പ്രതിഷേധത്തിന് മുന്നില്‍ മുട്ട് മടക്കി കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമാണോ 49 സാംസ്കാരിക പ്രമുഖര്‍ക്കെതിരെയുള്ള കേസ് പിന്‍വലിച്ചത്?

രാഷ്ട്രീയം

വിവരണം

ഡിവൈഎഫ്ഐയുടെ പ്രതിഷേധം, മുട്ട്മടക്കി കേന്ദ്രസര്‍ക്കാര്‍- ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച സാംസ്കാരിക പ്രവര്‍ത്തകര്‍ക്കും സെലിബ്രിറ്റികള്‍ക്കും എതിരെയുള്ള കേസ് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. എന്ന തലക്കെട്ട് നല്‍കി ഒക്ടോബര്‍ 10ന് ചെഗുവേര ആര്‍മി എന്ന പേരിലുള്ള പേജില്‍ ഒരു പോസ്റ്റ്  പങ്കുവെച്ചിട്ടുണ്ട്. ഇതുവരെ 83ലൈക്കുകളും 22 ഷെയറുകളും പോസ്റ്റിന് ലഭിച്ചിട്ടുണ്ട്.

Archived Link

എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് അയച്ച അടൂര്‍ ഗോപാലകൃഷ്ണന്‍, രാമചന്ദ്ര ഗുഹ, മണിരത്നം, അനുരാഗ് കശ്യപ് തുടങ്ങിയ 49 പേര്‍ക്കെതിരെ കേസ് എടുത്തതെന്നും ഡിവൈഎഫ്ഐയുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് കേസ് പിന്‍വലിച്ചതെന്നുമാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിലെ അവകാശവാദം. 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ 49 പ്രമുഖര്‍ക്കെതിരെ കേസ് രജിസ്ടര്‍ ചെയ്തത് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമായിരുന്നോ? ഇപ്പോള്‍ കേസ് പിന്‍വലിച്ചതും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശ പ്രകാരമാണോ? ഡിവൈഎഫ്ഐ പ്രതിഷേധത്തിന്‍റെ ഫലമാണോ കേസ് പിന്‍വലിക്കാന്‍ കാരണം?

വസ്‌തുത വിശകലനം

ആള്‍ക്കൂട്ട കൊലപാതകത്തിലും അസഹിഷ്ണുതിയിലും പ്രതിഷേധിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയ പ്രമുഖര്‍ക്കെതിരെയുള്ള കേസ് പിന്‍വലിക്കാന്‍ പാട്ന മുസഫര്‍പുര്‍ എസ്‌പി മനോജ് കുമാര്‍ സിന്‍ഹ ഉത്തരവിട്ടു എന്നതാണ് ഏറ്റവും പുതുതായി വന്ന വാര്‍ത്ത. കേസ് പിന്‍വലിക്കാനുണ്ടായ കാരണം ഏഷ്യാനെറ്റ് ന്യൂസ്, ഇന്ത്യന്‍ എക്സ്പ്രെസ് മലയാളം തുടങ്ങിയ പ്രമുഖ മാധ്യമങ്ങള്‍ വിശദീകരിക്കുന്നതിങ്ങനെയാണ്:-

പ്രാദേശിക അഭിഭാഷകനായ സുധീ൪ കുമാര്‍ ഓജ എന്ന വ്യക്തിയാണ് രാജ്യത്തെ അപമാനിക്കാന്‍ ശ്രമിച്ചെന്നും പ്രധാനമന്ത്രിയുടെ പ്രവര്‍ത്തനത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചു എന്ന പേരില്‍ മുസഫര്‍പുര്‍ പോലീസില്‍ പ്രമുഖര്‍ക്കെതിരെ പരാതി നല്‍കിയത്. കേസിന്‍റെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ച എസ്‌പി മനോജ് കുമാര്‍ സിന്‍ഹയ്ക്ക് പരാതി ശരിവയ്ക്കും വിധം തെളിവുകള്‍ ലഭിച്ചില്ല. പരാതിക്കാരനായ അഭിഭാഷകന്‍ കേസിനെ പിന്തുണയ്ക്കുന്ന പ്രാധമിക തെളിവുകളോ 49 പേര്‍ ഒപ്പിട്ടു എന്ന് പറയപ്പെടുന്ന കത്തോ ഹാജരാക്കാന്‍ കഴിഞ്ഞില്ല എന്ന പേരിലും കേസ് പിന്‍വലിക്കാന്‍ ഉത്തരവിടുകയായിരുന്നു. മാത്രമല്ല വ്യാജ പരാതി നല്‍കിയതിന് അഭിഭാഷകനെതിരെ ഐപിസി 182 വകുപ്പ് പ്രകാരം കേസ് ചുമത്തി അന്വേഷണം നടത്തുമെന്നുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന വാര്‍ത്തകളില്‍ വ്യക്തമാകുന്നത്. ഇതിലെവിടെയും കേന്ദ്ര സര്‍ക്കാര്‍ കേസെടുക്കാനോ പിന്നീട് കേസ് പിന്‍വലിക്കാനോ ഇടപെടല്‍ നടത്തിയെന്ന് റിപ്പോര്‍ട്ടുകളില്ല. മാത്രമല്ല അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പില്ലെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് കേസ് പിന്‍വലിച്ചെതെന്നും വ്യക്തം. അതുകൊണ്ട് തന്നെ ‍‍ഡിവൈഎഫ്ഐ സമരത്തെ തുടര്‍ന്നാണ് കേസ് പിന്‍വലിച്ചതെന്നും അവകാശപ്പെടാന്‍ കഴിയുകയുമില്ല.

ഇന്ത്യന്‍ എക്‌സ്പ്രെസ് മലയാളം-

ഏഷ്യാനെറ്റ് ന്യൂസ്-

Archived LinkArchived Link

നിഗമനം

പ്രധാനമന്ത്രിക്ക് കത്തയച്ചതിന്‍റെ പേരില്‍ പ്രാദേശിക അഭിഭാഷകന്‍ നല്‍കിയ പരാതിയില്‍ കഴമ്പില്ലെന്ന പോലീസ് അന്വേഷണത്തെ തുടര്‍ന്നാണ് കേസ് പിന്‍വലിച്ചതെന്ന് വ്യക്തം. കേസ് ചുമത്തനോ കേസ് പിന്‍വലിക്കാനോ കേന്ദ്ര സര്‍ക്കാരിന്‍റെ ഇടപെടലുണ്ടായിട്ടുമില്ല. മാത്രമല്ല അന്വേഷണത്തെ തുടര്‍ന്ന് കേസ് പിന്‍വലിക്കാനുണ്ടായ ഉത്തരവ് ഡിവൈഎഫ്ഐയ്ക്ക് അവകാശപ്പെടാനും കഴിയുകിയുമില്ല. അതുകൊണ്ട് തന്നെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പൂര്‍ണമായും വ്യാജമാണെന്ന് അനുമാനിക്കാം.

Avatar

Title:പ്രതിഷേധത്തിന് മുന്നില്‍ മുട്ട് മടക്കി കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമാണോ 49 സാംസ്കാരിക പ്രമുഖര്‍ക്കെതിരെയുള്ള കേസ് പിന്‍വലിച്ചത്?

Fact Check By: Dewin Carlos 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •