
വിവരണം
Kg Chandrabose എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ജൂൺ 20 മുതൽ പ്രചരിച്ചു തുടങ്ങിയ ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. ഗുജറാത്തിൽ ദളിതനായ ഡെപ്യൂട്ടി സർപ്പഞ്ചിനെ ഉയർന്ന ജാതിക്കാർ അടിച്ചു കൊന്നു എന്ന വാർത്തയാണ് പോസ്റ്റിൽ നൽകിയിട്ടുള്ളത്. വാർത്ത പ്രസിദ്ധീകരിച്ച മലയാള മാധ്യമത്തിന്റെ സ്ക്രീൻഷോട്ടും മരിച്ച വ്യക്തിയുടെതെന്നു തോന്നുന്ന ഒരു ചിത്രവും പോസ്റ്റിൽ നൽകിയിട്ടുണ്ട്. “അഹമ്മദാബാദ് : ദളിതനായ ഡെപ്യൂട്ടി സർപഞ്ചിനെ (പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ) ഉയർന്ന ജാതിക്കാർ ചേർന്ന് അടിച്ചു കൊന്നതായി റിപ്പോർട്ട്. ഗുജറാത്തിലെ ബോടാദ് ജില്ലയിലെ രൺപൂർ താലൂക്കിലുള്ള ജലീല ഗ്രാമത്തിൽ ഇന്നലെയാണ് സംഭവമുണ്ടായത്” എന്നാണ് സ്ക്രീൻഷോട്ടിൽ നൽകിയിട്ടുള്ള വാചകങ്ങൾ.

archived link | FB post |
ദളിതനായ സർപഞ്ചിനെ പോസ്റ്റിൽ ആരോപിക്കുന്നതുപോലെ ഉയർന്ന ജാതിക്കാർ അടിച്ചു കൊന്നു എന്ന വാർത്ത സത്യമാണോ..? എന്തിന്റെ പേരിലാണ് ആക്രമണം നടന്നത്..? നമുക്ക് അന്വേഷിച്ചു നോക്കാം
വസ്തുതാ പരിശോധന
ഞങ്ങൾ പോസ്റ്റിലെ വാർത്തയിൽ നിന്നും ലഭിച്ച ചില കീ വേർഡ്‌സ് ഉപയോഗിച്ച് ഗൂഗിളിൽ തിരഞ്ഞു. ഇത് സംബന്ധിച്ച് നിരവധി ദേശീയ മാധ്യമങ്ങൾ വാർത്ത നൽകിയിട്ടുണ്ട്.


ഇന്ത്യ ടുഡേ നൽകിയ വാർത്തയുടെ പരിഭാഷ : ഗുജറാത്തിലെ ബോദാദ് ജില്ലയിൽ ദളിത് സർപാഞ്ചിന്റെ ഭർത്താവിനെ കൊലപ്പെടുത്തി എന്നാരോപിച്ച് 8 പേരെ അറസ്റ്റ് ചെയ്തു. മരണത്തിനു കീഴടങ്ങുന്നതിന് തൊട്ടു മുൻപ് സോളങ്കി മരണമൊഴിയായി പറഞ്ഞ കാര്യങ്ങൾ ബന്ധു മൊബൈലിൽ റെക്കോർഡ് ചെയ്തിട്ടുണ്ട്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സോളങ്കിയെ കാറുകൊണ്ട് പിടിപ്പിക്കുകയും അതിനുശേഷം നിർദയം വലിച്ചിറക്കി മർദ്ദിക്കുകയുമായിരുന്നു എന്നാണ് അദ്ദേഹം ഒടുവിൽ പറഞ്ഞത്.
ജാലിയ ഗ്രാമവാസിയായ മഞ്ജിഭായി സോളങ്കിയെ റാൻപൂർ – ബാർവാല റോഡിലാണ് മർദ്ദിച്ചു കൊലപ്പെടുത്തിയത്. ഇയാളുടെ ഭാര്യ ഗീതാ സോളങ്കി ജാലിയ സാർപഞ്ചാണ് (പഞ്ചായത്ത് പ്രസിഡണ്ട് ). മണിഭായി ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റായിരുന്നു. എഫ്‌ഐആർ വിവരണ പ്രകാരം കുറ്റാരോപിതനായ 9 പേരിൽ 8 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അഹമ്മദാബാദ് സിവിൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്ന സോളങ്കിയുടെ മൃതദേഹം പോസ്റ്റുമാർട്ടത്തിനു ശേഷം ഏറ്റുവാങ്ങാൻ കുടുംബം വിസമ്മതിച്ചു.
അശോക് ഖച്ഛാർ (51), ഋതുരാജ് ഖച്ഛാർ (38), രവിരാജ് ഖച്ഛാർ (25), ഹർദീപ് ഖച്ഛാർ (21), കിഷോർ ഖച്ഛാർ (30), ഭഗീരഥ് ഖച്ഛാർ (24), വൻരാജ് ഖച്ഛാർ (42) എന്നിവരാണ് അറസ്റ്റിലായത്. ഒളിവിൽപോയ ജില് ഖച്ഛാറിനെ ഉടൻ പിടികൂടണമെന്ന് സേനയ്ക്ക് നിർദേശം നൽകിയതായി ഐജി അശോക് കുമാർ യാദവ് അറിയിച്ചു.
ബാർവാലയിൽ നിന്നും മോട്ടോർ ബൈക്കിൽ വീട്ടിലേയ്ക്കു വരുന്നതിനിടയിലാണ് പിതാവ് കൊല്ലപ്പെട്ടതെന്ന് മകൻ തുഷാർ സോളങ്കി പറഞ്ഞു. പ്രതികളെന്ന് സംശയിക്കപ്പെടുന്നവർ കാറിൽ പിന്തുടർന്ന് വന്ന് ആക്രമിക്കുകയായിരുന്നു. ഇരുമ്പ് ദണ്ഡുകളും വടികളുമുപയോഗിച്ച് മർദ്ദിച്ചു. മരിച്ച നിലയിലാണ് അഹമ്മദാബാദ് സിവിൽ ആശുപത്രിയിൽ കൊണ്ടുവന്നത്.
കഴിഞ്ഞ ഒരു വർഷമായി സോളാങ്കിയ്ക്കും ഭാര്യയ്ക്കും പോലീസ് സംരക്ഷണം ഉണ്ടായിരുന്നതായി എഫ്‌ഐആറിൽ പറയുന്നു. തന്നെ ആക്രമിക്കാൻ സാധ്യതയുണ്ടെന്നാരോപിച്ച് കുറ്റക്കാരിൽ ചിലർക്കെതിരെ സോളങ്കി മുൻപ് പരാതി നൽകിയിരുന്നു.
കഴിഞ്ഞ കൊല്ലം ജൂൺ മാസം ഡിജിപിയ്ക്ക് നൽകിയ പരാതിയിൽ തനിക്കും കുടുംബാങ്ങങ്ങൾക്കുമെതിരെ വധഭീഷണിയുണ്ടെന്ന് അറിയിച്ചിരുന്നു. രണ്ടുമാസം മുമ്പ് സംരക്ഷണം പിൻവലിച്ചു. സർക്കാർ തങ്ങളുടെ നിബന്ധനകൾ അംഗീകരിക്കാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് തുഷാർ സോളാങ്കിയും കുടുംബാംഗങ്ങളും വ്യക്തമാക്കി.
2010 കാലത്ത് നാലുതവണ തങ്ങളുടെ കുടുംബത്തെ ഇവർ ആക്രമിച്ചതായി തുഷാർ പറയുന്നു. “ബോടാദ് കോടതിയിൽ ആ കേസുകൾ ഇപ്പോഴും നടന്നു കൊണ്ടിരിക്കുകയാണ്. പിതാവ് പരാതി പിൻവലിക്കാത്തതിലും മറ്റും കുറ്റാരോപിതർക്ക് എന്‍റെ കുടുംബത്തോട് പൂർവ്വവൈരാഗ്യമുണ്ട്.”
അറസ്റ്റ് കൊണ്ടുമാത്രം കാര്യമില്ല. ഞങ്ങൾക്ക് മുഴുവൻ സമയ പോലീസ് സംരക്ഷണം സർക്കാർ തരണം. നിലവിലുള്ള നാല് കേസുകളും പിതാവിന്‍റെ കൊലക്കേസും അഹമ്മദാബാദ് കോടതിയിലേക്ക് മാറ്റുകയും വേണം. ഈ ആവശ്യങ്ങൾക്ക് തീരുമാനമാകാതെ ഞങ്ങൾ മൃതദേഹം ഏറ്റുവാങ്ങില്ല. തുഷാർ പറയുന്നു.
തന്‍റെ വകുപ്പ് ആഭന്തര വകുപ്പുമായി ഇക്കാര്യം ചർച്ച ചെയ്യുകയാണെന്ന് സംസ്ഥാന സാമൂഹ്യനീതി വകുപ്പ് മന്ത്രി ഈശ്വർ പർമാർ അറിയിച്ചു. തുറന്ന മനസ്സോടെ കുടുംബത്തിൻ്റെ ആവശ്യങ്ങൾ പരിഗണിക്കും.
മുൻവവൈരാഗ്യത്തിന്‍റെ പേരിലാണ് കൊലപാതകം. അക്രമികൾ ഒബിസി വിഭാഗമായ കാത്തി ദർബാർ സമുദായത്തിൽ പെട്ടവരാണ് “
archived link | indiatoday |
archived link | scroll |
archived link | indianexpress |
archived link | ndtv |
സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ചുമതലപ്പെടുത്തിയ ഗുജറാത്തിലെ ഞങ്ങളുടെ പ്രതിനിധി പോലീസ് അധികാരികളുടെ അടുത്ത് നിന്ന് ശേഖരിച്ചു തന്ന വാർത്താക്കുറിപ്പും വീഡിയോകളുമാണ് താഴെ നൽകിയിരിക്കുന്നത്.

ഇത് സംബന്ധിച്ച് പോലീസ് നൽകുന്ന വിശദീകരണത്തിന്റെ വീഡിയോ ഇവിടെ നൽകുന്നു.
തുഷാർ സോളങ്കി മാധ്യമങ്ങളോട് സംസാരിക്കുന്നതിന്‍റെ വീഡിയോ
ഞങ്ങളുടെ അന്വേഷണത്തിൽ നിന്നും വ്യക്തമാകുന്നത് ഇത് മുൻവൈരാഗ്യത്തിന്‍റെ പേരിൽ നടന്ന കൊലപാതകമാണെന്നാണ്. ജാതിയുടെയോ മതത്തിന്റെയോ ഘടകങ്ങൾ ആക്രമണത്തിന് കാരണമായിട്ടില്ല. കൊലപാതകികൾ ഒബിസി വിഭാഗത്തിൽ പെട്ടവരാണ്. ഉയർന്ന ജാതിയിൽ പെട്ടവരല്ല.
നിഗമനം
ഈ വാർത്തയിൽ നൽകിയിരിക്കുന്ന ആരോപണം തെറ്റാണ്. ജാതിയുടെ പേരിലല്ല കൊലപാതകമുണ്ടായത്. കുടുംബപരമായി നില നിന്നിരുന്ന പൂർവ വൈരാഗ്യത്തിന്റെ പേരിലാണ്. അതിനാൽ വസ്തുതയറിയാതെ ഈ പോസ്റ്റ് ഷെയർ ചെയ്യരുതെന്ന് ഞങ്ങൾ മാന്യ വായനക്കാരോട് അഭ്യർത്ഥിക്കുന്നു

Title:ഗുജറാത്തിൽ ദളിതനായ സർപഞ്ചിനെ കൊലപ്പെടുത്തിയതിന് പിന്നിലെ കാരണമെന്താണ് …?
Fact Check By: Deepa MResult: False
