
സംസ്ഥാന സർക്കാരിന്റെ സിവിൽ സർവീസസ് പരിശീലന കേന്ദ്രമായ സിവിൽ സർവീസ് അക്കാദമിയിൽ മുസ്ലിം വിഭാഗത്തിന് 50 ശതമാനം സംവരണം നൽകുന്നു എന്ന് അവകാശപ്പെട്ട് ഒരു പോസ്റ്റർ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
പ്രചരണം
സിവിൽ സർവീസ് അക്കാദമി പൊന്നാനി സെന്റർ പുറത്തിറക്കിയ നോട്ടിഫിക്കേഷനാണ് പ്രചരിക്കുന്നത്. ഇതിൽ മുസ്ലിം വിഭാഗങ്ങൾക്ക് 50 ശതമാനവും പട്ടിക ജാതി വിഭാഗത്തിന് 8 ശതമാനവും പട്ടിക വര്‍ഗ്ഗ വിഭാഗത്തിന് രണ്ട് ശതമാനവുമാണ് സംവരണം കാണിക്കുന്നത്. പ്രചരിക്കുന്ന നോട്ടിഫിക്കേഷനിൽ ഇക്കാര്യം പ്രത്യേകം ചുവന്ന വൃത്തത്തിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഒപ്പം നൽകിയിട്ടുള്ള വിവരണം ഇങ്ങനെ: 50% സീറ്റും മുസ്ലീങ്ങൾക്ക് റിസർവ്വ് ചെയ്ത ശേഷം മതേതരത്വം ഘോഷിക്കുന്ന സംസ്ഥാന സർക്കാരിന്റെ തൊലിക്കട്ടി അപാരം തന്നെ. ഹിന്ദുക്കളിലെ പിന്നോക്കക്കാർക്കോ ക്രിസ്ത്യാനികൾക്കോ സംവരണത്തിന് അർഹതയില്ല . ഈ സർക്കാരിന് മുസ്ലീങ്ങൾ മാത്രമാണോ ജീവിക്കാൻ അർഹതയുള്ളതായ് തോന്നുന്നത് ?

പ്രചരണത്തിന്റെ സത്യാവസ്ഥ അന്വേഷിച്ച് പലരും ഞങ്ങള്‍ക്കു വാട്ട്സ് അപ്പ് സന്ദേശം അയച്ചിരുന്നു. എന്നാൽ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന പ്രചരണമാണ് നോട്ടിഫിക്കേഷൻ ഉപയോഗിച്ച് നടത്തുന്നതെന്ന് ഞങ്ങൾ അന്വേഷിച്ചപ്പോൾ വ്യക്തമായി.
വസ്തുത ഇങ്ങനെ
ഏപ്രിൽ മാസം 22 വരെയാണ് നോട്ടിഫിക്കേഷൻ അനുസരിച്ച് പരിശീലന പദ്ധതിയില്‍ രജിസ്റ്റർ ചെയ്യാൻ കഴിയുക. സംസ്ഥാന സർക്കാരിന്റെ സിവിൽ സർവീസ് അക്കാദമി സാധാരണക്കാരായ എല്ലാ കുട്ടികൾക്കും സിവിൽ സർവീസ് പരിശീലനം നൽകാൻ സഹായിക്കുന്ന ഒന്നാണ്. പ്രവേശന പരീക്ഷ വഴിയാണ് അഡ്മിഷൻ ലഭിക്കുക. പട്ടികജാതി-പട്ടികവർഗ്ഗ മുസ്ലിം വിഭാഗങ്ങൾക്ക് സംവരണം ഉണ്ട്. എന്നാൽ മറ്റു സെന്ററുകളിൽ നിന്നും വ്യത്യസ്തമായി പൊന്നാനി സെന്ററിൽ മുസ്ലിം വിഭാഗത്തിന് സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്.
ഇതുപോലെതന്നെ കണ്ണൂരിലെ കല്യാശ്ശേരി സെന്റർ പട്ടിക ജാതി വിഭാഗത്തിന് 51% സീറ്റ് സംവരണം നൽകിയിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം അക്കാദമിയുടെ വെബ്സൈറ്റിൽ കാണാം. ഞങ്ങൾ കേരള സിവിൽ സർവീസ് അക്കാദമി കോഴ്സ് കോഡിനേറ്ററുമായി ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചപ്പോൾ അപ്പോൾ അദ്ദേഹം നൽകിയ വിശദീകരണം ഇങ്ങനെയാണ്:
“ഈ സ്ഥാപനം യഥാർഥത്തിൽ മുസ്ലിം സമുദായത്തിൽ ഉള്ളവർക്ക് കോച്ചിംഗ് തുടങ്ങുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ആരംഭിച്ചത് 2010 ലായിരുന്നു പൊന്നാനിയില്‍ സെന്റർ തുടങ്ങിയത്. ഇവിടെ മാത്രമാണ് മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് സംവരണം നൽകുന്നത്. ന്യൂനപക്ഷ വകുപ്പാണ് ഇവിടുത്തെ വിദ്യാർത്ഥികളുടെ ഫീസിന്റെ ഒരു ഭാഗം അടയ്ക്കുന്നത്. ബാക്കി വിദ്യാര്‍ഥികള്‍ തന്നെ നല്‍കണം. ഇതര സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഫീസിളവ് ഇവിടെ ലഭ്യമാണ്. പൊന്നാനിയിൽ മുസ്ലിം വിഭാഗങ്ങൾക്ക് സംവരണം കൂടുതൽ നൽകുന്നത് പോലെ തന്നെയാണ് കല്യാശ്ശേരിയിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവര്‍ക്ക് സംവരണം നല്‍കുന്നത്. ഈ വിഭാഗത്തിൽപ്പെട്ടവർ വന്നില്ലെങ്കിൽ മറ്റുള്ളവരെ പരിഗണിക്കും ഇതാണ് യാഥാർത്ഥ്യം.”
അക്കാദമി വെബ്സൈറ്റിൽ പൊന്നാനി സെന്ററിൽ സംവരണം മുസ്ലിം വിഭാഗത്തിന് നൽകുന്ന കാര്യം പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്.

കേരള സംസ്ഥാന സിവിൽ സർവീസ് അക്കാദമിയുടെ പൊന്നാനി സെന്റർ മുസ്ലിം വിഭാഗത്തിലെ വിദ്യാർഥികൾക്ക് പരിശീലനം നൽകാനായി ആരംഭിച്ച സ്ഥാപനമാണ്. അതിനാലാണ് ഇവിടെ മുസ്ലിം വിദ്യാർത്ഥികൾക്ക് 50% സംവരണം നൽകിയിരിക്കുന്നത്. ഈ സംവരണം അക്കാദമിയുടെ മറ്റൊരു സെന്ററുകളും മുസ്ലിം വിഭാഗത്തിന് ലഭിക്കില്ല.
നിഗമനം
പോസ്റ്റിലെ പ്രചരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. സംസ്ഥാന സിവിൽ സർവീസ് അക്കാദമി പൊന്നാനി സെന്റർ മുസ്ലിം വിഭാഗത്തിലെ കുട്ടികൾക്ക് പരിശീലനം നൽകാൻ ഉദ്ദേശിച്ച ആരംഭിച്ച സ്ഥാപനമാണ് അതിനാലാണ് ഇവിടെ 50% സംവരണം ഏർപ്പെടുത്തിയിരിക്കുന്നത് എന്നാൽ സിവിൽ സർവീസ് അക്കാദമിയുടെ മറ്റൊരു സെന്ററുകളിലും മുസ്ലിം വിദ്യാർത്ഥികൾക്ക് ഈ സംവരണം ലഭ്യമല്ല. മുസ്ലിം വിദ്യാർത്ഥികളുടെ ഫീസ് നൽകുന്നത് ഭാഗികമായി നല്‍കുന്നത് ന്യൂനപക്ഷ വകുപ്പാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Facebook | Twitter | Instagram | WhatsApp (9049053770)

Title:സർക്കാരിന്റെ സിവിൽ സർവീസസ് അക്കാദമിയില്‍ മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് മാത്രം 50% സംവരണം നല്കുന്നു- പ്രചരണത്തിന്റെ സത്യമിതാണ്…
Fact Check By: Vasuki SResult: Partly False
