FACT CHECK: മുന്നിലും പിന്നിലും മുഖങ്ങളുള്ള എഡ്വേർഡ് മോർഡ്രെക്ക് എന്ന മനുഷ്യന്‍ വെറും കെട്ടുകഥ മാത്രമാണ്…

അന്തര്‍ദേശിയ൦ കൌതുകം

അഞ്ചിനു പകരം ആറ് വിരലുകളുമായി ജനിച്ചവർ, ഉടലുകള്‍ ഒട്ടിപ്പിടിച്ച സയാമീസ് ഇരട്ടകള്‍, രണ്ടു തലയുള്ള പശുക്കിടാവ്‌, അഞ്ചു കാലുള്ള പൂച്ച ഇതുപോലെയുള്ള  അപൂര്‍വമായ പ്രപഞ്ച സൃഷ്ടികളെ കുറിച്ച് ഇടയ്ക്ക് മാധ്യമങ്ങളിൽ വാര്‍ത്ത വരാറുണ്ട്. മുന്നിലും പിന്നിലുമായി രണ്ടു  മുഖമുള്ള ഒരു വ്യക്തിയെ കുറിച്ച് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ഒരു വാര്‍ത്ത പ്രചരിക്കുന്നുണ്ട്. 

പ്രചരണം 

പത്തൊമ്പതാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിൽ ജീവിച്ചിരുന്ന (Edward Mordrake) എഡ്വേർഡ് മോർഡ്രെക്ക് എന്ന വ്യക്തിയാണ് ഈ അപൂർവ സ്ഥിതിവിശേഷവുമായി ജനിച്ചത്. ഇംഗ്ലീഷ് പ്രഭു കുടുംബത്തിൽ ജനിച്ച എഡ്വേർഡ് അപൂർവ്വ കഴിവുകളുള്ള സംഗീതജ്ഞനായിരുന്നുവത്രേ. വാർത്ത പ്രചരിപ്പിക്കുന്ന വീഡിയോയിൽ എഡ്വേര്‍ഡ് മോർഡ്രെക്കിന്‍റെ ഇരുവശത്തും മുഖങ്ങളുള്ള വിചിത്രമായ തലയും പിന്നെ തലയോട്ടിയും കാണിക്കുന്നുണ്ട്. പ്രതിഭയായിരുന്ന മൊർഡ്രേക്ക് കരയുമ്പോള്‍  പുറകിലുള്ള മുഖം ചിരിക്കുകയായിരിക്കുമെന്നും ബന്ധുക്കള്‍ അടക്കം ആരെയും കാണാന്‍ വിസമ്മതിച്ച് അന്തര്‍മുഖനായി ജീവിച്ച മോർഡ്രെക്ക് 23മത്തെ വയസ്സില്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും അദ്ദേഹത്തിന്‍റെ  ജീവിതത്തെ കുറിച്ചുള്ള ഒരു ചെറിയ വിവരണം ശബ്ദസന്ദേശമായി നൽകിയിട്ടുണ്ട് . പ്രീയ വായനക്കാർ പ്രചരിക്കുന്ന  വീഡിയോ പൂർണ്ണമായും കണ്ടു നോക്കുക. 

archived linkFB post

ഞങ്ങൾ പ്രചരണത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ ഇതൊരു കെട്ടിച്ചമച്ച കഥയാണെന്നുള്ള കൃത്യമായ സൂചനകൾ ലഭിച്ചു.

വസ്തുത ഇങ്ങനെ 

റിവേഴ്സ് ഇമേജ് അന്വേഷണത്തില്‍, പോസ്റ്റില്‍ മോർഡ്രെക്കിന്‍റെതായി നല്‍കിയിട്ടുള്ള തല ജര്‍മ്മനിയിലെ ഹാംബർഗിലെ പനോപ്റ്റികം എന്ന  വാക്സ് മ്യൂസിയത്തിൽ നിന്നുള്ളതാണെന്ന് ഞങ്ങൾ കണ്ടെത്തി.

കാലാകാലങ്ങളായി പ്രചരിക്കുന്ന മോർഡ്രെക്കിന്‍റെ കഥയ്ക്ക് നിരവധി പതിപ്പുകളുണ്ട്. ചിലതിൽ മോർഡ്രെക്കിന്‍റെ പിന്നിലെ മുഖത്തെക്കുറിച്ചുള്ള വിവരണങ്ങളിൽ വ്യത്യാസമുണ്ട്. 2014 ൽ അമേരിക്കൻ ഹൊറർ സ്റ്റോറി എന്ന ടെലിവിഷൻ ഷോയുടെ രണ്ട് ഭാഗങ്ങളുള്ള എപ്പിസോഡിലും മോർഡ്രേക്ക് വിഷയമായിരുന്നു. 

ദി മ്യൂസിയം ഓഫ് ഹോക്സിലെ ഒരു ചരിത്രകാരൻ 2015 ൽ വാദിച്ചത്, ഈ കഥ 19 -ആം നൂറ്റാണ്ടിലെ സാഹിത്യ സൃഷ്ടിയാണെന്നും  ശാസ്ത്രീയമായ വിശ്വാസ്യത കുറവാണെന്നും ആയിരുന്നു. മാത്രമല്ല മോർഡ്രെക്കിന്‍റെ തലയോട്ടി (പോസ്റ്റിലെ വീഡിയോയില്‍ നല്‍കിയിട്ടുള്ള അതേ തലയോട്ടി) ഒരു കലാകാരന്‍റെ സൃഷ്ടി ആണ് എന്ന് തെളിയിക്കുന്ന ഒരു ലേഖനം ഞങ്ങള്‍ക്ക് ലഭിച്ചു. 

ന്യൂസ് വീക്കിന്‍റെ ലേഖന പ്രകാരം, സോഷ്യൽ മീഡിയയിലെ ചിത്രങ്ങളിൽ കാണുന്നത് മോർഡ്രേക്കിന്‍റെ യഥാർത്ഥ തലയോട്ടിയല്ല. മറിച്ച് ആർട്ടിസ്റ്റായ ഇവാർട്ട് ഷിൻഡ്ലർ സൃഷ്ടിച്ച ഒരു പേപ്പിയർ-മാഷേ ശിൽപമാണ്. “ആരും മൊർഡ്രെക്കിനെ ചെയ്തിട്ടില്ലെന്ന് കണ്ട് ഞാൻ അത്ഭുതപ്പെട്ടു, അതിനാൽ എനിക്ക് ഒരെണ്ണം ചെയ്യാൻ കഴിയുമെന്ന് ഞാൻ കരുതി,” ഷിൻഡ്ലർ ന്യൂസ് വീക്കിനോട് വിശദമാക്കിയതായി ലേഖനത്തിൽ പറയുന്നു. കൂടുതല്‍ സൃഷ്ടികളും മോര്‍ഡ്രേക്ക് ശില്പവും ഇവിടെ കാണാം.

1895 -ൽ ബോസ്റ്റൺ സൺഡേ പോസ്റ്റ് “റോയൽ സയന്റിഫിക് സൊസൈറ്റി” യിൽ വൈദ്യ രംഗത്തെ അത്ഭുതങ്ങളെ കുറിച്ച് ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. മൊർഡേക്ക്, എന്നാണ് ലേഖനത്തില്‍ പേരിന്‍റെ ഉച്ചാരണം. 

ഡോക്ടർമാരായ ജോർജ് എം. ഗോൾഡും വാൾട്ടർ എൽ.പൈലും ചേർന്ന് 1896 -ൽ പ്രസിദ്ധീകരിച്ച ഒരു മെഡിക്കൽ കേസ് സ്റ്റഡി ബുക്ക് ആയ ” അനോമലിസ് ആന്‍റ് കുരിയോസിറ്റിസ് ഓഫ് മെഡിസിൻ” (Anomolies and Curiosities of Medicine വൈദ്യരംഗത്തിന്‍റെ അപാകതകളും കൗതുകങ്ങളും) ലൂടെയാണ് മൊർഡ്രേക്കിന്‍റെ കഥയ്ക്ക് വിശ്വാസ്യതയും കുപ്രസിദ്ധിയും നേടിയത്. എന്നിരുന്നാലും, പത്രത്തിലെ ഒരു സാങ്കൽപ്പിക ലേഖനത്തിൽ നിന്ന് പകർത്തിയാണ് പുസ്തകം മൊർഡ്രേക്കിന്‍റെ കഥ ഉള്‍പ്പെടുത്തിയത്. പല ഡോക്കുമെന്‍ററികളും ചലചിത്രങ്ങളും മൊർഡ്രേക്കിന്‍റെ കഥയുമായി പുറത്തു വന്നിട്ടുണ്ട്. ഇതില്‍ നിന്നെല്ലാം എടുത്ത ചിത്രങ്ങളാണ് പോസ്റ്റിലെ വീഡിയോയില്‍ യഥാര്‍ത്ഥ മൊർഡ്രേക്കിന്‍റെത് എന്ന മട്ടില്‍ നല്‍കിയിരിക്കുന്നത്.

ഈ പ്രചാരണത്തെ കുറിച്ച് ഞങ്ങളുടെ ശ്രീലങ്കന്‍ ടീം ഒരു വര്‍ഷം മുമ്പ് വസ്തുത അന്വേഷണം നടത്തി വ്യാജ പ്രചരണമാണെന്ന് കണ്ടെത്തിയിരുന്നു. ലേഖനം താഴെ വായിക്കാം.

Man With An Extra Face At The Back Of His Head? Here’s The Truth!

നിഗമനം

പോസ്റ്റിലെ പ്രചരണം തെറ്റാണ്. എഡ്വേര്‍ഡ് മോർഡ്രെക്കിന്‍റെത് സാങ്കല്‍പ്പിക കഥയാണ്‌. വീഡിയോ ദൃശ്യങ്ങളില്‍ മോർഡ്രെക്കിന്‍റെതായി കാണിക്കുന്ന ചിത്രങ്ങളും തലയോട്ടിയും യഥാര്‍ത്ഥമല്ല.പലരും ഡോക്യുമെന്‍ററികളിലൂടെയും ചലച്ചിത്രങ്ങളിലൂടെയും നിറം നല്‍കിയ കലാസൃഷ്ടികളാണ് എഡ്വേര്‍ഡ് മോർഡ്രെക്കിന്‍റെ തലയുടെ രൂപമായി വീഡിയോയില്‍ നല്‍കിയിട്ടുള്ളത്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:മുന്നിലും പിന്നിലും മുഖങ്ങളുള്ള എഡ്വേർഡ് മോർഡ്രെക്ക് എന്ന മനുഷ്യന്‍ വെറും കെട്ടുകഥ മാത്രമാണ്…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •