കേരളത്തിലെ പാലങ്ങളുടെ അരികില്‍ കണ്ടു എന്ന പേരില്‍ പ്രചരിക്കുന്ന ഈ തിമിംഗലത്തിന്‍റെ വീഡിയോയുടെ പിന്നിലെ സത്യാവസ്ഥ എന്ത്?

സാമൂഹികം

വിവരണം

വൈക്കം വടയാര്‍ പാലത്തിന് താഴെ തിമിംഗലം, തോട്ടപ്പള്ളി, തണ്ണീര്‍മുക്കം, അരൂര്‍ തുടങ്ങിയ പാലത്തിന് താഴെ തിമിംഗലം എന്ന പേരില്‍ ഒരു വീഡിയോ കഴിഞ്ഞ കുറെ ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഫെയ്‌സ്ബുക്കിലും വാട്‌സ്‌പ്പിലും ഈ വീ‍‍ഡിയോ വൈറലാണ്. തിമിംഗലം വലിയ വിസ്തീര്‍ണമുള്ള ജലാശയത്തിലൂടെ നീങ്ങുന്നതും അടുത്ത രംഗത്തില്‍ ഒരു പാലത്തില്‍ ഇത് കാണാന്‍ കൂടി നില്‍ക്കുന്ന ജനക്കൂട്ടത്തെയുമാണ് വീഡിയോയില്‍ കാണിക്കുന്നത്.
Lady Media എന്ന ഫെയ്‌സ്ബുക്ക് പേജില്‍ വൈക്കം വടയാര്‍ പാലത്തിന് താഴെ തിമിംഗലം എന്ന പേരില്‍ പങ്കുവെച്ചിരിക്കുന്ന ഈ വീഡിയോയ്ക്ക് ഇതുവരെ 57ല്‍ അധികം ഷെയറുകളും 49ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്-

Archived Link

എന്നാല്‍ യഥാര്‍ഥത്തില്‍ കേരളത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ തിമിംഗലത്തിനെ കാണപ്പെട്ടോ? വീഡിയോയില്‍ തീമിംഗലത്തെ കാണുന്നത് കേരളത്തിലെ ഏതെങ്കിലും ജലാശയത്തിലാണോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

മൊബൈലില്‍ ഷൂട്ട് ചെയ്തു എന്ന രീതിയിലാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വീഡിയോ എടുക്കട എന്ന് ഒരാള്‍ മറ്റൊരാളോട് പറയുന്നതും വീഡിയോയില്‍ കേള്‍ക്കാന്‍ കഴിയും. എന്നാല്‍ തിമിംഗലം നീന്തുന്ന വീഡിയോ ഒറ്റനോട്ടത്തില്‍ കാണുമ്പോള്‍ തന്നെയറിയാം അത് മൊബൈലില്‍ ഷൂട്ട് ചെയ്തതല്ലെന്നും യഥാര്‍ഥത്തില്‍ ഡ്രോണ്‍ ക്യാമറ ഉപയോഗിച്ച് ഷൂട്ട് ചെയ്ത വീഡിയോയാണെന്നും. കാരണം വളരെ ഉയരത്തില്‍ നിന്നും ചലിക്കുന്ന ക്യാമറ പിന്തുടര്‍ന്ന് പകര്‍ത്തിയ തിമിംഗലത്തിന്‍റെ വീഡിയോയാണത്. കൂടാതെ വലിയ സമുദ്രത്തിലാണിതെന്നും മനസിലാക്കാന്‍ എളുപ്പമാണ്. അതുകൊണ്ട് തന്നെ ഡ്രോണ്‍ ഫൂട്ടേജ് ഓഫ് വെയ്ല്‍ എന്ന കീ വേര്‍ഡ് ഉപയോഗിച്ച് യൂട്യൂബില്‍ സെര്‍ച്ച് ചെയ്തപ്പോള്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ വിവിധ പാലങ്ങലുടെ താഴെ കണ്ടു എന്ന് അവകാശപ്പെടുന്ന തിമംഗലത്തിന്‍റെ വീഡിയോയോട് സാമ്യമുള്ള തമ്പ്‌നെയില്‍ കണ്ടെത്താന്‍ കഴിഞ്ഞു. വീഡിയോ ഓപ്പണ്‍ ചെയ്തു പരിശോധിച്ചപ്പോള്‍ യൂട്യൂബിലെ ഇതെ വീഡിയോയുടെ കുറച്ച് ഭാഗം അതെ പോലെ കട്ട് ചെയ്ത് എടുത്താണ് വടയാര്‍ പാലത്തിനടിയില്‍ തിമിംഗലം എന്ന പേരില്‍ പ്രചരിപ്പിക്കുന്നതെന്ന് വ്യക്തമായി. Blue whales feeding in the Sea of Cortez-ariel drone view പെസഫിക് സമുദ്രത്തിന്‍റെ ഭാഗമായ സീ ഓഫ് കോര്‍ട്ടെസ് ലൊറെറ്റ ബാജ കാലിഫോര്‍ണിയ സുര്‍ എന്ന പ്രദേശത്ത് നിന്നും പകര്‍ത്തിയ വീഡിയോയാണിതെന്ന് വീഡിയോയുടെ അടിക്കുറിപ്പിലും രേഖപ്പെടുത്തിയിട്ടുണ്ട്.  2015 സെപ്റ്റംബര്‍ 22നാണ് വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. അതായത് മെക്‌സിക്കന്‍ മെയ്ന്‍ലാന്‍ഡിലെ പെസഫിക് സമുദ്രത്തിന്‍റെ സീ ഓഫ് കോര്‍ട്ടെസ് എന്ന അറിയപ്പെടുന്ന പ്രദേശത്ത് കാണപ്പെടുന്ന തിമിംഗലത്തിന്‍റെ ‍ഡ്രോണ്‍ ദൃശ്യമാണ് കേരളത്തിലെ പുഴയില്‍ കണ്ടു എന്ന പേരില്‍ പ്രചരിപ്പിച്ചിരിക്കുന്നതെന്ന് ഇതോടെ വ്യക്തമായി കഴിഞ്ഞു. വീഡിയോ എടുക്കട എന്ന തമ്മില്‍ സംസാരിക്കുന്ന പുരുഷന്‍മാരുടെ ശബ്ദവും ജനക്കൂട്ടം പാലത്തില്‍ കൂടി നില്‍ക്കുന്നതും വീഡിയോയില്‍ മെര്‍ജ് ചെയ്ത് എഡിറ്റ് ചെയ്തു ചേര്‍ത്തിട്ടുള്ളതാണ്. മറ്റെവിടുന്ന കിട്ടയ സംഭാഷണ ശബ്ദരേഖയും ജനക്കൂട്ടത്തിന്‍റെ വീഡിയോയും എഡിറ്റ് ചെയ്ത് പെസഫിക് സമുദ്രത്തിലെ വീഡീയോയുമായി ചേര്‍ത്ത് കേരളത്തിലെ പല പ്രദേശങ്ങളിലെ പാലത്തിന്‍റെ അരികില്‍ തിമിംഗലത്തെ കണ്ടു എന്ന പേരില്‍ ജനങ്ങളെ തെറ്റ്ദ്ധരിപ്പിക്കാന്‍ ആരോ പ്രചരിപ്പിച്ച നുണ മാത്രമാണിതെന്നും ഇതോടെ തെളിഞ്ഞിരിക്കുകയാണ്. മാത്രമല്ല ഉള്‍ക്കടലില്‍ വസിക്കുന്ന തിമംഗലങ്ങള്‍ തീരത്തേക്ക് അടുക്കുകയോ പൊഴിയിലൂടെ കടന്ന് ആറ്റിലേക്ക് പ്രവേശിക്കുകയോ ചെയ്യാറില്ലെന്നും സമുദ്രപഠന വിദഗ്ധരും പറഞ്ഞു.

യൂട്യൂബ് സെര്‍ച്ചില്‍ യഥാര്‍ഥ വീഡിയോയുടെ തമ്പ്‌നെയില്‍-

യഥാര്‍ഥ വീഡിയോ-

നിഗമനം

മെക്‌സിക്കന്‍ മെയിന്‍ലാന്‍ഡ് പെസഫിക് സമുദ്രത്തിലെ സീ ഓഫ് കോര്‍ട്ടിസ് മേഖലയിലെ തിമിംഗലത്തിന്‍റെ ഡ്രോണ്‍ ദൃശ്യങ്ങളാണ് കേരളത്തിലെ പാലങ്ങളുടെ അരികില്‍ കണ്ടെത്തിയ തിമിംഗലം എന്ന പേരില്‍ പ്രചരിക്കുന്നത് എന്ന് കണ്ടെത്താന്‍ കഴിഞ്ഞു. വീഡിയോയിലെ ജനക്കൂട്ടവും ശബ്ദരേഖയും വ്യാജമായി എഡിറ്റ് ചെയ്തതാണ്. അതുകൊണ്ട് തന്നെ പോസ്റ്റ് പൂര്‍ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:കേരളത്തിലെ പാലങ്ങളുടെ അരികില്‍ കണ്ടു എന്ന പേരില്‍ പ്രചരിക്കുന്ന ഈ തിമിംഗലത്തിന്‍റെ വീഡിയോയുടെ പിന്നിലെ സത്യാവസ്ഥ എന്ത്?

Fact Check By: Dewin Carlos 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •