മാതാപിതാക്കള്‍ ജോലി ചെയ്യുന്ന ദൃശ്യങ്ങള്‍ കണ്ട് ജപ്പാനില്‍ ക്ലാസ്സ്മുറിയില്‍ വിതുമ്പുന്ന കുട്ടികള്‍- വീഡിയോയുടെ സത്യമറിയൂ…

Misleading അന്തര്‍ദേശീയം

മാതാപിതാക്കള്‍ തങ്ങളെ വളര്‍ത്താന്‍ പണിയെടുക്കുന്നത് കണ്ട് സഹിക്കാനാകാതെ ക്ലാസ്സ് മുറിയില്‍ കരയുന്ന കുട്ടികളുടെ വീഡിയോ അടുത്ത കാലത്ത് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആകുന്നുണ്ട്. 

പ്രചരണം 

ജപ്പാനില്‍ ക്ലാസ്സ് മുറിയില്‍ സ്ക്രീനിലെ വീഡിയോയില്‍ വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ അവരുടെ ജോലിസ്ഥലത്ത്  കഠിനാധ്വാനം ചെയ്യുന്ന ദൃശ്യങ്ങള്‍ കുട്ടികളെ കാണിക്കുന്ന ദൃശ്യങ്ങളാണ് കാണുന്നത്. മാതാപിതാക്കള്‍ ഭാരമുള്ള ചാക്കുകള്‍ ചുമക്കുന്നതും മറ്റ് ഭാരിച്ച ജോലികള്‍ ചെയ്യുന്നതും കാണുമ്പോള്‍ സങ്കടം സഹിക്കാനാകാതെ കുട്ടികള്‍ കരയുന്നുവെന്ന് വീഡിയോയുടെ ഒപ്പമുള്ള അടിക്കുറിപ്പില്‍ അവകാശപ്പെടുന്നു. ഇതേ രീതി ഇന്ത്യയും മാതൃകയാക്കണം എന്ന അഭിപ്രായത്തോടെയുള്ള അടിക്കുറിപ്പ് ഇങ്ങനെ: “ജപ്പാനിൽ സ്കൂളുകളിലെ കുട്ടികളെ അവരുടെ മാതാപിതാക്കൾ ജോലി ചെയ്യുന്ന വീഡിയോകൾ കാണിക്കുന്നു. അവർ അവരുടെ മാതാപിതാക്കളുടെ പണം സ്കൂളിൽ പാഴാക്കാതിരിക്കാനും നന്നായി പഠിക്കാനും വേണ്ടിയാണ് ഇങ്ങിനെ ചെയ്യന്നത്! നമ്മുടെ സ്കൂളുകളിലും ഇത് അനുകരിക്കേണ്ടത് അനിവാര്യമാണ്.”

FB postarchived link

എന്നാല്‍ ഈ വീഡിയോ ദൃശ്യങ്ങള്‍ എഡിറ്റഡ് ആണെന്നും ഇത് ചൈനയില്‍ നിന്നുള്ളതാണെന്നും ജപ്പാനുമായി ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി. 

വസ്തുത ഇതാണ് 

ഈ വീഡിയോയിലെ ഓരോ ഫൂട്ടേജിന്‍റെയും ഉറവിടം കണ്ടെത്തുന്നതിനായി വീഡിയോ ക്രീ ഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ രംഗങ്ങളെല്ലാം എഡിറ്റ് ചെയ്തതാണെന്ന് ഞങ്ങള്‍ കണ്ടെത്തി. പ്രധാനമായും മൂന്നു വീഡിയോകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്താണ് പോസ്റ്റിലെ വീഡിയോ നിര്‍മ്മിച്ചിരിക്കുന്നത്. കൂടാതെ പോസ്റ്റില്‍ ഉദ്ദേശിക്കപ്പെട്ടപോലെ മാതാപിതാക്കളുടെ കഠിനാധ്വാനത്തിന്‍റെ ദൃശ്യങ്ങളല്ല ഇവ. 

മദേഴ്‌സ് ഡേ കാർഡുകൾ എഴുതുന്നതിനിടയിൽ വിദ്യാർത്ഥിനി കരയുന്ന ഒരു സംഭവത്തില്‍ നിന്നുള്ളതാണ് ആദ്യ ദൃശ്യങ്ങൾ. ഏറെ നാളായിട്ടും അമ്മയെ കാണാത്തതിനെ തുടർന്ന് സ്‌കൂൾ വിദ്യാർത്ഥിനി കരഞ്ഞെന്നാണ് വിവരം. മാതൃദിനത്തിന് അമ്മയ്ക്ക് ഒരു കാർഡ് നൽകാൻ കഴിയാത്ത സങ്കടം മൂലമാണ് കുട്ടി കരഞ്ഞത്. 

link | archive

ക്ലാസ് മുറിയിൽ വീഡിയോ കാണുന്ന വിദ്യാർത്ഥികളുടെ ചിത്രം യഥാർത്ഥത്തിൽ ചൈനയിലെ ഹുനാൻ പ്രവിശ്യയിലെ നന്യ നിംഗ് സിറ്റിയിലെ ലാൻയുഗു സ്കൂളിലെ  ക്ലാസ് മുറിയിൽ നിന്നാണ്. ക്ലാസിൽ ഇരുന്നു പഠിക്കുന്ന വിദ്യാർത്ഥികളുടെ ചിത്രമാണിത്. യഥാര്‍ഥത്തില്‍ അവര്‍ ഏതെങ്കിലും വീഡിയോ കാണുകയല്ല. 

link | archive

ക്ലിപ്പിന്‍റെ അവസാന ഭാഗത്തെ വീഡിയോ അധ്യാപകന്‍റെ മരണവാർത്ത കേട്ട് കരയുന്ന വിദ്യാർത്ഥികളുടെ വീഡിയോയിൽ നിന്നുള്ളതാണ്.  Guizhou പ്രവിശ്യയിലെ Liupanshui സിറ്റിയിലെ വിദ്യാർത്ഥികളുടെ വീഡിയോയാണിത്. 

link | archive

നിഗമനം 

കഠിനാധ്വാനം ചെയ്യുന്ന മാതാപിതാക്കളുടെ വീഡിയോകണ്ട് കരയുന്ന കുട്ടികളുടെ വീഡിയോ എഡിറ്റഡ് ആണ്. രണ്ടു-മൂന്നു വീഡിയോയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തെടുത്ത് തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന രീതിയില്‍ പ്രചരിപ്പിക്കുകയാണ്. ദൃശ്യങ്ങള്‍ ചൈനയില്‍ നിന്നുള്ളതാണ്. ജപ്പാനിലെതല്ല. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:മാതാപിതാക്കള്‍ ജോലി ചെയ്യുന്ന ദൃശ്യങ്ങള്‍ കണ്ട് ജപ്പാനില്‍ ക്ലാസ്സ്മുറിയില്‍ വിതുമ്പുന്ന കുട്ടികള്‍- വീഡിയോയുടെ സത്യമറിയൂ…

Fact Check By: Vasuki S 

Result: MISLEADING