വീഡിയോയിൽ കാണിക്കുന്ന 108 ആംബുലൻസുകൾ സേവനം നൽകാതിരുന്നത് എന്തുകൊണ്ടാണ്…?

ആരോഗ്യം സാമൂഹികം

വിവരണം 

കടുംകെട്ട്

‎ എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പിൽ നിന്നും  2019  സെപ്റ്റംബർ 22  ന് പ്രസിദ്ധീകരിച്ച ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. കേരളം സർക്കാരിന്റെ ആംബുലൻസ് സർവീസിനെപ്പറ്റിയുള്ള പരാതി ലൈവ് വീഡിയോ രൂപത്തിൽ പോസ്റ്റിൽ നൽകിയിരിക്കുന്നു. ലൈവ് വീഡിയോ നൽകിയ വ്യക്തി ആരോപിക്കുന്നത് കായംകുളത്തു നിന്നാണ് സംസാരിക്കുന്നതെന്നും  മൂന്ന് ആംബുലൻസുകൾ അവിടെ ഉണ്ടെന്നും എന്നാൽ രോഗിയെ ആശുപത്രിയിലെത്തിക്കാൻ വിളിച്ചപ്പോൾ ഡ്രൈവർ ഇല്ല എന്ന കാരണം പറഞ്ഞു വരാൻ കൂട്ടാക്കിയില്ലെന്നുമാണ്. വാഹനം അനുവദനീയമല്ലെന്ന് അറിയിച്ചുവത്രെ. കോട്ടയം മെഡിക്കൽ കോളേജിലേക്കാണ് രോഗിയായ പിതാവിനെ കൊണ്ട് പോകുന്നതെന്ന് ആദ്യം പറയുന്ന ഇദ്ദേഹം പിന്നീട് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് സ്വകാര്യ വാഹനം വിളിച്ചു എന്ന് അവകാശപ്പെടുന്നു. വീഡിയോ പ്രസിദ്ധീകരിച്ചിരിക്കുന്നത് രാത്രി സമയത്താണ് എന്ന് നമുക്ക് കാണാൻ സാധിക്കുന്നുണ്ട്.

archived linkFB post

കായംകുളം ആശുപത്രിയിൽ മൂന്നു ആംബുലൻസുകൾ ഉണ്ടായിരുന്നോ…? വീഡിയോയിൽ ആരോപണം ഉന്നയിക്കുന്ന വ്യക്തി ആംബുലൻസ് വിളിച്ചിട്ട് അധികൃതർ വിട്ടുകൊടുക്കാതിരുന്നോ എന്ന് നമുക്ക് അന്വേഷിച്ചു നോക്കാം. 

വസ്തുതാ വിശകലനം 

ഈ പോസ്റ്റിൽ ലൈവായി പരാതി നൽകിയിരിക്കുന്നത് ആരാണെന്ന്  വ്യക്തമല്ല. പോസ്റ്റിന് ലഭിച്ച ചില കമന്‍റുകളില്‍ ഇവ കനിവ് പദ്ധതിയുടെ ആംബുലന്‍സുകളാണ് എന്ന് പരാമര്‍ശിച്ചു കണ്ടു. ഞങ്ങൾ ഇതേക്കുറിച്ച് കൂടുതൽ തിരഞ്ഞപ്പോൾ സംസ്ഥാന സർക്കാർ ഈയിടെ ആരംഭിച്ച കനിവ് 108  എന്ന ആംബുലൻസ് സർവ്വീസിനെ പറ്റിയുള്ള വിവരങ്ങൾ ലഭ്യമായി. മുഖ്യമന്ത്രിയുടെ ഔദ്യോഗികഫേസ്‌ബുക്ക് പേജിലും ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലും ഇതിന്‍റെ വിശദാംശങ്ങൾ നൽകിയിട്ടുണ്ട്. 

archived linkk k shailaja
archived linkCMO Kerala

കൂടാതെ പ്രസ്തുത വീഡിയോയ്ക്കുള്ള വിശദീകരണമായി ഹിജാസ് അഹമ്മദ് എന്ന പ്രൊഫൈലിൽ നിന്നും പ്രസിദ്ധീകരിച്ച ഒരു വിശദീകരണം ഞങ്ങൾക്ക് ലഭിച്ചു. 

archived linkhijas.ahmed

കനിവ് പദ്ധതിപ്രകാരമുള്ള ആംബുലൻസുകൾ 2019 സെപ്റ്റംബർ 25 മുതലാണ് സേവനം ആരംഭിക്കുന്നത് എന്നാണ് വാർത്തകളിൽ നിന്നും വ്യക്തമാകുന്നത്. 

ഇനി കായംകുളം ജനറൽ ആശുപത്രിയിൽ കിടക്കുന്ന ആംബുലൻസുകൾ ഈ വിഭാഗത്തിലേതാണോ എന്നറിയാനായി ഞങ്ങൾ ആശുപത്രി സൂപ്രണ്ട് ഡോ. മനോജുമായി ബന്ധപ്പെട്ടിരുന്നു. എന്നാൽ അവിടെ ഒരു ആംബുലൻസ് മാത്രമാണുള്ളതെന്നും കനിവ് 108  പദ്ധതിയുടെ ഭാഗമായ ആംബുലൻസുകൾ പത്തനംതിട്ട ജില്ലയിലേക്ക് കൊണ്ടുപോകാനായി അവിടെ കൊണ്ടുവന്നതാണ് എന്നും അദ്ദേഹം അറിയിച്ചു.

ഈ ആംബുലൻസുകളുടെ കൂടുതൽ വിവരങ്ങൾ അറിയാനായി ഞങ്ങൾ ആരോഗ്യകേരളം ജില്ലാ കാര്യാലയവുമായി ബന്ധപ്പെട്ടു. കനിവ് 108  പദ്ധതിയുടെ ജില്ലാ കോർഡിനേറ്റർ ജസ്റ്റിൻ അറിയിച്ചത് ഇങ്ങനെയാണ്: കനിവ് 108 പദ്ധതി പ്രകാരമുള്ള ആംബുലൻസുകൾ സംസ്ഥാനത്ത്  എല്ലായിടത്തേയ്ക്കും എത്തിച്ചു കൊണ്ടിരിക്കുകയാണ്. ഇവയുടെ സേവനം പൂർണ്ണമായും സൗജന്യമാണ്. സെപ്റ്റംബർ 25 അർദ്ധരാത്രി മുതൽ മാത്രമേ  സേവനം ലഭിച്ചു തുടങ്ങുകയുള്ളു.  തിരുവനന്തപുരത്തു നിന്നും പത്തനതിട്ടയിലെത്തിക്കാനുള്ള യാത്രയിൽ രാത്രിയായതിനാൽ ഇവ കായംകുളം സർക്കാർ ആശുപത്രി വളപ്പിൽ പാർക്ക് ചെയ്തതാണ്. കിടത്തി ചികിത്സയില്ലാത്ത ഒന്ന് രണ്ടു ആശുപത്രിയിലേക്കുള്ള ആംബുലന്സുകളായിരുന്നു അത്. പുതിയ ഡ്രൈവർമാരായതിനാൽ അപരിചിത റോഡിലൂടെ രാത്രിയാത്ര ഒഴിവാക്കാമെന്ന് കരുതി. അവർ കൺട്രോൾ റൂമിൽ വിളിച്ചപ്പോൾ അവിടെ നിന്നും ലഭിച്ച നിർദ്ദേശപ്രകാരമാണ് കായംകുളം ആശുപത്രി വളപ്പിൽ ഇവ പാർക്ക് ചെയ്തത്. 

പിന്നെ 108  ആംബുലൻസ് വിളിക്കുന്നതിന്‌ ചില മാനദണ്ഡങ്ങളുണ്ട്.ആദ്യം കൺട്രോൾ റൂമിൽ വിളിച്ച് ബുക്ക് ചെയ്യണം. അവിടെ നിന്നുമാണ് ഡ്രൈവറെ വിളിച്ച് ആംബുലൻസ് അനുവദിക്കുന്നത്. നിങ്ങൾ ആശുപത്രി വളപ്പിൽ നിന്ന് വിളിച്ചാൽ പോലും ഫോൺ ഡോക്ടർക്ക് കൈമാറാൻ നിർദ്ദേശം ലഭിക്കും. കാരണം ഡോക്ടർ റഫർ ചെയ്തിട്ടാണോ രോഗിയെ മറ്റെവിടേക്കെങ്കിലും കൊണ്ടുപോകുന്നത് എന്ന് ഉറപ്പാക്കാനാണിത്. ആംബുലൻസ് ഡ്രൈവറുടെ മാതാപിതാക്കളെ കൊണ്ടുപോകാൻ പോലും ഇതാണ് നിയമം. “

കൂടാതെ ഞങ്ങൾ 108 ആംബുലൻസിന്‍റെ കായംകുളം സർക്കാർ ആശുപത്രിയിലെ ഡ്രൈവർ അൻവറുമായി സംസാരിച്ചു. “ഫേസ്‌ബുക്കിൽ ലൈവിട്ട യുവാവ് തന്റെ അച്ഛനുമായി അവിടെ വന്നിരുന്നു എന്നത് ശരിയാണ്. എന്നാല്‍ എനിക്കു ഈ ഓട്ടം പോകാന്‍ കോള്‍ കിട്ടിയില്ല. കണ്‍ട്രോള്‍ റൂമില്‍ നിന്നാണ് അറിയിപ്പ് കിട്ടേണ്ടത്.  അദ്ദേഹത്തിന്‍റെ സ്ഥിതി ഇത്തിരി പ്രശ്നവുമായിരുന്നു. ഡോക്ടർ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് അദ്ദേഹത്തെ റഫർ ചെയ്തു. വണ്ടാനത്തേയ്ക്ക് കൊണ്ടുപോകുന്നില്ല, അവിടുത്തെ ചികിത്സയോട് യോജിപ്പില്ല അതിനാൽ കോട്ടയത്ത് കൊണ്ടുപോകാനാണ് ഉദ്ദേശിക്കുന്നത് എന്ന് യുവാവ് പറഞ്ഞു. അപ്പോഴൊന്നും ആംബുലൻസ് ആവശ്യമുണ്ടെന്ന്  ഈ യുവാവ് അറിയിച്ചില്ല. പിന്നീട് ആശുപത്രിക്ക് വെളിയിൽ നിന്ന ഏതാനും യുവാക്കളോട് അവിടെ കിടക്കുന്ന ആമ്പുലുൻസുകൾക്ക് ഡ്രൈവർ ഇല്ലേ എന്ന് യുവാവ് ചോദിച്ചു. ഇവ എവിടെയോ കൊണ്ടുപോകാൻ ഇട്ടിരിക്കുന്നവയാണ് എന്ന് അവർ മറുപടി പറഞ്ഞു. ഉടൻ യുവാവ് സ്വകാര്യ ആംബുലൻസ് വിളിക്കുകയും തുടർന്ന് ഫേസ്‌ബുക്കിൽ ലൈവ് ഇടുകയുമാണ് ചെയ്തത്. ഇതാണ് യഥാർത്ഥത്തിൽ നടന്നത്.”

ഞങ്ങളുടെ അന്വേഷണത്തിൽ നിന്നും വ്യക്തമാകുന്നത് ഈ വീഡിയോയിൽ 108 ആംബുലൻസിനെതിരെ  നൽകിയിരിക്കുന്ന ആരോപണം അടിസ്ഥാനമില്ലാത്തതാണ് എന്നാണ്. ലൈവ് വീഡിയോയിൽ യുവാവ് ചൂണ്ടിക്കാണിക്കുന്ന ആംബുലൻസുകൾ സേവനം തുടങ്ങിയിട്ടില്ലാത്തതായിരുന്നു. തെറ്റിധാരണ മൂലമോ 108 ആംബുലൻസ് സേവന നടപടികളെപ്പറ്റിയുള്ള അറിവില്ലായ്മ മൂലമോ ആകാം  യുവാവ് ലൈവായി വന്ന് ആരോപണം ഉന്നയിച്ചത്.

നിഗമനം 

ഈ വീഡിയോയിൽ ലൈവായി വന്ന് യുവാവ് നൽകിയിരിക്കുന്ന ആരോപണം അടിസ്ഥാനമില്ലാത്തതാണ്. കായംകുളം ആശുപത്രിയിൽ യുവാവ് കാണിക്കുന്ന ആംബുലൻസുകൾ പത്തനംതിട്ടയിലേയ്ക്ക് കൊണ്ട് പോകുന്ന വഴി താൽക്കാലികമായി  കായംകുളം ആശുപത്രിയിൽ പാർക്ക് ചെയ്തതാണ്. ഇവ സെപ്റ്റംബർ 25 മുതലാണ് സേവനം ആരംഭിക്കുക. 108 ആംബുലൻസ് വിളിക്കുന്നതിന്‌ ചില മാനദണ്ഡങ്ങൾ ഉണ്ട്. അതിൻ പ്രകാരംമാത്രമാണ് സേവനം ലഭ്യമാവുക. അതിനാൽ തെറ്റിധാരണ സൃഷ്ടിക്കുന്ന ഈ വീഡിയോ പ്രചരിപ്പിക്കരുതെന്ന്  മാന്യ വായനക്കാരോട് അഭ്യർത്ഥിക്കുന്നു 

Avatar

Title:വീഡിയോയിൽ കാണിക്കുന്ന 108 ആംബുലൻസുകൾ സേവനം നൽകാതിരുന്നത് എന്തുകൊണ്ടാണ്…?

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •