അപ്പോളോ ടയേഴ്സിന്‍റെ പ്ളാൻറ് പൂട്ടിയെന്നുള്ള വാർത്തയുടെ വസ്തുത….

രാഷ്ട്രീയം

വിവരണം 

Janatha Today എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 സെപ്റ്റംബർ 11  മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. പോസ്റ്റിന്  ഇതുവരെ 1000 ലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “@Janatha today

#ആയിരമല്ല പതിനായിരം ഷെയർ ചെയ്യണം ഇതൊക്കെ.. ഇതിൽ ഒരു രാഷ്ട്രീയവും നോക്കേണ്ട കാര്യമില്ല.?

കാരണം ജനങ്ങൾക്ക്‌ ജീവിച്ചേ പറ്റൂ..

ഈ ബിജെപി മരപ്പൊട്ടന്മാർക്കെതിരെ ജനവികാരമുയരണം.തൊഴിലും ജീവിതവും, രാജ്യവും തകർത്ത് തരിപ്പണമാക്കിയ ഇവർക്ക് ഒരാളുടെ സപ്പോർട്ട് പോലും നമ്മുടെ നാട്ടിൽ നിന്നുണ്ടാവരുത്..ഈ സങ്കികൾ വന്നതിൽ പിന്നെ 8 ലക്ഷത്തോളം കമ്പനികൾ പൂട്ടി കഴിഞ്ഞു. ദശ ലക്ഷക്കണക്കിന് പേർ തൊഴിൽ രഹിതരായി. 100കണക്കിന് പേർ ആത്മഹത്യ ചെയ്തു. കർഷകർ പാടങ്ങൾക്ക് തീയുമിട്ട് ജീവനൊടുക്കിക്കൊണ്ടേയിരിക്കുന്നു.

ഈ നശിച്ച ബിജെപി ഭരണത്തെ അനുകൂലിക്കുന്നവർ കേരളത്തിലുണ്ടാവരുത്.

കേരളം മാത്രം ഈ തകർച്ചയിലും പിടിച്ചു നിന്നിരുന്നു.ഒടുക്കം ഇവിടെയുമെത്തി.

കളമശ്ശേരി അപ്പോളോയുടെ പ്ലാന്റ് തൽക്കാലത്തേക്ക് അടച്ചു പൂട്ടി.ഇനി തുറന്നാലും കാര്യമായ പ്രതീക്ഷ ഇല്ലെന്നാണ് മാനേജ് മെന്റ് പറയുന്നത്. രാജ്യമൊട്ടാകെയുള്ള തകർച്ചയിൽ പിടിച്ചു നിൽക്കാൻ ഒരു കമ്പനിക്കുമാവില്ലെന്നാണ് അവർ പറയുന്നത്.

നൂറ് കണക്കിന് ജീവനക്കാരുടെ കാര്യം ഉടൻ വെള്ളത്തിലാകും..

#പോസ്റ്റ്‌ വായിച്ചു നോക്കി ലൈക്‌ ചെയ്ത് സപ്പോർട്ട് തരണം എങ്കിലേ ഇത് അടുത്തവരിലേക്ക് റീച് ആവൂ.. പിന്നെ ഷെയർ ചെയ്യാനും മടിക്കരുത്. നിങ്ങളാണ് മീഡിയ. നിങ്ങളാണിത് ജനങ്ങളെ അറിയിക്കേണ്ടത്.” എന്ന അടിക്കുറിക്കുമായി നൽകിയിരിക്കുന്ന ചിത്രത്തിലും ഇതേ വാർത്ത തന്നെയാണ് നൽകിയിരിക്കുന്നത്. 

“പ്രീയ മിത്രങ്ങളേ … മോദിജിയുടെ അച്ഛാ ദിൻ യോജന പ്രകാരം ഏറ്റവും നല്ല നിലയിൽ പോയിക്കൊണ്ടിരിക്കുന്ന ഒരു ഫാക്ടറി കൂടി അടച്ചിരിക്കുന്നു. അതും നമ്മുടെ കൊച്ചിയിൽ. മുത്തൂറ്റ്    കണ്ണീര് തുടച്ചോണ്ടിരിക്കുന്ന മോദിജിയ്ക്ക് വോട്ടു ചെയ്ത മിത്രങ്ങൾ എത്രയും വേഗം തിരികെ വന്ന് വായിൽ വിരലിട്ടോണ്ടിരിക്കേണ്ടതാണ്. കളമശ്ശേരി അപ്പോളോ ടയർ ഫാക്ടറി രാജ്യത്താകെയുള്ള സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് അടച്ചു പൂട്ടി. ചാലക്കുടി പ്ലാന്റും നിർമാണം നിർത്തി. ആയിരത്തോളം തൊഴിലാളികളുടെ സ്ഥിതി ഗോവിന്ദ” എന്ന വാചകങ്ങളാണ്  ചിത്രത്തിലുള്ളത്. 

archived linkFB post

അപ്പോളോ ടയേഴ്‌സിന്‍റെ കളമശ്ശേരി – ചാലക്കുടി യൂണിറ്റുകൾ പൂട്ടിയെന്നും നിർമാണം നിർത്തി  എന്നുമാണ് പോസ്റ്റിലെ അവകാശ വാദം.ഈ വാർത്ത എത്രമാത്രം വസ്തുതാപരമാണെന്ന് നമുക്ക് അറിയാൻ ശ്രമിക്കാം.

വസ്തുതാ വിശകലനം 

പോസ്റ്റിൽ ദേശാഭിമാനി ഇതേപ്പറ്റി വാർത്ത പ്രസിദ്ധീകരിച്ച ഒരു ലിങ്ക് നൽകിയിട്ടുണ്ട്. ഞങ്ങൾ ഈ വാർത്തയുടെ കീ വേർഡ്‌സ്  ഉപയോഗിച്ച് ഞങ്ങൾ ഓൺലൈനിൽ വാർത്ത തിരഞ്ഞു നോക്കി. ഏതാനും മാധ്യമങ്ങൾ ഇങ്ങനെയൊരു വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. എല്ലാ മാധ്യമങ്ങളും ഒരേ രീതിയിൽ തന്നെയാണ് വാർത്ത നൽകിയിരിക്കുന്നത്.  

archived link

 തുടർന്ന് ഞങ്ങൾ അപ്പോളോ ടയേഴ്സിന്‍റെ  വെബ്‌സൈറ്റ്  എടുത്തു നോക്കി.  അതിൽ ഇത്തരത്തിൽ ഒരു ഒന്നും തന്നെ  നൽകിയിട്ടില്ല. എന്ന് മാത്രമല്ല, തങ്ങളുടെ പ്ലാന്റ് പൂട്ടുന്നതായോ പ്രവർത്തനം നിർത്തി വയ്ക്കുന്നതായോ യാതൊരു വിധത്തിലുള്ള പ്രതികരണമോ സ്ഥിരീകരണമോ അപ്പോളോ കമ്പനിക്കാർ നടത്തിയിട്ടില്ല.   അവർ കമ്പനിയുടെ വിവരങ്ങൾ വാർത്താ കുറിപ്പുകളായി വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്. 2019 സെപ്റ്റംബർ 12 ന് അവർ പ്രസിദ്ധീകരിച്ചിരിക്കുന്ന ഒരു വാർത്താ കുറിപ്പ് “അപ്പോളോ ടയറുകൾ ഇന്ത്യയിലെ എസ്‌യുവി വിഭാഗത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു” എന്ന തലക്കെട്ടിലാണ്. 

archived linkcorporate.apollotyres

അവരുടെ പ്രവർത്തന മേഖല വ്യാപിപ്പിക്കുന്നു എന്നാണ്  ഇതിൽ നിന്നും വ്യക്തമാകുന്നത്. ഇതല്ലാതെ കേരളത്തിലുള്ള പ്ലാന്റുകൾ പൂട്ടുന്നതിനെ പറ്റിയോ പ്രവർത്തനം നിർത്തി വയ്ക്കുന്നതിനെ  പറ്റിയോ യാതൊരു വിവരങ്ങളും നൽകിയിട്ടില്ല. 

വാർത്തയുടെ സ്ഥിരീകരണത്തിനായി ഞങൾ അപ്പോളോ ടയേഴ്‌സുമായി  ബന്ധപ്പെട്ടു. ഓണം പ്രമാണിച്ച്   തിരുവോണ നാൾ മുതൽ മൂന്നു ദിവസത്തേയ്ക്ക് ഞങ്ങൾക്ക് അവധി ദിനങ്ങളാണ്. മെയിന്‍റനന്‍സിന്‍റെ കാര്യങ്ങള്‍ക്ക് ഒരു ദിവസം അവധിയുണ്ടായിരുന്നു. ഓണാവധിക്ക് ശേഷം ഞായറാഴ്ച പതിവു പോലെ പ്രവർത്തനം ആരംഭിക്കും. സാമ്പത്തിക മാന്ദ്യം മൂലമൊന്നുമല്ല, ഇവിടെ പ്രവർത്തനം നിർത്തി വച്ചത്.  തുടർച്ചയായി വന്ന അവധി മൂലം തെറ്റിദ്ധാരണ ഉണ്ടായതാകാം. ഇന്ന് ഡ്യുട്ടിയിലുണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥനാണ് ഞങ്ങൾക്ക് വിവരങ്ങൾ കൈമാറിയത്.  അവിടെ അടച്ചു പൂട്ടൽ ഭീഷണി ഇല്ല എന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. പിആർഒ അവധി കഴിഞ്ഞു നാളെ എത്തുമെന്നും അദ്ദേഹത്തെ നാളെ ബന്ധപ്പെടാൻ സാധിക്കുമെന്നും ഉദ്യോഗസ്ഥൻ അറിയിച്ചു. 

പിന്നീട് കളമശ്ശേരിയില്‍ നിന്നും ഗൂര്‍ഗാവിലുള്ള ഓഫീസുമായി ബന്ധപ്പെടാന്‍ ഞങ്ങളോട് നിര്‍ദ്ദേശിച്ചു. ഞങ്ങള്‍ അപ്പോളോ ടയേഴ്സിന്‍റെ ഗൂര്‍ഗാവിലുള്ള ഓഫീസുമായി ബന്ധപ്പെട്ടു. “ഇത്തരത്തില്‍ പ്രചരിക്കുന്നത് വെറും അഭ്യൂഹങ്ങള്‍ മാത്രമാണ്. കേരളത്തിലെ പ്ലാന്‍റുകള്‍ സാമ്പത്തിക മാന്ദ്യത്തിന്‍റെ പേരില്‍ പൂട്ടിയിട്ടിട്ടില്ല. ഇത്തരം വാര്‍ത്തകളെല്ലാം മാധ്യമ സൃഷ്ടിയാണ്. വര്‍ക്സൈറ്റ് മെയിന്‍റനന്‍സ് ഉണ്ടായിരുന്നു. ഇതല്ലാതെ ഞങ്ങള്‍ക്ക് യാതൊരു വിധ പ്രശ്നങ്ങളും കേരളത്തിലോ മറ്റെവിടെയെങ്കിലുമോ പ്ലാന്‍റിന്‍റെ പ്രവര്‍ത്തനത്തിന് എതിരെ ഇല്ല.” അപ്പോളോ ടയേഴ്സിന്‍റെ പ്രസ്സ് ആന്‍റ് മീഡിയ വിഭാഗത്തിലെ ഉദ്യോഗസ്ഥനായ രോഹിത് ശരനാണ് വിവരങ്ങള്‍ നല്കിയത്.

സാമ്പത്തിക മാന്ദ്യം മൂലം അപ്പോളോ ടയേഴ്‌സ്  പ്ലാന്‍റുകൾ പൂട്ടുന്നു എന്നും പ്രവർത്തനം നിർത്തി വയ്ക്കുന്നു എന്നും പ്രചരിക്കുന്ന വാർത്തകൾ വസ്തുതാ വിരുദ്ധമാണ് എന്നാണ്  അന്വേഷണത്തിൽ നിന്നും ഞങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കുന്നത്. 

നിഗമനം 

 ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റാണ്. അപ്പോളോ ടയേഴ്‌സ് സാമ്പത്തിക മാന്ദ്യം മൂലം പ്ലാന്‍റുകൾ താൽക്കാലികമായോ സ്ഥിരമായോ പൂട്ടിയിട്ടില്ല. സാമ്പത്തിക മാന്ദ്യം മൂലം  പ്രവർത്തനം നിർത്തി വച്ചിട്ടില്ല എന്നു അപ്പോളോ ടയേഴ്സിന്‍റെ കോര്‍പ്പറേറ്റ് ഓഫീസില്‍ നിന്നും ഞങ്ങള്‍ക്ക് വിശദീകരണം നല്കിയിട്ടുണ്ട്.   ഇത്തരത്തിൽ പ്രചരിക്കുന്നതെല്ലാം തെറ്റായ വാർത്തകളാണ്.  അതിനാൽ തെറ്റായ വാർത്ത പ്രചരിപ്പിക്കുന്ന ഈ പോസ്റ്റ് ഷെയർ ചെയ്യരുതെന്ന് മാന്യ വായനക്കാരോട് അഭ്യർത്ഥിക്കുന്നു.

Avatar

Title:അപ്പോളോ ടയേഴ്സിന്‍റെ പ്ളാന്‍റ പൂട്ടിയെന്നുള്ള വാർത്തയുടെ വസ്തുത….

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •