പാലക്കാട് കോണ്‍ഗ്രസ്സ് കമ്മറ്റി ഓഫീസ് ബിജെപി ഓഫീസില്‍ ലയിച്ചോ..? എന്നാല്‍ സത്യമിതാണ്…

പ്രാദേശികം | Local രാഷ്ട്രീയം | Politics

കോൺഗ്രസ് പാർട്ടിയുടെ പാലക്കാടുള്ള മണ്ഡലം കമ്മിറ്റി ഓഫീസ് ഇല്ലാതായെന്നും അതിപ്പോൾ ബിജെപി ഓഫീസായി മാറിയെന്നും ഒരു പ്രചരണം സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആകുന്നുണ്ട്. 

പ്രചരണം 

ഇന്ദിരാഭവൻ മണ്ഡലം കോൺഗ്രസ് കമ്മിറ്റി മന്ദിരം മണ്ണുര്‍ പാലക്കാട് എന്ന ബോർഡ് വെച്ച് ഒരു കെട്ടിടത്തിന്‍റെ ചിത്രവും തൊട്ടുതാഴെ ബിജെപി പഞ്ചായത്ത് കമ്മിറ്റി ഓഫീസ് മണ്ണൂർ എന്നെഴുതിയ മറ്റൊരു ചിത്രവും ഒരുമിച്ച് ചേർത്താണ് പ്രചരിപ്പിക്കുന്നത്. അതായത് ഈ കെട്ടിടത്തില്‍ മുമ്പ് ഉണ്ടായിരുന്ന കോണ്‍ഗ്രസ്സ് മണ്ഡലം കമ്മറ്റി ഓഫീസ്  ഇല്ലാതാവുകയും കെട്ടിടം ബിജെപി ഓഫീസ് ആയി മാറുകയും ചെയ്തു എന്നാണ് പോസ്റ്റില്‍ ആരോപിക്കുന്നത്.  

“പാലക്കാട് ജില്ലയിലെ മണ്ണൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ജോഡോ ലഹരിയിൽ…

മണ്ഡലം കമ്മിറ്റി ഓഫീസ് ഉൾപ്പെടെ ബിജെപി യിൽ… ❤❤

❤❤#ദേശീയതയിലേക്ക്_സ്വാഗതം 🙏🏼❤ എന്ന വാചകങ്ങളും ഇത് സൂചിപ്പിച്ച് നല്കിയിട്ടുണ്ട്. 

FB postarchived link

എന്നാൽ ഇത് തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന  പ്രചരണമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി 

വസ്തുത ഇതാണ്

പലരും ഇതേ ചിത്രം ഫേസ്ബുക്കില്‍ ഇതേ അവകാശവാദത്തോടെ പങ്കുവയ്ക്കുന്നുണ്ട്. 

പ്രചരണത്തെ കുറിച്ച് കൂടുതൽ അറിയാനായി ഞങ്ങൾ പാലക്കാട് ഡിസിസി പ്രസിഡന്‍റ് എ. തങ്കപ്പനുമായി സംസാരിച്ചു. അദ്ദേഹത്തിന്‍റെ വിശദീകരണം ഇങ്ങനെ: “വൈറൽ ചിത്രത്തിലെ കെട്ടിടത്തിൽ ഡിസിസി മണ്ണൂര്‍ മണ്ഡലം ഓഫീസ് അഞ്ചുവർഷം മുമ്പുവരെ വരെ പ്രവർത്തിച്ചിരുന്നു. പിന്നീട് അത് കെപിസിസിയുടെ സ്വന്തം കെട്ടിടമായ ഇന്ദിരാ ഭവനിലേക്ക് മാറ്റുകയാണുണ്ടായത്. അത് വാടകക്കെട്ടിടം ആണ്.  ഉടമയ്ക്ക് ആർക്കുവേണമെങ്കിലും വാടകയ്ക്ക് കൊടുക്കാൻ അധികാരമുണ്ട്. കൂടുതൽ വിവരങ്ങൾ മണ്ണൂർ മണ്ഡലം പ്രസിഡണ്ടിന് നൽകാൻ സാധിക്കും”

വിശദാംശങ്ങൾക്കായി ഞങ്ങൾ മണ്ണൂർ മണ്ഡലം പ്രസിഡണ്ട് ഷെഫീഖ് ഹുസൈനുമായി സംസാരിച്ചു. അദ്ദേഹം ഞങ്ങളുടെ പ്രതിനിധിയെ അറിയിച്ചത് ഇങ്ങനെയാണ്:  “ഈ ചിത്രം ഉപയോഗിച്ച് ഇപ്പോൾ കോൺഗ്രസിനെതിരെ വ്യാജപ്രചരണം നടത്തുകയാണ്. ജോഡോ യാത്ര പാലക്കാട് എത്തിയപ്പോൾ മുതൽ ആണെന്നു തോന്നുന്നു ഈ കള്ള പ്രചരണം ആരംഭിച്ചത്. ഏതാണ്ട് അഞ്ച് വർഷം മുമ്പ് വരെ ഈ കെട്ടിടത്തിൽ മണ്ണൂര്‍ മണ്ഡലം കമ്മിറ്റി ഓഫീസ് പ്രവർത്തിച്ചിരുന്നു.  പിന്നീട്  ഞങ്ങൾ ഇവിടെ നിന്നും മാറി, ഇപ്പോൾ ഇന്ദിരാഭവനിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്. ഇപ്പോൾ ഞാൻ സംസാരിക്കുന്നത് പോലും മണ്ണൂർ മണ്ഡലം കമ്മിറ്റി ഓഫീസിൽ ഇരുന്ന് തന്നെയാണ്. ഞങ്ങൾ ഒഴിഞ്ഞുമാറി കഴിഞ്ഞ് ഏതാണ്ട് രണ്ടുമാസംമുമ്പ് ആണെന്നു തോന്നുന്നു ബിജെപി ഇതേ കെട്ടിടം അവരുടെ ഓഫീസിന് വേണ്ടി വാടകയ്ക്കെടുത്തത്. ഭാവിയിൽ ആർക്കുവേണമെങ്കിലും ആ കെട്ടിടം വാടകയ്ക്ക് എടുക്കാം. കാരണം അത് ഉടമയുടെ തീരുമാനമാണ് വാടക കെട്ടിടത്തിൽ നിന്നും മാറി എന്നതുകൊണ്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് ഇല്ലാതായിട്ടില്ല. രമേഷ് ചെന്നിത്തല 2017 ല്‍ ഉല്‍ഘാടനം ചെയ്ത ഇന്ദിരാ ഭവനില്‍ ഓഫീസ് വളരെ സജീവമായി പ്രവർത്തിക്കുകയാണ്.”

മണ്ണൂർ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിൽ നിന്നും ഞങ്ങൾക്ക് അ ചിത്രങ്ങൾ അയച്ചു തന്നിരുന്നു അവ താഴെ കാണാം: 

വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് സ്വന്തം കെട്ടിടത്തിലേക്ക് മാറുകയും പഴയ കെട്ടിടം രണ്ടുമാസം മുമ്പ് ബിജെപിക്കാർ വാടകയ്ക്ക് എടുത്ത് ഓഫീസാക്കി മാറ്റുകയും ചെയ്തു എന്നതാണ് യാഥാർത്ഥ്യം

നിഗമനം

 പോസ്റ്റിലെ പ്രചരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. പാലക്കാട് മണ്ണൂർ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് ചിത്രത്തിൽ കാണുന്ന വാടക കെട്ടിടത്തിൽ നിന്നും ഇന്ദിരാഭവൻ എന്ന സ്വന്തം കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു. ഇതിനുപിന്നാലെ അതേ കെട്ടിടം ബിജെപി പാര്‍ട്ടി വാടകയ്ക്ക് എടുത്ത് അവരുടെ ഓഫീസാക്കി മാറ്റുകയും ചെയ്തു. നിലവിൽ കോൺഗ്രസ് കണ്ണൂർ മണ്ഡലം കമ്മിറ്റി ഓഫീസ് ഇന്ദിരാഭവനിൽ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്ന് പാലക്കാട് ജില്ലാ കോൺഗ്രസ് ഭാരവാഹികൾ വ്യക്തമാക്കിയിട്ടുണ്ട്. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:പാലക്കാട് കോണ്‍ഗ്രസ്സ് കമ്മറ്റി ഓഫീസ് ബിജെപി ഓഫീസില്‍ ലയിച്ചോ..? എന്നാല്‍ സത്യമിതാണ്…

Fact Check By: Vasuki S 

Result: Misleading