കേന്ദ്ര മന്ത്രിയായി ചുമതലയേറ്റ വി.മുരളീധരന്‍ ശബരിമല സ്ത്രീപ്രവേശനത്തോട് അനകൂല നിലപാട് സ്വീകരിച്ചോ?

രാഷ്ട്രീയം | Politics

വിവരണം

ഭക്തരായ സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്തുന്നതില്‍ തെറ്റില്ലെന്ന് കേന്ദ്ര സഹമന്ത്രിയായി ചുമതലയേറ്റ ബിജെപി നേതാവ് വി.മുരളീധരന്‍ പറഞ്ഞതായി കഴിഞ്ഞ ദിവസങ്ങളില്‍ ഫെയ്‌സ്ബുക്കില്‍ പ്രചരണം നടക്കുന്നുണ്ട്. അനില്‍കുമാര്‍ പുളിയില എന്ന വ്യക്തിയാണ് ഇത്തരമൊരു പോസ്റ്റ് ഫെയ്‌സ്ബുക്കില്‍ അ‌പ്‌ലോഡ് ചെയ്‌തിരിക്കുന്ന ഒരാള്‍. ഉത്തരവാദിത്തത്തില്‍ എത്തിയപ്പോള്‍ കാര്യം മനസിലായി എന്ന തലക്കെട്ട് നല്‍കിയാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. പോസ്റ്റിന് ഇതുവരെ 600ല്‍ അധികം ഷെയറുകളും 150ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം-

Archived Link

എന്നാല്‍ കേന്ദ്ര മന്ത്രിയായി ഉത്തരവാദിത്തം ഏറ്റെടുത്ത ശേഷം മുരളീധരന്‍ ഇത്തരമൊരു പ്രസ്താവന നടത്തിയിരുന്നോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

യഥാര്‍ത്ഥത്തില്‍ ന്യൂസ് 18 2019 ജനുവരി 4നു സംഘടിപ്പിച്ച ഒരു ചര്‍ച്ചയിലാണ് ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച പ്രതികരണം വി.മുരളീധരന്‍ നടത്തിയത്. വി.മുരളീധരന്‍റെ പ്രതികരണത്തിന്‍റെ പൂര്‍ണ്ണരൂപം-

“വിശ്വാസി എന്ന നിലയിൽ ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുവാൻ ആഗ്രഹിച്ചാൽ അതിൽ പ്രശ്നമില്ല. വിശ്വാസികളായി എത്തുന്ന സ്ത്രീകൾക്ക് ശബരിമല പ്രവേശനം സാധ്യമാക്കുക എന്നത് സർക്കാരിന്‍റെയും പൊലീസിന്‍റെയും ഉത്തരവാദിത്തമാണ്. എന്നാൽ, ആക്ടിവിസ്റ്റുകളെ മലകയറ്റാനാണ് സർക്കാർ ശ്രമിക്കുന്നത്.

സന്നിധാനത്ത് യുവതികൾ എത്തിയത് മുഖ്യമന്ത്രിയുടെ അറിവോടെ ആയിരുന്നു. പൊലീസിന്‍റെ ആസൂത്രണം ഇതിന്‍റെ പിന്നലുണ്ടായിരുന്നുവെന്നും” ബിജെപി നേതാവും രാജ്യസഭാംഗവുമായ വി മുരളീധരൻ പറഞ്ഞു.

ശബരിമലയില്‍ സത്രീപ്രവേശനം സംബന്ധിച്ച ക്രമസമാധാന പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നാലു മാസങ്ങള്‍ മുന്‍പ് നടന്ന ചര്‍ച്ചയില്‍ ആക്ടിവിസ്റ്റുകളുടെ പ്രവേശനം സംബന്ധിച്ച പ്രതകരണത്തിനിടയിലാണ് മുരളീധരന്‍ വിശ്വാസികളായ സ്ത്രീകളുടെ പ്രവേശനം സംബന്ധിച്ച അനുകൂല നിലപാട് വ്യക്തമാക്കിയത്. അന്ന് അദ്ദേഹം രാജ്യസഭ അംഗം മാത്രമാണ്. അതിനുശേഷം നിലവില്‍ കേന്ദ്ര മന്ത്രിയായ സാഹചര്യത്തില്‍ അത്തരമൊരു പ്രതികരണവും നടത്തിയിട്ടില്ലെന്നും ഞങ്ങളുടെ അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞു. അന്നത്തെ സഹാചര്യവും അദ്ദേഹം കേന്ദ്ര മന്ത്രിയായി ചുമതലയേറ്റ നിലവിലെ സാഹചര്യവും തമ്മില്‍ ഒരുക്കലും ബന്ധപ്പെടുത്താന്‍ കഴിയുന്നതുമല്ല. അന്നു നടത്തിയ പ്രസ്തവാന ഇപ്പോള്‍ കേന്ദ്ര മന്ത്രിയായി ഉത്തരവാദിത്തം ഏറ്റെടുത്തപ്പോള്‍ ഉണ്ടായ തിരിച്ചറിവിന്‍റെ പേരില്‍ സ്വീകരിച്ച നിലപാടാണ് എന്ന പേരില്‍ പ്രചരിപ്പിക്കുന്നത് തെറ്റ്ദ്ധരണ ഉണ്ടാക്കാന്‍ കാരണമാകും.

News 18 Archived Link

നിഗമനം

മാസങ്ങള്‍ക്ക് മുന്‍പ് അന്നത്തെ സാഹചര്യത്തെ അടിസ്ഥാനമാക്കി നടത്തിയ പ്രസ്താവനയില്‍ നിലവില്‍ വി.മുരളീധരന്‍ കേന്ദ്ര മന്ത്രിയായി ചുമതലയേല്‍ക്കുമ്പോള്‍ അത് ഇപ്പോള്‍ നടത്തിയ പ്രസംഗം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത് ജനങ്ങളില്‍ തെറ്റ്ദ്ധാരണ ഉണ്ടാക്കാന്‍ കാരണമാകും. മാത്രമല്ല തെറ്റ്ദ്ധരിപ്പിക്കുന്ന വധത്തിലെ തലക്കെട്ടും പോസ്റ്റിന് നല്‍കിയിട്ടുണ്ട്. പഴയ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് ശബരിമല വിഷയത്തില്‍ അനകൂല നിലപാട് മുരളീധരന്‍ സ്വീകരിച്ചു എന്ന പോസ്റ്റ് പ്രചരിപ്പിക്കുന്നതെന്നും തെളിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ സാഹചര്യത്തില്‍ പോസ്റ്റ് പ്രചരിപ്പിക്കുന്നത് തെറ്റദ്ധാരണയ്ക്കു കാരണമാകുമെന്നും കേന്ദ്രമന്ത്രിയായി ചുമതലയേറ്റ വി.മുരളീധരന്‍ ഇത്തരമൊരു പ്രസ്തതാവന നടത്തിയിട്ടില്ലെന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്.

Avatar

Title:കേന്ദ്ര മന്ത്രിയായി ചുമതലയേറ്റ വി.മുരളീധരന്‍ ശബരിമല സ്ത്രീപ്രവേശനത്തോട് അനകൂല നിലപാട് സ്വീകരിച്ചോ?

Fact Check By: Harishankar Prasad 

Result: False