FACT CHECK: ഡെങ്കി പരത്തുന്ന കൊതുകിൽ നിന്നും രക്ഷയ്ക്കായി കാലിൽ വെളിച്ചെണ്ണ പുരട്ടിയാൽ മതിയെന്ന പഴയ വ്യാജ പ്രചരണം വീണ്ടും വൈറലാകുന്നു…

ആരോഗ്യം

കോവിഡ് മഹാമാരി ശമനമില്ലാതെ വ്യാപിക്കുന്നതിനിടയിൽ ജീവന് ഭീഷണിയായി മറ്റു പല പനികളും ഇടയ്ക്കിടെ വന്നു പോകുന്നുണ്ട്.  അതിലൊന്നാണ് ഡെങ്കിപ്പനി. ഓരോ വര്‍ഷവും നിരവധി പേര്‍ ഡെങ്കിപ്പനിക്ക് ഇരകളാകുന്നു.

പ്രചരണം 

ഡെങ്കിപ്പനിക്കെതിരെ വെളിച്ചെണ്ണ ഫലപ്രദമാണ് എന്ന ഒരു അറിയിപ്പുമായി ഡോക്ടറുടെ പേരിൽ ഒരു സന്ദേശം സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്.  ഇംഗ്ലീഷിൽ നൽകിയിട്ടുള്ള സന്ദേശം ഇങ്ങനെയാണ്. തിരുപ്പതി സായിസുധ ആശുപത്രിയിലെ ഡോക്ടർ B സുകുമാർ  ഇംഗ്ലീഷില്‍ നൽകിയ സന്ദേശത്തിന്‍റെ ഉള്ളടക്കം ഇങ്ങനെയാണ്: “ഡെങ്കി പനി വ്യാപിക്കുകയാണ്. അതിനാൽ ദയവായി മുട്ടിനു താഴെ കാല്‍പാദം വരെ വെളിച്ചെണ്ണ പുരട്ടുക. ഇത് ഒരു ആൻറിബയോട്ടിക് ആണ്. കൊതുകിനെ മുട്ടിന് മുകളിൽ പറക്കാൻ കഴിയില്ല. ഇത് മനസ്സിലാക്കി വെളിച്ചെണ്ണ ഉപയോഗിക്കാന്‍ ഇപ്പോള്‍ തന്നെ തുടങ്ങുക. കൂടുതൽ പേരിലേക്ക് സന്ദേശം പ്രചരിപ്പിക്കുക. ഈ സന്ദേശം ഒരുപാട് പേരുടെ ജീവൻ രക്ഷിക്കാൻ ഉപകരിച്ചേക്കും.” ഡോക്ടർ ബി. സുകുമാർ സായിസുധ ആശുപത്രി  തിരുപ്പതി എന്ന പേര് സന്ദേശത്തിന് താഴെ നൽകിയിട്ടുണ്ട്. 

ഈ പ്രചരണത്തിന്‍റെ യാഥാര്‍ത്ഥ്യം അന്വേഷിക്കണം എന്ന്‍ ഞങ്ങള്‍ക്ക് വാട്ട്സ് അപ്പില്‍ വായനക്കാരില്‍ ഒരാള്‍ സന്ദേശം അയച്ചിരുന്നു. 

ഫേസ്ബുക്കില്‍ തിരഞ്ഞപ്പോള്‍ സമാന പോസ്റ്റ് ലഭിച്ചു. 

archived linkFB post

ഞങ്ങൾ വൈറൽ സന്ദേശത്തെ കുറിച്ച് അന്വേഷിച്ചു. തെറ്റായ പ്രചരണമാണ് സുകുമാർ എന്ന ഡോക്ടറുടെ പേരിൽ നടത്തുന്നതെന്ന് കണ്ടെത്തുകയും ചെയ്തു.

വസ്തുത ഇതാണ് 

പ്രചരണം ഫേസ്ബുക്കില്‍ വൈറല്‍ ആണ്.

ഞങ്ങൾ ആദ്യം ആദ്യം ഈ സന്ദേശത്തിന് യാഥാർത്ഥ്യം പരിശോധിക്കാനായി തിരുപ്പതിയിലെ ശ്രീ സായിസുധ  ആശുപത്രിയുമായി ബന്ധപ്പെട്ടു. അവിടെനിന്നും ലഭിച്ച ഫോണ്‍ നമ്പറില്‍ ഡോ. സുകുമാറുമായി സംസാരിച്ചപ്പോൾ അദ്ദേഹം അറിയിച്ചത് ഇങ്ങനെയാണ്: ഞാന്‍ ഓര്‍ത്തോപിഡിഷ്യനാണ്. എന്‍റെ പേരില്‍ വര്‍ഷങ്ങളായി നടത്തുന്ന പ്രചരണമാണിത്. ഞാൻ ഇത്തരത്തിൽ ഒരു സന്ദേശം ഇതുവരെ നൽകിയിട്ടില്ല. തെറ്റായ പ്രചരണം നടത്തുകയാണ്. മാത്രമല്ല വെളിച്ചെണ്ണയ്ക്ക്  ഇങ്ങനെ എന്തെങ്കിലും ഗുണങ്ങളുണ്ടെന്ന് ഇതുവരെയും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.  വ്യാജപ്രചരണം നടത്തുകയാണ്.

ഈ പ്രചരണം ഏതാണ്ട് 2017 മുതല്‍ നടക്കുന്നുണ്ട്. ഈ ഡോക്റ്ററുടെ പേരില്‍ അല്ലാതെയും പ്രചരണം നടക്കുന്നുണ്ട്. 

ഡെങ്കിപ്പനി പ്രതിരോധത്തിനും നിയന്ത്രണത്തിനുമായുള്ള നടപടി ക്രമങ്ങളെ കുറിച്ചുള്ള  ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് അനുസരിച്ച്, വരും വർഷങ്ങളിൽ ഡെങ്കിപ്പനി മാരകമായേക്കാം. ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിൽ ഗണ്യമായ ദുരിതങ്ങൾ പ്രതീക്ഷിക്കാം. അതുപോലെ ലോകാരോഗ്യ സംഘടനയുടെ പഠന പ്രകാരം ഡെങ്കിക്ക് കാരണമാകുന്ന കൊതുകുകൾക്ക് 400 മീറ്റർ പറക്കാനുള്ള ദൂരമുണ്ട്, അതിനാൽ മുട്ടുകൾക്ക് മുകളിൽ കടിക്കില്ല  എന്ന വാദം തെറ്റാണ്.

വെളിച്ചെണ്ണയ്ക്ക് ആൻറിബയോട്ടിക്  ഗുണങ്ങൾ ഉണ്ടോ എന്ന് അറിയാൻ ഞങ്ങൾ നടത്തിയ അന്വേഷണത്തിൽ ഇതിൽ ലഭിച്ച ചില വിവരങ്ങൾ പങ്കു വയ്ക്കാം. വെളിച്ചെണ്ണയ്ക്ക് ഡെങ്കിപ്പനി പോലുള്ള മാരകരോഗങ്ങളെ ചെറുക്കാനുള്ള കഴിവുണ്ടെന്ന് ഒരിടത്തും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.

 വെളിച്ചെണ്ണയിൽ നിന്ന് വേര്‍തിരിക്കുന്ന ഒരു പദാർത്ഥമാണ് മോണോലോറിൻ. ബാക്ടീരിയ, വൈറൽ, ഫംഗസ് അണുബാധകൾക്കെതിരെ പോരാടാൻ ഇത് ഉപയോഗിക്കുന്നു. ഫലപ്രദമായ അണുബാധ പോരാളിയെന്ന നിലയിൽ മോണോലോറിൻ ജനപ്രീതി നേടിയിട്ടുണ്ട്. എന്നാല്‍ മോണോലോറിന്‍ നേരിട്ട് വെളിച്ചെണ്ണയില്‍ ഇല്ല. എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ വെളിച്ചെണ്ണ ഒരു അണുനാശിനിയായി പ്രവര്‍ത്തിക്കുന്നില്ലെന്നുള്ള ഫലങ്ങളാണ് ലഭിച്ചതെന്ന് ഇതേപ്പറ്റി നടന്ന പഠനങ്ങളില്‍ പറയുന്നു.   അന്വേഷണത്തിൽ നിന്നും വ്യാജ പ്രചരണമാണ് നടത്തുന്നതെന്ന് വ്യക്തമായിട്ടുണ്ട്.  ഡെങ്കി പനി പരത്തുന്ന കൊതുകുകളുടെ പ്രത്യേകതകളെക്കുറിച്ച് ഞങ്ങൾ അന്വേഷിച്ചു. കാല്‍മുട്ടിന് മുകളിലേയ്ക്ക് ഇത്തരം കൊതുകുകള്‍ക്ക് പറക്കാന്‍ കഴിയില്ല എന്ന മട്ടില്‍ യാതൊരു പ്രത്യേകതയും ഉണ്ടെന്ന് ഒരിടത്തും പരാമര്‍ശമില്ല. 

പോസ്റ്റിലൂടെ നടത്തുന്നത് പൂര്‍ണ്ണമായും തെറ്റായ പ്രചരണമാണ് നടത്തുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

നിഗമനം 

പോസ്റ്റിലെ പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്. ഡെങ്കി പനി പ്രതിരോധിക്കാന്‍ വെളിച്ചെണ്ണ ഫലപ്രദമാണെന്ന് തിരുപ്പതി സായി സുധ ആശുപത്രിയിലെ ഡോക്റ്റര്‍ ബി.സുകുമാറിന്‍റെ പേരില്‍ പ്രചരിക്കുന്ന സന്ദേശം തെറ്റാണ്. ഡോക്റ്റര്‍ ഇങ്ങനെ ഒരു സന്ദേശം നല്‍കിയിട്ടില്ല. മാത്രമല്ല, ഡെങ്കിപനി പരത്തുന്ന കൊതുകുകളെ പ്രതിരോധിക്കാന്‍ വെളിച്ചെണ്ണ കാലില്‍ പുരട്ടിയാല്‍ മതിയെന്നതിന് ശാസ്ത്രീയമായി യാതൊരു തെളിവുകളുമില്ല. ഡെങ്കി കൊതുകുകള്‍ മുട്ടിനു മുകളില്‍ പറക്കില്ല എന്നാ വാദവും തെറ്റാണ്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:ഡെങ്കി പരത്തുന്ന കൊതുകിൽ നിന്നും രക്ഷയ്ക്കായി കാലിൽ വെളിച്ചെണ്ണ പുരട്ടിയാൽ മതിയെന്ന പഴയ വ്യാജ പ്രചരണം വീണ്ടും വൈറലാകുന്നു…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •