്ഞു. കൂടാതെ 24 ന്യൂസ് റിപ്പോര്‍ട്ടറിനോട് പ്രതിപക്ഷത്തിനൊപ്പം നില്‍ക്കുമ്പോള്‍ തന്നെ ആര്‍എംപി എന്ന പാര്‍ട്ടിയുടെ പ്രതിനിധിയായിട്ടാണ് നിയമസഭയില്‍ ഇരിക്കുന്നതെന്നും രമ പറയുന്നു. യുഡിഎഫ് പിന്തുണയോടെ വിജയിച്ച ആര്‍എംപി സ്ഥാനാര്‍ത്ഥിയായിരുന്ന കെ.കെ. രമ ശക്തമായ പ്രതിപക്ഷമയി തന്നെ ക്രിയാത്മകമായി നിലപാടുമായി മുന്നോട്ട് പോകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇതിനെ ദുര്‍വ്യാഖ്യാനിച്ചാണ് ഇപ്പോള്‍ തെറ്റായ തല്കെട്ട് നല്‍കി സമൂഹമാധ്യമങ്ങളില്‍ പ്രചരണം നടക്കുന്നതെന്ന് തന്നെ അനുമാനിക്കാം.

Title:കെ.കെ.രമ യുഡിഎഫിനെ തള്ളി പറഞ്ഞു എന്ന പ്രചരണം തെറ്റ്.. വാക്കുകള്‍ ദുര്‍വ്യാഖ്യാനിച്ചത്.. വസ്‌തുത അറിയാം..
Fact Check By: Dewin CarlosResult: Missing Context
