ദുൽഖർ സൽമാൻ കൊണ്ടോട്ടിയിൽ സേവാഭാരതിയുടെ ക്യാമ്പ് സന്ദർശിച്ചോ..?

സാമൂഹികം

വിവരണം 

ശ്രീജിത്ത് പന്തളം എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും ഓഗസ്റ്റ് 14 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്കൊപ്പം നിൽക്കുന്ന സേവാഭാരതിക്ക് കരുത്തു പകർന്ന് ദുൽഖർ സൽമാൻ.?

കൊണ്ടോട്ടിയിൽ സേവാഭാരതി ക്യാമ്പിൽ നിന്നും ഭക്ഷണം കഴിക്കുന്ന ദുൽക്കർ…

ഇപ്പോൾ മനസിലായോ… കമ്മികളെ സംഘത്തിന്റെ ശക്തി…

പൂജനീയ ദുൽഖർ ജിക്ക് ശതകോടി പ്രണാമം…???” എന്ന അടിക്കുറിപ്പുമായി ചലച്ചിത്രതാരം ദുൽഖർ സൽമാൻ ചിലരൊടിപ്പം സദ്യ കഴിക്കുന്ന ചിത്രം പോസ്റ്റിൽ നൽകിയിട്ടുണ്ട്. ഒപ്പം സത്യം ജനങ്ങൾ തിരിച്ചറിയാൻ ഉള്ളതാണ്. കൊണ്ടോട്ടിയിൽ സേവാഭാരതി ക്യാമ്പിൽ നിന്നും ഭക്ഷണം കഴിക്കുന്ന ദുൽഖർ സൽമാൻ.അടുത്തുള്ള ഡിവൈഎഫ്ഐ ക്യാമ്പിൽ കയറാതെയാണ് ദുൽഖർ സേവാഭാരതി ക്യാമ്പിൽ എത്തിയത്. ജയ് സേവാഭാരതി.. ജയ് ജയ് ബിജെപി..” എന്ന വാചകങ്ങളും ഒപ്പം നൽകിയിട്ടുണ്ട്.

archived linkFB post

2019 ൽ കേരളത്തെ ബാധിച്ച പ്രളയത്തെ അതിജീവിച്ചവരിൽ ഏറെയും ഇപ്പോഴും പലയിടത്തും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുകയാണ്.സിനിമാ രംഗത്തും രാഷ്ട്രീയ രംഗത്തുമുള്ള പല പ്രമുഖരും ക്യാമ്പുകളിലേയ്ക്ക്  വേണ്ട സഹായങ്ങൾ എത്തിച്ചു നൽകുന്നതിൽ മുന്നിലുണ്ട്. ഇതിനിടയിൽ ചില ചലച്ചിത്ര നടന്മാർ ക്യാമ്പുകളിലെത്തി അവിടെ കഴിയുന്നവർക്കൊപ്പം ഭക്ഷണം കഴിക്കുന്നതായി വ്യാജ വാർത്തകൾ വന്നിരുന്നു. ഫഹദ് ഫാസിൽ ഇത്തരത്തിൽ ആലപ്പുഴയിലെ സേവാഭാരതി ക്യാമ്പിൽ പങ്കെടുത്തു എന്ന തരത്തിൽ വാർത്ത പ്രചരിച്ചതിനെ തുടർന്ന് ഞങ്ങൾ അതിന്റെ വസ്തുതാ അന്വേഷണം നടത്തിയിരുന്നു. ലേഖനം ഇവിടെ വായിക്കാം.

ആലപ്പുഴ സേവ ഭാരതി ദുരിതാശ്വാസ ക്യാമ്പിൽ ഫഹദ് ഫാസിൽ പങ്കെടുത്തോ..?

ഈ പോസ്റ്റും ഇത്തരത്തിൽ പ്രവചിക്കുന്ന ഒന്നാണോ അതോ ദുൽഖർ സൽമാൻ യഥാർത്ഥത്തിൽ കൊണ്ടോട്ടിയിലെ സേവാഭാരതി ക്യാമ്പിൽ എത്തിയിരുന്നോ..? നമുക്ക് വാർത്തയുടെ വസ്തുത അറിയാൻ ശ്രമിക്കാം 

വസ്തുതാ വിശകലനം 

ഞങ്ങൾ ഈ വാർത്ത ഓൺലൈനിൽ അന്വേഷിച്ചിട്ട് യാതൊരു ഫലങ്ങളും ലഭ്യമായില്ല. വർത്തമാന പത്രങ്ങളുടെ ഇ പേപ്പർ എഡിഷനിൽ പ്രാദേശിക പേജുകളിൽ ഏതിലെങ്കിലും വാർത്ത വന്നിട്ടുണ്ടോ എന്ന് ഞങ്ങൾ അന്വേഷിച്ചു. എന്നാൽ ദുൽഖർ സൽമാൻ കൊണ്ടോട്ടിയിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചതായി വാർത്ത ലഭ്യമായില്ല. തുടർന്ന് ഞങ്ങൾ കൊണ്ടോട്ടിയിലെ സേവാഭാരതി പ്രവർത്തകരുമായി ബന്ധപ്പെട്ടു. എന്നാൽ കൊണ്ടോട്ടിയിൽ സേവാഭാരതിക്ക് ക്യാമ്പുകളോ മറ്റു ദുരിതാശ്വാസ പ്രവർത്തനങ്ങളോ ഇതുവരെ ഇല്ല എന്നാണ് അവർ ഞങ്ങളെ അറിയിച്ചത്. തുടർന്ന് ഞങ്ങൾ കൊണ്ടോട്ടിയിലെ പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെട്ടു. “ഇവിടെ ഇത്തവണ പ്രളയം അത്രകണ്ട് ബാധിച്ചില്ല.  ചെറിയ തോതിൽ മാത്രമേ ഇവിടെ ക്യാമ്പുകൾ തുറന്നുള്ളു. നാശനഷ്ടം ഇവിടെയല്ല  നിലംബൂർ ഭാഗത്തൊക്കെ ആയിരുന്നു കൂടുതലും. കഴിഞ്ഞതവണത്തെ വെള്ളപ്പൊക്കം ഇത്തവണത്തേക്കാളേറെ ഇവിടെ ബാധിച്ചിരുന്നു.” ഇതാണ് അവിടെ നിന്നും ഞങ്ങൾക്ക് ലഭിച്ച വിവരം.

തുടർന്ന് ദുൽഖർ സല്‍മാനിന്‍റെ ഫേസ്‌ബുക്ക് പേജ് ഞങ്ങൾ പരിശോധിച്ചു. പ്രളയം തുടങ്ങിയപ്പോൾ മുതൽ സർക്കാർ പുറപ്പെടുവിച്ച പല മുന്നറിയിപ്പുകളും ദുരിതാശ്വാസ ക്യാമ്പിലേക്ക് സഹായമഭ്യര്‍ഥിച്ചു കൊണ്ടുള്ള പോസ്റ്റുകളും അദ്ദേഹത്തിന്‍റെ ഫേസ്‌ബുക്ക് പേജിൽ കൃത്യമായി അപ്‌ഡേറ്റ് ചെയ്യുന്നുണ്ടെന്ന് കാണാൻ കഴിഞ്ഞു.  അതില്‍ നിന്നും ഒരു പോസ്റ്റാണ് താഴെ കൊടുത്തിരിക്കുന്നത് 

archived linkFB Dulqar

എന്നാൽ അദ്ദേഹം എവിടെയും ക്യാമ്പ് സന്ദർശിച്ചു എന്ന തരത്തിൽ യാതൊരു പോസ്റ്റുകളും അദ്ദേഹത്തിന്‍റെ പേജിൽ നൽകിയിട്ടില്ല.  ദുൽഖർ സൽമാന് ഇക്കാര്യത്തിൽ എന്താണ് പറയാനുള്ളത് എന്നറിയാനായി ഞങ്ങൾ ദുൽഖർ സൽമാനുമായി ബന്ധപ്പെടാൻ ശ്രമിച്ചു. അതിനായി ‘അമ്മ’ ജനറൽ സെക്രട്ടറി ഇടവേള ബാബുവിനെ ഞങ്ങളുടെ പ്രതിനിധി വിളിച്ചിരുന്നു. ഈ വാർത്ത സത്യമാകാൻ ഇടയില്ല എന്നാണ് ഇടവേള ബാബു അഭിപ്രായപ്പെട്ടത്. തുടർന്ന് ഞങ്ങൾ ദുൽഖറിന്റെ മാനേജരുമായി സംസാരിച്ചു. ഈ വാർത്ത പൂർണ്ണമായും വ്യാജമാണ്. ദുൽഖർ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ കോർഡിനേഷൻ സജീവമായി ചെയ്യുന്നുണ്ട്. നൽകിയിരിക്കുന്ന ചിത്രം സിനിമാ ലൊക്കേഷനിൽ നിന്നുള്ളതാണ്.   സേവാഭാരതി ക്യാമ്പുകൾ സന്ദർശിച്ചു എന്നൊക്കെ പുറത്തു വരുന്ന വാർത്തകളെല്ലാം വ്യാജമാണ്.”

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത തെറ്റാണെന്ന്  ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. സേവാഭാരതി കൊണ്ടോട്ടിയിൽ പ്രളയ ദുരിതാശ്വാസ പ്രവർത്തങ്ങൾ നടത്തുന്നില്ല. കൊണ്ടോട്ടിയെ പ്രളയം ഭീകരമായി ബാധിച്ചില്ല എന്നാണു പഞ്ചായത് അധികൃതർ ഞങ്ങളോട് പറഞ്ഞത്. ദുൽഖർ സൽമാൻ സേവാഭാരതിയുടെ പ്രളയ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചിട്ടില്ല എന്ന് മാനേജർ വ്യക്തമാക്കിയിട്ടുണ്ട്.

നിഗമനം 

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും വ്യാജമാണ്. ദുൽഖർ സൽമാൻ  കൊണ്ടോട്ടിയിൽ സേവാഭാരതിയുടെ ക്യാമ്പുകൾ സന്ദർശിച്ചിട്ടില്ല. സേവാഭാരതിക്ക് കൊണ്ടോട്ടിയിൽ ക്യാമ്പ് ഇല്ല. അതിനാൽ വ്യാജ വാർത്ത പ്രചരിപ്പിക്കുന്ന ഈ പോസ്റ്റ് ഷെയർ ചെയ്യരുതെന്ന് മാന്യ വായനക്കാരോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

Avatar

Title:ദുൽഖർ സൽമാൻ കൊണ്ടോട്ടിയിൽ സേവാഭാരതിയുടെ ക്യാമ്പ് സന്ദർശിച്ചോ..?

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •