ശബരിമലയില്‍ ഇനി യുവതികള്‍ കയറിയാല്‍ പ്രതിഷേധിക്കുന്നത് സിപിഎം അണികളോ?

രാഷ്ട്രീയം

വിവരണം

ശബരിമലയില്‍ ഇനി യുവതികളെത്തിയാല്‍ പ്രതിഷേധിക്കുന്നത് സിപിഎം അണികളാണെന്നും നവോത്ഥാനമല്ല ഭക്തരുടെ വികാരമാണ് വലുതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി വിലയിരുത്തിയെന്നും വി ലവ് ഭാരതാംബ എന്ന പേരിലുള്ള ഒരു ഫെയ്‌സ്ബുക്ക് പേജിലൂടെ പ്രചരണം നടക്കുന്നുണ്ട്. ഏതോ ഒരു ഓണ്‍ലൈന്‍ വാര്‍ത്ത പോര്‍ട്ടലില്‍ വന്ന റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് പോസ്റ്റ് ഇട്ടിരിക്കുന്നത്. പോസ്റ്റിന് ഇതുവരെ 2,000ല്‍ അധികം ഷെയറുകളും 1,300ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്.

Archived Link

എന്നാല്‍ ശബരിമല യുവതി പ്രവേശനത്തില്‍ ഇനി പ്രതിഷേധിക്കുമെന്നും സിപിഎം അണികള്‍ ഇതിന് നേതൃത്വം നല്‍കുമെന്നും സിപിഎം കേന്ദ്ര കമ്മിറ്റി തീരുമാനം എടുത്തിരുന്നോ. പ്രചരിക്കുന്ന പോസ്റ്റിനും വാര്‍ത്തയ്ക്കും പിന്നിലെ സത്യാവസ്ഥ എന്താണെന്ന് പരിശോധിക്കാം-

വസ്‌തുത വിശകലനം

സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിന്‍റെ വിലയിരുത്തല്‍ എന്ന പേരില്‍ ആരോപണം പ്രചരിക്കുന്നത് കൊണ്ട് തന്നെ യോഗത്തില്‍ പങ്കെടുത്ത കേന്ദ്ര കമ്മിറ്റിയംഗം എം.എ.ബേബിയോട് ഞങ്ങള്‍ വിഷയം സംബന്ധിച്ച് പ്രതികരണം തേടി. ഫെയ്‌സ്ബുക്ക് പ്രചരണത്തെ കുറിച്ചുള്ള എം.എ.ബേബിയുടെ പ്രതികരണം ഇപ്രകാരമാണ്-

ശബരിമല വിഷയത്തില്‍ നല്ല ലക്ഷ്യത്തോടെയാണ് പാര്‍ട്ടി നിലപാട് സ്വീകരിച്ചത്. തുടക്കത്തില്‍ കോണ്‍ഗ്രസും ബിജെപിയും ഉള്‍പ്പടെ വിധിയെ സ്വാഗതം ചെയ്തെങ്കിലും പിന്നീട് അവര്‍ വോട്ട് രാഷ്ട്രീയം മുന്‍നിര്‍ത്തി അപക്വമായ രീതിയില്‍ ശബരിമല വിഷയത്തെ തെരഞ്ഞെടുപ്പ്  ആയുധമാക്കി. ജനങ്ങളെ തെറ്റ്ദ്ധരിപ്പിക്കാന്‍ അവര്‍ ഇത് ഉപയോഗിച്ചു. ശബരിമല വിഷയത്തിലെ സിപിഎം നിലപാട് വിശ്വാസികള്‍ക്ക് എതിരെയുള്ളതാണെന്ന് വരുത്തിത്തീര്‍ക്കുകയാണ് ബിജെപിയും കോണ്‍ഗ്രസും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ചെയ്തത്. അത്തരം മുതലെടുപ്പുകള്‍ക്ക് വിധി നടപ്പിലാക്കിയ നടപടി കാരണമായിട്ടുണ്ടെന്നാണ് കേന്ദ്ര കമ്മിറ്റി വിലയിരുത്തല്‍. യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചാല്‍ സിപിഎം അണികള്‍ പ്രതിഷേധിക്കുമെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ ഒക്കെ തികച്ചും അടിസ്ഥാന രഹിതമാണ്. ശബരിമല വിഷയം ഒരു പരിധി വരെ ലോക്‌സഭ തെരഞ്ഞെടുപ്പിനെ ബാധിച്ചു എന്ന വിലയിരുത്താന്‍ കാരണം ബിജെപിയും കോണ്‍ഗ്രസും സംസ്ഥാന സര്‍ക്കാര്‍ വിധി നടപ്പിലാക്കാന്‍ മുന്‍കൈ എടുക്കാന്‍ സ്വീകരിച്ച നിലപാടിനെ ജനങ്ങള്‍ക്കിടയില്‍ ദുര്‍വ്യാഖ്യാനിച്ച് മുതലെടുപ്പ് നടത്തിയെന്നതിനെ തുടര്‍ന്നാണ്. മറിച്ചുള്ള എല്ലാ പ്രചരണങ്ങളും രാഷ്ട്രീയ ലക്ഷ്യംവച്ചുള്ള നുണകള്‍ മാത്രമാണ്.

-എം.എ.ബേബി (സിപിഐ(എം) കേന്ദ്ര കമ്മിറ്റി അംഗം)

ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്ന വാര്‍ത്ത റിപ്പോര്‍ട്ട് കര്‍മ്മ ന്യൂസ് എന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലില്‍ ജൂണ്‍ 10ന് പോസ്റ്റ് ചെയ്തിട്ടുള്ളതാണെന്നും ഞങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞു. കര്‍മ്മ ന്യൂസിന്‍റെ ഫെയ്‌സ്ബുക്ക് പേജിലും വാര്‍ത്ത് പങ്കുവച്ചിട്ടുണ്ട്.

Archived Link

ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം സിപിഎം കേന്ദ്ര-സംസ്ഥാന കമ്മിറ്റികളുടെ വിലയിരുത്തലിന്‍റെ അടിസ്ഥാനത്തില്‍ മനോരമ ന്യൂസ് റിപ്പോര്‍ട്ട്-

മനോരമ ന്യൂസ് റിപ്പോര്‍ട്ട് വായിക്കാം

Archived Link

നിഗമനം

സിപിഐ(എം) കേന്ദ്ര കമ്മിറ്റിയംഗം എം.എ.ബേബി തന്നെ പ്രചരണങ്ങള്‍ വ്യാജമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ മുഖ്യധാരമാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുമ്പോള്‍ തന്നെ സിപിഎം കേന്ദ്ര-സംസ്ഥാന കമ്മിറ്റികള്‍ തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം സ്വീകരിച്ച നിലപാട് മാറ്റം എത്തരത്തിലാണെന്നതിനെ കുറിച്ചും വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഫെയ്‌സ്ബുക്ക് പ്രചരണം പൂര്‍ണമായി വ്യാജമാണെന്ന് അനുമാനിക്കാം.

Avatar

Title:ശബരിമലയില്‍ ഇനി യുവതികള്‍ കയറിയാല്‍ പ്രതിഷേധിക്കുന്നത് സിപിഎം അണികളോ?

Fact Check By: Harishankar Prasad 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •