FACT CHECK ഒളിച്ചോടിപ്പോയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നാട്ടുകാര്‍ മര്‍ദ്ദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുന്നു

കുറ്റകൃത്യം സാമൂഹികം

വിവരണം 

വടക്കേ ഇന്ത്യയില്‍ നിന്നുമുള്ള ചില വാര്‍ത്തകളും ചിത്രങ്ങളും വീഡിയോകളും കേരളത്തില്‍ തെറ്റായ അവകാശവാദങ്ങളുമായി പ്രചരിക്കാരുണ്ട്. പലപ്പോഴും സവര്‍ണ്ണര്‍ ദളിതരെ ഉപദ്രവിക്കുന്നു എന്നോ ഹിന്ദു-മുസ്ലിം കലാപമാണെന്നോ ഉള്ള വാദങ്ങളാകും കാണാന്‍ സാധിക്കുക. എന്നാല്‍ ഇത്തരത്തില്‍ വന്ന പല വാദങ്ങളും തെറ്റായിരുന്നുവെന്ന് അന്വേഷണം നടത്തിയപ്പോള്‍ ഞങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. 

ഇത്തരത്തില്‍ പ്രചരിക്കുന്ന മറ്റൊരു വീഡിയോ ആണ് ഇവിടെ നല്‍കിയിട്ടുള്ളത്.  ചില പുരുഷന്മാർ മെലിഞ്ഞ ഒരു സ്ത്രീയെ വടി കൊണ്ടും കൈകള്‍ കൊണ്ടും  ക്രൂരമായി  മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്.  സ്ത്രീ ഉച്ചത്തില്‍ നിലവിളിക്കുന്നത് കേൾക്കാം.

വീഡിയോയുടെ കൂടെയുള്ള വാചകങ്ങള്‍ ഇങ്ങനെയാണ്: “ഡിജിറ്റൽ ഇന്ത്യ പൊതു പൈപ്പിൽ നിന്ന് വെള്ളം എടുത്തതിനു ദേളിതു സ്ത്രീ യെ പരസ്യ മായി അടിക്കുന്നു ഇന്ത്യയിൽ”

archived linkFB post

എന്നാല്‍ ഈ വാദം തെറ്റാണ്. പൊതു പൈപ്പില്‍ നിന്ന് വെള്ളം എടുത്തതിന് ദളിത്‌ സ്ത്രീയെ അടിക്കുന്നതിന്റെ ദൃശ്യങ്ങളല്ല ഇത്. 

വസ്തുത  ഇതാണ് 

ഈ വീഡിയോ ഏതാണ്ട് ജൂണ്‍ മാസം മുതല്‍ ഇന്ത്യയിലെ വിവിധ ഭാഷകളില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചു പോരുന്നുണ്ട്. അതിനാല്‍ ഹിന്ദിയില്‍ പ്രചരിച്ചു പോന്ന പോസ്റ്റിന്‍റെ മുകളില്‍ ഞങ്ങളുടെ ഹിന്ദി ടീം വസ്തുതാ അന്വേഷണം  നടത്തിയിരുന്നു. 

ഞങ്ങള്‍ ആദ്യം ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കി.  അപ്പോള്‍  ഗുജറാത്തിലെ ഛോട്ടാ ഉദേപൂരിലാണ് സംഭവം നടന്നതെന്നും വീഡിയോയിൽ കണ്ട പെൺകുട്ടി കാമുകനോടൊപ്പം ഓടിപ്പോയതായിരുന്നുവെന്നും  തുർക്കി ഭാഷയിൽ പ്രസിദ്ധീകരിച്ച  ഒരു റിപ്പോർട്ട് ലഭിച്ചു. ലേഖനമനുസരിച്ച്, വീട്ടിൽ തിരിച്ചെത്തിയ ശേഷം ബന്ധുക്കള്‍ പെൺകുട്ടിയെ പിതാവിന്റെ മുന്നിൽ വച്ചുതന്നെ  മർദ്ദിച്ചു. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന 13 പേർക്കെതിരെ പെൺകുട്ടിയുടെ പിതാവ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. 

ഇതിനുപുറമെ, ടൈംസ് ഓഫ് ഇന്ത്യ 2020 മെയ് 26 ന് പ്രസിദ്ധീകരിച്ച ഒരു വാർത്ത ഞങ്ങൾക്ക് ലഭിച്ചു.

archived  link

വാര്‍ത്ത പ്രകാരം  2020 മെയ് 21 ന് ഗുജറാത്തിലെ ബിൽവന്ത് ഗ്രാമത്തിലാണ് സംഭവം നടന്നത്.  ഇര 14 വയസുള്ള പെൺകുട്ടിയാണ്.  അതേ ഗ്രാമത്തിൽ നിന്നുള്ള ഒരു ചെറുപ്പക്കാരനോടൊപ്പം അവള്‍ ഒളിച്ചോടി. പെൺകുട്ടിയുടെ കുടുംബത്തിലെ ചിലരും മർദ്ദനത്തിന് ഇരയായതായി റിപ്പോർട്ടിൽ പറയുന്നു. കലാപം, ആക്രമണം, ഭീഷണിപ്പെടുത്തൽ, ലൈംഗിക പീഡനം, ഇൻഫർമേഷൻ ടെക്‌നോളജി ആക്റ്റ് ലംഘനം, പോക്‌സോ ആക്റ്റ് എന്നീ കുറ്റങ്ങൾ ചുമത്തി 15 പേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. 

കൂടുതല്‍ വ്യക്തതയ്ക്കായി ഛോത്തി ഉദയ്പൂരിലെ എസ്പി എം‌എസ് ഭാബോറുമായി ഞങ്ങളുടെ പ്രതിനിധി ബന്ധപ്പെട്ടു. അദ്ദേഹം തന്ന മറുപടി ഇങ്ങനെയാണ്: 

“പൊതു പൈപ്പിൽ നിന്ന് കുടിവെള്ളം ശേഖരിക്കാനായി ചെന്ന  ദലിത് സ്ത്രീയെ മർദ്ദിച്ചുവെന്ന വാദം തെറ്റാണ്. മൂന്നാഴ്ച മുമ്പ് ഛോട്ടാ ഉദേപൂരിലെ ബിൽവന്ത് ഗ്രാമത്തിലാണ് സംഭവം നടന്നത്. സംഭവത്തിനു പിന്നില്‍ ജാതിയുടെ പ്രശ്നങ്ങള്‍ ഒന്നുമില്ല.  പെൺകുട്ടി കാമുകനോടൊപ്പം പലായനം ചെയ്തതിന് ഗ്രാമവാസികൾ മർദ്ദിച്ചു. പെൺകുട്ടി പ്രായപൂർത്തിയാകാത്ത ആളാണ്. ഈ സംഭവവുമായി ബന്ധപ്പെട്ട് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്, ഇതുവരെ 14 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

പൊതു പൈപ്പില്‍ നിന്ന് വെള്ളമെടുത്തതിനു ദളിത്‌ സ്ത്രീയെ ഉത്തരേന്ത്യയില്‍ മര്‍ദ്ദിച്ചു എന്ന വാദം തെറ്റാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്

നിഗമനം

പോസ്റ്റില്‍ നല്‍കിയിരിക്കുന്ന വാര്‍ത്ത പൂര്‍ണ്ണമായും തെറ്റാണ്. പൊതു പൈപ്പില്‍ നിന്ന് വെള്ളം ശേഖരിക്കാന്‍ എത്തിയ ദളിത്‌ സ്ത്രീയെ മാര്‍ദ്ടിക്കുന്നതിന്റെ ദൃശ്യങ്ങളല്ല ഇത്. കാമുകനോടൊപ്പം ഒളിച്ചോടിപോയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തിരികെ കൊണ്ടുവന്നശേഷം ബന്ധുക്കളും നാട്ടുകാരും കൂടി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളാണിത്. 

Avatar

Title:ഒളിച്ചോടിപ്പോയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നാട്ടുകാര്‍ മര്‍ദ്ദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുന്നു

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •