
വിവരണം
കേന്ദ്ര സർക്കാർ പൊതുജനങ്ങൾക്ക് പ്രത്യേകിച്ച് സാമ്പത്തിക രേഖക്ക് താഴെയുള്ളവർക്ക് പ്രഖ്യാപിക്കുന്ന പലതരം പദ്ധതികളെപ്പറ്റി ഉള്ള വിവരങ്ങൾ വാർത്താമാധ്യമങ്ങള്‍ കൂടെയല്ലാതെ സാമൂഹ്യ മാധ്യമങ്ങളിലും വൻതോതിൽ പ്രചരിച്ചു പോരുന്നുണ്ട്.
വളരെ പെട്ടെന്ന് തന്നെ ആളുകളിലെയ്ക്കെത്താന്‍ ഇത്തരം പ്രചരണങ്ങൾ ഗുണം ചെയ്യുന്നുണ്ട്. എന്നാൽ ഇത്തരം പദ്ധതികളെ പറ്റിയുള്ള നിരവധി വ്യാജവാർത്തകള്‍ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കാനായി സാമൂഹ്യമാധ്യമങ്ങൾ ചിലർ ദുരുപയോഗം ചെയ്യാറുണ്ട്.
ഈ വിഭാഗത്തിൽ നിരവധി വാർത്തകൾ ഞങ്ങൾ വസ്തുത അന്വേഷണം നടത്തി തെറ്റാണെന്ന് കണ്ടെത്തിയിരുന്നു. ഇപ്പോഴിതാ വൈദ്യുതിയുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു വാർത്തയാണ് ഇവിടെ നൽകിയിട്ടുള്ളത്.
പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത ഇങ്ങനെയാണ്. പുതുതായി വൈദ്യുതി കണക്ഷൻ എടുക്കുന്നവർക്ക് പോസ്റ്റും കണക്ഷനും തികച്ചും സൗജന്യമാണ്. കേന്ദ്ര സർക്കാരിൻറെ പദ്ധതിയിൽ പദ്ധതിയായ ദീൻ ദയാൽ ഗ്രാമീണ യോജന – എല്ലാവർക്കും വൈദ്യുതി പദ്ധതി നമ്മളെ എല്ലാവരെയും അറിയിക്കുക കമ്മികൾ അടിച്ചുമാറ്റി അവരുടേതാണ് എന്ന് പറയാൻ അവസരം ഉണ്ടാക്കരുത് ഇതിൻറെ അപേക്ഷ ഫോം എല്ലാ ഓഫീസുകളിലും വന്നിട്ടുണ്ട് ഓഫീസുമായി ബന്ധപ്പെടുക എന്നാണ് പോസ്റ്റിലൂടെ പ്രചരിപ്പിക്കുന്ന വിവരം.

എന്നാൽ ഈ വാർത്ത തെറ്റാണ്. ഇതിൻറെ യാഥാർത്ഥ്യം ഇങ്ങനെയാണ്.
വസ്തുതാ വിശകലനം
ഞങ്ങൾ ഈ വാർത്തയുടെ വിശദാംശങ്ങള്‍ മാധ്യമങ്ങളിൽ അന്വേഷിച്ചെങ്കിലും ഒന്നും ലഭിച്ചില്ല. തുടർന്ന് യോജന എന്താണ് എന്ന് കേന്ദ്ര സര്‍ക്കാര്‍ വെബ്സൈറ്റില്‍ തിരഞ്ഞു. ദീന്‍ദയാല്‍ ഗ്രാമീണ യോജന എന്നല്ല പദ്ധതിയുടെ പേര് എന്ന് ആദ്യമേ തന്നെ പറയട്ടെ. ദീന്‍ ദയാൽ ഉപാധ്യായ ഗ്രാമജ്യോതി യോജന എന്നാണ് പദ്ധതിയുടെ പേര്. അപേക്ഷ പൂരിപ്പിച്ചു നല്‍കിയാല്‍ ഓരോ ഉപഭോക്താവിനും വൈദ്യുതി വീട്ടില്‍ എത്തിക്കുന്ന പദ്ധതിയല്ല ഇത്.
ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത് ഇന്ത്യൻ ഗ്രാമീണ മേഖലയില്‍ വൈദ്യുതി വിതരണ സംവിധാനത്തിന്‍റെ അടിസ്ഥാന സൌകര്യങ്ങള്‍ മെച്ചപ്പെടുത്തുക എന്നാണ്. മുൻ പ്രധാനമന്ത്രി ശ്രീ മന്മോഹൻ സിംഗ് ഇന്ത്യൻ ഗ്രാമങ്ങളിൽ വൈദ്യുതി എത്തിക്കാൻ പ്രഖ്യാപിച്ച രാജീവ് ഗാന്ധി ഗ്രാമീൺ വൈദ്യുതി കരൻ യോജനയുടെ തുടർച്ചയും നവീകരിച്ച പതിപ്പുമാണിത്.
പദ്ധതിപ്രകാരം വൈദ്യുതി വിതരണത്തിന് കാർഷിക-കാർഷികേതര ഫീഡറുകൾ വേർതിരിച്ച് വൈദ്യുതി വിതരണത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തും. ഗ്രാമീണ കുടുംബങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. തുടർച്ചയായി കറണ്ട് പോവുക, ലോഡ്ഷെഡ്ഡിങ് തുടങ്ങിയവ ഇല്ലാതാക്കാൻ പദ്ധതി ലക്ഷ്യമിടുന്നു. കേരളത്തിന് പദ്ധതിയുടെ പ്രയോജനം ലഭിക്കും.
പോസ്റ്റിൽ നൽകിയിരിക്കുന്നതു പോലെ അപേക്ഷ പൂരിപ്പിച്ച് നൽകിയാല്‍ ഈ പദ്ധതി പ്രകാരം വൈദ്യുതി ലഭിക്കുന്നതല്ല. വൈദ്യുതി വിതരണ ശൃംഖലയുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക എന്നതാണ് പദ്ധതി ലക്ഷ്യം.
പ്രധാൻ മന്ത്രി സഹാജ് ബിജ്‌ലി ഹർ ഘർ യോജന- സൌഭാഗ്യ എന്ന മറ്റൊരു പദ്ധതി പ്രകാരം രാജ്യത്ത് സാർവത്രിക ഗാർഹിക വൈദ്യുതീകരണം കൈവരിക്കുന്നതിനായി ഗ്രാമീണ-നഗര പ്രദേശങ്ങളിലെ വൈദ്യുതീകരിക്കപ്പെടാത്ത എല്ലാ വീടുകളിലും കണക്റ്റിവിറ്റിയും വൈദ്യുതി കണക്ഷനും വഴി എല്ലാവർക്കും വൈദ്യുതി നൽകും. എന്നാല്‍ പൂര്‍ണ്ണമായി സൌജന്യം ലഭിക്കുവാന്‍ സാമ്പത്തികം മാനദണ്ഡമാണ്.
വാർത്തയുടെ കൂടുതൽ വ്യക്തതയ്ക്കായി ഞങ്ങൾ സംസ്ഥാന ഇലക്ട്രിസിറ്റി ബോർഡ് പബ്ലിക് റിലേഷന്‍സ് ഓഫീസറുമായി സംസാരിച്ചു. അദ്ദേഹം ഞങ്ങളുടെ പ്രതിനിധിക്ക് നല്‍കിയ വിശദീകരണം ഇങ്ങനെയാണ്:
“വൈദ്യുതി വിതരണത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള പദ്ധതിയാണിത്. ദീന്‍ ദയാല്‍ ഗ്രാമ ജ്യോതി യോജന ഇത് ഒരു വ്യക്തിക്ക് നേരിട്ട് വൈദ്യുതി നൽകുന്ന പദ്ധതിയല്ല. ഗ്രാമീണ മേഖലകളിൽ ഇപ്പോഴും വൈദ്യുതി എത്താത്ത സ്ഥലങ്ങളുണ്ട്, വൈദ്യുതി വിതരണം ഭാഗികമായി മാത്രം സാധിക്കുന്ന മലയോര മേഖലകളുണ്ട്. അവിടെയെല്ലാം പദ്ധതി വഴി അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുവാന്‍ സാധിക്കും. കാലാകാലങ്ങളില്‍ ഓരോ സംസ്ഥാനത്തിനും പദ്ധതിയില്‍ നിന്നും വിഹിതം ലഭിക്കും.
മുൻഗണനാ ക്രമത്തിൽ ഓരോ പ്രദേശത്തും വൈദ്യുതിയുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക എന്നാണ് പദ്ധതി വഴി കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്നത്. സംസ്ഥാനത്ത് ഓരോ വീടുകളിലും വൈദ്യുതി എത്തിക്കാൻ ഇപ്പോൾ സംസ്ഥാന സർക്കാർ ഏജൻസിയായ സംസ്ഥാന ഇലക്ട്രിസിറ്റി ബോര്‍ഡിന് മാത്രമാണ് മാത്രമാണ് ചുമതല. ആർക്ക് വൈദ്യുതി കണക്ഷൻ വേണമെങ്കിലും കെഎസ്ഇബിയെ തന്നെയാണ് സമീപിക്കേണ്ടത്. മറ്റ് ഓഫീസുകളിലല്ല. സംസ്ഥാന സർക്കാർ ഇപ്പോൾ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്കും 40 യൂണിറ്റ് വരെ മാത്രം ഉപയോഗിക്കുന്നവര്‍ക്കും സബ്സിഡിയും സൗജന്യങ്ങളും നൽകുന്നുണ്ട്.
ഒരാളുടെ വീട്ടിലേക്ക് വൈദ്യുതി കണക്ഷൻ നൽകുമ്പോൾ കെഎസ്ഇബിയുടെ മാനദണ്ഡങ്ങള്‍ പ്രകാരമുള്ള നിർദിഷ്ട അകലത്തിലും കൂടുതലാണെങ്കിൽ മാത്രമാണ് പോസ്റ്റിടുമ്പോൾ പണം ഈടാക്കുന്നത്. മിനിമം രീതിയിൽ പോസ്റ്റ് ഇടുന്നതിന് അധിക ചാർജ് ഇപ്പോൾ ഈടാക്കുന്നില്ല. ഇങ്ങനെയാണ് യഥാര്‍ത്ഥ വസ്തുത”.
നിഗമനം
പോസ്റ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ ജോതി യോജന എന്ന കേന്ദ്ര പദ്ധതിയെ ഉദ്ദേശിച്ചാണ് പോസ്റ്റ് നൽകിയിരിക്കുന്നത്. ഇത് വ്യക്തിഗത വൈദ്യുതി കണക്ഷൻ നൽകാൻ ഉദ്ദേശിച്ചുകൊണ്ടുള്ള പദ്ധതി അല്ല മറിച്ച് വൈദ്യുതിയുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള പദ്ധതിയാണ്. ഒരു ഗാർഹിക ഉപഭോക്താവിനും വ്യവസായത്തിനും കേരളത്തിൽ വൈദ്യുതി കണക്ഷൻ നൽകാൻ അധികാരം ഉള്ളത് സംസ്ഥാന വിദ്യുച്ഛക്തി വകുപ്പിന് മാത്രമാണ്. പോസ്റ്റിൽ നൽകിയിരിക്കുന്നതു പോലെ ഒരു ഓഫീസിൽ നിന്നും ഇതിൻറെ ഫോം ലഭിക്കുകയില്ല.

Title:ദീൻ ദയാൽ ഗ്രാമീണ യോജന വഴി സൗജന്യ വൈദ്യുതി കണക്ഷൻ ലഭിക്കുമെന്ന് പ്രചാരണം തെറ്റാണ്…
Fact Check By: Vasuki SResult: False
