ബംഗാളിലെ സിപിഎം നേതാവ് മലപ്പുറത്ത് ഹോട്ടലില്‍ ജീവനക്കാരനായി പണിയെടുത്ത് തുടങ്ങിയോ…? സത്യമിതാണ്…

രാഷ്ട്രീയം

ബംഗാളിൽനിന്നുള്ള സിപിഎം നേതാവ് ഇപ്പോള്‍ കേരളത്തിൽ ഹോട്ടലിൽ പൊറോട്ട ഉണ്ടാക്കാൻ നിൽക്കുകയാണ് എന്ന് പരിഹസിച്ചുകൊണ്ട് ഒരു ഒരു ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 

 പ്രചരണം

മുഖ്യമന്ത്രി പിണറായി വിജയൻ, പോളിറ്റ് ബ്യൂറോ അംഗങ്ങളായ സീതാറാം യെച്ചൂരി പ്രകാശ് കാരാട്ട് എസ് രാമചന്ദ്രൻപിള്ള തുടങ്ങിയ തുടങ്ങിയ നേതാക്കൾക്കൊപ്പം ഒപ്പം നിൽക്കുന്ന ഒരു നേതാവിനെ വൃത്തത്തിൽ അടയാളപ്പെടുത്തി കാണിച്ചിട്ടുണ്ട്. തൊട്ടുതാഴെ ഹോട്ടലിൽ പൊറോട്ട അടിക്കുന്ന ഒരു വ്യക്തിയുടെ ചിത്രവും നൽകിയിട്ടുണ്ട്. ഈ വ്യക്തി തന്നെയാണ് പോളിറ്റ്ബ്യൂറോ നേതാക്കൾക്കൊപ്പം നിൽക്കുന്ന സിപിഎം നേതാവ് എന്ന് വാദിച്ച് ഫോട്ടോയ്ക്ക് നൽകിയിട്ടുള്ള കുറിപ്പ് ഇങ്ങനെയാണ്:  “മലപ്പുറത്ത് പൊറോട്ട അടിക്കുന്നത് ബംഗാളിൽനിന്നുള്ള സിപിഎം ഏരിയ സെക്രട്ടറി ആയതുകൊണ്ട് കുഴിമന്തി ആണ് നല്ലത്.”

archived linkinstagram

എന്നാൽ ഞങ്ങളുടെ അന്വേഷണത്തിൽ പ്രചരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണെന്നും രണ്ട് ചിത്രങ്ങളിൽ കാണുന്ന വ്യക്തികള്‍ വ്യത്യസ്തരായ രണ്ടുപേരാണെന്നും വ്യക്തമായി 

വസ്തുത ഇതാണ് 

ഞങ്ങൾ ആദ്യത്തെ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ ദി പ്രിന്‍റ് എന്ന മാധ്യമം ഈ ചിത്രം ഉൾപ്പെടുത്തി ഒരു വാർത്ത നൽകിയിരിക്കുന്നത് കണ്ടു. 2018 ല്‍ ഹൈദരാബാദിൽ നടന്ന 22 മത് പാർട്ടി കോൺഗ്രസിൽ നിന്നുള്ള ചിത്രമാണിത്. ഇന്ത്യന്‍ എക്സ്പ്രസ്സ്  ഇതേ ചിത്രം വാര്‍ത്തയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

ചിത്രത്തിൽ കാണുന്നത് തമിഴ്നാട്ടിൽനിന്നുള്ള പോളിറ്റ്ബ്യൂറോ അംഗം ജി രാമകൃഷ്ണനാണ്. ഞങ്ങളുടെ തമിഴ് ടീം ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട് ജി രാമകൃഷ്ണന്‍റെ ഫേസ്ബുക്ക് പേജില്‍ അദ്ദേഹത്തിന്‍റെ നിരവധി ചിത്രങ്ങളുണ്ട്. ജി രാമകൃഷ്ണൻ തന്നെയാണ് ആദ്യത്തെ ചിത്രത്തിലുള്ളതെന്ന് ഉറപ്പിക്കാൻ സാധിക്കും.  

രണ്ടാമത്തെ ചിത്രം ട്രാവൽ വെബ്സൈറ്റ് ആയ ട്രിപ്പ് അഡ്വൈസറില്‍ നൽകിയിട്ടുള്ളതായി കണ്ടു. ഇടുക്കി ജില്ലയിലെ കുമളിയിലുള്ള അൽത്താഫ് ഹോട്ടലിലെതാണ് എന്ന വിവരണത്തോടെയാണ് ചിത്രം കൊടുത്തിട്ടുള്ളത്. 

ഈ സൂചന ഉപയോഗിച്ച് ഞങ്ങൾ അൽത്താഫ് ഹോട്ടൽ  അധികൃതരുമായി ബന്ധപ്പെട്ടു. ഹോട്ടല്‍ ഉടമ ഹക്കിം അറിയിച്ചത് ഇങ്ങനെയാണ്: “ഈ ചിത്രത്തില്‍ കാണുന്നത് എന്‍റെ കടയില്‍ ജീവനക്കാരനായിരുന്ന ചെങ്കോട്ട സ്വദേശി തങ്കരാജ് ആണ്. ആറ്  വര്‍ഷം മുമ്പ് ഇയാള്‍ ഇവിടെ നിന്നു പോയി. ഇപ്പോള്‍ കുമളി ക്ഷേത്രത്തിന് സമീപമുള്ള മറ്റൊരു സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്. ഈ ചിത്രം ഇവിടെ വന്നു ഭക്ഷണം കഴിച്ചിട്ടു പോയ ആരെങ്കിലും ട്രിപ് അഡ്വൈസറില്‍ അപ്ലോഡ് ചെയ്തതാകാം.തങ്കരാജിന് എന്‍റെ അറിവില്‍ പാര്‍ട്ടി പ്രവര്‍ത്തനമൊന്നുമില്ല.”  

ആദ്യത്തെ ചിത്രത്തിലെ തമിഴ്നാട്ടിൽനിന്നുള്ള സിപിഎം പോളിറ്റ് ബ്യൂറോ മെമ്പർ ജി രാമകൃഷ്ണനും രണ്ടാമത്തെ ചിത്രത്തിലുള്ള ഹോട്ടൽ ജീവനക്കാരനും ഒരാൾ തന്നെയാണ് എന്ന പ്രചരണം തെറ്റാണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.  

നിഗമനം 

പോസ്റ്റിലെ പ്രചരണം പൂർണമായും തെറ്റാണ്. ആദ്യ ചിത്രത്തിൽ കാണുന്നത് തമിഴ്നാട്ടിൽ നിന്നുള്ള സി പി എം പോളിറ്റ് ബ്യൂറോ അംഗം ജി രാമകൃഷ്ണനാണ്.  രണ്ടാമത്തെ ചിത്രത്തിൽ കാണുന്നത് ഇടുക്കി കുമളിക്ക്  സമീപം അൽത്താഫ് ഹോട്ടലിലെ ജീവനക്കാരനായിരുന്ന തങ്കരാജാണ്.  ഈ രണ്ടു വ്യക്തികളും തമ്മിൽ യാതൊരു ബന്ധവുമില്ല.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ബംഗാളിലെ സിപിഎം നേതാവ് മലപ്പുറത്ത് ഹോട്ടലില്‍ ജീവനക്കാരനായി പണിയെടുത്ത് തുടങ്ങിയോ…? സത്യമിതാണ്…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •