നിസാന്‍ കമ്പനി കേരളത്തിലേക്കില്ലെന്ന പ്രചരണത്തിന് പിന്നിലെ സത്യമെന്ത് ?

രാഷ്ട്രീയം | Politics

നിസാനും കേരളത്തിലേക്കില്ല .

ഇന്ത്യയിൽ തൊഴിൽ ഇല്ലായ്മ നിരക്ക് ഏറ്റവുമധികം കേരളത്തിൽ എന്ന തലക്കെട്ട് നല്‍കി നിസാന്‍ കമ്പിനി കേരളത്തിലേക്കില്ല എന്ന തരത്തിലുള്ള പോസ്റ്റുകള്‍ വ്യാപകമായി ഫെയ്‌സ്ബുക്കില്‍ കഴിഞ്ഞ കുറച്ചു നാളുകളായി പ്രചരിക്കുന്നുണ്ട്. അടിസ്ഥാന സൗകര്യങ്ങള്‍ പിണറായി സര്‍ക്കാര്‍ ഒരുക്കാത്തതിനാല്‍ നിസാന്‍ കമ്പനി കേരളത്തിലേക്കില്ലെന്നാണ് പ്രചരിക്കുന്ന പോസ്റ്റുകളുടെ ഉള്ളടക്കം. TRIAL – വിചാരണ എന്ന പേരിലുള്ള പേജില്‍ ജൂലൈ 23 മുതല്‍ പ്രചരിക്കുന്ന പോസ്റ്റിന്  ഇതുവരെ 102 ഷെയറുകളും 22 ലൈക്കുകളുമാണ് ലഭിച്ചിരിക്കുന്നത്.

Archived Link

എന്നാല്‍ യഥാര്‍ത്ഥത്തില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ അനാസ്ഥ മൂലം നിസാന്‍ കമ്പനി കേരളത്തിലേക്കില്ലെന്ന നിലപാട് സ്വീകരിച്ചോ? എന്താണ് ഈ പ്രചരണത്തിന് പിന്നിലെ സത്യാവസ്ഥ എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

നിസാന്‍ കേരളത്തിലേക്കില്ലെന്ന പ്രചരണ വ്യാജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ വ്യക്തമാക്കിയ കാര്യമാണ്. ജൂലൈ 21ന് സിപിഐ(എം) കേരളയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലെ പിണറായിയോട് ചോദിക്കാമെന്ന ചോദ്യോത്തര പരിപാടിയിലാണ് മുഖ്യമന്ത്രി ഇതെ കുറിച്ചുള്ള പ്രതികരണം നടത്തിയത്. അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഇങ്ങനെയാണ്, നിസാന്‍ ചില ആവശ്യങ്ങള്‍ ഉന്നയിച്ചിരുന്നു. ആ ആവശ്യങ്ങള്‍ക്ക് എന്തെങ്കിലും സാങ്കേതിക തടസങ്ങള്‍ നേരിടാന്‍ സാധ്യതയുണ്ടോ എന്ന തരത്തില്‍ ആരാഞ്ഞുകൊണ്ട് അവര്‍ കത്ത് അയച്ചിരുന്നു. എന്നാല്‍ കമ്പനിയുടെ ആവശ്യങ്ങള്‍ എത്രയും പെട്ടെന്ന് തന്നെ അംഗീകരിക്കാന്‍ തന്‍റെ നേതൃത്വത്തില്‍ തന്നെ ഉന്നതതല ചര്‍ച്ച നടത്തിയിരുന്നു. അതില്‍ നിസാന്‍റെ പ്രതിനിധികളും പങ്കെടുത്തു ആ യോഗത്തിന് ശേഷം തന്നെ നിസാന്‍ അവരുടെ പൂര്‍ണമായ സംതൃപ്‌തി രേഖപ്പെടുത്തുകയും ചെയ്തു. ടോക്കിയോയില്‍ നിന്നും തിരുവനന്തപുരത്തേക്ക് നേരിട്ട് വിമാന സര്‍വീസ് വേണമെന്നത് പ്രധാനപ്പെട്ട ഒരു ആവശ്യമായിരുന്നു. വിഷയം കേന്ദ്ര വ്യോമയാന വകുപ്പിന്‍റെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്‌തു. സംസ്ഥാത്തിന്‍റെ ഭാവി ശോഭനമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള വികസനം പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ഇത്തരം പദ്ധതികള്‍ കേരളത്തില്‍ തന്നെ നിലനിര്‍ത്തുക എന്നത് സര്‍ക്കാരിന്‍റെ ഉത്തരവാദിത്തം തന്നെയാണ്. –പിണറായി വിജയന്‍ (മുഖ്യമന്ത്രി)

വീഡിയോ കാണാം-

കൂടാതെ നിസാന്‍ കേരളത്തില്‍ വിപുലമായ കൂടുതല്‍ പദ്ധതികള്‍ ആരംഭിക്കുമെന്നതിനെ കുറിച്ചുള്ള വാര്‍ത്തയും ജൂലൈ 22ന് റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. അതെ കുറിച്ചുള്ള റിപ്പോര്‍ട്ട് മലയാള മനോരമ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ നിസാന്‍ കേരളം വിട്ടു എന്ന പ്രചരണത്തിനെതിരെയുള്ള പിണറായിയുടെ മറുപടിയും പത്ര റിപ്പോര്‍ട്ടില്‍ കാണാന്‍ കഴിയും-

നിഗമനം

നിസാന്‍ കമ്പനി കേരളത്തിലേക്കില്ലെന്ന പ്രചരണം ഏതോ ഓണ്‍ലൈന്‍ മാധ്യമമാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്‌തതെന്നാണ് അന്വേഷണത്തില്‍ നിന്നും കണ്ടെത്താന്‍ കഴിഞ്ഞത്. എന്നാല്‍ വാര്‍ത്ത വ്യാജമാണെന്ന് മനസിലാക്കിയവര്‍ പിന്നീട് അത് നീക്കം ചെയ്യുകയായിരുന്നു. എന്നിട്ടും വീണ്ടും ഇതെ കഥകള്‍ ഫെയ്‌സ്ബുക്കിലൂടെ പ്രചരിക്കുന്നുണ്ട്. മുഖ്യമന്ത്രി തന്നെ വ്യാജ പ്രചരണമാണെന്ന് പ്രതികരിക്കുകയും ചെയ്തത് കൂടാതെ കൂടുതല്‍ പദ്ധതികള്‍ വിപുലമായി കേരളത്തില്‍ നടപ്പിലാക്കുമെന്ന് നിസാന്‍ പ്രഖ്യാപിച്ചതിനെ കുറിച്ച് മുഖ്യധാരമാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ഫെയ്‌സ്ബുക്കിലെ പ്രചരണങ്ങള്‍ പൂര്‍ണമായി വ്യാജമാണെന്ന് അനുമാനിക്കാം.

Avatar

Title:നിസാന്‍ കമ്പനി കേരളത്തിലേക്കില്ലെന്ന പ്രചരണത്തിന് പിന്നിലെ സത്യമെന്ത് ?

Fact Check By: Dewin Carlos 

Result: False