
വിവരണം
ഇമ്രാൻ ഖാൻ ഇന്ത്യക്കെതിരെ ആക്രമണം നടത്തുന്നു, കോൺഗ്രസ് അധ്യക്ഷൻ ഇമ്രാൻ ഖാനൊപ്പം വെട്ടി വിഴുങ്ങുന്നു എന്ന തലക്കെട്ട് നല്‍കി നിഷ നായര്‍ എന്ന വ്യക്തിയുടെ പേരിലുള്ള പ്രൊഫൈലില്‍ പ്രചരിക്കുന്ന ചിത്രം ഇപ്പോള്‍ ഫെയ്‌സ്ബുക്കില്‍ വൈറലായിരിക്കുകയാണ്. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോടൊപ്പം കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഭക്ഷണം കഴിക്കുന്ന ചിത്രമാണ് പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്നത്. പോസ്റ്റിന് ഇതുവരെ 1,600ല്‍ അധികം ഷെയറുകളും 100ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. എന്നാല്‍ ചിത്രത്തിന് പിന്നിലെ വാസ്തവം എന്താണ്. യഥാര്‍ത്ഥത്തില്‍ രാഹുല്‍ ഗാന്ധി ഇമ്രാന്‍ ഖാനോടൊപ്പം ഇത്തരത്തിലിരുന്ന് ഭക്ഷണം കഴിച്ചിട്ടുണ്ടോ. സത്യാവസ്ഥ എന്താണെന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
ഇമ്രാന്‍ ഖാന്‍ തന്‍റെ ഭാര്യ രെഹം ഖാനോടൊപ്പം ഭക്ഷണം കഴിക്കുന്നതാണ് യഥാര്‍ത്ഥ ചിത്രം. ഇതില്‍ രെഹം ഖാന്‍ കഴിക്കുന്ന ഭാഗം എഡിറ്റ് ചെയ്ത് രാഹുല്‍ ഗാന്ധിയെ ചേര്‍ത്തിരിക്കുകയാണെന്നതാണ് വാസ്തവം. ഗൂഗിളില്‍ പോസ്റ്റില്‍ പ്രചരിക്കുന്ന ചിത്രം അപ്‌ലോഡ് ചെയ്ത് സര്‍ച്ച് ചെയ്തപ്പോള്‍ യഥാര്‍ത്ഥ ചിത്രങ്ങള്‍ ലഭ്യമായി. അതില്‍ ഇതെ സന്ദര്‍ഭത്തിലെ കുറെ അധികം ചിത്രങ്ങളും കാണാന്‍ കഴിയും. പാക്കിസ്ഥാനിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരില്‍ ഒരാളായ ഖാലിദ് ഖീയും ഇമ്രാന്‍ ഖാന്‍ ഭാര്യയോടൊപ്പം ഭക്ഷണം കഴിക്കുന്ന ചിത്രം ട്വിറ്ററില്‍ 2015 ജൂലൈ 5ന് പങ്കുവച്ചിരുന്നു. മാത്രമല്ല ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ എഡിറ്റ് ചെയ്ത് ഉപയോഗിച്ചിരിക്കുന്ന രാഹുല്‍ ഗാന്ധിയുടെ ചിത്രത്തിന്‍റെ യഥാര്‍ത്ഥ പകര്‍പ്പ് 2017 ഡിസംബര്‍ 9ന് ഓരു ആര്‍ട്ടിക്കിളില്‍ ഉപയോഗിച്ചിട്ടുള്ളതായും കണ്ടെത്തിയിട്ടുണ്ട്. റിവേഴ്സ് ഇമേജ് സര്‍ച്ച് റസള്‍ട്ടുകളും മറ്റ് സ്ക്രീന്‍ഷോട്ടുകളും ചുവടെ ചേര്‍ക്കുന്നു.





Economic Times Article | Archived Link |
#PTI Chief Imran Khan wth wife Reham Khan, at Sehri in #Karachi via @Samarjournalist pic.twitter.com/hYa9o8DaTR
— Khalid khi (@khalid_pk) July 5, 2015
നിഗമനം
പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രം എഡിറ്റ് ചെയ്തതാണെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്. എഡിറ്റ് ചെയ്ത ചിത്രത്തിന്‍റെ യഥാര്‍ത്ഥ പകര്‍പ്പും എഡിറ്റ് ചെയ്ത് കയറ്റിയ രാഹുല്‍ ഗാന്ധിയുടെ ചിത്രത്തിന്‍റെ ശരിക്കുള്ള പകര്‍പ്പും ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ രാഹുല്‍ ഗാന്ധി ഇമ്രാന്‍ ഖാനോടൊപ്പം ഭക്ഷണം കഴിക്കുന്നു എന്ന തരത്തില്‍ പ്രചരിക്കുന്ന പോസ്റ്റ് പൂര്‍ണമായും വ്യാജമാണെന്ന് തെളിഞ്ഞിരിക്കുകായാണ്.
ചിത്രങ്ങള്‍ കടപ്പാട്: ഗൂഗിള്‍

Title:പാക്കിസ്ഥാന്‍ പ്രധാനമന്ത്രിക്ക് ഒപ്പം രാഹുല്‍ ഗാന്ധി ഭക്ഷണം കഴിച്ചോ?
Fact Check By: Harishankar PrasadResult: False
