ഡല്‍ഹി നിയമസഭയില്‍ ആം ആദ്മി മന്ത്രി മോദിയെയും അമിത് ഷായെയും വിമര്‍ശിക്കുന്ന ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത് ലോക്സഭയിലേതെന്ന്  പ്രചരിപ്പിക്കുന്നു

ദേശീയം രാഷ്ട്രീയം | Politics

പ്രധാനമന്ത്രി മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷാക്കുമെതിരെ സഭയില്‍ വനിതാ ജനപ്രതിനിധി രൂക്ഷമായ പദപ്രയോഗങ്ങള്‍ നടത്തുന്ന ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. 

പ്രചരണം 

എന്‍റെ നേര്‍ക്ക് വിരല്‍ ചൂണ്ടരുത് എന്നു വനിതാ ജനപ്രതിനിധി ഹിന്ദിയില്‍ കയര്‍ത്ത് സംസാരിക്കുന്ന ദൃശ്യങ്ങളോടെ ആണ് വീഡിയോയുടെ തുടക്കം. “ സര്‍ ഇത് അന്തസിന്‍റെ വിഷയമാണ്. ഒരു ചായക്കടക്കാരന്‍ രാഷ്ട്രീയ തന്ത്രങ്ങള്‍ ഉപയോഗിച്ച് രാജ്യത്തിന്‍റെ പ്രധാനമന്ത്രി വരെ ആയിരിക്കുകയാണ്. നാടു കടത്തപ്പെട്ടവനാണ് രാജ്യത്തിന്‍റെ ആഭ്യന്തര മന്ത്രി. ചായക്കടക്കാരന്‍ ആരാണ്… നാടു കടത്തപ്പെട്ടവന്‍ ആരാണ്… എന്തിനാണ് ഇത്ര ബഹളമുണ്ടാക്കുന്നത്? ഇത് ചൂടാവുന്നത്? നിങ്ങള്‍ ഇത്ര ക്ഷുഭിതരാകുന്നതെന്തിനാണ്?  ഞാന്‍ ആരുടേയും പേര് പരാമര്‍ശിച്ചില്ലല്ലോ? വോട്ടര്‍ ഐ‌ഡി ഉപയോഗിച്ചാണ് ഇന്ത്യയിലെ ജനങ്ങള്‍ ഇവരെ തെരെഞ്ഞെടുത്ത് പാര്‍ലമെന്‍റില്‍ അയച്ചത്. ഇപ്പോള്‍ വോട്ടര്‍ ഐ‌ഡി രേഖയായി അംഗീകരിക്കാന്‍ അവര്‍ തയ്യാറല്ല. പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും രാജ്യരക്ഷാ മന്ത്രിക്കും ആര്‍‌എസ്‌എസ് മേധാവി മോഹന്‍ ഭാഗവതിനും തങ്ങളുടെ മാതാപിതാക്കളുടെ ജനന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ സാധിക്കുമോ? ഇല്ലെങ്കില്‍ ഇവരെ ഡിറ്റന്‍ഷന്‍ കേന്ദ്രത്തിലേയ്ക്ക് അയക്കുമോ? ഇതില്ലാത്ത പാവങ്ങളെ അങ്ങോട്ടേയ്ക്ക് അയക്കുകയല്ലേ?” എന്നിങ്ങനെയാണ് അവര്‍ ക്ഷുഭിതയായി ചോദിക്കുന്നത്. ഇതൊക്കെ കേട്ടുകൊണ്ട് സഭയില്‍ നിര്‍വികാരരായി ഇരിക്കുന്ന മോദിയെയും അമിത് ഷായെയും ദൃശ്യങ്ങളില്‍ കാണാം.

തുടര്‍ന്ന് എന്‍‌ആര്‍‌സി യെയും എന്‍‌പി‌ആറിനെയും വിമര്‍ശിച്ചു കൊണ്ട് പ്രസംഗം തുടരുകയാണ്. ലോക്സഭയില്‍ പ്രധാനമന്ത്രി മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും സാന്നിധ്യത്തിലാണ് ഈ ജനപ്രതിനിധി ഇങ്ങനെ സംസാരിക്കുന്നത് എന്നവകാശപ്പെട്ട് വീഡിയോയുടെ അടിക്കുറിപ്പ് ഇങ്ങനെ: ”*ചായക്കാരന്റെ മുഖത്ത് നോക്കി ചായേം , വടയും കൊടുക്കുന്ന മനോഹര ദൃശ്യം പാർലമെന്റിൽ നിന്നും 💪*”

FB postarchived link

എന്നാല്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണിതെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി. ദൃശ്യങ്ങള്‍ ഡല്‍ഹി നിയമസഭയിലെതാണ്. ലോക്സഭയിലെതല്ല. 

വസ്തുത ഇങ്ങനെ 

ദൃശ്യങ്ങള്‍ നിരീക്ഷിച്ചാല്‍ വനിതാ ജനപ്രതിനിധിയുടെ മുകളില്‍ കടപ്പാട്: ഡല്‍ഹി വിധാന്‍സഭ എന്ന എഴുത്ത് കാണാം. 

ഈ സൂചന ഉപയോഗിച്ച് കൂടുതല്‍ തിരഞ്ഞപ്പോള്‍ ഇതേ വീഡിയോ യുട്യൂബില്‍ നിന്നും ലഭ്യമായി. ഡെല്‍ഹി നിയമസഭയിലെ ഡപ്യൂട്ടി സ്പീക്കറാണ് രാഖി ബിര്‍ല. 2013 ലാണ് രാഖി നിയമസഭയിലേയ്ക്ക് തെരെഞ്ഞെടുക്കപ്പെട്ടത്. വനിതാ-ശിശു സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രിയായി ചുമതലയേറ്റ രാഖി 2014 ഫെബ്രുവരി 14 വരെ മന്ത്രിപദത്തില്‍ തുടര്‍ന്നു. 2014 ലെ ലോക്സഭാ തെരെഞ്ഞെടുപ്പില്‍ ബി‌ജെപിയുടെ ഉദിത് രാജിനോട് പരാജയപ്പെട്ട രാഖി പിന്നീട് 2016 ല്‍ ഡല്‍ഹി നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി തെരെഞ്ഞെടുക്കപ്പെട്ടു.  

2020 മാര്‍ച്ച് 14 നാണ് രാഖി പ്രസ്തുത പ്രസംഗം ഡെല്‍ഹി നിയമസഭയില്‍ നടത്തിയത്. 

നരേന്ദ്ര മോദിയോ അമിത് ഷായോ അവിടെ സന്നിഹിതരായിരുന്നില്ല. 

ആം ആദ്മി പാര്‍ട്ടിയുടെ ഔദ്യോഗിക യുട്യൂബ് ചാനലില്‍ പ്രസിദ്ധീകരിച്ച പ്രസംഗത്തിന്‍റെ ദൈര്‍ഘ്യമുള്ള വീഡിയോ ഇവിടെ കാണാം. 

ബി‌ജെ‌പി നേതാക്കളെ നിശിതമായി വിമര്‍ശിച്ച് രാഖി പ്രസംഗിക്കുന്നത് മോദിയുടെയും അമിത് ഷായുടെയും സാന്നിധ്യത്തിലാണ് എന്നു വരുത്തിത്തീര്‍ക്കാന്‍ അവരുടെ ക്ലിപ്പുകള്‍ ചേര്‍ത്ത് എഡിറ്റ് ചെയ്തുണ്ടാക്കിയ വീഡിയോ ആണിത്. പല മാധ്യമങ്ങളുടെ  യുട്യൂബ് ചാനലുകളിലും എഡിറ്റ് ചെയ്യാത്ത വീഡിയോ കൊടുത്തിട്ടുണ്ട്. എഡിറ്റ് ചെയ്ത വീഡിയോ 2020 മുതല്‍ തന്നെ പ്രചരിക്കുന്നുണ്ട്

നിഗമനം 

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ദൃശ്യങ്ങള്‍ ലോക്സഭയിലെതല്ല. ഡല്‍ഹി നിയമസഭയില്‍ മന്ത്രി രാഖി ബിര്‍ല നടത്തിയ പ്രസംഗത്തില്‍ നിന്നുള്ള ഭാഗങ്ങളാണിത്. പ്രധാനമന്ത്രി മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തു ചേര്‍ത്ത് തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പ്രചരിപ്പിക്കുകയാണ്. 

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ: Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ഡല്‍ഹി നിയമസഭയില്‍ ആം ആദ്മി മന്ത്രി മോദിയെയും അമിത് ഷായെയും വിമര്‍ശിക്കുന്ന ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത് ലോക്സഭയിലേതെന്ന്  പ്രചരിപ്പിക്കുന്നു

Written By: Vasuki S 

Result: Misleading