
വിവരണം
സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നതോടെ ലോക്‌ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തുന്നത്. വാരാന്ത്യ ലോക്‌ഡൗണും രാത്രികാല കര്‍ഫ്യുവും ഇപ്പോള്‍ തന്നെ നടപ്പിലാക്കി കഴിഞ്ഞു. എ,ബി,സി ക്യാറ്റഗറികള്‍ തിരിച്ചാണ് വ്യാപനത്തിന്‍റെ തീവ്രത അനുസരിച്ച് ജില്ലകളെ തരംതിരിച്ച് മറ്റ് നിയന്ത്രണങ്ങളില്‍ ഏര്‍പ്പെടുത്തുന്നത്. ഇതിനിടയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ കുറിച്ചുള്ള മാര്‍ഗരേഖകളും പുറത്ത് വന്നിരുന്നു. സ്കൂളുകള്‍ ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ അടച്ചിരുന്നു. എന്നാല്‍ കോളജുകളില്‍ ക്ലാസുകള്‍ നടക്കുന്നുണ്ട്. ഇതിനിടയിലാണ് മനോരമ ന്യൂസ് കോവിഡ് നിയന്ത്രണത്തെ തുടര്‍ന്ന് കോളജിന്‍റെ പ്രവര്‍ത്തി സമയത്തെ കുറിച്ച് ഒരു വാര്‍ത്ത നല്‍കി എന്ന പേരില്‍ ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയ. സംസ്ഥാനത്തെ കോളേജുകള്‍ വൈകിട്ട് ആറ് മുതല്‍ രാവിലെ ആറ് വരെ അടച്ചിടുമെന്ന് മനോരമ ന്യൂസ് വാര്‍ത്ത നല്‍കിയെന്ന പേരിലാണ് അവരുടെ ലോഗോ സഹിതമുള്ള ഒരു സക്രീന്‍ഷോട്ട് മാതൃക പ്രചരിക്കുന്നത്.
പിണറായി വിജയന്‍ ഫോര്‍ കേരള എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 736ല്‍ അധികം റിയാക്ഷനുകളും 171ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

എന്നാല്‍ യഥാര്‍ത്ഥത്തില്‍ മനോരമ ന്യൂസ് നല്‍കിയ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് തന്നെയാണോ ഇത്തരത്തില്‍ പ്രചരിക്കുന്നത്? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
ആദ്യം തന്നെ വാര്‍ത്തയിലെ വാചകങ്ങളിലെ കീവേര്‍ഡ് ഉപയോഗിച്ച് ഗൂഗളില്‍ സെര്‍ച്ച് ചെയ്തതില്‍ നിന്നും ഇത്തരത്തിലൊരു വാര്‍ത്ത മനോരമയോ മറ്റ് ഏതെങ്കിലും മാധ്യമങ്ങളോ നല്‍കിയതായി കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് മനോരമ ന്യൂസിന്‍റെ വെബ്‌സൈറ്റിലും പരിശോധിച്ചെങ്കിലും ഈ വാര്‍ത്ത കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍ ഞങ്ങളുടെ പ്രതിനിധി മനോരമ ന്യൂസിന്‍റെ ഓഫിസ് ആസ്ഥാനമായ അരൂരിലെ എംഎംടിവിയില്‍ ഫോണില്‍ ബന്ധപ്പെട്ട് വാര്‍ത്തയെ കുറിച്ച് അന്വേഷിച്ചു. മനോരമ ന്യൂസ് ഇത്തരത്തിലൊരു വാര്‍ത്ത നല്‍കിയിട്ടില്ലെന്നും മനോരമ ന്യൂസിന്‍റെ ലോഗോ ദുരുപയോഗം ചെയ്ത് എഡിറ്റ് ചെയ്ത് നിര്‍മ്മിച്ച വ്യാജ വാര്‍ത്തയാണിതെന്നും ഓഫിസ് പ്രതിനിധി പ്രതികരിച്ചു. അതുകൊണ്ട് തന്നെ മനോരമ ന്യൂസ് ഇത്തരത്തിലൊരു വാര്‍ത്ത നല്‍കിയിട്ടില്ലെന്നും പ്രചരണം വ്യാജമായി നിര്‍മ്മിച്ച സ്ക്രീന്‍ഷോട്ട് ഉപയോഗിച്ചാണെന്നതും വ്യക്തമാണ്.
നിഗമനം
മനോരമ ന്യൂസിന്‍റെ വെബ്സൈറ്റിലോ അവരുടെ ഫെയ്സ്ബുക്ക് പേജിലോ ഇത്തരത്തിലൊരു വാര്‍ത്ത അവര്‍ നല്‍കിയിട്ടില്ല. പ്രചരിക്കുന്നത് മനോരമ ന്യൂസിന്‍റെ പേരില്‍ നിര്‍മ്മിച്ച വ്യാജ സ്ക്രീന്‍ഷോട്ടാണെന്ന് അവരുടെ പ്രതിനിധി തന്നെ വ്യക്തമാക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:വൈകിട്ട് ‘ആറ് മുതല്‍ രാവിലെ ആറ് വരെ’ കോളജ് അടച്ചിടുമെന്ന് മനോരമ ന്യൂസ് വാര്‍ത്ത നല്‍കിയോ? പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ടിന് പിന്നിലെ വസ്‌തുത ഇതാണ്..
Fact Check By: Dewin CarlosResult: False
