തിരുപ്പതി ദേവസ്വം പ്രസിഡന്റായി ക്രിസ്ത്യാനിയെ നിയമിച്ചോ…?

രാഷ്ട്രീയം സാമൂഹികം

വിവരണം

Archived Link

“ലോകത്തിലേ ഏറ്റവും സമ്പന്ന ക്ഷേത്രം തിരുപ്പതിയിൽ ഹിന്ദുക്കളെ പോലും തള്ളി ക്രിസ്ത്യാനിയെ തലപ്പത്ത് നിയമിച്ചു. ആന്ധ്രാ മുഖ്യമന്ത്രി ജഗ മോഹൻ റെഡിയുടെ ക്രിസ്ത്യാനിയായ അമ്മാവനെ ദേവസ്വം പ്രസിഡന്റാക്കി സകല ഹിന്ദുക്കളേയും ഞെട്ടിച്ചു” എന്ന അടിക്കുറിപ്പോടെ 2019 ജനുവരി 8, ന് The Karma News എന്ന ഫെസ്ബൂക്ക് പേജ് ഒരു വീഡിയോ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വീഡിയോയില്‍ അവതരിപ്പിച്ച വാ൪ത്തയില്‍ ആന്ധ്ര പ്രദേശ്‌ മുഖ്യമന്ത്രി വൈ. എസ്. ജഗന്‍ മോഹന്‍ റെഡ്ഡി അദ്ദേഹത്തിന്‍റെ ക്രിസ്ത്യാനിയായ അമ്മാവനെ തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്‍റെ പ്രസിഡന്റായി നിയമിച്ചു എന്നാണ് അറിയിക്കുന്നത്. ലോകത്തിലെ ഏറ്റവും സമ്പന്ന ക്ഷേത്രം ആയ തിരുപതി തിരുമല ക്ഷേത്രത്തിന്‍റെ തലപ്പത്ത് ഒരു ക്രിസ്ത്യനിയെ നിയമിച്ച് ക്ഷേത്രത്തെ കൈപ്പിടിയില്‍ ആക്കാനാണ് ഇങ്ങനെയൊരു ശ്രമം, എന്നും വാ൪ത്തയിൽ ആരോപിക്കുന്നു. ഇത് പോലെ ശ്രമങ്ങള്‍ പണ്ടും ജഗന്‍ മോഹന്‍ റെഡിയുടെ പിതാവ് വൈ.എസ്. രാജശേഖര റെഡ്ഡി ആന്ധ്ര മുഖ്യമന്ത്രി ആയിരിക്കുന്ന സമയത്ത് നടത്തിട്ടുണ്ടായിരുന്നു എന്നും വാ൪ത്തയില്‍ പറയുന്നുണ്ട്. ഇവരുടെ കുടുംബത്തിലെ മിക്കവാറും പേർ ക്രിസ്തു മതം സ്വീകരിച്ചിരുന്നു. അതില്‍ ഒന്നായ വൈ. വി. സുബ്ബ റെഡ്ഡിയെയാണ് ഇപ്പോള്‍ ജഗന്‍ മോഹന്‍ റെഡ്ഢി തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്‍റെ പ്രസിഡന്റായി നിയമിച്ചത് എന്നും വാ൪ത്ത അവകാശപ്പെടുന്നു. യഥാര്‍ത്ഥത്തില്‍ ഹിന്ദുകളുടെ ശ്രദ്ധാകേന്ദ്രവും ലോകത്തെ ഏറ്റവും സമ്പന്ന ക്ഷേത്രവുമായ തിരുപ്പതിയുടെ ദേവസ്വം പ്രസിഡന്റ് ഒരു ക്രിസ്ത്യാനി ആണോ? നമുക്ക് പരിശോധിക്കാം.

വസ്തുത വിശകലനം

ഞങ്ങള്‍ ഈ സംഭവത്തിനെ കുറിച്ച് കൂടുതല്‍ അറിയാനായി ഓണ്‍ലൈന്‍ മാധ്യമങ്ങൾ ഈ സംഭവത്തെ കുറിച്ച് പ്രസിദ്ധീകരിച്ച വാര്‍ത്തകൾ പരിശോധിച്ചു. ആന്ധ്ര പ്രദേശ്‌ മുഖ്യമന്ത്രി വൈ.എസ്. ജഗന്‍ മോഹന്‍ റെഡ്ഢി അദ്ദേഹത്തിന്‍റെ അമ്മാവന്‍ ആയ വൈ.വി. സുബ്ബ റെഡ്ഢിയെ തിരുമല ദേവസ്വത്തിന്‍റെ പ്രസിഡന്റായി നിയമിക്കാന്‍ സാധ്യത ഉണ്ട് എന്നാണ് പ്രമുഖ മാധ്യമങ്ങൾ നല്‍കിയ വാ൪ത്ത. ഈ വാര്‍ത്ത പുറത്ത് വന്നപ്പോള്‍ “വൈ.എസ്. സുബ്ബ റെഡി ഒരു ക്രിസ്ത്യാനിയാണ്, ഒരു ക്രിസ്ത്യാനിയെ ഹിന്ദു ക്ഷേത്രമായ തിരുപതിയുടെ തലപ്പത്ത് നിയമിക്കുന്നു” എന്ന് പ്രചരണം തുടങ്ങി. സുബ്ബ റെഡ്ഢിയെ തിരുമല ദേവസ്വം പ്രസിഡന്റ് ആക്കാന്‍ സാധ്യത ഉണ്ട് എന്ന് വാ൪ത്ത മാധ്യമങ്ങളില്‍ വന്നതിനു ശേഷം സുബ്ബ റെഡ്ഢിയുടെ വിക്കിപീഡിയ പേജില്‍ പലരും അദ്ദേഹത്തിന്‍റെ മതം ഉള്‍പ്പെടുത്താന്‍ ശ്രമിച്ചു. അദ്ദേഹത്തിന്‍റെ വിക്കിപീഡിയ പേജില്‍ ബുധനാഴ്ച്ച വരെ മതത്തെ കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല.

അദ്ദേഹത്തെ തിരുമല ദേവസ്വം പ്രസിഡന്റ് സ്ഥാനത്തിനായി പരിഗണിക്കുന്ന വാര്‍ത്ത‍കൾ വന്നതിനെ തുടർന്ന് വിക്കിപീഡിയയില്‍ അദ്ദേഹത്തിന്‍റെ മതത്തിനെ കുറിച്ച് വിവരങ്ങൾ ചേര്‍ക്കാന്‍ പലരും ശ്രമിച്ചു. വ്യാഴാഴ്ച്ച 7 മണി വരെ അദേഹത്തിന്‍റെ വിക്കിപീഡിയ പേജ് 95 തവണയാണ് എഡിറ്റ്‌ ചെയ്തിരുന്നത്. അദ്ദേഹം ക്രിസ്ത്യാനി ആണ്, അദ്ദേഹം  പള്ളിയുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമായി പ്രവര്‍ത്തിച്ചതാണ് എന്നി വിവരങ്ങൾ ഒരു വ്യക്തി അദേഹത്തിന്‍റെ വിക്കിപീഡിയ പ്രൊഫൈലില്‍ ചേര്‍ത്താന്‍ ശ്രമിച്ചു. ഇതിനെ തുടർന്നാണ് അദേഹത്തിന്‍റെ മതത്തിനെ കുറിച്ചുള്ള വിവാദം ശക്തമാകാന്‍ തുടങ്ങിയത്. ഒരു ക്രിസ്ത്യാനിയെ തിരുപ്പതി ദേവസ്വം പ്രസിഡന്റ് ആക്കുന്നതിനെ പ്രതിഷേധിച്ചു പലരും ട്വീറ്റ് ചെയ്തിരുന്നു. ഇതില്‍ ചില ട്വീറ്റുകള്‍ താഴെ നല്‍കിട്ടുണ്ട്.

ചിലര്‍ ഈ സംഭവത്തിന്‍റെ മുകളില്‍ ബിജെപിയുടെ സുബ്രഹ്മണ്യം സ്വാമിയുടെ അഭിപ്രായം തേടി. അപ്പോള്‍ സുബ്ബ റെഡി ഒരു പക്കാ ഹിന്ദുവാന്നെണ് സുബ്രഹ്മണ്യം സ്വാമി പ്രതികരിച്ചു. ഒരു ട്വിറ്റര്‍ ഉപഭോക്താവിന്‍റെ ട്വീറ്റിനു മറുപടിയായി സുബ്രമണ്യം സ്വാമി ചെയ്ത ട്വീറ്റ് താഴെ നല്‍കിട്ടുണ്ട്.

Archived Tweet

TV9 ന് നല്‍കിയ ഒരു അഭിമുഖത്തില്‍ “ഞാന്‍ ഒരു ഹിന്ദു ആയിട്ടാണ് ജനിച്ചത്  മരിക്കുന്നതു വരെ ഹിന്ദു ആയിരിക്കും” എന്ന് വൈ.വി. സുബ്ബ റെഡ്ഢി TV9 പ്രതിനിധിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അറിയിച്ചു. ഈ അഭിമുഖത്തിന്‍റെ വീഡിയോ താഴെ നല്‍കിട്ടുണ്ട്.

YouTube Archived

“ഞാന്‍ എല്ലാം കൊല്ലവും ശബരിമലക്ക് പോകാറുണ്ട്, മാസംതോറും ഷിര്‍ദിയിൽ പോകാറുണ്ട്…ഇത് പോലെയുള്ള ആരോപണങ്ങൾ ഉന്നയിക്കുന്നവര്‍ ഹൈദ്രബാദില്‍ അലെങ്കില്‍ ഒങ്കോളില്‍ ഉള്ള എന്റെ വിടുകള്‍ സന്ദര്‍ശിക്കുക ഞങ്ങള്‍ അവിടെ എന്ത് ആചാരങ്ങളാണ് പാലിക്കുന്നതെന്ന് കാണുക. ഈ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്’, എന്ന് സുബ്ബ റെഡ്ഢി വ്യക്തമാക്കുന്നു. “ജഗന്‍ കുറച്ച് ദിവസത്തേയ്ക്ക് എന്നോട് തിരുപ്പതിയുടെ ദേവസ്വം പ്രസിഡന്റ് ആകാന്‍ ആവശ്യപെട്ടു, പിന്നിട് രാജ്യസഭ തെരെഞ്ഞടുപ്പിനു ശേഷം രാജ്യസഭ അംഗം ആകാം എന്നും പറഞ്ഞു. ഈ ഒരു ചുമതല കിട്ടിയത് എന്റെ ഭാഗ്യമാണ്. വെങ്കടേശ്വര്‍ സ്വാമിയെ സേവിക്കാന്‍ ലഭിച്ച ഈ അവസരം എന്റെ ഭാഗ്യം ആണ്. ഞാന്‍ ഈ അവസരം ഉപയോഗിച്ച് തിരുപ്പതിയില്‍ ദര്‍ശനത്തിനായി എത്തുന്ന ഭക്തര്‍ക്ക് ഒരു തടസം ഇല്ലാതെ ദര്‍ശനം ലഭിക്കണം എന്നതിനായി ശ്രമിക്കും.”  എന്നും അദ്ദേഹം അറിയിക്കുന്നു.

ഇതേ സംബന്ധിച്ച് ഓണ്‍ലൈന്‍ മാധ്യമങ്ങൾ പ്രസിദ്ധികരിച്ച വാര്‍ത്ത‍കൾ വായിക്കാനായി താഴെ നല്‍കിയ ലിങ്കുകള്‍ സന്ദര്‍ശിക്കുക.

The HinduArchived Link
News18Archived Link
The News MinuteArchived Link

നിഗമനം

ഈ വാര്‍ത്ത‍ വ്യാജമാണ്. ജഗന്‍ മോഹന്‍ റെഡിയുടെ അമ്മാവന്‍ ആയ വൈ.വി. സുബ്ബ റെഡ്ഢിയെയാണ് തിരുമല ദേവസ്വം പ്രസിഡന്റ് സ്ഥാനത്തിന് വേണ്ടി പരിഗണിക്കുന്നത്. അദേഹം ക്രിസ്ത്യാനി അല്ല എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

Avatar

Title:തിരുപ്പതി ദേവസ്വം പ്രസിഡന്റായി ക്രിസ്ത്യാനിയെ നിയമിച്ചോ…?

Fact Check By: Harish Nair 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •