പോക്‌സോ കേസില്‍ വെങ്കിടാചലത്തെ പോലീസ് അറസ്റ്റ് ചെയ്തു എന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

സാമൂഹികം

വിവരണം

മൃഗസ്നേഹിയും മൃഗസംരക്ഷണ കൂട്ടായിമയുടെ ഭാരവാഹിയുമായ വി.കെ.വെങ്കിടാചലവുമായി ബന്ധപ്പെട്ട ഒരു പ്രചരണമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. 5 വയസുകാരനെ പ്രകൃതിവരുദ്ധ പീഡനത്തിന് ഇരയാക്കിയ തൃശൂര്‍ സ്വദേശി വെങ്കിടചലത്തെ തൃശൂര്‍ ഈസ്റ്റ് പോലീസ് ഇന്ന് അറസ്റ്റ് ചെയ്തു. എന്ന് ഏഷ്യാനെറ്റ് വാര്‍ത്ത നല്‍കിയെന്ന പേരിലാണ് സ്ക്രീന്‍ഷോട്ട് പ്രചരിക്കുന്നത്. വാട്‌സാപ്പിലാണ് കൂടുതലായി സ്ക്രീന്‍ഷോട്ട് പ്രചരിക്കുന്നത്. ഫെയ്‌സ്ബുക്കില്‍ ഇതെ പോസ്റ്റ് രാഹുല്‍ വി.നായര്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്നത് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Screenshot 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ വെങ്കിടാചലത്തെ പോലീസ് പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തിട്ടുണ്ടോ? ഏഷ്യാനെറ്റ് ഇത്തരത്തിലൊരു വാര്‍ത്ത നല്‍കിയിട്ടുണ്ടോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

ആദ്യം തന്നെ ഏഷ്യാനെറ്റ് ന്യൂസ് വെബ്‌ഡെസ്കുമായി ‍ഞങ്ങള്‍ ബന്ധപ്പെട്ട് വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടിനെ കുറിച്ച് അന്വേഷിച്ചു. എന്നാല്‍ അവര്‍ ഇത്തരത്തിലൊരു വാര്‍ത്ത നല്‍കിയിട്ടില്ലെന്നും വ്യാജ സ്ക്രീന്‍ഷോട്ടാണ് ഏഷ്യാനെറ്റ് ന്യൂസിന്‍റെ പേരില്‍ പ്രചരിക്കുന്നതെന്നും വെബ്‌ഡെസ്ക് പ്രതിനിധി മറുപടി നല്‍കി.

വെങ്കിടചലം വി.കെ എന്ന ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ പരിശോധിച്ചതില്‍ നിന്നും അദ്ദേഹത്തിന്‍റെ പ്രതികരണവും ഒരു  വീഡിയോയായി പങ്കുവെച്ചിരിക്കുന്നതും കണ്ടെത്താന്‍ കഴിഞ്ഞു. പൂരത്തിന് ആനയെ എഴുനള്ളിക്കുന്നതും ആനകളെ ദ്രോഹിക്കുന്നതിനും എതിരെ പ്രതികരിക്കുന്നതിനാല്‍ ഉത്സവ മാഫിയകളാണ് തനിക്കെതിരെ വ്യാജ പ്രചരണം നടത്തുന്നതെന്നാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. കൂടാതെ ഏഷ്യാനെറ്റ് ന്യൂസിന്‍റെ പേരില്‍ തനിക്കെതിരെ വ്യാജ വാര്‍ത്ത സ്ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചവര്‍ക്കെതിരെ തൃശൂര്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനിലും തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കിയതായും വെങ്കിടാചലം വീഡിയോയില്‍ പറഞ്ഞു.

സംഭവത്തെ കുറിച്ച് വെങ്കിടാചലത്തിന്‍റെ പ്രതികരണം-

നിഗമനം

ഏഷ്യാനെറ്റ് ന്യൂസിന്‍റെ ലോഗോ ദുരുപയോഗം ചെയ്ത് വെങ്കിടാചലം എന്ന വ്യക്തിക്കെതിരെ വ്യാജ പ്രചരണമാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതെന്ന് ഇതോടെ വ്യക്തമായി കഴിഞ്ഞു. ഏഷ്യാനെറ്റും ഇത് വ്യാജ പ്രചരണമാണെന്നും അവര്‍ ഇത്തരത്തിലൊരു വാര്‍ത്ത നല്‍കിയിട്ടില്ലെന്നും ഞങ്ങളോട് പറഞ്ഞു. കൂടാതെ വെങ്കിടാചലവും വ്യാജ പ്രചരണത്തിനെതിരെ പോലീസിനെ സമീപിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:പോക്‌സോ കേസില്‍ വെങ്കിടാചലത്തെ പോലീസ് അറസ്റ്റ് ചെയ്തു എന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

Fact Check By: Dewin Carlos 

Result: False