FACT CHECK: ജാഥയില്‍ ബിജെപിക്കും ആർഎസ്എസിനും എതിരായി ‘സൈനികര്‍’ മുദ്രാവാക്യം മുഴക്കുന്ന വീഡിയോയുടെ സത്യാവസ്ഥ ഇതാണ്…

ദേശീയം

പ്രചരണം 

ഇക്കഴിഞ്ഞ ദിവസം മുതൽ സാമൂഹ്യമാധ്യമങ്ങളിൽ ഒരു വീഡിയോ വൈറലായി പ്രചരിക്കുന്നുണ്ട്. വീഡിയോയിൽ സൈനിക യൂണിഫോം ധരിച്ചവരും അല്ലാത്ത കുറേപ്പേരും ബിജെപിക്കും ആർഎസ്എസിനും എതിരായി ദേശീയ പതാക ഉയര്‍ത്തി ഹിന്ദിയിൽ മുദ്രാവാക്യം മുഴക്കി കൊണ്ട് മുന്നോട്ടു നീങ്ങുന്ന ദൃശ്യങ്ങളാണ് ഉള്ളത്. ബിജെപി ആർഎസ്എസ് ആളുകളെ വെടിവെച്ചു കൊല്ലണം എന്നാണ് മുദ്രാവാക്യത്തിന്‍റെ അർത്ഥം. 15 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വീഡിയോയുടെ ഒപ്പം നല്‍കിയിട്ടുള്ള അടിക്കുറിപ്പ് ഇങ്ങനെയാണ്: ഇപ്പോൾ സൈനികർ പോലും ബിജെപിക്കും ആർ‌എസ്‌എസിനുമെതിരായി വന്നിട്ടുണ്ട്,

പുൽവേമയിലെ 42 ജവാൻമാരെ കൊലക്കു കൊടുത്തവരെ നമ്മൾ മറന്നാലും സൈനികർക്ക്‌ മറക്കാൻ പറ്റില്ലല്ലോ

archived linkFB post

ഞങ്ങൾ ഞങ്ങൾ വീഡിയോയെ കുറിച്ച് കുറിച്ച് അന്വേഷിച്ചു. തെറ്റായ പ്രചരണമാണ് വീഡിയോ ഉപയോഗിച്ച് നടത്തുന്നതെന്ന് കണ്ടെത്തുകയും ചെയ്തു.  വിശദാംശങ്ങൾ പറയാം. 

വസ്തുത ഇങ്ങനെ 

ഞങ്ങൾ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോൾ പല ഭാഷകളിലും വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതായി കണ്ടു. പ്രസ്തുത വീഡിയോയിലെ മുദ്രാവാക്യങ്ങൾ എഡിറ്റ് ചെയ്ത് രൂപപ്പെടുത്തിയതാണ്. യഥാർത്ഥത്തിൽ ഇങ്ങനെയല്ല വീഡിയോയിലെ ജവാൻമാർ മുദ്രാവാക്യം മുഴക്കുന്നത്. ദേശദ്രോഹികളെ വെടിവെച്ചു കൊല്ലുക എന്നാണ് അവർ മുദ്രാവാക്യത്തിൽ പറയുന്നത്. അല്ലാതെ ബിജെപി, ആർഎസ്എസ് പ്രവർത്തകരെ പറ്റി യാതൊന്നും പറയുന്നില്ല. മറ്റൊരു റാലിയുടെ മുദ്രാവാക്യം എടുത്തു ഈ വീഡിയോയിൽ ചേർത്ത് പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്.

വൈറൽ വീഡിയോയിൽ ടിക് ടോക്ക് വീഡിയോ ആപ്ലിക്കേഷന്‍റെ വാട്ടർമാർക്ക് ഉണ്ട്, ഏതെങ്കിലും വീഡിയോ റെക്കോർഡു ചെയ്യുവാനും  അല്ലെങ്കിൽ ഏതെങ്കിലും പുതിയ ഓഡിയോ പഴയ വീഡിയോയുടെ ഒപ്പം  ചേർക്കുന്നതിനും അങ്ങനെ പുതിയ ഒരു വീഡിയോ രൂപപ്പെടുത്താനും  അനുവദിക്കുന്ന ഒരു വീഡിയോ നിർമ്മാണ അപ്ലിക്കേഷനാണ് ടിക് ടോക്ക് എന്ന് നമുക്ക് അറിയാം. ഇപ്രകാരം ടിക്ക് ടോക്കില്‍ എഡിറ്റ് ചെയ്ത് എടുത്തതാകാം പോസ്റ്റിലെ വീഡിയോ.

അന്വേഷണത്തിൽ, വൈറൽ വീഡിയോയില്‍ ഓഡിയോ എഡിറ്റ് ചെയ്ത് ചേര്‍ത്തതാണ് എന്ന് ഞങ്ങൾ കണ്ടെത്തി. എങ്ങനെയാണ് എന്ന് വച്ചാല്‍ അന്വേഷണത്തില്‍ രണ്ടു വീഡിയോകളാണ് ലഭിച്ചത്. രണ്ടിനും വ്യത്യസ്ത  ഓഡിയോകളാണ്. ഒരു വീഡിയോയില്‍ പോസ്റ്റിലെ  വീഡിയോയിലുള്ള അതേ ഓഡിയോ ഉണ്ട്, എന്നാൽ മറ്റൊന്നില്‍ ഓഡിയോ തികച്ചും വ്യത്യസ്തമാണ്. വൈറൽ വീഡിയോ എഡിറ്റുചെയ്‌തുവെന്നാണ് ഇതിനർത്ഥം. യഥാർത്ഥ ഓഡിയോ നീക്കംചെയ്‌തുവെന്നും മറ്റൊരു  ഓഡിയോ വീഡിയോയിൽ ചേർത്തിട്ടുണ്ടെന്നും വ്യക്തമാണ്.

വൈറൽ വീഡിയോയിൽ, നിരവധി വാഹനങ്ങള്‍ക്കിടയിലൂടെ പട്ടാളക്കാരുടെ പരേഡ് മുന്നോട്ടു നീങ്ങുന്നത് കാണാം. പക്ഷേ വീഡിയോയിൽ വാഹനങ്ങളുടെയോ ട്രാഫിക്കിന്‍റെയോ ശബ്ദമൊന്നും തന്നെ കേള്‍ക്കാനില്ല. എന്നാല്‍ യാഥാര്‍ത്ഥ വീഡിയോയില്‍ വാഹനങ്ങളുടെ ഹോണ്‍ ശബ്ദം വളരെ വ്യക്തമായി കേള്‍ക്കാം.

യഥാർത്ഥ വീഡിയോയിൽ, ബിജെപി വിരുദ്ധ ആർ‌എസ്‌എസ് മുദ്രാവാക്യങ്ങളൊന്നുമില്ല. പോസ്റ്റിൽ അവകാശപ്പെടുന്നതുപോലെ, ഇവര്‍ പട്ടാളക്കാരാണ് എന്നതിന് യാതൊരു സ്ഥിരീകരണവുമില്ല. യൂണിഫോം കൊണ്ട്, അവർ ഇന്ത്യൻ ആർമിയിലെ അംഗങ്ങളാണെന്ന് സ്ഥിരീകരിക്കാനാകില്ല. ഇത്തരത്തില്‍ പട്ടാളക്കാര്‍ ഒരു റാലി നടത്തിയെന്ന് തെളിയിക്കുന്ന ഒരു വാർത്താ റിപ്പോർട്ടും ഞങ്ങൾക്ക്‌ ലഭിച്ചിട്ടില്ല.

കപിൽ മിശ്രയ്ക്ക് ശേഷം ദില്ലി തിരഞ്ഞെടുപ്പ് റാലിയിൽ മോസ് അനുരാഗ് താക്കൂർ ‘ദേശ് കെ ഗദ്ദാരോം കോ …..’എന്ന മുദ്രാവാക്യം മുഴക്കുന്നു എന്നൊരു വാര്‍ത്ത മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. പലരും അനുരാഗ് താക്കൂറിന്‍റെ നടപടിയെ വിമര്‍ശിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചിരുന്നു. അതേ മുദ്രാവാക്യമാണ് യഥാര്‍ത്ഥ വീഡിയോയിലുള്ളത്.

യഥാർത്ഥ വീഡിയോ താഴെ  കാണാം: 2019 ഫെബ്രുവരി 17 ന് ടിക്ടോകില്‍ പോസ്റ്റ് ചെയ്ത വീഡിയോ ആണിത്.  

2020 മുതല്‍ പ്രചരിക്കുന്ന ഒരു വീഡിയോ എഡിറ്റ് ചെയ്ത് മറ്റൊരു ഓഡിയോ കൂട്ടിച്ചേര്‍ത്ത് പ്രചരിപ്പിക്കുകയാണ് എന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പുല്‍വാമ അക്രമണത്തില്‍ പ്രതിഷേധിച്ചു നടത്തിയ റാലി എന്ന പേരില്‍ സമാനമായ ചില വീഡിയോകള്‍ യുട്യൂബിലും  ഫെസ്ബുക്കിലും കാണാം. ടിക്ക് ടോകില്‍ നല്‍കിയ വീഡിയോയുടെ മറ്റു ഭാഗങ്ങള്‍ ആകാം ഇവ.

പ്രസ് ഇന്‍ഫോര്‍മേഷന്‍ ബ്യൂറോയുടെ വസ്തുത അന്വേഷണ വിഭാഗവും  പ്രചാരണത്തിന്റെ മുകളില്‍ അന്വേഷണം നടത്തി, റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. 

നിഗമനം 

പോസ്റ്റിലേത് എഡിറ്റഡ് വീഡിയോയാണ്. പഴയ ഒരു വീഡിയോയില്‍ മറ്റൊരു ഓഡിയോ എഡിറ്റ് ചെയ്ത് ചേര്‍ത്തശേഷം വ്യാജ പ്രചാരണത്തിന് ഉപയോഗിക്കുകയാണ്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:ജാഥയില്‍ ബിജെപിക്കും ആർഎസ്എസിനും എതിരായി ‘സൈനികര്‍’ മുദ്രാവാക്യം മുഴക്കുന്ന വീഡിയോയുടെ സത്യാവസ്ഥ ഇതാണ്…

Fact Check By: Vasuki S 

Result: Altered

  •  
  •  
  •  
  •  
  •  
  •  
  •  
  •