
വിവരണം
കോവിഡ് 19 മഹാമാരിയായി ലോക രാജ്യങ്ങളിൽ പടരുമ്പോൾ ചിലർ ഇതിനെ ലോകാവസാനമായി വ്യാഖ്യാനിക്കുന്നു. അത്തരത്തിൽ നിരവധി ആശയങ്ങൾ ചിലർ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നത് വായനക്കാർ കണ്ടിട്ടുണ്ടാകും. അത്തരത്തിൽ പ്രചരിക്കുന്ന ഒരു പോസ്റ്റ് ഇതാ : പക്ഷിയെപ്പോലെയുള്ള ഒരു ജന്തു ഇറ്റലിയിലെ italy പള്ളിയിൽ പ്രത്യക്ഷപ്പെട്ടു. അത്തരമൊരു സൃഷ്ടിയെ ഇന്നുവരെ കണ്ടിട്ടില്ല. ഈ സമയത്ത് ലോകത്ത് വളരെ വിചിത്രമായ കാര്യങ്ങൾ നടക്കുന്നു.” ഈ വിവരണത്തോടെ ഒരു വീഡിയോ ആണ് പോസ്റ്റിലുള്ളത്. മനുഷ്യ ശരീരത്തിന് സമാനമായ രൂപവും നീണ്ട ചിറകുകളുമുള്ള ഒരു അപൂർവ ജീവി പള്ളിയുടെ മുകളിലെ മകുടത്തിലേക്ക് പിടിച്ചു കയറുന്നതും അവിടെ നിന്നും പറന്നുയരുന്നതുമായ ദൃശ്യങ്ങളുള്ള വീഡിയോയ്ക്ക് 45 സെക്കന്റ് ദൈർഘ്യമാണുള്ളത്. നിരവധിപ്പേര്‍ ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നുണ്ട്.
archived link | FB post |
ദൃശ്യങ്ങളിൽ കാണുന്ന വിചിത്ര ജീവി എന്താണെന്ന് നമുക്ക് അന്വേഷിച്ചു നോക്കാം
വസ്തുതാ വിശകലനം
ഈ വീഡിയോ കീ ഫ്രയിമുകളായി വിഭജിച്ചശേഷം അതിൽ പ്രധാനപ്പെട്ട ഒരെണ്ണത്തിന്‍റെ റിവേഴ്‌സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ ഈ വീഡിയോയുമായി ബന്ധപ്പെട്ട ചില വസ്തുതതകൾ ലഭിച്ചു. വീഡിയോയിൽ JJPD Producciones എന്ന എബ്ലം കാണാം. അവർ വിനോദത്തിനായി ‘അപൂർവജീവി’കളുടെ ദൃശ്യങ്ങൾ സ്ഥിരമായി പ്രസിദ്ധീകരിക്കുന്ന സംഘമാണ്. ഇതേ വീഡിയോയുടെ ദൃശ്യങ്ങളും ഈ അപൂര്‍വ ജീവിയുടെ ആനിമേഷന്‍ ചിത്രീകരണവും അവർ 2019 സെപ്റ്റംബർ 9 നു അവരുടെ യൂട്യൂബ് ചാനലിൽ ആറ് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയില്‍ നല്‍കിയിട്ടുണ്ട്. ഈ ജീവി ത്രീഡി അനിമേഷനാണ്.

ഇതുപോലെ മറ്റുചില അപൂർവ വീഡിയോകളും അവരുടെ ചാനലിൽ കാണാം.
സ്പാനിഷ് ഭാഷയിൽ നൽകിയിരിക്കുന്ന വിവരണത്തിന്‍റെ പരിഭാഷ ഇങ്ങനെയാണ്: നിക്കരാഗ്വയിലെ ഗ്രാനഡ കത്തീഡ്രലിൽ ഭയപ്പെടുത്തുന്ന ഭൂതം. സ്പെയിനിൽ യഥാർത്ഥ പിശാചിനെ കണ്ടോ? വിവരണം വായിക്കുക. ജെജെപിഡി പ്രൊഡക്ഷൻസ്: വിനോദത്തിനായി ഞങ്ങൾ സൃഷ്ടിച്ച അസാധാരണ വീഡിയോകളാണ് ഇവ. കാണിച്ചിരിക്കുന്ന എല്ലാ ചിത്രങ്ങളും ഫിക്ഷനാണ്. സിജിഐ വീഡിയോ (കമ്പ്യൂട്ടർ ജനറേറ്റുചെയ്‌ത ചിത്രം) ഗാർഗോയിലിൻറെ സൃഷ്ടി അനിമേഷനാണ്.
ഈ വീഡിയോ ദൃശ്യങ്ങൾ ഇറ്റലിയിലെ പള്ളിയിൽ കാണപ്പെട്ട അപൂർവ ജീവിയുടേതല്ല. വിനോദത്തിനായി നിർമ്മിച്ച ഒരു പ്രാങ്ക് വീഡിയോയിലെ ദൃശ്യങ്ങളാണിത്. അപൂര്‍വ ജീവിയെ അനിമേഷനിലൂടെ സൃഷ്ടിച്ചതാണ്.
നിഗമനം
ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റാണ്. വീഡിയോയിലെ ദൃശ്യങ്ങൾ ഇറ്റലിയിലെ പള്ളിയിൽ കാണപ്പെട്ട അപൂർവ ജീവിയുടേതല്ല. നിക്കാരഗ്വേയിൽ ചിത്രീകരിച്ച ഒരു പ്രാങ്ക് വീഡിയോ ദൃശ്യങ്ങളാണിത് എന്ന് വീഡിയോയുടെ നിർമാതാക്കൾ തന്നെ വിവരണം നൽകിയിട്ടുണ്ട്.

Title:വിചിത്രജീവി ഇറ്റലിയിലെ പള്ളിയിൽ പ്രത്യക്ഷപ്പെട്ടു എന്ന പ്രചരണം തെറ്റാണ്
Fact Check By: Vasuki SResult: False
